Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:8 വീണ നമ്പ്യാര്‍

 വീണ നമ്പ്യാര്‍

കുട്ടിക്കാലം ല്ലാ വര്‍ഷവും ഓണം ആഘോഷിച്ചിരുന്നത് അച്ഛന്റെ വീട്ടിലാട്ടോ! പട്ടണത്തില്‍ ജീവിക്കണ നിയ്ക്ക് അച്ഛന്റെ തറവാടും, ആ വലിയ പറമ്പും, കുളവും, കാവും ല്ലാം എന്നും അതിമധുരോം അത്ഭുതോമായിര്ന്നു! അച്ഛന്‍പെങ്ങള്ടെ കുട്ടികളും, ഇളയച്ഛന്റെ കുട്ടികളും ല്ലാരുംകൂടി ഓണം ഒരു മേളന്നെയാ. ഇതിലുംപുറമേ അവിടെ തൊട്ടയല്‍വക്കത്തെ വീട്ടില്‍ നിയ്ക്കൊരു കൂട്ടുകാരി ണ്ടായിര്ന്നു പത്മിനി. ന്റെ പപ്പി. ന്നെക്കാള്‍ 3 വയസ്സിനു വലുതാ പപ്പി. ഞാന്‍ ചെന്നുന്നറിഞ്ഞാല്‍ എപ്ലും അയാള്‍ ഓടിവരും. പപ്പിക്കൊരു കുഞ്ഞുഅനിയനുമുണ്ട്. പപ്പന്‍. അങ്ങനെ ഓണനാളെത്തി. ഓണത്തിന് പുതിയ ഉടുപ്പൊക്കെട്ടു കാലത്തന്നെ പൂ പറിക്കാന്‍ തയ്യാറായി. ഞങ്ങള്‍ ഏതു കാട്ടിലും കേറുമായിര്ന്നു പൂവിനായി. കണ്ണെത്താദൂരെ കിടക്കണ പറമ്പിലന്നെ ഒരുപാട് കാട്ടുപൂക്കളുണ്ടായിരുന്നു. കാട്ടുതെച്ചിയാണ് അതില്‍ രാജ്ഞി. ഓണായാലും പൂ പറിക്കാന്‍ പോമ്പോ എപ്ലും അച്ഛമ്മയും മറ്റുള്ളവരും ഉപദേശിക്കുമായിര്ന്നു. "മഴ പെയ്ത് കാടായിക്കിടക്കാ പറമ്പൊക്കെ. അങ്ങട്ടൊന്നും പോവരുത്ട്ടോ. നിറയെ പാമ്പുണ്ടാവും. ചുറ്റുവട്ടത്തുന്നു കിട്ടണ പൂവൊക്കെ മതി." അന്നും കിട്ടി ഉപദേശം. അതൊക്കെ തലയാട്ടി ഞങ്ങള്‍ ഓടി പൂ തേടാന്‍. ല്ലാരും ഓരോ ചെറിയ ഗ്രൂപ്പായി ഓരോ ദിശേല്‍ക്കാ ഓട. ഏറ്റവും കൂടുതല്‍ പൂ കൊണ്ട്രണ ഗ്രൂപ്പിന് ലേശം കേമത്തോം ണ്ട്ട്ടോ. അത് ഇളയപ്പനാ (അച്ഛന്‍പെങ്ങള്ടെ ഭര്‍ത്താവ്) പറയാ. കാരണം ഞങ്ങള്‍ കൊണ്ടരണ പൂവിടാന്‍ മേല്‍നോട്ടവും ആശയവും ഇളയപ്പനാ! അതിമനോഹരായി പൂക്കളം ഇടും ഇളയപ്പന്‍!

