Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:11 ധന്യ ദാസ്‌


 ധന്യ ദാസ്‌

ഒരു കൈക്കുടന്ന നിറയെ ഓര്‍മ്മകളുമായിട്ടാണ് അല്ലെങ്കിലും ഓരോ ഓണക്കാലവുംവിരുന്നെത്താറ് . ഇതുപോലൊരു സന്ധ്യയ്ക്കിരുന്നു കഴിഞ്ഞ ഓണക്കാലങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ചിലതൊക്കെ തൂവിപ്പോകാം. ചിലത് എങ്ങനെയെഴുതണമെന്നറിയാതെ ഉപേക്ഷിക്കും.എങ്കിലും ഉള്ളില്‍ പതിഞ്ഞുപോയ ചില ചിത്രങ്ങളുണ്ട്, ശബ്ദങ്ങളുണ്ട്, ഇത്തിരി കണ്ണീരും ഒത്തിരി പൊട്ടി ച്ചിരികളുമുണ്ട്.

നഗരത്തിന്‍റെയും തിരക്കുകളുടെയും കലമ്പലില്ലാത്ത ഒരു തനിനാട്ടിന്‍പുറം.വീടിനും മനസ്സിനും മതില് കെട്ടിയിട്ടില്ലാത്ത വളരെ സാധാരണക്കാരായ ആളുകള്‍ .നാടൊത്തുകൂടിയില്ലെങ്കില്‍ പിന്നെന്തോണമെന്ന് ചെറുപ്പം മുതലേ കേട്ടതുകൊണ്ടാവണം ഓണക്കാലത്ത് എന്‍റെ ഗ്രാമത്തിന് ഒരു വല്ലാത്ത സൌന്ദര്യം കൈവരുന്നതായി തോന്നാറുള്ളത്. അല്ലെങ്കിലും നാടിനെക്കുറിച്ച് പറയാതെ ഓണത്തെ പ്പറ്റി പറയുന്നതെങ്ങനെ.

ശാന്തമ്മട്ടീച്ചറാണ് എല്‍പ്പി ക്ലാസുകളിലൊന്നില്‍ ഓണത്തെക്കുറിച്ചും മാവേലിയെക്കുറിച്ചുമൊക്കെ പഠിപ്പിച്ചത്. മാവേലി നാടുവാണീടും കാലം പാഠഭാഗമൊക്കെ ഓരോ ബെഞ്ചുകാരെയും കൊണ്ട് പല ഈണത്തില്‍ ചൊല്ലിപ്പിച്ചതൊക്കെ ഓര്‍മ്മയിലുണ്ട്. ഏതാണ്ടന്നു മുതലുള്ള ഓണക്കാലങ്ങളെ ഓര്‍മ്മയിലുള്ളൂ എന്നും പറയാം . 


വീടിനു തൊട്ടടുത്താണ് സ്കൂള്‍. അഞ്ചാറു കിലോ വരുന്ന പുസ്തകക്കെട്ടില്ലാതെ, ഹോം വര്‍ക്കിന്‍റെയും സ്കൂള്‍ ബസ്സിന്‍റെയും പേടിപ്പെടുത്തലുകളില്ലാതെ, ഒരു കല്ലുസ്ലേറ്റും അഗര്‍ബത്തിക്കവറിട്ടു മണം പിടിപ്പിച്ച പെന്‍സില്‍ ബോക്സുമായി നീലപ്പാവാടയിട്ട് ചെങ്കല്ല് റോഡിലൂടെ സ്കൂളിലേക്ക് നടന്നുപോയ എന്നെ ഓര്‍മ്മകളില്‍ ഇടയ്ക്കൊക്കെ കണ്ടുമുട്ടാറുണ്ട്.
നാലാം ക്ലാസിലെ ഓണാഘോഷം സ്കൂളിനെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു. പരിപാടിയുടെ തലേ ദിവസം ഞങ്ങളെല്ലാവരും കൂടി ക്ലാസ്സൊക്കെ തൂത്തു വൃത്തിയാക്കി. ചോക്കുകഷണം നനച്ച് വലിയ അക്ഷരത്തില്‍ ബോര്‍ഡില്‍ ഓണാശംസകള്‍ എന്നെഴുതിയത് ഞാനാണ്. നീളമില്ലാത്തതുകൊണ്ട് ആണ്‍കുട്ടികളില്‍ ആരോ ആവണം ടീച്ചറിരിക്കുന്ന കസേര ബോര്‍ഡിനു ചേര്‍ത്ത് വലിച്ചിട്ടു തന്നത്. അതില്‍ ചവുട്ടിക്കയറി എഴുതിയ ശേഷം കസേര തൊട്ടുതൊഴുതതൊക്കെ ഇന്ന് അനിയനോട് പറയുമ്പോള്‍ അവന്‍ കളിയാക്കി ചിരിക്കാറുണ്ട്, 

