Ind disable

Tuesday, September 7, 2010

KATHA NO 9 വീണ നമ്പ്യാര്‍

നിയോഗം വീണ നമ്പ്യാര്‍
*************
"സുബ്രഹ്മണ്യപെരുമാളേ  രക്ഷ രക്ഷ! "
ഉച്ച ശീവേലി കഴിഞ്ഞു നാരായണന്‍പോറ്റി നട അടച്ചു. നാമജപം കേട്ടാണ് അയാള്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചത്. അപ്പളാണ് അവിടൊക്കെ തൂത്തുവാരണ അമ്മാളുട്ടിമ്മയെ കണ്ടത്. ഉടനെ അങ്ങോട്ട്‌ നടന്നു പോറ്റി. "ന്താ അമ്മാളുട്ടിയമ്മേ പോവാറായില്യെ? "ഇന്ന് ഓണായിട്ട് ന്തിനേ എനിം നിക്കണേ.  മോനവിടെ ഒറ്റയ്ക്കല്ലേ! ഇന്നെങ്കിലും നേരത്തെ ചെല്ലൂ." "ദാ... കഴിഞ്ഞു. പോവായി. നമുക്കെന്നും ഓണല്ലേ പോറ്റിയങ്ങുന്നെ! ഇവിടുന്നു പടച്ചോറും പായസോം കൊണ്ടോവും. അപ്പൊ പിന്നെ ന്നും സദ്ദ്യന്നെ! മാത്രോല്ല അവനറിയാം അമ്മ വരണ നേരോം കാലോം! ഞാനൊന്നു ശുദ്ധിയായിട്ടു വരാട്ടോ. " ഇതും പറഞ്ഞു അമ്മാളുട്ടിയമ്മ അടിച്ചുകൂട്ടിയതൊക്കെ വാരിക്കളഞ്ഞു ചൂല് ഓഫീസില്‍ കൊണ്ടെച്ചു കുളത്തില്‍പോയി കാലും മുഖോം കഴുകി എത്തി. എപ്ലത്തേം പോലെ നിവേദ്യം പുറത്തു വച്ചിരിക്കണുണ്ടായിരുന്നു.  
"പെരുമാളേ.. ഞാന്‍ പോണുട്ടോ. ഇന്ന് ആരേം സങ്കടപ്പെടുത്തല്ലേ!" അടച്ച നടയിലേക്കു നോക്കി കൈകൂപ്പി കണ്ണടച്ച് അത്രേം പറഞ്ഞു നടന്നു അവര്‍. 17 വര്‍ഷാവണു അമ്മാളുട്ടിമ്മ ആ അമ്പലത്തിലെ കഴകക്കാരിയായിട്ടു. ഈ 17 വര്‍ഷത്തിലും അവര്‍ ഇതന്നെയേ  പ്രാർത്ഥിച്ചു കേട്ടിട്ടുള്ളൂ.  ഒരു ഓണത്തിനു 3 വയസ്സുള്ള ഒരു കുഞ്ഞിനേം എടുത്തു ഈ നാട്ടില്‍  എത്തിപ്പെട്ടതാ അവര്‍. അന്ന് മുതല്‍ ആ അമ്പലത്തിലുണ്ട് അവര്‍.  
