Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:5 ഷിലിന്‍


"എന്റെ ഓര്‍മയിലെ ഓണം"   ഷിലിന്‍


പത്തറുപതു വര്‍ഷം മുന്‍പുള്ള പൊന്നോണ ഓര്‍മ്മകള്‍ അയവിറക്കുന്ന എന്‍റെ അച്ഛന്‍ എപ്പോഴും പറയുന്ന ഒരു കഥയുണ്ട് .പണ്ട് കുട്ടികള്‍ തഴയോല സഞ്ചികളുമായി വേലിപത്തലുകള്‍ നൂണ്ടും ബോഗന്‍വില്ലയുടെ മുള്ള് കൊണ്ടും പൂക്കള്‍ ശേഖരിക്കും.അവസാനം മഞ്ഞ്‌ തുള്ളികള്‍ നെഞ്ചിലേറ്റി നില്‍ക്കുന്ന തൂവെള്ള തുമ്പപൂക്കളും കുറെ ഇലകളും ഒരു മത്സരം പോലെ ശബ്ദഘോഷങ്ങളോടെ ശേഖരിക്കും;ശിഷ്ടം പുറപ്പെട്ട സ്ഥാനതെത്തി പൂക്കള്‍ സമാസമം പങ്കുവെക്കും.ഉറക്കം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന വീട്ടുക്കാര്‍ അത്തപൂക്കളും കണികാണുമായിരുന്നു.

പക്ഷെ ഇന്നോ ...ഒരുകാലത്ത് പഴയതിരുവിതാംക്കൂറിന്‍റെ നെല്ലറയായിരുന്ന നാഞ്ചി നാട്ടിലെ തോവാളയില്‍ നിന്നുള്ള തോവാള പൂക്കളും നാഗര്‍കോവിലില്‍ നിന്നുള്ള താമരകളും (നമ്മുക്കിന്ന് താമരകുളം പോയിട്ട് ഒരമ്പല്‍കുളം പോലുമില്ലല്ലോ..? )എല്ലാറ്റിനും ഉപരിയായി മരപൊടിയില്‍ (അറുക്കപൊടി)ചായം പകര്‍ന്നുമുള്ള അത്തപൂക്കളവും അതിന്‍മേലുള്ള മത്സരങ്ങളും മന്ത്രിമാരുടെ സമ്മാനങ്ങളും മാത്രം.

ഓണം എന്ന് കേള്‍ക്കുമ്പോള്‍ ‍ആദ്യംഓര്‍മ വരുന്നത് ഓണ പരിക്ഷയാണ്..അതിന്റെ ടെന്‍ഷന്‍ ചെറുതല്ല.അവസാനം പരിക്ഷയെല്ലാംകഴിയുമ്പോള്‍ ആശ്വാസം.പിന്നെ പത്തു ദിവസത്തിന്റെ അടിച്ചു പൊളി ജീവിതം.ഓണകോടി, ഘോഷയാത്ര,അത്തപൂകള്‍ മത്സരം,ഓണ സദ്യ .. എന്‍റെ ഓര്‍മയിലെ ഓണകാലം ഏറ്റവും മറക്കാനാവാത്തതും മധുരമേറിയതും ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.എന്‍റെ സുഹൃത്ത്‌ രഘുവിന്‍റെ അച്ഛന്‍റെ കൂടെ തോവാളയിലേക്കുള്ള യാത്രയായിരുന്നു അത്.

ടെമ്പോയിലായിരുന്നു യാത്ര.പുള്ളികാരന്‍റെ അച്ഛന് ചാലയില്‍ പൂക്കളുടെ കച്ചവടമായിരുന്നു.അന്നൊരു ശനിയാഴ്ചയായിരുന്നു ,നാഗര്‍കോവിലില്‍ നിന്ന് അരുവാമൊഴി കടന്ന് നമ്മള്‍ തോവാളയിലെത്തി,കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ച്ചെയുന്ന പൂക്കളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന തോവാള.നേരിയ റോഡിന്‍റെ ഇരുവശങ്ങളിലുമായി പൂക്കള്‍ വില്‍ക്കുന്ന കടകള്‍.കുട്ടികളും മുതിര്‍ന്നവരും പൂക്കള്‍ വില്കുന്നത് കാണേണ്ട കാഴ്ചയാണ്.
 

തോവാളയെക്കുറിച്ച് രഘുവിന്‍റെ അച്ഛന്‍ വാചാലനായി,തോവാളയ്ക്കടുത്തുള്ള പഴവൂര്‍,കാവല്‍കിണര്‍,കുമാരപുരം അരുവമൊഴി എന്നിവിടങ്ങളില്‍ മുന്നുറോളം ഹെക്ടെറിലാണ് പൂകൃഷി നടക്കുന്നത് .പിച്ചി,വാടാമല്ലി,അരളി ,തുളസി,ജമന്തി,രജനിഗന്ധി,എന്നിവയാണ് തോവാളയില്‍ അധികവും. റോസയും,ജമന്തിയും,താമരമൊട്ടുകളും ചന്തയില്‍എത്തുന്നത്‌ തക്കല,തോടുവിട്ടി,മധുരെ,ബംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്.