അന്ന് വൈകീട്ട് വീട്ടില്‍ വന്ന് കണ്ണില്‍ക്കണ്ട പൂവൊക്കെ പറിച്ചുവെച്ചു. പേരറിയാത്തവയായിരുന്നു അതില്‍ കൂടുതലും. പൂവിനോപ്പം ചീനിയില കുനുകുനെ അറിഞ്ഞതും കുറവല്ലാത്ത അളവില്‍ കവറിലാക്കി വെള്ളം തളിച്ചു വെച്ചു. പടിഞ്ഞാറ്റെയില്‍ ആള്‍ത്താമസമില്ലാത്ത ഒരു തൊടിയുണ്ട്. അവിടത്തെ ഉപയോഗിക്കാത്ത കിണറിനു ചുറ്റും തുമ്പപ്പൂവും വേറൊരു വെളുത്ത പൂവും നിറയെയുണ്ട്. കിണറ്റുകല്ലില്‍ വീണ് മുട്ടുകാലു പൊട്ടി, രണ്ടു കയ്യിലും വെള്ള പ്പൂക്കളുമായി ഓടിവന്നു മുറ്റത്ത് നിന്ന അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ജംഗ്ഷനിലെ സിബിന്‍ മെഡിക്കല്‍സില്‍ നിന്നും ഒരു ചെറിയ കാപ്സ്യൂളിനകത്തുള്ള പൊടി മുറിവിലെക്കിട്ടപ്പഴും കരഞ്ഞു. ഇപ്പഴും ആ കാപ്സ്യൂള്‍ കാണുമ്പോള്‍ അറിയാതെ ഒരു കരച്ചില്‍ പൊട്ടും. ഇപ്പൊ തോന്നുന്നു അന്ന് വേദനിച്ചിട്ടൊന്നുമല്ല കരഞ്ഞതെന്ന് . കരഞ്ഞോടിചെല്ലാന്‍ അച്ഛന്‍ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നതുകൊണ്ടാവുമെന്ന്.
അന്ന് രാത്രി കിടക്കയില്‍ എന്നോടൊപ്പം ഒരുപാട് നക്ഷത്രങ്ങളുണ്ടായിരുന്നു. അതിലോരോന്നും പിറ്റെടിവസത്തെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു.

പിറ്റെന്നുണര്‍ന്നു എല്ലാം വളരെ പ്പെട്ടെന്നായിരുന്നു. എന്നും ഉണര്‍ത്തുന്നത് മുതല്‍ സ്കൂളിലേക്ക് പോകും വരെ ഒപ്പമുണ്ടാവുന്ന അമ്മ അന്നൊന്നും അറിഞ്ഞില്ല. കഞ്ഞി വെക്കുന്ന അമ്മച്ചിയെക്കാള്‍ ആദ്യം സ്കൂളിലെത്തിയത് ഞങ്ങള്‍ നാലു ബി ക്കാരാണ്.
ഡിസൈന്‍ എന്താണെന്നറിയാത്ത അന്ന് ആകെയറിയാവുന്ന ഏതോ രീതിയില്‍ പൂവിട്ടിരിക്കണം. കൈ പൊള്ളാതെ വിളക്കൊക്കെ കത്തിച്ചുവെക്കാന്‍ കൂടെയുണ്ടായിരുന്നത് ഫാത്തിമ ടീച്ചറാണ്. നാലാം ക്ലാസ് വരെ അറബി പഠിപ്പിച്ചതും ടീച്ചറാണ്.
കൂട്ടത്തിലേറ്റവും തടിയനായ അഫ്സല്‍ ആണ് അന്ന് മാവേലിയായി വേഷം കെട്ടിയത്. പിന്നീടിന്നോളം അവന്‍റെ തടി കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.
ഉച്ചയ്ക്ക് എല്ലാവരുമായി സദ്യ, എന്നെക്കാള്‍ കൂടുതല്‍ കഴിച്ചത് എന്‍റെ പുതിയ ഫ്രോക്കാണ്.
പത്തുദിവസത്തെ അവധിയൊഴിച്ചാല്‍ തിരുവോണത്തിന്‍റെ അന്ന് പോലും സ്കൂളില്‍ ആഘോഷിച്ചപ്പോള്‍ ഉണ്ടായ ഒരു പേരറിയാത്ത സന്തോഷം ഉണ്ടായിട്ടില്ല എന്നു തോന്നുന്നു ആ വര്‍ഷം.

വീടിന്‍റെ മുന്‍പില്‍ ഒരു നാട്ടുമാവുണ്ടായിരുന്നു. ഈമ്പിക്കുടിക്കുന്ന മാങ്ങ പിടിക്കുന്ന മാവ്. മാമ്പഴച്ചാറിന്‍റെ മണമാണ് കുട്ടിക്കാലത്തിന് എന്നു ഇടയ്ക്ക് തോന്നിയിരുന്നത് അതിലെ പുളിയന്മാങ്ങയോടുള്ള ഇഷ്ടമാവണം. വെട്ടിക്കളയുന്നത് വരെ എല്ലാ ഓണവും ഊഞ്ഞാലാടിയിരുന്നത് അതിലാണ്. പ്രായമനുസരിച്ചായിരുന്നു ഊഞ്ഞാലാട്ടം. ചേട്ടന്മാരൊക്കെ നിന്നുകൊണ്ടാടുമ്പോള്‍ ഇരുന്നിട്ടും നേരെ ചൊവ്വേ ഉയരത്തില്‍പ്പോലും തൊടാന്‍ പറ്റാത്തതിന്‍റെ സങ്കടമായിരുന്നു മനസ്സില്‍.
റോഡിനോടു ചേര്‍ന്നായിരുന്നു മാവ്. ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ അത് വെട്ടി. റോഡ്‌ വീതി കൂട്ടുന്നതിന്‍റെയും ടാറ് ചെയ്യുന്നതിന്‍റെയും മുന്നോടിയായിട്ട്. കുറച്ചു ദിവസങ്ങള്‍ കതക് തുറക്കുമ്പോള്‍ വല്ലാത്ത ഒരു ശൂന്യതയായിരുന്നു. നട്ടുച്ചയ്ക്ക് പോലും അതിന്‍റെ ചുവട്ടില്‍ എന്ത് തണുപ്പായിരുന്നെന്നോ.