നിവേദ്യം കൂടേലാക്കി പുറത്തു കടന്നപ്ലാണ് അമ്പലത്തിനു നേരെ നടന്നടുക്കുന്ന ഒരാളെ കണ്ടത്. നന്നേ അവശനായിര്ന്നു അയാള്‍. ഈ ദേശക്കാരനല്ലെന്നു ഒറ്റനോട്ടത്തില്‍ വ്യക്തം. കണ്ടപാടെ അമ്മാളുട്ടിയമ്മ ചോദിച്ചു  "എവിടുന്നേ വരണേ? വല്ലാതെ വൈകീലോ. നട അടച്ചൂട്ടോ. ഇനി 5 മണിക്കേ തുറക്കൂ." "അയ്യോ ഇനി ന്താ ചെയ്യാ! ഞാന്‍ എറണാകുളത്തുന്നു വരുവാ!"  പരവേശംകൊണ്ട് അയാള്‍ അവിടെ തളര്‍ന്നിരുന്നു! എനിയ്ക്ക് ഈ ഏലസ്സൊന്നു പൂജിച്ചു കിട്ടണായിര്ന്നു. ന്റെ മോന്റെ ഒപ്പറേഷനാ ഈ വരണ 15 നു. നാരായണന്‍ പോറ്റി ഏലസ്സ് ജപിച്ചു പൂജിച്ചു തന്നാല്‍ ല്ലാ തടസ്സോം നീങ്ങുംന്നല്ലേ വിശ്വാസം." ഉടനടി അമ്മാളുട്ടിയമ്മ അത് തിരുത്തി. "അത് വിശ്വാസല്ല, തികഞ്ഞ യാഥാർത്ഥൄ൦. അറിയോ ചെറുപ്രായത്തിലന്നെ പോറ്റിയങ്ങുന്നിനു പെരുമാളിന്റെ ദര്‍ശനം കിട്ടിട്ടുള്ളതാ!  പക്ഷെ ഇയാള്‍ നന്നേ വൈകിരിക്കണുലോ. മാത്രോല്ലാ ഉച്ചപൂജ കഴിഞ്ഞാല്‍ പിന്നെ ഏലസ്സ് പൂജിക്ക്യ പതിവില്യാലോ! കൂടാതെ ഇന്ന് ഓണല്ലേ!" നിരാശനെപ്പോല്‍ അയാള്‍ പറഞ്ഞു.. "ഞാന്‍ എവിടേം വൈകീട്ടാണ് അമ്മ്യാരെ!" വീണ്ടും അമ്മാളുട്ടിയമ്മ തിരുത്തി. "അയ്യോ ഞാന്‍ അമ്മ്യാരല്ലാട്ടോ. അമ്മാളുട്ടിന്നാ പേര്. വിരോധോല്യാച്ചാ ഓപ്പോളേന്നു  വിളിച്ചോളൂ. ഇനി ന്താ ചെയ്യാ? 15 നു ഇനി രണ്ടീസോല്ല്യെ? നാളെ പോയാലും എത്താലോ! നിങ്ങള്‍ നന്നായി ക്ഷീണിക്കേം ചെയ്തിരിക്കണു. ഒരു കാര്യം ചെയ്യൂ.. ന്റെ കൂടെ പോന്നോളൂ. ന്റെ വീട്ടില്‍  ഉള്ള സൌകര്യത്തില്‍ തങ്ങാം. ന്റെയില്‍ നിവെദ്യോണ്ട്. ഒള്ളത് കൊണ്ട് നമുക്ക് ഓണാക്കാം. ന്താ?  " "ഏയ്‌.. അത് വേണ്ട. ഞാന്‍ ഇവിടെ എവിടെങ്കിലും തങ്ങിക്കോളാം." അയാള്‍ പറഞ്ഞു. "ഇവിടെ എവിടെ താങ്ങാനാ? നട അടച്ചാ ചുറ്റമ്പലത്തില്‍ ആര്‍ക്കും പ്രവേശനോല്യ.  മാത്രോല്ല ഇതൊരു നാട്ടുംബുറല്ലെ! പുറത്തു തങ്ങാനുള്ള സൌകര്യോന്നുല്യ. നാളെ നിര്‍മാല്യം കുളിച്ചുതൊഴുതു ഏലസ്സും വാങ്ങിപ്പോയ്ക്കോളൂ. ആ ബാഗ് ങ്ങട്ട് തരൂ." അയാള്‍ക്ക്‌ ന്തെങ്കിലും മിണ്ടാന്‍ കഴിണതിനുമുന്നെ ഇതും പറഞ്ഞു ആ ബാഗും വാങ്ങി നടന്നു അവര്‍. ഏതോ പ്രേരണ പോലെ അയാളും അവരെ അനുഗമിച്ചു. ചെറിയൊരു മൌനം വന്നപ്ലന്നെ അമ്മാളുട്ടിയമ്മ ആ മൌനം ഭേദിച്ചു.  "ആട്ടെ ന്താ മോന് ദീനം? മോന്റെ അമ്മ?" "ഞാനൊരു പാപിയാ ഓപ്പോളേ. ന്നെ സ്നേഹിക്കാനും എനിയ്ക്ക് സ്നേഹിക്കാനും ഈ ലോകത്ത് ന്റെ മോന്‍ മാത്രേള്ളൂ നിയ്ക്ക്! ഞങ്ങളെ സ്നേഹിച്ചു കൊതി തീരണൈനു മുന്നേ എന്റെ സാവിത്രി ഞങ്ങളെ വിട്ടുപോയി. ഇപ്പൊ ഇതാ.. ഹൃദയത്തില്‍ ദ്വാരത്തിന്റെ രൂപത്തില്‍ 5 വയസ്സുള്ള എന്റെ മോന്റെ ആയുസ്സിനും ദൈവം അളവ് കുറിച്ചിരിക്കണു!" അത് പറേമ്പോ ഗദ്ഗദം കൊണ്ട് അയാള്‍ടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു! "എങ്ങനെയാ അയാളെ സമാധാനിപ്പിക്ക്യ ന്നറിയാതെ അമ്മാളുട്ടിയമ്മ വിഷമിച്ചു. "ന്റെ പെരുമാളെ സങ്കടപ്പെടുത്തല്ലേ.." ന്നിട്ട് അയാളോടായി പറഞ്ഞു  "ദു:ഖങ്ങള്‍ തീര്‍ക്കണ പെരുമാളാട്ടോ. അകമഴിഞ്ഞ് വിളിച്ചോളൂ. ല്ലാം നേരെയാകും. ഞാനും പ്രാർത്ഥിക്കാം. അറിയോ.. ഒരാളും തുണയുല്യാതെ ഈ കരയില്‍ എത്തിപ്പെട്ടതാ ഞാനും ന്റെ മോനും. അന്ന് മുതല്‍ ഞങ്ങള്‍ക്ക് തുണയാ ഈ പെരുമാള്‍. ഒരല്ലലും ല്യാതെയാ പെരുമാള്‍ ഞങ്ങളെ നോക്കണേ. ന്നാലും ഈ ലോകത്ത് നടക്കണ ഓരോന്ന് കാണുംബ്ലും കേക്കുംബ്ലും ഞാന്‍ പെരുമാളിനോട് പിണങ്ങുംട്ടോ. അവരാണെങ്കില്‍  വര്‍ത്താനം പറേമ്പോ ആസ്മ ശല്യത്തില്‍ ഇടയ്ക്കിടെ വലിക്കുന്നുണ്ടായിര്‍ന്നു.  എങ്കിലും ആ നല്ല മനസ്സിന്റെ ചുറുചുറുക്ക് അയാളില്‍ ഊര്‍ജ്ജം പകര്‍ന്നു. 
10 മിനിട്ട് നടന്നപ്ലെക്കും അവര്‍ ആ ചെറിയ വീട്ടിലെത്തി. "മോനെ രഘുരാമാ" ന്നു നീട്ടി വിളിച്ചുകൊണ്ട് അമ്മാളുട്ടിയമ്മ അകത്തേക്ക് കേറി.  "കേറി വരൂട്ടോ" അവര്‍ അയാളെ സ്വീകരിച്ചു. "ഇരിക്കൂട്ടോ"  അകത്തു കേറിയപ്ലന്നെ  ചുമരില്‍ നിറച്ചും ജീവന്‍ തുടിക്കണ ചിത്രങ്ങള്‍ കണ്ടു അയാള്‍ അത്ഭുതപ്പെട്ടു! ല്ലാം ദേവീ-ദേവന്മാര്ടെ മനോഹര ചിത്രങ്ങള്‍! യേശുദാസും ചിത്രയും വരെ അക്കൂട്ടത്തിലുണ്ട്.   "ഈ കുട്ടി ഇതെവിടെയാ പോയി കിടക്കണേ! മോനെ.. ഊണ് കഴിക്കേണ്ടെ.. ദാ.. അമ്മെത്തിട്ടോ." അമ്മാളുട്ടിയമ്മേടെ ആ വാക്കുകളാണ് അയാളെ പരിസരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.  "ഈ ചിത്രങ്ങള്‍?? " അയാള്‍ ചോദിച്ചു. "ഇതൊക്കെ ന്റെ മോന്റെ കരവിരുതാണ് ട്ടോ. മോന്റെ പ്രധാന വിനോദം ചിത്രം വരയന്നെയാ!" അത് പറേംബ്ലും അവരില്‍ പ്രത്യേകിച്ചൊരു ഭാവമാറ്റൊല്ല്യ ന്നത് അയാള്‍ ചിന്തിച്ചു!  