Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:4 ശ്രീ പാര്‍വതി

 "ഓര്‍മ്മയിലെ എന്‍റെ ഓണം"  ശ്രീ പാര്‍വതി


ഓണത്തിന്‍റെ ഓര്‍മ്മകള്‍ക്ക് സുഗന്ധം നഷ്ടപ്പെട്ടു തുടങ്ങിയ ഒരു കാലത്താണ്, ഇന്നത്തെ ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറയുടെ ജനനം.ഓര്‍ക്കാന്‍ ഒരുപാടൊന്നും ബാക്കി വയ്ച്ചിട്ടല്ല ഓരോ വര്‍ഷവും ഓണദിവസങ്ങള്‍ കടന്നു പോകുന്നത്. ഒരിക്കല്‍ ഞങ്ങള്‍ അമ്മാത്ത് ആഘോഷിച്ച ഓണം പക്ഷേ വളരെ ഗൃഹാതുരതയുണര്‍ത്തുന്നു,ഞാനന്ന് തീരെ ചെറിയ ഒരു കടുക്കാപ്പരുവം.ചിറ്റമാരുടേയും വലിയമ്മമാരുടേയും വടം വലിയും, കൈകൊട്ടിക്കളിയും കഥപറച്ചിലും എല്ലാം ചേര്‍ന്ന് ആ ദിവസങ്ങള്‍ ആഘോഷമായിരുന്നു.പക്ഷേ പലര്‍ പല വഴി പിരിഞ്ഞു പോയപ്പോള്‍ എല്ലാവര്‍ക്കും ഓണം ഒരു കൂടിച്ചേരല്‍ മാത്രമായിത്തീര്‍ന്നു. വല്ലപ്പോഴും കൂടിച്ചേരാനുള്ള വേദി എന്നത് അത്ര നിസ്സാരമല്ലല്ലോ, അതും കൂടിച്ചേരലുകള്‍ അപൂര്‍വ്വമായ കാലത്ത്,പക്ഷേ അമ്മമ്മ മരിച്ചതോടെ അതിനും വിരാമമായി, കാത്തിരിക്കാന്‍ ഒരു അമ്മ നാട്ടിലുണ്ടാവുക,അതുപോലെ ഓണപ്പൂക്കളമിടാനും സദ്യയൊരുക്കി ഊട്ടാനും ഒരു സ്നേഹമുള്ള മനസ്സ് കാത്തിരിക്കുന്നു എന്ന അറിവ്, ഒരു അനുഭൂതിയാണ്. പണ്ട് അച്ഛന്‍ ഓണത്തോടനുബന്ധിച്ച് മരക്കൊമ്പില്‍ കെട്ടിത്തരുന്ന ഊഞ്ഞാല്‍ മറക്കാനാവാഅതെ നില്‍ക്കുന്നു.

പക്ഷേ കഴിഞ്ഞ വര്‍ഷം എന്‍റെ നിര്‍ബന്ധം കൊണ്ട് വീട്ടില്‍ വീണ്ടും വര്‍ഷങ്ങള്‍ക്കു ശേഷം ഊഞ്ഞാലൊരുക്കി,ആടിയപ്പോഴാണ്, എത്ര വലിയ വര്‍ഷങ്ങളാണ്, ഞാന്‍ നഷ്ടപ്പെടുത്തിയതെന ബോദ്ധ്യം വന്നത്, ഒന്നേ ആടിയുള്ളൂ, ഉയര്‍ന്നതും അലറിക്കരഞ്ഞതും ഒപ്പമായിരുന്നു, തലയ്ക്കുള്ളിലെന്തോ കാറ്റടിച്ചു കയറുന്ന പോലെ കണ്ണുകളൊക്കെ താഴേയ്ക്ക് മറിയുന്നു, നെഞ്ചിനുള്ളില്‍ എന്തോ താഴെവീണുടഞ്ഞ പോലെ, കാറിക്കരഞ്ഞു കൊണ്ട് ഊഞ്ഞാലില്‍ നിന്ന് താഴേയ്ക്ക് ചാടി ഒരുവിധം താഴെ എത്തിയതിനു ശേഷം ചാടിയതു കൊണ്ട് നിലത്തു വീണില്ല എന്നു മാത്രം, അതോടെ ഓണക്കാഴ്ച്ചകളില്‍ നിന്ന് ഊഞ്ഞാലും മറഞ്ഞു.
 

ഓണത്തിനെന്നല്ല എന്‍റെ എക്കാലത്തേയും ഫേവറിറ്റ് പായസം വെര്‍മിസലി പായസമാണ്,ഓണത്തിന്‍റെ എല്ലാ ദിവസങ്ങളിലും അതു വച്ചാലും ഞാന്‍ ഹാപ്പി.അത് കുറുകിയിരിക്കാതെ നല്ല പാലും നെയ്യുമൊക്കെ ആവശ്യത്തിനൊഴിച്ച് ശകലം വെള്ളം ആയി ഇരുന്നാല്‍ ബെസ്റ്റ്. ചോറുണ്ണുന്നതിനു മുന്‍പ് പായസം അകത്താക്കുക എന്നതായിരുന്നു കുട്ടിക്കാലത്തെ ഇഷ്ടം,പിന്നീട് ചോറുണ്ണാന്‍ വിളിച്ചാല്‍ ഒഴിവുകഴിവുകള്‍, അമ്മയറിയാതെ പായസം അടിച്ചതല്ലേ, കള്ളം പറഞ്ഞ് ഇരിക്കും, പായസം കുടിച്ച് വയറ്, പൊട്ടാറായി ഇരിക്കുമ്പോള്‍ എങ്ങനെ ചോറുണ്ണാന്‍.

പണ്ടത്തെ ഓണം എനിക്ക് പേടി സ്വപ്നാമയിത്തീര്‍ന്നത് ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഓണക്കരടിയെ കണ്ടതിനു ശേഷമായിരുന്നു. ഉണങ്ങിയ വാഴയിലയൊക്കെ വച്ച് പൊതിഞ്ഞു കെട്ടി, കയ്യിലൊരു തോക്കൊക്കെ പിടിച്ചാണ്, കരടി അന്ന് വന്നത്, കൂടെ കൊട്ടുകാരും ഡാന്‍സുകാരും, കരടി വന്നുടനെ ഒരലര്‍ച്ച, എന്‍റെ നെഞ്ചിലെവിടേയോ ഒരു കൊളുത്തിപ്പിടുത്തം പോലെ തോന്നി, എന്‍റെ വിരയില്‍ കണ്ട് കരടി മോളെ.. എന്നൊക്കെ വിളിച്ചോണ്ട് വരുന്നതു കൂടി കണ്ടതോടെ കാലുവലിച്ച് ഞാന്‍ ഓടീ, വീടിങ്കത്തേയ്ക്കാണോ, പുറത്തേയ്ക്കാണോ ഓടിയതെന്ന് ഇപ്പോഴും എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല.
ഒട്ടും മറക്കാനാവാത്ത ഓണം തന്നത് എന്‍റെ ക്യാമ്പസ് ആണ്. ഓണപ്പൂക്കളമത്സരത്തിലും വടം വലിയിലും ഒരു സമ്മാനം പോലും നേടിയില്ലെങ്കിലും ഓണപ്പാട്ടും പാടി മഹാബലിയോടൊപ്പം ഓരോ ക്ലാസ്സിലും കൂട്ടുകരോടൊപ്പം കയറിയിറങ്ങി നടന്നു,, സ്വന്തമായി ഓണപ്പാട്ടെഴുതി സ്വന്തമായി പാടിയാണ്, ഓരോ ക്ലാസ്സിലും നടക്കുക. ക്യാമ്പസ് പൂക്കള മത്സരത്തില്‍ ഞങ്ങളുടെ ടീമിന്, ഒന്നാം സ്ഥാനം എന്ന് സര്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞതു ഞങ്ങള്‍ പുളകത്തോടെയാണ്, കേട്ടത്, തൊട്ടടുത്ത നിമിഷം ഒരു ക്ഷമാപണത്തോടെ സമ്മാനം കിട്ടിയ യഥാര്‍ത്ഥ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ സാറിന്, മാപ്പു പോയിട്ട് ഒരു ഗ്ലോബു പോലും കൊടുക്കാന്‍ കഴിയാതെ നിന്ന ഞങ്ങളുടെ അവസ്ഥ എങ്ങനെ വര്‍ണ്ണിക്കാന്‍...

ഓണത്തിന്‍റെ തുടിപ്പുകള്‍ ഈ തലമുറയില്‍ നിന്ന് അലിഞ്ഞ് ഇല്ലാതായി പോകുന്നത് അറിയാന്‍ കഴിയിന്നുണ്ട്, നഷ്ടപ്പെടുന്നതിന്‍റെ വേദനയും മനസ്സിലുണ്ട്. പക്ഷേ പഴയ സ്മൃതികളെ താലോലിയ്ക്കാനല്ലാതെ എന്തു ചെയ്യനാകും ഇന്നത്തെ മലയാളിയ്ക്ക്.മുത്തശ്ശിമാരുടേയും മുത്തശ്ശന്‍മാരുടേയും ഓണക്കഥകള്‍ കേട്ട്, ഓഹ് അങ്ങനേയും ഓണം ആഘോഷിക്കാം അല്ലേ എന്ന് ചോദിച്ചു പോകുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.