ഏഴാം ക്ലാസിലെ ഓണം വല്ലാത്ത ഒരു മൌനത്തില്‍ മുങ്ങിപ്പോയി. കൃഷ്ണപ്രിയയെ നഷ്ടമായ വര്‍ഷം. ചുക്കില്ലാത്ത കഷായമില്ലെന്നു അച്ചമ്മ പറയാറുണ്ട്‌. അതുപോലെയായിരുന്നു അവള്‍. ആറാം ക്ലാസുകാരിയെങ്കിലും രണ്ടാംക്ലാസിന്‍റെ ഭാവം. നന്നായി പാടും, വരയ്ക്കും.. സ്കൂള്‍ കലോല്‍സവങ്ങളിലെ നിറഞ്ഞ പുഞ്ചിരി. കുറച്ചു ദിവസങ്ങളായി ക്ലാസില്‍ വന്നിരുന്നില്ല. ഒക്ടോബറിലെ കലോത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. അവളില്ലാത്തതിന്‍റെ കുറവ് ശരിക്കും അറിഞ്ഞ നാളുകള്‍. പനി ആണെന്നാണ്‌ സ്കൂളില്‍ അറിയിച്ചത്. പിന്നെ അത് ന്യുമോണിയയായി. അവളെ അസുഖങ്ങള്‍ പിടികൂടുകയില്ലെന്നാണ് അവളുടെ വീട്ടുകാരും കരുതിയത്‌. പക്ഷെ വളരെപ്പെട്ടെന്നു ഓരോണക്കാലത്തിന്‍റെ പൂക്കാലം മുഴുവന്‍ തല്ലിക്കൊഴിച്ച്‌ അവള്‍ പോയി.
എന്‍റെയുള്‍പ്പെടെ കൃഷ്ണയെ സ്നേഹിച്ചവരുടെയൊക്കെ ഒന്നോ രണ്ടോ ഓണക്കാലങ്ങള്‍ അവളുടെ ഓര്‍മ്മയില്‍ കുതിര്‍ന്നു മങ്ങിപ്പോയി. പക്ഷെ അവളുടെ അമ്മ, അച്ഛന്‍, അവര്‍ക്കിനി എന്നെങ്കിലും ഹൃദയം നിറഞ്ഞു ഓണമൊരുങ്ങാന്‍ കഴിയുമോ.
വീടിന് കുറച്ചുമാറി ഈയടുത്ത സമയം വരെ കൃഷിയിറക്കിയിരുന്ന ഒരു വയലുണ്ട്. ഹൈസ്കൂള്‍ ഓണക്കാലങ്ങള്‍ നടന്നും സൈക്കിളിലും യാത്ര ചെയ്തത് അതിന്‍റെ അതിരിലൂടെയാണ്. ക്ലാസ് കഴിഞ്ഞു വൈകീട്ട് വീട്ടിലേക്കു വരുമ്പോള്‍ ജനതാ ആര്‍ട്സ് ക്ലബ്ബിന്റെ ഓണപ്പരിപാടികള്‍ നടക്കുകയാണ്. ഉറിയടിയും റൊട്ടികടിയും സുന്ദരിക്ക് പൊട്ടുതൊടലും ഒക്കെ തുടങ്ങാന്‍ പോവുന്നത്തെ ഉള്ളു എന്ന് കുരിശടി എത്തിയപ്പോഴേ കേട്ടിരുന്നു. ക്ലബ്ബായപ്പോള്‍ സൈക്കിള്‍ താനേനിന്നതും ഞങ്ങള്‍ അവിടെ ഇറങ്ങിനിന്നതുമൊക്കെ യാന്ത്രികമായിരുന്നു. സന്ധ്യയായതോ നേരം പോയതോ ഒന്നും ഓര്‍ത്തില്ല. അവസാനം അന്വേഷിച്ചു വന്ന വല്യച്ചനെ ഒരു ചിരിയിലൊതുക്കി പത്തു ദിവസത്തെ അവധിയും ഒക്കത്തെടുത്ത്‌ വീട്ടിലേക്ക്. വീട്ടില്‍ ചെന്ന് എല്ലാവര്‍ക്കും വാങ്ങിയ പുത്തനുടുപ്പൊക്കെ കണ്ട് കണ്ണും മനസ്സും നിറഞ്ഞു. ചേച്ചിയുടെ കൂട്ടുകാര്‍ കുറേപ്പേര്‍ അത്തവണ വീട്ടില്‍ ഉണ്ടായിരുന്നു, അവരുടെ അച്ഛനും അമ്മയും ഒക്കെ ദൂരെ എവിടെയോ ആയിരുന്നു ജോലി. അതുകൊണ്ടു ഹോസ്റ്റലില്‍ നിന്ന് ചേച്ചിയുടെ വീട്ടിലേക്കാണ് വന്നത്. അവരൊക്കെ സെറ്റുടുത്തു അന്ന് അടുത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ പോയി. തിരികെ എത്തിയപ്പോഴേക്കും ഉണ്ണിയപ്പവും ഉപ്പേരിക്കൂട്ടങ്ങളും അങ്ങനെ കറുമുറകള്‍ എല്ലാം ഉണ്ടാക്കുന്നതിന്‍റെ തിരക്കുകളില്‍ പെട്ടിരുന്നു വീട്. അന്ന് രാത്രിയും നക്ഷത്രങ്ങള്‍ ഇറങ്ങി വന്ന് ഇതെല്ലാം രുചി നോക്കാന്‍.
പൂക്കളത്തില്‍ മലയാളിപ്പൂവുകള്‍ കുറയാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ കുട്ടിക്കാലം വിട്ടു എന്ന് മനസ്സിലായത്‌. പിന്നെ പൂക്കളത്തിനും ഓണത്തിനും പുതിയ മാനങ്ങള്‍ ഉണ്ടായി.പ്ലസ്ടു സമയത്തൊക്കെ ഓണാഘോഷങ്ങള്‍ക്ക് വേണ്ടി എത്ര രൂപയുടെ പൂക്കള്‍ തന്നെ വാരിക്കൂട്ടി. ആഘോഷം എന്നതൊക്കെ വിട്ടു മത്സരങ്ങളിലും പേചാനലുകളിലും ഓണം നിറഞ്ഞു തുടങ്ങിയത് അന്നുമുതലാണ്. വീട്ടില്‍ ഉപ്പേരി വറുക്കലും നാട്ടില്‍ ഓണക്കൂട്ടങ്ങളുമൊക്കെ പഴയതുപോലെ ഉഷാറായിരുന്നതുകൊണ്ട് മൊത്തത്തില്‍ കടലെടുത്തു എന്ന് പറയാനും പറ്റില്ല. എങ്കിലും നാലാം ക്ലാസിലെയും കോളേജ് കാലത്തെ ഓണവും തമ്മില്‍ ഒരു തലമുറയുടെ വ്യത്യാസമുണ്ടെന്നു തോന്നുന്നു. എല്‍പ്പി സ്കൂളിലേക്കുള്ള വഴി ടാര്‍ ചെയ്തു. അവിടെ അന്നുണ്ടായിരുന്ന ടീച്ചേഴ്സ് ഒക്കെ റിട്ടയര്‍ ചെയ്തു. പുതിയ സിലബസില്‍ ഇപ്പോള്‍ ക്ലാസ് നടക്കുന്നു.
മാവില്ലാത്തതുകൊണ്ട് ഊഞ്ഞാലാട്ടങ്ങള്‍ പഴയ ആയത്തില്‍ എത്തിയില്ല. എങ്കിലും ഓണദിവസങ്ങളില്‍ ഒരു ഊഞ്ഞാല്‍ ഇന്നും ഒരു നിര്‍ബന്ധമാണ്‌.

വീട്ടിലുള്ള ദിവസങ്ങളില്‍ ഇന്നും സ്കൂളിലേക്ക് നടന്നുപോവുന്ന നീലപ്പാവാടക്കാരികള്‍ ഞാന്‍ തന്നെയെന്നു തോന്നാറുണ്ട്. ഞങ്ങള്‍ക്കിടയിലുള്ള ഒരു നോട്ടത്തില്‍ പോയ ഓണക്കാലങ്ങളുടെയും ഓര്‍മ്മകളുടെയും ദീപ്തമായ ഒരു പ്രകാശമുണ്ട്.
   

No comments:

Post a Comment

Note: Only a member of this blog may post a comment.