'ഒരു പക്ഷെ ഈ ചിത്രങ്ങള്ടെ സൌന്ദര്യം അവര്‍ക്ക് ശരിയായി ആസ്വദിക്കാന്‍ പറ്റീണ്ടാവില്ല!' രവിവര്‍മ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു ആ ചിത്രങ്ങളിലേക്ക് അയാള്‍ വീണ്ടും വീണ്ടും കണ്ണോടിച്ചു. അപ്പോളാണ് മുറ്റത്തൂടെ ന്തോ ഉരുളുന്നത് കേട്ടത്. അയാള്‍ പുറത്തേക്കു നോക്കി. ആ കാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു! 20 വയസ്സ് മതിക്കുന്ന ഒരാങ്കുട്ടി ചക്രം ഘടിപ്പിച്ച ഒരു പലകയിലിരുന്നു ഉരുണ്ടു വരുന്നു! രണ്ടു കാലും ഇല്ല! ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി അയാള്‍! വളരെ അനായാസമായി ആ കുട്ടി പടവുകള്‍ വലിഞ്ഞു കേറി അകത്തെത്തി.  പെട്ടെന്ന് അപ്രതീക്ഷിതായി ഒരതിഥി യെക്കണ്ട്‌ ഒന്ന് സങ്കോചിച്ചു അവന്‍! അപ്ലെക്കും അമ്മാളുട്ടിയമ്മ അങ്ങട്ട് വന്നു. "മോനെ ഇന്ന് നമുക്കൊരു അതിഥി ണ്ട്ട്ടോ. വരൂ നേരം കുറെയായി. ഊണ് കഴിക്കാം." അവന്‍ അയാളെനോക്കി മധുരമായി പുഞ്ചിരിച്ചു! 'അമ്മയുടെ അതേ ഐശ്വര്യം ആ മോനിലുമുണ്ട്.' അയാള്‍ ഓര്‍ത്തു. അപ്ലെക്കും അമ്മാളുട്ടിയമ്മ ഒരു പലകയുമായി വന്നു അയാളെ നോക്കി ചോദിച്ചു "നിലത്തിരിക്കാന്‍ പ്രയാസാവോ? " "ഏയ്‌.. ന്ത് പ്രയാസം." ഇതും പറഞ്ഞു അയാള്‍ അവന്റടുത്തു   പലകയിട്ടിരുന്നു. ഒട്ടും താമസിയാതെ അവര്‍ ഇലയിട്ടു വിളമ്പിക്കഴിഞ്ഞിര്ന്നു. ആദ്യം അതിഥിയ്ക്ക് വിളമ്പാന്‍ പ്രത്യേകം ശ്രദ്ധിച്ചു അവര്‍. നിവേദ്യച്ചോറും പിന്നൊരു കാന്താരിമുളകും ഇലയില്‍ വെച്ചു. ഒരു ഭരണിയില്‍ തൈരും അടുത്ത് വച്ചു. "ഇന്ന് ഓണായിട്ട് ഇതേ തരപ്പെട്ടുള്ളൂ ട്ടോ. ക്ഷമിക്കണേ. ഞങ്ങള്‍ അമ്മയ്ക്കും മോനും ഇത് സദ്യാണെ!" അയ്യോ ഓപ്പോളേ ന്താ ഇങ്ങനൊക്കെ പറേണെ! ഇതെനിയ്ക്കു അമൃതാ.. അറിയോ! പ്രത്യേകിച്ച് അമ്പലത്തിലെ നിവേദ്യം!" അവര്‍ പിന്നേം അയാളെ ഊട്ടുന്നതില്‍ ശ്രദ്ധിച്ചു. "മോന്‍ എവിടെയായിര്ന്നു?" ശ്രദ്ധയോടെ ചിട്ടയായി ആഹാരം കഴിക്കണ അവനോടു അയാള്‍ കുശലം ചോദിച്ചു! "അവന്‍ മിണ്ടില്യാട്ടോ. ഞാന്‍ പോയാല്‍ ചിലപ്പോ വരയ്ക്കാന്‍ ഇറങ്ങും. അല്ലാച്ചാ ഈ പലകേം ഉരുട്ടി അപ്രത്തെ തൊടിയിലോ പാടവരമ്പത്തോ പോയിരിയ്ക്കും. മിണ്ടില്യാച്ചാലും ചെവിയ്ക്കു പതോന്നുല്ല്യട്ടോ. പെരുമാളിന് നന്ദി." അതും അയാള്‍ക്കൊരു വെള്ളിടി ആയിര്ന്നു! അത് പറേംബ്ലും അവരില്‍ പ്രത്യേകിച്ചൊരു ഭാവവും കണ്ടില്ല. അപ്ലും ആ കുട്ടി ചിരിച്ചുതന്നെ! അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല.      
