Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:10 ഷാജി രഘുവരന്‍

 ഷാജി രഘുവരന്‍


ഓണം എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സ് ചെന്നെത്തുക ബാല്യകാലത്താണ്. അത്തം പത്തിന് പൊന്നോണമെന്ന് പാടി ഞങ്ങള്‍  തൊടികളില്‍ ഓടിക്കളിക്കുന്ന കാലം അനുഭൂതിയുടെ ഉത്സവം.മാസങ്ങള്‍ നീണ്ട മഴ നേര്‍ത്തു ഇല്ലാതായി  വെയില്‍ പരക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഹൃദയങ്ങളില്‍ ചിത്രങ്ങള്‍  വരച്ചുചേര്‍ക്കുന്ന ഉത്സവം. ഭൂമിയെ ചുംബിച്ചുറങ്ങുന്ന പൂവിതളുകള്‍ സ്വപ്‌നങ്ങളില്‍ ഗന്ധം ചൊരിയുന്നു. ഓണരാവുകളെ താലോലിക്കാന്‍ എന്‍റെ ചെമ്മാപ്പിളളി ഗ്രാമത്തിലും  കുളിര്‍നിലാവുമായി പൂര്‍ണ്ണചന്ദ്രനും എത്തും.ചെടികളെല്ലാം പൂവിട്ട് നില്‍ക്കുന്ന വസന്തകാലം എങ്ങും ഹരിതാഭ. പൂവിളിയും, കോലാഹലങ്ങളുമായി കാടും, മേടും,കുന്നും കയറിയിറങ്ങുന്ന കുട്ടിപട്ടാളം. അഴകിന്റെ സമ്മോഹനങ്ങളായി കുറെ രാപ്പകലുകള്‍...അതുകൊണ്ടെല്ലാം തന്നെ ഓര്‍ക്കാനുണ്ടാകുക മനോഹരമായ അനുഭവങ്ങളാവാം.നാട്ടിന്‍‍‌പുറങ്ങളില്‍‍ ജനിച്ചു വളര്‍‍ന്ന എല്ലാവരെയും എന്നപോലെ എനിയ്ക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു.പൊതുവേ ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഓണത്തിന്റെ ഐതീഹ്യം പറയപ്പെടാറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ പുനര്‍ജനി നേടിയ പ്രകൃതി എല്ലാ മലയാളികള്‍ക്കും സമ്മാനിക്കുന്ന സുകൃതമാണ് ഓണക്കാലം

                                                    എന്റെ പ്രായത്തിലുള്ള ഒരുപാട് കളിക്കൂട്ടുകാരാല്‍ സമ്പന്നമായിരുന്നു എന്റെ കുട്ടിക്കാലം.പൂക്കളമൊരുക്കലും കളികളുമൊക്കെയായി അത്തം മുതല്‍ തിരുവോണംവരെ  നിലയ്ക്കാത്ത ആഹ്‌ളാദം. കുറ്റിക്കാടുകളിലും വയലുകളിലുമെല്ലാം നടന്ന് പൂക്കള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍, പൂ പറിക്കല്‍, തലേ ദിവസം ഒരുക്കിവെച്ച പൂക്കളുമായി  പിറ്റേദിവസം നേരത്തേയെഴുന്നേറ്റുള്ള പൂക്കളം തീര്‍ക്കല്‍.