Ind disable

Tuesday, September 7, 2010

KATHA NO 3 മഹേഷ്‌ ഗോപാല്‍



അന്ധേരിയിലെ യാത്രക്കാര്  മഹേഷ്‌ ഗോപാല്‍

Day 1:

അന്ധേരി റെയില്‍വേ സ്റ്റേഷനിലെ തിരക്കേറിയ ഒരു പ്രഭാതം. ആ തിരക്കിന്‍റെ വളരെ ചെറിയ ഒരു കണികയായി ഞാനും.
ഓഫിസില്‍എത്താനുള്ള തിടുക്കത്തില്‍മറെറല്ലാവരെയും പോലെ, വരുന്ന ട്രെയിനില്‍ആദ്യം തന്നെ കടന്നുകൂടാനുള്ള ശ്രമത്തിലാണ് ഞാനും.

തിരക്കിനിടയില്‍എവിടെയോ വെച്ച്‌പൊടുന്നനേ ആ മുഖം എന്‍റെ കണ്ണില്‍ പെട്ടു.എന്നെയും മറ്റുള്ളവരെയും പോലെ അവളും തിടുക്കത്തില്‍ തന്നെ.
എങ്കിലും അവളുടെ ചുണ്ടില്‍ഒരു നനുത്ത ചിരി കാണാമായിരുന്നു.ഈ പ്രായത്തിലുള്ള ഏതൊരു പെണ്‍കുട്ടിയെയും കൂടുതല്‍സുന്ദരിയാക്കുന്ന അതേ ചിരി.‌‍ട്രെയിനില്‍തിടുക്കപ്പെട്ടു കയറിയിട്ട് അവിടമാകെ ഒന്നു പരതി നോക്കിയെങ്കിലും അവളെ കണ്ടെത്താന്‍കഴിഞ്ഞില്ല.
Day 2:

അതേ തിരക്ക്. ഏകദേശം അതേ ആളുകള്‍.സ്വതവേ വൈകി മാത്രം സ്റ്റേഷനില്‍എത്താറുള്ള ഞാന്‍ഇന്ന് ഒരല്‍പ്പം നേരത്തെ എത്തിയതിനു പിന്നില്‍, ആ തിരക്കിനിടയില്‍എവിടെയോ അവളുണ്ടാകും എന്ന പ്രതീക്ഷയാണോ. പക്ഷേ അവളെ മാത്രം കണ്ടില്ല.
ട്രെയിന്‍ ഒരല്‍പദൂരം കടന്നുപോയപ്പോള്‍,അവിചാരിതമായി കണ്ടുമുട്ടി.....വീണ്ടും ആ മുഖം.
ബാന്ദ്ര സ്റ്റേഷന്‍കടന്നപ്പൊഴും അവളും കൂട്ടുകാരികളും ട്രെയിനില്‍ തന്നെയുണ്ട്.ഒരു പക്ഷെ ദാദറിലാവും ഇറങ്ങുന്നത്.അതുമല്ലെങ്കില്‍ മുംബൈ സെന്‍ട്രല്‍. അവളിറങ്ങുന്നത് മുംബൈ സെന്‍ട്രലില്‍ആയിരിക്കണേ എന്നു ഞാന്‍ മനസ്സുകൊണ്ട് പ്രാര്‍ത്ഥിച്ചു; കാരണം, അവിടെത്തന്നെയാണല്ലോ ഞാനും ഇറങ്ങുന്നത്.പക്ഷേ ഇത്തവണയും തിരക്കിനുള്ളില്‍എവിടെയോ അവള്‍മറഞ്ഞു പോയി.
Day 3:

