Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:1 ശാന്ത മേനോന്‍

ഓണ നിലാവ്.  ശാന്ത മേനോന്‍ 

       ഇത് പൂന്തോട്ട നഗരമാണ്.വര്‍ണ വിസ്മയങ്ങള്‍ നിറം ചാലിച്ച നഗരം.ഇപ്പോള്‍ പേരിനുള്ള മഴക്കാലവും പൊയ് പോകാറായി. പ്രവാസ ജീവിതത്തിന്‍റെ നേരറിവിനുമകലെ നിളയുടെ തീരത്തെ എന്‍റെ ഗ്രാമവും സമൃദ്ധിയുടെ,പുനരാഗമനത്തിന്റെ, ആവേശത്തിന്റെ മറ്റൊരോണത്തെ വരവേല്‍ക്കാന്‍ അണി ഞൊരുങ്ങുകയാകും. അഭിനിവേശത്തിന്‍റെ സുതാര്യ മേലാപ്പണിഞ്ഞ് എന്‍റെ മനസ്സും ആദ്രമാകുന്നു. പുല്ലും, പൂച്ചെടിയും, തരുലതകളുമെല്ലാം പുത്തനുണര്‍വോടെ എന്നെ ആശ്ലേഷിച്ചു വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാവാം. അതിരുകളില്ലാത്ത വാത്സല്യവുമായി അമ്മ ഉമ്മറപ്പടിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
      കിളികളെയും, പൂമ്പാറ്റകളെയും, നിലാവിനെയും, പൂക്കളെയും സ്നേഹിച്ചിരുന്ന ആ പഴയ പാവാടക്കാരിയായി ഞാന്‍.ഓണം ആവേശകരമായ ഒരു കാത്തിരിപ്പാണ്.പുത്തനുടുപ്പും, കുപ്പിവളകളും മനസ്സില്‍ മോഹവലയം തീര്‍ത്തു. ഓണക്കാലത്ത് വന്നെത്തുന്ന വളക്കാരന് വേണ്ടി ആകാംഷ യോടെ
കാത്തിരുന്നു. കുപ്പിവളകളുടെ ചന്തം ഈ ലോകത്തെ വര്‍ണപ്പകിട്ടുകളുടെ ആകെത്തുകയാണെന്ന് സ്വയം നിരുപിച്ചു. മാത്സര്യത്തോടെ പൂക്കള്‍ക്കായി ഇടവഴികള്‍ താണ്ടി. മഞ്ഞ കോളാമ്പിയും കാശിതുംബയും, ചെമ്പരത്തിയും വര്‍ണശബളമാക്കിയ പൂക്കളത്തെ പെട്ടെന്ന് വന്നെത്തിയ ചാറ്റല്‍ മഴയില്‍ നിന്നു രക്ഷിക്കാന്‍ വലിയ കുണ്ടന്‍കുട കൊണ്ട് മുടിവച്ച ആവേശത്തെ മന്ദസ്മിതത്തോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റു. പ്രിയപ്പെട്ടവരുടെ ആഗമനത്തിനായി വെമ്പലോടെ കാത്തിരുന്നതും ഓണക്കാലത്ത് തന്നെ. നുതനവും, അനിര്‍വചനീയവുമായ ഒരാഹ്ലാദം ഇക്കാലത്ത് ഹൃദയത്തിലാകെ
നിറഞ്ഞു. മഷിയെഴുതിയ മിഴികള്‍ വിടര്‍ത്തി ഓണ പ്രതീക്ഷകളെ സ്വായത്തമാക്കാന്‍ കൊതിച്ചു. ഉത്രാടത്തിന്നാള്‍ രാത്രി പാണന്‍ കുടുംബസമേതം ഓണപ്പാട്ടുമായെത്തി. കുയിലുകള്‍ പ്രഭാതത്തിനു മുന്‍പ് തന്നെ മധുരമായ് പാടിയുണര്‍ത്തി. പുതുമണമുള്ള  ഉടയാടകള്‍ഓണമെതിയെന്നോര്‍മിപ്പി