വീട്ടിലെ പൂക്കളം ഇട്ടുകഴിഞ്ഞാല്‍ അടുത്ത വീട്ടിലെ കൂട്ടുകാരന്‍റെ വീട്ടിലേക്കു ഓടും അവന്‍റെ പൂക്കളം എന്റെതിനെക്കാള്‍ മനോഹരമയോ,ആരുടേതാണ് വലിപ്പം,അതിലെ നിറക്കുട്ടുകള്‍,അതിനനുസരിച്ച് പിന്നെയും ഒരു മാറ്റപെടുതല്‍ പൂക്കള്‍ വെയിലേറ്റു വാടുന്നത്തുവരെ ഇതു തുടര്‍ന്ന് കൊണ്ടേയിരിക്കും.മിക്ക വര്‍‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍‍ കഴിയും മുന്‍‍പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷത്തിരക്കുകള്‍‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍‍ മാറ്റി വയ്ക്കുമായിരുന്നു. സ്കൂളിലെ പരീക്ഷ കഴിഞ്ഞാല്‍  പിന്നെയുള്ള ദിവസങ്ങള്‍ ഓണക്കളികളുടെതാണ്.കിഴക്കെപുറത്തു നില്‍ക്കുന്ന മുവാണ്ടന്‍ മാവിന്‍റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി അതില്‍  പറന്നു മാവിന്‍റെ ഇലകള്‍ പറിച്ചെടുക്കുന്നതും കുടുതല്‍ കുടുതല്‍ ഉയരത്തിലേക്ക് കുതിക്കുന്നതും രാവിലെ ഉറക്കമുണര്‍ന്നാല്‍ പിന്നെ അതിലാടാനുള്ള മത്സരം തുടങ്ങിയാല്‍ അവസാനിക്കുക രാത്രിയിലാകും, നിറഞ്ഞു കിടക്കുന്ന  കുളങ്ങളില്‍ കൂട്ടുകാരോടൊപ്പം നീന്തി തിമര്‍ത്തു കളിക്കുന്നതും ഓര്‍മയില്‍ തെളിഞ്ഞു വരുന്നു.ഓര്‍മയായി മാറിയ കിഴക്കേവീട്ടിലെ അമ്മുമ്മ കൈതയോല  ഉണക്കി ഉണ്ടാക്കി തരുന്ന പൂകൂട മനസ്സിന്‍റെ ഉള്ളില്‍ എവിടെയോ ഒരു വേദന സമ്മാനിക്കുന്നു.ആ പൂകുടകളുമായി നാട് നീളെയുള്ള അലച്ചില്‍ അടുത്തുള്ള ശ്രീരാമന്‍ ചിറയുടെ അരുകുകളില്‍ മറ്റു കുട്ടികളോടൊപ്പം  കുട്ടമായി തുമ്പപൂക്കള്‍ കുടുതല്‍ പറിക്കുന്നതിന്  വേണ്ടിയുള്ള മല്‍സരപാച്ചിലും, കുടെയുണ്ടാകുന്ന കളികുട്ടുകാരികള്‍ ഉയരത്തില്‍ നില്‍ക്കുന്ന പൂവുകളെ നോക്കി വിഷമത്തോടെ നില്‍ക്കുമ്പോള്‍ അതില്‍ വലിഞ്ഞു കയറി