Ind disable

Tuesday, September 7, 2010

കവിത No:9 വീണ നമ്പ്യാര്‍

ഹതഭാഗ്യ  
**************
വീണ നമ്പ്യാര്‍  



അമ്മയത്രേ.. കേവലയാമീ ഞാനും!
കര്‍പ്പൂരനാളമായി കത്തുമോരമ്മ 
ദേഹിയറിഞ്ഞു ദേഹമറിഞ്ഞു, വൃഥാ
കുയിലിന്‍ കുഞ്ഞൊന്നിനെ പെറ്റൊരു കാക്ക!
ചില്ലിക്കാശിനായി ഈ ഗര്‍ഭപാത്രത്തെ 
വാടകച്ചീട്ടില്‍ പതിപ്പിച്ചോരധമ!  
നൊന്തിഴഞ്ഞു  പെറ്റുവെങ്കിലും
ചുരത്തീല  ഞാനെന്‍ മാറിടം!
എന്തിനേറെ പേര്‍ത്തു ചൊല്ലേണ്ടു.. 
ഒരുമാത്ര കണ്ടീല ഞാനെന്‍  
പൈതലിന്‍ ഓമല്‍ പൂമുഖവും!   
അറ്റുവീ അമ്മതന്‍ ബന്ധവും
പൊക്കിള്‍ക്കൊടിതന്‍ ഛേദമാത്ര‍!
കിടാങ്ങള്‍, ഇവര്‍തന്‍ പശി പൊറാഞ്ഞ്,   
അഹോ.. ചെയ്തുപോയി കൃത്യമത് ഞാന്‍!
ഭോ മൂന്നാനെ... ചൊല്ലുമോ വല്ലവിധം..‍‍
പഴുത്തപുണ്ണ്പോല്‍ കുത്തിപ്പറിച്ചീ  
നെഞ്ചിലടിയും ജീവാമൃതം, എന്തേ..
ചേര്‍ത്തീല നീയന്നാ വാടകച്ചീട്ടില്‍?  
ഹാ.. ചുടലപ്പറമ്പായി എന്നുള്ളം!
എങ്ങാണ് മുത്തേ നീ.. സൌഖ്യമോ ഇന്ന്?
ഇങ്ക് നല്‍കുന്നുവോ പോറ്റമ്മയങ്ങ്?
തളിരിടുന്നുവോ കുഞ്ഞിളം മേനി?
പൊന്നേ.. പൊട്ടിപ്പിളരുന്നെന്‍ നെഞ്ചകം..
ശാപമിരന്നുവാങ്ങിടാമെനിയും  ..
ഉരുകിയുരുകി തീര്‍ന്നുപോകട്ടെ..
ഹതഭാഗ്യയാം ഈ മാതൃജന്മവും!

No comments:

Post a Comment

Note: Only a member of this blog may post a comment.