ഊണ്കഴിഞ്ഞു മുറ്റത്തു ന്തോ ഓര്‍ത്തുനിന്ന അയാളെ അമ്മാളുട്ടിയമ്മേടെ വാക്കുകളാ ചിന്തയില്‍ന്നു ഉണര്‍ത്തിയത്! "ലേശം കിടന്നോളൂ  കുറെ യാത്ര ചെയ്തതല്ലേ! ഞാന്‍ പായ വിരിച്ചേക്കണു. അയാള്‍ക്കും ഒന്ന് കിടക്കണംന്നുണ്ടായിരുന്നു. എങ്കിലും ന്തൊക്കെയോ ചോദിക്കാന്‍ വെമ്പുന്നുണ്ടായിരുന്നു അയാള്‍. വെറുതെ ആ കുട്ടിയെ അവിടൊന്നു കണ്ണുകളാല്‍ പെരുതി. പക്ഷേ കണ്ടില്ല. ഒന്ന് നടു നിവര്‍ക്കാന്‍ അവിടെ ആകെണ്ടായിരുന്ന ആ കുഞ്ഞുമുറിയിലെ ബെഞ്ചുകള്‍ചേര്‍ത്ത കട്ടിലിലിരുന്നു അയാള്‍. അപ്ലാണ് ചുമരില്‍ മങ്ങിയ ഒരു പഴയചിത്രം ശ്രദ്ധയില്‍പെട്ടത്. ആ സമയം അമ്മാളുട്ടിയമ്മ ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു. "ഊണ് കഴിഞ്ഞു വെള്ളം കുടിച്ചില്യാലോ.. ദാ കുടിച്ചോളൂ."  അതിനയാള്‍ "മകനെവിടെ?" ന്നു ചോദിച്ചായിരുന്നു മറുപടി പറഞ്ഞത്.  "അവന്‍ അപ്പ്രത്ത്‌ണ്ട്. ഇപ്പൊ കിളികള്‍ വെള്ളം കുടിക്കാന്‍ വരണ നേരാത്രേ! അവിടെ തോട്ടീല് ലേശം വെള്ളം വെക്കാറ്ണ്ടേ... അവിടെ അതും നോക്കി ഇരിയ്ക്കും കുറേ നേരം." വാതില്‍ക്കല്‍നിന്ന് ഇതും പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവരോടു ചുമരിലെ ആ ചിത്രംനോക്കി വീണ്ടും അയാള്‍ ചോദിച്ചു "ഒപ്പോളിന്റെ ഭര്‍ത്താവാണോ ഇത്?"  "അതേ. ന്നെ വിട്ടുപോയിട്ട് ഇപ്പൊ 18 വര്‍ഷാവണു."  അവരുടെ മറുപടിയില്‍ വീണ്ടും അയാള്‍: "എങ്ങനെയാ മരിച്ചേ?" ഒരു നെടുവീര്‍പ്പില്‍  അമ്മാളുട്ടിയമ്മേടെ മറുപടി വന്നു. "ന്തിനെ കഴിഞ്ഞതൊക്കെ വീണ്ടും കുത്തിപ്പൊക്കണേ! നിയ്ക്കത് ഓര്‍ക്കാന്‍ കൂടി ഇഷ്ടോല്യ. വെറ്തെ വേറൊരാള്‍ക്കും വിഷമാവാന്‍! " ഓപ്പോളിനു വിഷമാച്ചാ പറേണ്ടാട്ടോ. വിഷമങ്ങള്‍ കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ ആശ്വാസല്ലേ! ഞാന്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിച്ചേക്കൂ."  