അവര്‍ക്കത്‌ സമ്മാനിക്കുമ്പോള്‍ അവര്‍ തരുന്ന ആ പുഞ്ചിരിയും,മുതിര്‍ന്നവര്‍ കാണാതെ ഇന്നു നമുക്ക് അന്യമായ പഴയ കാവുകളില്‍ പൂക്കള്‍ തിരയുന്നതും ഓര്‍മയില്‍ തെളിഞ്ഞു വരുന്നു,എത്ര തരം പൂക്കളായിരുന്നു അന്ന് തൊടികളിലും വേലി പടര്പ്പുകളിലും ഉണ്ടായിരുന്നത് തുമ്പ, മുക്കുറ്റി, കണ്ണാന്തളി, ചെമ്പരത്തി,തെച്ചിയും,കാക്കപൂവും പേര് പറയുവാന്‍ കഴിയാത്ത എത്ര തരം പൂക്കള്‍ ആയ്യിരുന്നു.ആ കാലത്തെല്ലാം ഓണം ഉട്ടുന്നതിനു  തൃക്കാക്കരയപ്പനെ ഉണ്ടാക്കിയിരുന്നു.ഓണത്തപ്പനേയും ഓലക്കുടയേയും നമുക്കിന്ന്‌ കാണാനാകാത്ത അവസ്ഥയായി  മാറികൊണ്ടിരിക്കുന്നു അവയെല്ലാം അന്യം നിന്നു പോകുന്ന നമ്മുടെ സംസ്കാരത്തിണ്റ്റെ പ്രതീകമായി മാറുകയാണ്‌.അന്നൊക്കെ തൃക്കാക്കരയപ്പനെ മണ്ണ് കൊണ്ട് വീട്ടില്‍ തന്നെ ഉണ്ടാക്കുമായിരുന്നു  വീടിന്‍റെ വടക്കെപുറത്തുള്ള തോട്ടില്‍ നിന്നും കളിമണ്‍ ശേഖരിച്ചു അത് കുഴച്ചു  തൃക്കാക്കരയപ്പനെ ഉണ്ടാക്കി വരുമ്പോളേക്കും അത് ഒരു പ്രാകൃത രൂപം പ്രാപിചിരിക്കും വീണ്ടും അത് കുഴച്ചു അടുത്ത ശ്രമം തുടങ്ങും അത് അങ്ങിനെ തുടര്‍ന്ന് കൊണ്ടെയിരിക്കും അവസാനം ദേഷ്യം വന്നു അമ്മയുടെ അടുത്ത് ചെന്നുള്ള കരച്ചിലാകും പിന്നെ ചേട്ടനൊക്കെ വന്നു ശരിയാക്കി തരുമായിരുന്നു.അതിനു ശേഷം ചെങ്കല്‍ പൊടിച്ചു വെള്ളത്തില്‍ ചാലിച്ചു അതിനു നിറം കൊടുക്കും.
അന്നൊന്നും ഈ തൃക്കാക്കരയപ്പനെ വാങ്ങുവാന്‍ കിട്ടുമായിരുനില്ല മാര്‍ക്കറ്റില്‍ നിന്നും.ഞങ്ങളുടെ അവിടെ ഓണം ഊട്ടുക ഉത്രാടത്തിന്റെ രാത്രിയില്‍ ആയിരുന്നു.വാഴയിലയില്‍ അരിമാവ് കൊണ്ട് കോലം വരച്ചു തൃക്കാക്കരയപ്പനെയും അരിമാവുകൊണ്ട്  അണിയിചൊരുക്കുന്നു.വാഴയിലയില്‍ ചുട്ടെടുത്ത പൂവട സമര്‍പ്പിച്ചു തുമ്പ പൂവുകൊണ്ട് തൃക്കാക്കരയപ്പനെ പകുതിയോളം മൂടി കനല്‍,നാളികേരം,വെള്ളം എന്നിവകൊണ്ട് പൂജിച്ചു ആര്‍പ്പുവിളികള്‍  മുഴക്കുകയായി.