അങ്ങനെ ഞങ്ങളോരോ ഗ്രൂപ്പായി. ഞാനും പത്മിനിയും പിന്നെ ഓപ്പോളും ഒരു ഗ്രൂപ്പായി (അച്ഛന്‍ പെങ്ങള്ടെ മകള്‍). അവര്‍ക്ക് പൂ ള്ള സ്ഥലങ്ങളൊക്കെ നല്ല നിശ്ചയാണെ. അങ്ങനെ ഞങ്ങള്‍ ഓടി. 7 മണിയായപ്ലേക്കും ഒരുപാട് പൂവായി. അപ്ലാണ് കുറ്റിക്കാടിനകത്തു ചിരിച്ചോണ്ടിരിക്കണ ആ ചുവന്ന കാട്ടുതെച്ചി ന്റെ കണ്ണില്‍ പെട്ടത്
അത് മുകളിലെ തട്ടിലായിര്ന്നു. ഞാനത് പപ്പിയെ കാണിച്ചു. ഉടനടി പപ്പി അങ്ങോട്ടേക്കോടി. പിറകെ ഞങ്ങളും. അതിലൂടെ പൂ പറിച്ചു പുറത്തു വന്നപ്പോ നിലത്ത്‌ ഒരു കല്ല്‌ തട്ടി പപ്പി ഒരു ദിശേല്‍ക്ക് വേച്ചു വീണുപോയി . അപ്ലാണ് മെലിഞ്ഞ ഒരു പച്ച പാമ്പ് നടുവരെ പൊക്കി നിക്കണ കണ്ടേ! "അയ്യോ ന്നെ പാമ്പ് കടിച്ചേ" ന്നു നിലവിളിച്ചൂ പപ്പി. ഞങ്ങളാകെ വിറച്ചു പോയി. ഒരു നിമിഷോം വൈകാതെ ഓപ്പോള്‍ ന്നേം പപ്പിയേം വലിച്ചോണ്ട് ഓടി.
കരഞ്ഞോണ്ട് ഓടി വരണ ഞങ്ങളെക്കണ്ട് വീട്ടില്‍ന്നു ല്ലാരും ഓടി വന്നു. പപ്പീടെ കാലിന്നു ചോര പൊടിയുന്നുണ്ടായിരുന്നു. "ന്താ ണ്ടായേ?" അച്ഛന്‍പെങ്ങളാണ് ആദ്യം ചോദിച്ചത്. "പപ്പിനീനെ പാമ്പ് കടിച്ചു." അപ്ലെക്കും പൊടുന്നനെ അച്ഛന്‍പെങ്ങള്‍ സാരീല്‍ന്നു ശീലകീറി മുറിവിനു മുകളിലായി വച്ചുകെട്ടി. ന്റെ അച്ഛമ്മ ലേശം കുരുമുളകുമായി വന്നു പപ്പിക്ക് കൊട്ത്തിട്ട് പറഞ്ഞു "ഇത് കഴിച്ചു എരീണുണ്ടോന്നു പറയൂ കുട്ടിയെ". അതില്‍ 2 -3 എണ്ണം വായിലിട്ടു ചവച്ചു പപ്പി. 'ല്ല്യാ എരീണില്ല്യാ.." അച്ഛമ്മ തന്റെ നെഞ്ചത്ത് കൈവച്ചുപറഞ്ഞു.. "അതെയോ.. ന്റീശ്വരാ.. ന്ത് പാമ്പാ ന്നു കണ്ടോ?" ഞങ്ങള്‍ അപ്പോള്‍ കരച്ചിലിന്റെ വക്കിലായിര്ന്നു. പപ്പിയാണെങ്കില്‍ ആകെ തളര്‍ന്ന മട്ടിലും! "ഒരു പച്ച പാമ്പാ!" ജ്യോതി ഒപ്പോളാണ് മറുപടി പറഞ്ഞത്. "അപ്പൊ പച്ചിലപ്പാമ്പാവും. അത് കേട്ടുവന്ന ഇളയപ്പനാ അത് പറഞ്ഞെ. എന്നിട്ട് പറഞ്ഞു " അതിന്റെ വിഷത്തിനു വീര്യം കുറവാ. ന്തായാലും കാലിനു മുകളില്‍ കേട്ടീണ്ടല്ലോ" വേഗം പോവാം ആസ്പത്രിലേക്കു." അപ്പൊ പപ്പീടെ അച്ഛമ്മേം അങ്ങട്ടോടി വന്നു. വന്ന പാടെ അവര്‍ പപ്പീടെ തലയിക്കിട്ടൊരു കിഴുക്കു കൊടുത്തു. "സാധനം 7 ല്‍ പഠിക്കണ പെണ്ണാത്രേ! മരംകേറിആണ്‍കുട്ടികളെക്കാള്‍ കഷ്ടാ..! അസത്ത്. എവിടെ.. ഞാന്‍ നോക്കട്ടെ.. " കാലില്‍ ചോര പൊടിയണ കണ്ടു അവര്‍ നിസ്സാരായി പറഞ്ഞു. "ഇത് പാമ്പൊന്നും കടിച്ചതല്ല. വല്ല കല്ലും തട്ടിയതാവും." പക്ഷെ അപ്പൊ ഇളയപ്പന്‍ പറഞ്ഞു "നിങ്ങള്‍ ഇപ്പൊ അതിനെ വഴക്ക് പറയല്ലാ വേണ്ടേ. ന്തായാലും വേഗം ആ ഡിസ്പെന്സറിയില്‍ പൊക്കോളൂ. സംശയം വച്ചിരിക്കെണ്ടല്ലോ."
അങ്ങനെ പപ്പിയും പപ്പീടെ അച്ഛനുംഅമ്മയും കൂടി ആട്ടോവില്‍ അടുത്തുള്ള ആ ഡിസ്പെന്സറിയില്‍ പോയി. പപ്പീടെ അച്ഛന്‍ ആട്ടോ ഓടിക്കണ ആളാട്ടോ. പാവം പപ്പിക്ക് അപ്ലും കുറെ ചീത്ത കേക്കണുണ്ടായിരുന്നു നിയ്ക്കും ഒപ്പോളിനും കിട്ടി ചീത്ത. ഞങ്ങള്‍ ശരിക്കും പേടിച്ചിരുന്നു. അപ്ളൊക്കെ പപ്പിക്ക് ഒന്നും വരുത്തല്ലേ ന്നു പ്രാ൪ത്ഥിക്ക്യായിരുന്നു ഞങ്ങള്‍! വീട്ടിലെ ല്ലാര്ടെ സന്തോഷോം ഒരു നിമിഷം കൊണ്ട് എങ്ങോ മറഞ്ഞു. അപ്ലാ പപ്പീടെ അച്ഛമ്മ വീണ്ടും വന്നു പറഞ്ഞെ "എവിടെയാ കുട്ടികളെ നിങ്ങള്‍ പാമ്പിനെ കണ്ടേ? ഓപ്പോള്‍ ചൂണ്ടിക്കാണിച്ചു ഇടം. "അവിടെയോ..! അവിടെ ഇന്നലെക്കൂടി ഞങ്ങള്‍ ചേമ്പ് കിളക്കാന്‍ പോയതാണല്ലോ! നിങ്ങളും വരൂ.. നമുക്കൊന്ന് പോയി നോക്കാം." ആദ്യം ഞങ്ങള്‍ അറച്ചു. പിന്നെ വീണ്ടും പാമ്പിനെ കാണേണ്ട ത്വരയില്‍ പുറപ്പെട്ടു അവര്ടെയൊപ്പം. അവര്‍ക്കാണെങ്കില്‍ നല്ല ധൈര്യാ. കൂടാതെ നല്ല ചുറുചുറുക്കും. അവര്‍ ഒരു വടിയൊക്കെ കൈയിലെട്ത്തിരുന്നു. ഇളയപ്പനും ഞങ്ങളോടൊപ്പം വന്നു. ആ സ്ഥലത്തെത്തി