നേരമേറെ വൈകിയെങ്കിലും അവള്‍വന്നതിനു ശേഷമുള്ള ട്രെയിനിലാണ് ഞാനും കയറിയത്.ആ നേര്‍ത്ത ചിരി ഇപ്പോഴും മായാതെ തന്നെ അവളുടെ മുഖത്തുണ്ട്.ഇമ വെട്ടാതെ ഞാന്‍അവളെ തന്നെ നോക്കിനില്‍ക്കെ...പെട്ടെന്ന് ഒരാള്‍ഇങ്ങോട്ട് വന്ന് ഇടിച്ചുകയറി സംസാരിച്ചുതുടങ്ങി.
'പാനിന്‍റെ' കറ പിടിച്ച പല്ലുകളും, നീട്ടി വളര്‍ത്തിയ നഖങ്ങളുമൊക്കെയുളള ഒരു വൃത്തികെട്ട മനുഷ്യന്‍.
"ജീവന്‍എന്നാണ്‌പേരല്ലേ....." അയാള്‍ ചോദിച്ചു.
എന്‍റെ പേര് ഇയാള്‍ക്കെങ്ങനെ അറിയാം.കഴുത്തില്‍തൂങ്ങുന്ന ‘ടാഗി’ല്‍നിന്ന് മനസ്സിലാക്കിയതാവണമെന്ന് സ്വയം അനുമാനിച്ചു.
"നിഗൂഢമാണീ നഗരം....ബഹുനിലക്കെട്ടിടങ്ങള്‍ക്കും, ചേരികള്‍ക്കും സാധാരണക്കാരന്‍റെ വേദനകള്‍ക്കും, അധോലോകത്തിന്‍റെ അട്ടഹാസങ്ങള്‍ക്കുമൊക്കെയപ്പുറം നിഗൂഢം."
ഇയാള്‍ഇതെല്ലാം എന്നോടു പറയുന്നതെന്തിനാ?
പരിചയപ്പെടാന്‍വേറെ വിഷയമൊന്നുമില്ലാതെ വന്നപ്പോള്‍എടുത്ത് പ്രയോഗിച്ചതാവും.പിന്നെയും അയാള്‍എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
"ജീവനറിയാമോ....നിങ്ങളീ കാണുന്നതൊന്നും പരിപൂര്‍ണ്ണമായ സത്യങ്ങളല്ല.ഉദാഹരണത്തിന്, നിങ്ങളുടെ ചുറ്റും ഇപ്പൊഴീ നില്‍ക്കുന്ന യാത്രക്കാരില്ലേ...അവരില്‍പലരും മിഥ്യയാണ്; എന്നുവച്ചാല്‍മരിച്ചവര്‍."
ഇത്തവണ അയാളുടെ വാക്കുകള്‍ഒരു ഇടിമിന്നല്‍പോലെയാണ് വന്നു പതിച്ചത്.പെട്ടെന്ന് മഴ പെയ്യാന്‍തുടങ്ങി; കാലം തെറ്റിയുള്ള കനത്ത മഴ.
"പേടി തോന്നുന്നുണ്ടല്ലേ.....?"

വളരെ സ്വരം താഴ്ത്തിയാണ് അയാളത്‌ചോദിച്ചതെങ്കിലും,ഉള്ളിലെവിടെയോ ഒരു തണുപ്പ് അരിച്ചിറങ്ങുന്നതു പോലെ.
'ചുറ്റും നില്‍ക്കുന്നവരില്‍കുറെ പേര്‍മരണപ്പെട്ടവര്‍....'

ഞാന്‍അവിടെയാകെ ഒന്ന് കണ്ണോടിച്ചു നോക്കി:
'ഹെഡ് ഫോണില്‍' പാട്ട് കേട്ട് രസിക്കുന്ന ചെറുപ്പക്കാരന്‍.
'വര്‍ക്കിംഗ്‌ക്ലാസ്സ്‌ ' എന്ന് ഒറ്റ നോട്ടത്തില്‍തന്നെ തോന്നിപ്പിക്കുന്ന മറ്റൊരു കൂട്ടം ആളുകള്‍.
കൂട്ടുകാരികളുമായി തമാശകള്‍പറഞ്ഞു രസിക്കുന്ന പെണ്‍കുട്ടികള്‍.
ആ തിരക്കിലലിഞ്ഞ്, മായാത്ത ചിരിയുമായ് പുറത്തേക്കു നോക്കിയിരിക്കുന്ന 'അവള്‍'....
Day 4:

ഒന്നും വിശ്വസിക്കാതിരിക്കാന്‍ആവുന്നത് ശ്രമിച്ചു നോക്കിയെങ്കിലും,സ്റ്റേഷനിലെത്തിയപ്പോള്‍..... യാത്രക്കായി ഒരുങ്ങി നില്‍ക്കുന്ന ആളുകളെ കണ്ടപ്പോള്‍.... എന്തോ ഒരസ്വസ്ഥത.
'ഇവരില്‍ കുറേപ്പേര്‍മരിച്ചവര്‍......' ആ വാക്കുകള്‍തന്നെ ഉള്ളില്‍ മുഴങ്ങി.
മുന്നിലൂടെ നടന്നു പോയ ഒരാളെ എനിക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍പറ്റി :
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ഇതേ സ്റ്റേഷനില്‍എന്‍റെ കണ്‍മുന്‍പില്‍പിടഞ്ഞുവീണു മരിച്ചയാള്‍.

ഉള്ളിലാകെ ഭയം അരിച്ചുകയറുന്നു....

ട്രെയിന്‍വിടുന്നതിനു തൊട്ടുമുന്‍പ്‌വളരെ പ്രയാസപ്പെട്ടാണ് അവള്‍ഓടിവന്നു കയറിയത്.കൈയ്യിലെ കര്‍ചീഫ്‌കൊണ്ട് മുഖം തുടയ്ക്കുന്നത്ക കണ്ടു. ഒരു ഞടുക്കത്തോടെ ഞാനവളെ ശ്രദ്ധിച്ചു: ഇല്ല, അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല.
പതിവ് പോലെ ഇന്നും അവള്‍തിരക്കിനിടയില്‍എവിടെയോ മാഞ്ഞുപോയി.