ആ പരിസരത്തുള്ള കുട്ടുകാരുടെ വീടുകളില്‍ മുഴുവന്‍ കേള്‍ക്കുന്ന അലര്‍ച്ചയില്‍ ആയിരുന്നു.അത് കേള്‍ക്കുമ്പോള്‍ എല്ലായിടത്ത് നിന്നും മറുവിളികള്‍.വീട്ടിലെ ഏറ്റവും ഇളയത് എന്നതിനാല്‍ എനിക്ക്  ആയിരുന്നു ഈ കര്‍മങ്ങള്‍ എല്ലാം ചെയ്യുവാനായി അവസരം ലഭിച്ചിരുന്നത്.ആ ഓണനിലാവില്‍  ആര്‍പ്പ് വിളിച്ചു കൊണ്ട് കുട്ടുകാരുടെ വീടുകളിലേക്ക് ഓടികളിക്കുക മറക്കുവാന്‍ കഴിയുനില്ല.കാരണം ഓണത്തിനും വിഷുവിനുമൊക്കെ ആയിരുന്നു രാത്രിയില്‍ പുറത്തിറങ്ങുവാന്‍ അനുവാദം കിട്ടിയിരുന്നുള്ളു.തിരുവോണത്തിന് രാവിലെ തന്നെ എഴുന്നേറ്റു കുട്ടുകരോടൊപ്പം കളി തുടങ്ങുകയായി മുതിര്‍ന്നപ്പോള്‍ മനസ്സില്‍ ഇഷ്ട്ടം തോന്നിയ പെണ്‍കുട്ടികള്‍ അമ്പലത്തില്‍ പോകുമ്പോള്‍ അവരെ കാണുന്നതിനായി ക്ഷേത്രദര്‍ശനമായി അത് മാറിയിരുന്നു മുല്ലപ്പൂവും  സെറ്റുമുണ്ടും പാലക്കാമാലയും അണിഞ്ഞു നെറ്റിയില്‍ ചന്ദനവുമായി  അമ്പലത്തില്‍ പോയി വരുന്ന മലയാളീ മങ്കകള്‍  അവരിലാണ്  ഓണത്തിന്റെ മറ്റൊരു സൗന്ദര്യം.വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു വീണ്ടും കുട്ടുകരോടൊത്തു ഇറങ്ങുകയായി.അന്നൊക്കെ സൈക്കിള്‍ സ്വന്തമായി സ്വപനം കണ്ടിരുന്ന കാലം ആയിരുന്നു.അച്ഛന്‍ സിനിമക്ക് പോകുന്നതിനു തരുന്ന പൈസ കുട്ടിസൈക്കിള്‍ വാടകയ്ക്ക് എടുത്തു അതില്‍ ലകഷ്യമില്ലാത്ത യാത്രകള്‍ ആയിരുന്നു.ഇടക്കിടെ വിട്ടുപോകുന്ന സൈക്കിള്‍ചങ്ങല ഇടുമ്പോള്‍ കൈ നിറയെ കരിപുരണ്ടിരിക്കും .ഓണകോടിയിലൊക്കെ അതിന്റെ അടയാളങ്ങളും പതിഞ്ഞിരുന്നു.ഇന്നത്തെ പോലെ വസ്ത്രങ്ങള്‍ ആവശ്യമുള്ളപ്പോള്‍ എടുക്കാന്‍ കഴിയുമായിരുനില്ല ഓണത്തിനൊക്കെ ആയിരുന്നു ഒരു ഡ്രസ്സ്‌ എടുത്തിരുന്നത്.അങ്ങവയല്‍വരമ്പിലൂടെ പട്ടം പറപ്പിക്കാന്‍ കൂട്ടുകാരുമൊത്ത് ഓടുമ്പോള്‍ പുത്തനുടുപ്പിന്റെ ഗന്ധം വിയര്‍പ്പിനൊപ്പം അലിഞ്ഞുപോയ നാളുകള്‍.പിന്നെ കളികളില്‍മുഴുകുകയായികാറകളി,തുമ്പി തുള്ളല്‍,പന്തകളി അങ്ങിനെ അത് നീണ്ടുപോകുന്നു.
ആ കാലത്ത് അഞ്ചണം വരെ  ഞങ്ങള്‍ ആഘോഷിച്ചിരുന്നു  അതുവരെ നാക്കിലയില്‍ തന്നെ
ഭകഷണത്തിന് നിര്‍ബന്ധം ആയിരുന്നു അന്നൊക്കെ നാട്നീളെ ഓണാഘോഷങ്ങള്‍ കലാപരിപാടികള്‍ 
ഉണ്ടാകുമായിരുന്നു.നാലാം ഓണം ഞങ്ങള്‍  തൃശൂര്‍ നിവാസികള്‍ക്ക്  അത്യന്തം സന്തോഷമേകുന്ന ദിവസമാണ് അരമണി കുലുക്കി വരുന്ന പുലികളും, അവരുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായി ത്രിശ്ശൂര്‍  നഗരവും നഗരവാസികളും ആഹ്ലാദതിമിര്‍പ്പില്‍ നിറയും.വേഷം കെട്ടി വരുന്ന കുമ്മാട്ടിയുടെ പുറകെ നടന്നിരുന്ന ആ കാലമാണ് ഓണം മതിമറന്നു ആഘോഷിച്ചിട്ടുള്ളത്,ആ ഒര്മാകളോളം വരുനില്ല മുതിര്‍ന്നതിനു ശേഷമുള്ള ഓര്‍മ്മകള്‍. വീട്ടുമുറിയില്‍ തൂങ്ങിക്കിടക്കുന്ന നേന്ത്രവാഴക്കുലകളും ചെറുപഴകുലകളും  കാഴ്ചയില്‍ നിന്നു മറഞ്ഞിട്ടില്ല. ഓണസദ്യയുടെയും വിഭവങ്ങളുടെയും സ്വാദൂറുന്ന ദിനരാത്രങ്ങള്‍. അക്കാലത്ത് എല്ലാ വിഭവങ്ങളും വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ സ്വാദു മാത്രമല്ല, എല്ലാവരും ചേര്‍ന്നാണ് അവയെല്ലാം ഒരുക്കുകയെന്നതാണ് മറ്റൊരു സവിശേഷത. എല്ലാവര്‍ക്കും പുനഃസമാഗമത്തിനുള്ള സമയംകൂടിയാണ് ഓണം.കുറെ കാലത്തിനു ശേഷം രണ്ടു വര്ഷം മുന്നുള്ള ഒരോണം എന്‍റെ ഗ്രാമത്തില്‍ കുടുവാന്‍ കഴിഞ്ഞിരുന്നു.ഉത്രാട രാവിലെ എന്‍റെ മകനോട്‌ പറഞ്ഞു നമുക്ക് പൂ പറിക്കുവാന്‍ പോകാമെന്ന് പൂകൂടകള്‍ കണ്ടിട്ടിലാത്ത അവന്‍ പ്ലാസ്റ്റിക്‌ കവര്‍ എടുത്തു കൊണ്ടാണ് വന്നത് അവനോടു ഞാന്‍ അതിനെ പറ്റി പറഞ്ഞപ്പോള്‍ അവനു അത് വേണമെന്ന ആവശ്യവുമായി എന്‍റെ വിരലില്‍ തുങ്ങി നടപ്പായി.അവനെയും കൊണ്ട് പഴയ ആ ചിറയുടെ അവിടെ പോയപ്പോള്‍ ഞാന്‍ തല താഴ്ത്തി പോയി പണ്ട് നെല്ല് വിളഞ്ഞ് കിടന്നിരുന്ന വയലേലകള്‍ കാണ്മാനില്ല. പാടവരമ്പും നെല്ലിപ്പൂവും ഓണപ്പൂവുമൊന്നും ഇപ്പോഴില്ല,കളിസ്ഥലങ്ങള്‍ മറഞ്ഞിരിക്കുന്നു കളികളുടെ അവശേഷിപ്പുകളുമില്ല അവിടം മുഴുവന്‍ കാടായി മാറിയിരിക്കുന്നു കോണ്‍ക്രീറ്റ് കാട്.അവനോടു ഞാന്‍ ബാല്യത്തിലെ കാര്യങ്ങള്‍ പറയുമ്പോള്‍ എന്റെ മകന് അത് ഒരു കഥ ആയി തോന്നിപോകുന്നു. പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍‌‍ ഓണവും ഓണക്കാലം പകര്‍‌‍ന്നു നല്‍‌‍കുന്ന നന്മകളും നമുക്കു കൈമോശം വന്നു കൊണ്ടിരിയ്ക്കുകയാണ്.  ഇന്ന് ഓണക്കാലത്ത് പൂക്കള്‍‌‍ പറിയ്ക്കാന്‍‌‍ പോകുന്ന എത്ര കുട്ടികളെ നമ്മുക്ക് കാണുവാന്‍ കഴിയും നമ്മുടെ തൊടികളില്‍ ഇന്നു പൂക്കള്‍