അയാള്‍ അങ്ങനെ പറഞ്ഞപ്ലെക്കും അമ്മാളുട്ടിയമ്മ പറഞ്ഞു "വിഷമിപ്പിക്ക്യെ.... അങ്ങനോന്നുല്യട്ടോ. ഇപ്പൊ ന്ത് വിഷമം. ല്ലാം ഒരു മരവിപ്പ് പോലെയേ തോന്നണുള്ളൂ." അയാള്‍ വീണ്ടും തുടര്‍ന്നു "മകനിത് ജന്മനാള്ളതാണോ?  നല്ല വൈദ്യരെയൊന്നും കണ്ടില്യെ?"  അപ്ലെക്കും അമ്മാളുട്ടിയമ്മേടെ കണ്ണ് നിറഞ്ഞു! "ന്താ ഞാന്‍ പറയാ! കുറേ കാണിച്ചു. കുറേ നാട്ടുകാരും സഹായിച്ചു. വീല്‍ ചെയെറൊക്കെ അവര്ടെ സഹായത്തില്‍ കിട്ടിര്‍ന്നു. പിന്നെ ഈ കൊച്ചു വീട്ടില്‍ അതെങ്ങനെയാ ഉരുട്ടാ.. അതോണ്ട് അവന്‍ പലകെമ്മ്ലന്നെ ജീവിച്ചു. മാത്രോല്ല ഇതാവുമ്പോ അവന്റെ പിറകെ നിയ്ക്ക് നടക്കേം വേണ്ട. പിന്നെ പൊയ്ക്കാല്  വെക്കാനൊക്കെ ശ്രമിച്ചു. പിന്നെ അവനും ഉത്സാഹം കാണിച്ചില്യ. ഇപ്പൊ പോണപോലെ പോയാ മതിന്നാ അവന്റെ ഇഷ്ടോം! പിന്നെ ഞാന്‍ നിര്‍ബന്ധിക്കാനും പോയില്യ.  ങ്ഹാ.."   വീണ്ടും ഒരു നെടു വീര്‍പ്പിട്ടു അവര്‍. എന്നിട്ട് തുടര്‍ന്നു.. " കുറച്ചുവൈകിയെങ്കിലും ഈശ്വരന്‍ ഞങ്ങള്‍ക്ക് തന്നത് ഒരംഗവൈകല്ല്യോം ല്യാത്ത കുഞ്ഞിനെ തന്നെയായിര്ന്നു. പക്ഷേ വിധി ഞങ്ങളെ ങ്ങനെയാക്കിത്തീര്‍ത്തു. നിങ്ങള്‍ക്കറിയോ ഞങ്ങള്‍ താമസിച്ചിരുന്നത് ഇരവിമംഗലത്തായിര്ന്നു. 18 വര്‍ഷായെങ്കിലും, ഇന്നും ആരും മറക്കാത്ത ഇരവിമംഗലം ബോംബു സ്ഫോടനത്തിനെക്കുറിച്ച് അറിയാതിരിക്കാന്‍ ഇടേണ്ടാവില്യ. ല്യേ?" അയാള്‍ടെ മറുപടിയ്ക്ക് കാത്തുനിക്കാതെ അവര്‍ തുടര്‍ന്നു. "അതിന്റെ  ബാക്കിപത്രങ്ങളാ ഞങ്ങള്‍! 2 വയസ്സുള്ള ന്റെ കുട്ടി അവന്റെ അച്ഛന്‍ വരണ കണ്ടു ഓടിയതാ ഗെയിറ്റിനടുത്തേക്ക്‌. അപ്ലാ ആ നശിച്ച ബോംബു പൊട്ടിയത്.  അവന്റെ അച്ഛനും അതില്‍ തീര്‍ന്നു. കാലും, മൊഴിയും നഷ്ടപ്പെട്ടു ന്റെ മോനും..! ന്നാലും പെരുമാള്‍ ന്റെ മോനെയെങ്കിലും നിയ്ക്ക് തിരിച്ചുതന്നല്ലോ! എത്ര അമ്മമാരാ മക്കളും ഭര്‍ത്താക്കന്‍മ്മാരും പോയിട്ട് ജീവിക്കണേ!" തന്റെ കാലില്‍ ന്തോ തണുപ്പ് തോന്നിയപ്ലാ അവര്‍ താഴെ നോക്കിയേ! കട്ടിലിലിരുന്ന ആ മനുഷ്യനുണ്ട്‌ അവരുടെ കാല്‍ക്കീഴില്‍ കിടന്നു പൊട്ടിക്കരേണു! "അയ്യോ.. ന്തേ ഈ കാണിക്കണേ!!! ഇശ്വരാ..! ങ്ങനൊക്കെ ന്തിനേ ചെയ്യണേ..! എനി വീണോ?? ഞാന്‍ കണ്ടില്ലല്ലോ ഈശ്വരാ...! " നിലത്തു തലയടിച്ചു വിതുമ്പിവിതുമ്പിക്കരേണ അയാളെ ഒരു വിധത്തിലാ അമ്മാളുവമ്മ താങ്ങി എണീപ്പിച്ചത്. കരഞ്ഞു രക്തവര്‍ണ്ണമായിരുന്നു ആ കണ്ണുകള്‍!  "ന്തേ ണ്ടായേ..! ന്തേ...? മോനെ ഓര്‍മവന്നോ അപ്ലേക്കും? " ഒരു കൊച്ചു കുഞ്ഞിനെപ്പോള്‍ അലമുറയിടുകയായിരുന്നു  അയാള്‍ അപ്ലും! "നോക്കൂ കരയല്ലേട്ടോ.. അതല്ലേ ഞാന്‍ പറഞ്ഞെ.. ന്റെ ദു:ഖം കേള്‍ക്കാന്‍ നിക്കണ്ടാന്നു." "ന്റെ പെരുമാളെ... ഞാന്‍ സങ്കടപ്പെടുത്തീലോ ഇയാളെ! അപ്പോള്‍ മുറിഞ്ഞ മുറിഞ്ഞ സ്ഫുടമായ വാക്കുകളില്‍ അയാള്‍ പ്രതിവചിച്ചു. " ഞാനാ.. ഞാനാ ആ നരാധമന്‍! മഹാപാപിയാണ് മഹാപാപി. അവിടെ ബോംബു വച്ചത് ഞാനാ ഓപ്പോളേ.. ഞാനാ...! രാഷ്ട്രീയകാപാലികര്‍ക്കായി ന്റെ രക്തത്തിളപ്പില്‍  ഞാന്‍ ചെയ്ത ഘോര അപരാധം! മാപ്പ് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാത്ത പാപി! തെളിവില്ലാത്തത്തിന്റെ പേരില്‍ കൊടതിയേം പറ്റിച്ചവന്‍! ശപിച്ചോളൂ  ഓപ്പോളേ  ..ശപിച്ചോളൂ.. അങ്ങനെങ്കിലും ഈ പാപി അനുഭവിക്കട്ടെ! ഒരു നിമിഷം അസ്ത്രപ്രജ്ഞയായി അമ്മാളുട്ടിയമ്മ! പിന്നെ സമചിത്തതയോടെ ആ കണ്ണുകളില്‍ നോക്കി പറഞ്ഞു " ശപിക്ക്യെ..! ന്തിനേ  അത്? അതോണ്ട് നിയ്ക്ക് നഷ്ടപ്പെട്ടതൊക്കെ കിട്ടുവോ? അന്നാച്ചാ ചിലപ്പോ ഞാനാ പാപം ചെയ്തേനെ! ഇപ്പൊ നിയ്ക്കു ആരോടും പകയോ, ദ്വേഷ്യോ ല്യ. ന്നാലും ന്റെ മോനെ നിയ്ക്ക് തന്നല്ലോ... അതിനു നന്ദിയുണ്ട്...നന്ദി മാത്രം!"  