Day 5:

ഇന്ന് ഞാന്‍കയറിയ ട്രെയിനില്‍അവള്‍ഉണ്ടായിരുന്നില്ല.അവളെ കാത്തുനിന്നു ഞാനും ഒരുപാട് വൈകി.

യാത്രക്കിടയില്‍എവിടെയോ, ട്രാക്കിനരികില്‍കുറെ ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നത് കണ്ടു.
ഒരു പെണ്‍കുട്ടിയുടെ മൃതശരീരത്തിന് ചുറ്റുമാണ് അവര്‍ നില്‍ക്കുന്നത്‌.

അത് അവളായിരിക്കുമോ?

ആ പരിഭ്രമത്തിനിടയില്‍ഞാന്‍വാതില്‍ക്കലെത്തി പിറകോട്ടു തിരിഞ്ഞുനോക്കി.

ഭാഗ്യം, അതവളല്ല.....
പക്ഷെ.... പെട്ടെന്ന് എന്തോ ഒന്ന് തലയ്ക്കു പിന്നില്‍ശക്തിയായി വന്നിടിച്ചത് പോലെ.

ഒരു ഇരുമ്പ്ദണ്ഡ് വന്നിടിക്കുമ്പോഴുള്ള ശബ്ദം മാത്രം.....
ചുറ്റും ഇരുട്ട് പരക്കുന്നു....
ട്രെയിനില്‍ഉള്ളവരുടെ നിലവിളിയൊന്നും എനിക്ക് കേള്‍ക്കാന്‍കഴിഞ്ഞതേ ഇല്ല......
DAY 6:
ഇന്നും അതേ തിരക്ക്‌.... അതേ ആളുകള്‍....

“ഹലോ മിസ്റ്റര്‍ജീവന്‍.
‘പാനി’ന്‍റെ കറപിടിച്ച പല്ല് കാട്ടി ചിരിച്ചുകൊണ്ട് അയാള്‍വന്നു.
“ഞങ്ങളുടെ ലോകത്തിലേക്ക്‌സ്വാഗതം.......
മരിക്കുന്നതിനു തൊട്ടു മുന്‍പുള്ള കാലയളവില്‍എനിക്കും ഇതുപോലെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്.
നമുക്ക് മുന്‍പേ മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള കഴിവ്‌.....നമ്മുടെ മരണം കുറിക്കപ്പെട്ടു കഴിഞ്ഞാല്‍വേണമെങ്കില്‍നമുക്കതിനു കഴിയും; മുന്‍പേ പോയവരെ തിരയാം, കണ്ടെത്താം....
ഇവിടെ, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയുമായ എല്ലാവരെയും ഇനിയിപ്പോള്‍നിനക്കും എനിക്കും കാണാം.....”

ഇത്രയും പറഞ്ഞ്, ഉറക്കെ ചിരിച്ചുകൊണ്ട്‌അയാള്‍അതുവഴി വന്ന ഒരു ട്രെയിനില്‍കയറിപ്പോയി.
അയാളെ ആരും തന്നെ ശ്രദ്ധിക്കുന്നതായി കണ്ടില്ല.....

അല്പം കഴിഞ്ഞപ്പോള്‍അവിടേക്ക് വന്ന അവള്‍ആരെയോ തിരയുന്നത് പോലെ തോന്നി.
കണ്മുന്‍പില്‍നില്‍ക്കുന്ന എന്നെയും കടന്ന് അവളുടെ നോട്ടം എങ്ങോട്ടൊക്കെയോ പോയി.
ട്രെയിനില്‍കയറിയ ശേഷവും അവള്‍ആ തിരച്ചില്‍തുടര്‍ന്നുകൊണ്ടേയിരുന്നു....

മൂന്നു മാസങ്ങള്‍ക്ക് ശേഷമുള്ള മറ്റൊരു പ്രഭാതം:

സ്റ്റേഷനിലേക്ക് വന്ന അവള്‍പതിവുപോലെ ആരെയോ തിരയുകയാണ്.
ഇത്രയും നാള്‍താന്‍തേടിയതെന്തോ, അതു കണ്ടെത്തിയ സന്തോഷത്തില്‍അവള്‍എന്‍റെയരികിലെക്കോടി വന്നു.....
“എത്ര നാളായി ഞാന്‍തിരയുന്നു.എവിടെയായിരുന്നു ഇതുവരെ?”
ഒരുപാട് നാളത്തെ പരിചയമുള്ള പോലെ അവള്‍പിന്നെയും എന്തൊക്കെയോ സംസാരിച്ചു.....
അപ്പോള്‍പക്ഷെ, എന്‍റെയുള്ളില്‍മുഴങ്ങിയത് ഈ വാക്കുകള്‍മാത്രം :
‘ഒരാളുടെ മരണം കുറിക്കപ്പെട്ടു കഴിഞ്ഞാല്‍അയാള്‍ക്ക്‌അതിനു മുന്‍പേ മരണപ്പെട്ടുപോയവരെ കണ്ടെത്താന്‍കഴിയും......’
   

No comments:

Post a Comment

Note: Only a member of this blog may post a comment.