 കാണുന്നുണ്ടോ വേലിപടര്‍പ്പുകള്‍ ഇന്നില്ല എങ്ങും മതിലുകള്‍ കെട്ടി മറച്ചിരിക്കുന്നു. ഓണനിലാവ് 
കാണുന്നതിനും നമ്മുക്ക് പഴയപോലെ കഴിയുനില്ല കോണ്‍ക്രീറ്റ് കാടുകളിലുടെ അരിച്ചിറങ്ങുവാന്‍ 
 ഓണനിലാവും മടിക്കുന്നുവോ .ഇന്നു ഗ്രാമങ്ങളില്‍ വരെ ഓണക്കാലമായാല്‍ പൂ വിതരണക്കാര്‍ നിരന്നിരിക്കും
 .മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവണ്ടികളെ  ആശ്രയിച്ചാണ്  നമ്മുടെ ഓണം വര്‍ണാഭമാകുന്നത്. ഉത്പാദന സംസ്‌കാരത്തില്‍നിന്നും നാം ഉപഭോഗ സംസ്‌കാരത്തിലേക്കു മാറിയപ്പോള്‍ നമ്മുടെ ഓണവും ആഘോഷങ്ങളുമെല്ലാം ഏറെ മാറി. ഇപ്പോഴത്തേത് റെഡിമെയ്ഡ് ഓണമാണ്.  ഓണാഘോഷവും ഓര്‍‍മ്മകളില്‍‍ മാത്രമായി മാറിക്കഴിഞ്ഞു.  ടെലിവിഷന്‍‌ ചാനലുകള്‍‌‍ നിറയേ പരിപാടികള്‍‌‍ ഉള്ളതിനാലാകാം മറ്റൊരു കളികള്‍‌‍ക്കും കുട്ടികള്‍ക്ക് ആര്‍‌‍ക്കും താല്പര്യമില്ല. വ്യാപാരികള്‍ അവരാണ് ഇന്നു കേരളത്തില്‍ ഓണത്തിന് അരങ്ങു തകര്‍ത്തു ആഘോഷിക്കുന്നത് മനോഹരമായ പരസ്യങ്ങള്‍."എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഓണത്തിന്‍ ഓഫര്‍ മാത്രം” എന്നതാണ്‌ സ്ഥിതി. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഓഫറില്‍ വില്‍ക്കുന്ന വ്യാപാരികളാണിന്നു കേരളനാട്ടിലുള്ളത്‌. ഈ കാലഘട്ടത്തിലാണ്‌ കേരളത്തിലെ വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നതാണ്‌ സത്യം.മാവേലിമാര്‍ അത്തതിനു  മുന്നേ തന്നെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ നിരന്നിരിക്കും  വഴിയാത്രക്കാരെ കയ്യില്‍ പിടിച്ചു വലിച്ചു കടയിലോട്ടു കയറ്റുന്ന മാവേലിമാരെ കാണുമ്പോള്‍ സഹതാപം തോന്നിയിരുന്നു ഒപ്പം ഇതിനാണോ വര്‍ഷത്തില്‍ ഒരിക്കല്‍ ഈ പ്രജകളെ സന്ദര്‍ശിക്കുന്നതിന് വാമനന്‍റെ കയ്യില്‍ നിന്നും അനുമതി വാങ്ങിയത് എന്ന ചിന്തയും .വിപണനത്തിന് വേണ്ടി എന്തൊക്കെ തന്ത്രങ്ങള്‍ ....