കൈകൂപ്പി അത് പറഞ്ഞപ്ലെക്കും അവര്ടെ ദു:ഖം അണപൊട്ടി! "അരുതേ.. ഓപ്പോളേ.. കരയരുതേ.. ഈ കണ്ണുനീര്‍ ഭൂമിയില്‍ വീണാ ദഹിക്കും ഈ ഭൂമി! ന്റെ പാപത്തിനു ഭൂമിയെ ശിക്ഷിക്കല്ലേ ഓപ്പോളേ.. ശിക്ഷിക്കല്ലേ....! ഒപ്പോളിന്റെ ആ  പെരുമാളന്നെ  ന്നെ ശിക്ഷിക്കട്ടെ! പരിഹാരോല്യാത്ത ഈ പാപത്തില്‍ ഞാന്‍ ദഹിച്ചുപോട്ടെ! ഈശ്വരാ..! " വേഷ്ടിതുമ്പാല്‍ വേഗം കണ്ണുതുടച്ചു അമ്മാളുട്ടിയമ്മ. പിന്നെ അയാളെ പയ്യെ എഴുന്നേല്‍പ്പിച്ചു. ആ കരം ഗ്രഹിച്ചു മൃദുവായി പറഞ്ഞു. "പശ്ചാത്താപത്തേക്കാള്‍ വലിയ പ്രായശ്ചിത്തം ണ്ടോ..! നിങ്ങള്‍ വിഷമിക്കേണ്ട. മോന്റെ കാര്യം നോക്കണം. ആ കൊച്ചുകുട്ടിയ്ക്ക് വേഗം സുഖാവട്ടെ! ന്റെ പാപഭാരത്തില്‍ ഞാന്‍ ഇതൊക്കെ അനുഭവിച്ചുന്നേള്ളൂ."  
"ഇല്ലാ.. ഇനി എനിയ്ക്ക് വിശ്രമമില്ല. വെറുതെയല്ല ഒരു നിയോഗംപോല്‍ ഞാനിവിടെ എത്തിയത്. വെറുതെയല്ല സ്വന്തക്കാരൊക്കെ തിരസ്കരിച്ചപ്ലും, ന്റെ സാവിത്രി പോയിട്ടും ഞാന്‍ ജീവിച്ചിരിക്കണത്! ഇപ്പൊ എനിയ്ക്കുറപ്പുണ്ട്. എന്റെ മോന്‍ തിരിച്ചുവരും ജീവിതത്തിലേക്ക്. പക്ഷേ അതിനായി ഞാന്‍ കാത്തുനിക്കണില്ല. അവന്‍ ഒരൂട്ടം നല്ലആള്‍ക്കാര്ടെ അടുത്താ!  എന്റെ കര്‍മം ഇപ്പൊ ഇവിടെയാ! ഈ ലോകത്തില്‍ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും രഘുരാമനെ ഞാന്‍ സംസാരിപ്പിക്കും. വെപ്പ് കാലിലെങ്കിലും അവനെ നടത്തിക്കും ഞാന്‍. അതിനിന്നെനിയ്ക്ക് ത്രാണിണ്ട്. ഓപ്പോളിനു വയ്യാണ്ടായ രഘുരാമന് ആരുണ്ട്‌?  അവനെ നടത്തിക്കും ഞാന്‍. ഓപ്പോളിനെ നോക്കാന്‍ പ്രാപ്തനാക്കും ഞാന്‍ രഘുനെ! ഓപ്പോളേ... ഇതെന്നെ ചെയ്യാന്‍ അനുവദിക്കണേ.." കണ്ണീരോടെ കൈകൂപ്പി കെഞ്ചുന്ന ആ ആള്‍ടെ നിശ്ചയദാർഢൄമുള്ള മുഖത്ത് നോക്കി തനിയ്ക്ക് സന്തോഷമോ സന്താപമോ തോന്നേണ്ടേ ന്നറിയാതെ അമ്മാളുട്ടിയമ്മ നിന്നുപോയി!
"ആരേം സങ്കടപ്പെടുത്തല്ലേ  പെരുമാളെ.." അവര്ടെ വിറയ്ക്കുന്ന ചുണ്ടില്‍നിന്നും അപ്പോളും ആ മന്ത്രം പ്രവഹിക്കുന്നുണ്ടായിരുന്നു!
നമുക്കും പ്രാർത്ഥിക്കാം ഈ അമ്മയ്ക്കും മോനും വേണ്ടി!
--ശുഭം--

No comments:

Post a Comment

Note: Only a member of this blog may post a comment.