ച്ചു. വിശിഷ്ടഭോജ്യങ്ങളുടെ നറുമണം അന്തരീക്ഷത്തിലാകെ നിറഞ്ഞു. ഓണ നിലാവത്ത് കുട്ടുകാരികളോടോത്ത് മുറ്റത്ത്‌ നൃത്തമാടിയിരുന്നത് വല്ലാത്ത ഗൃഹാതുരത്വത്തോടെ മാത്രമേ ഇന്ന് ഓര്‍ക്കാനാകു. സത്യമായും മാവേലി പടിയിറങ്ങി വരുമെന്ന് ധരിച്ച് സ്വപ്നങ്ങളില്‍ മുഴുകി പടിപ്പുരയില്‍ കാത്തിരുന്നതും, മാവേലിവക്കാന്‍ ബിംബങ്ങള്‍ മെനെഞ്ഞെടുക്കുന്നത് സാകുതത്തോടെ നോക്കിയിരുന്നതും ഞാനായിരുന്നില്ലേ? ഉത്രാടത്തിനും തിരുവോണത്തിനും, അവിട്ടത്തിന്നാളും അരങ്ങേറിയിരുന്ന കൈകൊട്ടിക്കളിയും കുമ്മിയും ഓണത്തിന്‍റെ സഹവര്‍ത്തിത്വം വിളിച്ചോതി. പുവിളിയുടെ ആരവവും, തുമ്പപുക്കളും വര്‍ണതുമ്പികളും മനസ്സില്‍ കുളിരു നിറച്ചു.
        ഈ ഉദ്യാനനഗരത്തിലും ഓണമെത്താരുണ്ട്. നാഗരീകതയുടെ പുറംമോടിയണിഞ വ്യത്യസ്തമായ ഒരോണം. യാന്ത്രികമായ ആഘോഷത്തിനു എന്‍റെ മനസ്സില്‍ സന്തോഷം നിറക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വാടാന്‍ തുടങ്ങുന്ന പുക്കളില്‍ നിന്നും പരക്കുന്ന സുഗന്ധം നാലുകെട്ടിന്റെ വിശാലമായ മുറ്റത്തേക്ക്‌ എന്നെ ആനയിക്കുന്നു. താരതമ്യവും നിര്‍ണയങ്ങളും ഇവിടെ അപ്രസക്തം മാത്രം. എങ്കിലും ഓരോ കേരളീയനും അഭിനിവേശത്തോടെ ഓണത്തെ വരവേല്‍ക്കാന്‍ തത്രപ്പെടുന്ന കാഴ്ച ആവേശമായി പടരുകയാണെന്നില്‍. കലാവിരുന്നും സദ്യയുമായി ഓണത്തെ ഇവിടേക്കും പറിച്ചു നടാന്‍ ശ്രമിക്കാറുണ്ട് ഞങ്ങള്‍.
        നഗര പ്രാന്തത്തിലെ ഏകാന്തതയിലേക്ക് മഴവില്ലിന്റെ എഴഴകുപോലെ ഒരു മയില്‍‌പീലി സ്പര്‍ശമായി ഓണനിലാവ്‌ ഒഴുകിയെത്തി. തീരങ്ങളെ ഇക്കിളിപ്പെടുത്തി പരന്നൊഴുകുന്ന ഒരു തേനരുവിയായി ബാല്യകാല സൌഹൃദങ്ങളുടെ നിഷ്കളങ്കത അലയടിച്ചു.
        മഞ്ഞുകണങ്ങള്‍ ഇറ്റിറ്റു വീഴുന്ന പാതിവിടര്‍ന്ന പനിനീര്‍ പുഷ്പം പോലെ, മുല്ലപ്പുവിന്റെ നറുമണം പോലെ ഒരു തീവ്രമായ പ്രണയാനുഭുതിയായ് ഓണം എന്നിലാകെ നിറഞ്ഞു കഴിഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.