                                                    കാലത്തിന്റെ മാറ്റത്തിനൊപ്പം ഓണാഘോഷങ്ങള്‍ക്കും ഒരു ഹൈടെക് സ്വഭാവം വന്നു കൊണ്ടിരിക്കുന്നുവോ. നമ്മുടെ കുട്ടികള്‍ക്ക് പൂക്കളം ഇടുന്നതിനു മുറ്റങ്ങള്‍ ഇല്ലാതായിവരുന്നു.നമ്മുടെ ഫ്ളാറ്റ്‌ സംസ്കാരത്തിണ്റ്റെ ഏറ്റവും വലിയ വീഴ്ചയായി ഇതിനെയൊക്കെ നോക്കി കാണാം. പൂക്കളവും ഓണക്കളികളുമെല്ലാം നമ്മുടെ കുട്ടികള്‍ക്കന്യമാകുന്നതില്‍ ഫ്ളാറ്റുകള്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല എന്നെനിക്കുതോന്നുന്നു.ഇതൊക്കെ കൊണ്ട് തന്നെയാണ് പൂ പറിക്കാന്‍ നമ്മുടെ കുട്ടികള്‍ക്കു നേരമില്ലാതിരിക്കുന്ന ഈ കാലത്ത് മുറ്റത്തിത്തിരി പൂ നിറയ്ക്കാന്‍ തമിഴന്‍റെ ജമന്തിയും വാടാമല്ലിയും നിറയെയുള്ള പാടങ്ങള്‍ പൂകേണ്ടിയിരിക്കുന്നത്.ഓണത്തിന് നമ്മുടെ അടുക്കളയില്‍ നിന്നും പുക ഉയരാതായിരിക്കുന്നു ഇന്നു അതുവരെ റെഡിമൈഡ് ആയി പോകുന്നു.ഓണക്കളികള്‍ ഇല്ലാത്ത
കീ ബോര്‍ഡില്‍ കാറോട്ടമത്സരത്തില്‍ നേരിഞ്ഞമരുന്ന ബാല്യങ്ങള്‍.ഇന്റര്നെറ്റ് ചാറ്റ് റൂമില്‍ ഓണം വിഷ് ചെയ്തു ഇരിക്കുന്ന ഇന്നത്തെ കമാരം.വീട്ടില്‍ ആഘോഷം വേണ്ട വച്ചു ടൌണില്‍ പോയി കൂട്ടുകാരുമായി  ബാറില്‍ ഓണം ആഘോഷിക്കുന്ന പുതിയ തലമുറ   ഈ മാറിയ സാഹചര്യത്തില്‍ നാം ഭിതിയോടെ നോക്കി കണ്ട ഒന്നായിരുന്നു നമ്മുടെ മലയാളികള്‍ ഓണത്തിനെ വരവേല്‍ക്കാന്‍ വേണ്ടി കോടികള്‍ മദ്യത്തിനു മുടക്കിയത്.മലയാളി ഓണം കുടിച്ചാഘോഷിക്കുകയാണ്....