യപ്പോള്‍ ഞങ്ങള്‍ ഭീതിയോടെ ചുറ്റും നോക്കി. അപ്ലാണ് ആ സ്ഥലത്ത് ചത്ത ആ പാമ്പിനെ കണ്ടത്. ഓപ്പോള്‍ പറഞ്ഞു "ദേ കിടക്കണു.." "ഇതാണോ ആ പാമ്പ്! ഹ ഹ ഹ.." അവര്‍ ഉറക്കെച്ചിരിച്ചു! അത് നോക്കി ഇളയപ്പനും ചിരിച്ചു. "ഒന്നും കൂടി നോക്ക്യേ ആ ചത്ത പാമ്പിനെ!"ഒന്നും മനസ്സിലാവാതെ ഞങ്ങള്‍ ഒന്നുംകൂടി അതിനെ ശ്രദ്ധിച്ചുനോക്കി. പാമ്പ് പോലെന്നെ! "ന്റെ കുട്ട്യോളെ.. ഇതൊരു കളിപ്പാമ്പല്ലേ! ഇത് ന്റെ പപ്പന്‍കുട്ടിക്ക് ഈ പൂരത്തിന് വാങ്ങിക്കൊട്ത്തതാ. അവള്‍ടെ കാലിന്റെ പൊട്ടല്‍ കണ്ട്പ്ലെ നിയ്ക്ക് തോന്നിര്ന്നു. പാമ്പൊന്നും കടിച്ചിണ്ടാവില്ല്യാന്നു!" ഞങ്ങള്‍ വിശ്വസിക്കാനാവാതെ സ്ഥബ്ദരായിപ്പോയി! അപ്ലേക്കും ഇളയപ്പന്‍ ഞങ്ങള്‍ടെ വിഡ്ഢിത്തം കളിയാക്കിക്കൊണ്ട്‌ നടന്നിര്ന്നു. അവര്‍ തുടര്‍ന്നു..
"ഇന്നലെ കിളക്കാന്‍ വന്നപ്പോ ന്റെ കൂടെ ആ ചെക്കനും ണ്ടായിരുന്നു. അപ്പൊ അവന്റെ കൈലുണ്ടായതാ ഈ സാധനം. പിന്നെ അതെവിടെയോ കളഞ്ഞൂന്നു പറഞ്ഞു ഇന്നലെ അവനു കണക്കിന് കിട്ടിയതാ അവന്റെ അച്ഛന്റെ കൈല്‍ന്നു. കല്ല്‌ തട്ടി അവള്‍ വീണത് അതിന്റെ പുറത്താവും. അപ്പൊ അതൊന്നു അനങ്ങി. ആ പൊട്ടത്തിക്ക് കണ്ണുണ്ടോ!" ഇതും പറഞ്ഞു അവര്‍ ആ കളിപ്പാമ്പിനേം എടുത്തു നടന്നു. പിന്നാലെ തങ്ങള്ടെ അമളിയോര്‍ത്തു ഞങ്ങളും. വീട്ടിലെത്തിയപ്പോ ല്ലാരും കഥ കേട്ട് ചിരിച്ചുപോയി. തന്റെ നല്ല സാരി കീറിയ വിഷമം അച്ഛന്‍പെങ്ങള്‍ക്കും! കുറച്ചു കഴിഞ്ഞപ്പോള്‍ മുഖത്തൊരു പുഞ്ചിരിയുമായി പപ്പിയും തിരിച്ചെത്തി. ന്തായാലും പപ്പിക്ക് ഒന്നും പറ്റീല്ല്യാ ന്നത് ഒരുപാട് സന്തോഷിപ്പിച്ചെങ്കിലും, ആ ഓണം പിന്നെ കൂട്ടിലടച്ച കിളികളെപ്പോലെ ആഘോഷിക്കേണ്ടിവന്നു ഞങ്ങള്‍ക്ക്!! !

No comments:

Post a Comment

Note: Only a member of this blog may post a comment.