                                                                                   
                                                                പച്ചപുല്‍കൊടി നാമ്പുകളില്ലാത്ത,പൊന്നില്‍ ചാലിച്ച ചിറകുകളുമായി ഓണത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട്‌ വരുന്ന  ഓണത്തുമ്പികളില്ലാത്ത,മനം കുളിര്‍പ്പിക്കുന്ന നമ്മുടെ ആ തുമ്പകള്‍ വിടരാത്ത ഈ മരുഭൂവിലായിരുന്നു പ്രവാസത്തിലെ ഓണം ഏറിയതും ആഘോഷിച്ചത്.ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നും പ്രവാസത്തിന്റെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട 
പ്രവാസമലയാളി മറ്റൊരു മാവേലിയാണല്ലോ.മഴക്കുളിരില്‍ നിന്നും ഈറനുമായ്‌ കേരളം മുങ്ങി നിവരുന്ന ഇക്കാലത്ത് വേനല്‍ നെറുകയില്‍ കത്തി നിന്ന്  മരുക്കാറ്റില്‍ ഉലഞ്ഞുലഞ്ഞ് പോകുന്ന പ്രവാസ ജീവിതങ്ങള്‍ക്കു മേലെത്തുന്ന ഓണത്തിന്...നാട്, നാട്ടുപച്ച, പൂക്കള്‍, ഓണം, പൂവിളി,ചിങ്ങം...ഓര്‍മ്മകള്‍
  പെറുക്കിക്കൂട്ടിവെച്ച് പ്രവാസി തീര്‍ക്കുന്ന പളുങ്കു പാത്രങ്ങള്‍ നിറയെ ഇത്തരം സാംസ്കാരിക കുളിര്‍മകളാണ്.എല്ലാ ഓണത്തിനും ലീവെടുത്തു ആഘോഷിക്കുന്നത് പോലെ ഈ ഓണത്തെയും വരവേറ്റു.റൂമില്‍ നാട്ടിലെ എന്ന പോലെ  വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചു  വിളക്കുകൊളുത്തിവച്ച് നാക്കിലയില്‍ വിഭവസമൃദ്ധമായ സദ്യയോടെ ഓണപാട്ടുകള്‍ പാടി കൊണ്ടാടുമ്പോള്‍ നമ്മെ സ്‌നേഹിക്കുന്നവരുടെ മുഖം മനസില്‍ നിറയുന്നു. ഗ്രാമത്തിന്റെ ചിത്രം തെളിയുന്നു നാട്ടുവഴികളിലെ തുമ്പപൂക്കളുടെ ഗന്ധം..വയലിനരികിലെ ചാലില്‍  നിറഞ്ഞു വിടര്‍ന്നുനില്‍ക്കുന്ന ആമ്പല്‍പൂവുകള്‍...
വയലോലകളില്‍ നൃത്തം വെയ്ക്കുന്ന ഓണത്തുമ്പികള്‍ ..പുത്തനുടുപ്പിട്ട്,മധുര പലഹാരങ്ങള്‍ കഴിച്ച് ഊഞ്ഞാലാടി ആഹ്ലാദിച്ചു തിമിര്‍ത്ത ബാല്യം വീണ്ടും കളിയും ചിരിയുമായി മനസിലെത്തുന്നു .ഉറ്റവരുടെയും ഉടയവരുടെയും ഓര്‍മകളില്‍ മനസ്സില്‍ ഒരു നോവ്‌ പടര്‍ത്തിയിരുന്നു.ഓണം എവിടെ ആഘോഷിച്ചാലും നമ്മുടെ നാട്ടിലെ ആ സന്തോഷം എനിക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല . എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍‍ക്കു കൂടി പകര്‍‍ന്നു കൊടുക്കാന്‍‍ നമുക്കു ശ്രമിയ്ക്കാം…പൂക്കളമിടാന്‍ മുറ്റമില്ലെങ്കില്‍ നമുക്കു മനസിലൊരു പൂക്കളം തീര്‍ക്കാം. ആരും കേട്ടില്ലെങ്കില്‍ കൂടി മന്ത്രണം പോലെ ഒരു ഓണപ്പാട്ടു മൂളാം  ഓര്‍മ്മകളിലെ ഓണക്കാലം ഇനിയൊരിയ്ക്കലും തിരിച്ചു കിട്ടില്ലല്ലോ. എങ്കിലും നമുക്കു കഴിയുംപോലെ   ജാതിമത ഭേദമിലാതെ നമ്മള്‍
 നെഞ്ചിലേറ്റിയിരുന്ന ആ ഓണത്തിന്റെ നന്മകള്‍ കഴിയുന്നത്ര കാലം നിലനിര്‍ത്താന്‍ ശ്രമിയ്ക്കാം.....,

No comments:

Post a Comment

Note: Only a member of this blog may post a comment.