ഇത്രയും പറഞ്ഞ ശേഷം രഘുവിന്‍റെ അച്ഛന്‍ ഒരു പൂ കച്ചവടക്കാരനുമായി വില പേശാന്‍ തുടങ്ങി.ഞങ്ങള്‍ അവിടെയൊക്കെ നടന്നു കാണാനും,രഘു എന്നോട് പറഞ്ഞു പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ പൂക്കള്‍ തോവാളയില്‍ എത്താറുണ്ട്.ആറ് മണി മുതല്‍ പതിനൊന്നു മണിവരെയാണ് കച്ചവടം.കടുത്ത സൂര്യ പ്രകാശത്തില്‍ പൂക്കള്‍ വാടി പോവാന്‍ സാധ്യധയുള്ളത് കൊണ്ടാണ് ഉച്ചക്ക് മുന്‍പ് കച്ചവടം അവസാനിപ്പിക്കുന്നത്.ഞങ്ങള്‍ തോവാള സര്‍ക്കാര്‍ സ്കൂള്‍ മൈതാനത്തെ പൂക്കളുകളും നോക്കി അങ്ങനെ നടന്നു.

കേരളത്തിലെ വിവാഹ ഉത്സവങ്ങള്‍ തോവളയിലെ കച്ചവടക്കാര്‍ക്ക് നല്ല പോലെ അറിയാം.ഇവരുടെ പ്രധാന വിപണിയാണ് കേരളം.ചിങ്ങം പിറക്കുമ്പോഴും ശബരിമല തീര്‍ഥാടന കാലത്തും പൂകള്‍ക്ക് പ്രിയമേറും.തോവാള സര്‍ക്കാര്‍ സ്കൂള്‍ മൈതാനത്താണ് പുലര്‍ച്ചെയുള്ള കച്ചവടം അരങ്ങേറുന്നത്.(ഇപ്പോള്‍ കാവല്‍കിണര്‍ എതിര്‍വശമുള്ള രാജാകോളേജില്‍,കച്ചവടം നടക്കുന്നു..)പൂക്കളുടെ സീസണുകള്‍ ആറ്‌ മാസത്തിലൊരിക്കല്‍ മാരാരോണ്ട്.നല്ല പീക്ക് സീസണില്‍ ഒന്ന് രണ്ടു ലക്ഷം ബിസിനസ്സ് വരെ ഒരു ദിവസം നടക്കും എന്ന് അവിടത്തെ ഒരു കച്ചവടക്കാരന്‍ ഞങ്ങളോട് പറഞ്ഞു.ഞാനും രഘുവും വാ പൊളിച്ചു നിന്ന് പോയി.

പിച്ചി,വാടാമല്ലി,അരളി ,തുളസി,ജമന്തി അങ്ങനെ വര്‍ണ്ണങള്‍ വാരി വിതറിയ പോലെ നിറങ്ങളുടെ സങ്കമം.എന്ത് കൊണ്ട് ഇവര്‍ ഇവിടെ പൂ കൃഷി ഉപജീവനമായി എടുത്തു എന്ന് എന്നെ ആശ്ചര്യപ്പെടുത്തി.ഇവിടെ പൂകള്‍ക്ക് പറ്റിയ മണ്ണ് ആണോ ..മറുപടി പറഞ്ഞത് രഘുവിന്റെ അച്ഛനായിരുന്നു..മണ്ണിന്റെ പ്രത്യേകത കൊണ്ടൊന്നുമല്ല ഇവിടത്തെ ജനത്തിന്റെ അധ്വാനമാ ഈ കാണുന്നത്..നമ്മുടെ നാട്ടുക്കാര്‍ക്കു ഇല്ലാത്തതും


 രഘുവിന്‍റെ അച്ഛന്‍ എല്ലാത്തരം പൂക്കളും വട്ടികണക്കിന് ടെമ്പോയിലേക്ക് എടുത്തു കയറ്റി.ഞങ്ങള്‍ക്ക് നിരാശ തോന്നി.ടെമ്പോ തിരുവനതപുരതെക്ക് കുതിക്കുമ്പോള്‍ രഘുവിന്‍റെ അച്ഛന്‍ വീണ്ടും തോവാളയെക്കുറിച്ച് പറഞ്ഞു തുടങ്ങി. തോവാളയിലെ പൂക്കളുടെ വിലകള്‍ അനുദിനം മാറികൊണ്ടിരിക്കും .സൂര്യ പ്രകാശത്തിന്‍റെ തോതും അപ്രതിക്ഷിത മഴയും വിലകളെ സാരമായി ബാധിക്കാറുണ്ട്.പിന്നെയും പല കാര്യങ്ങളും പുള്ളികാരന്‍ പരയുനുണ്ടയിരുന്നെങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല.എന്‍റെ മനസ് നിറയെ തോവാളയായിരുന്നു.ഏകദേശം പത്തരയോടെ ഞങ്ങള്‍ തിരുവനതപുരത്ത് എത്തി,കൂട്ടുക്കരനോട് യാത്ര പറഞ്ഞ് ഞാന്‍ വീട്ടിലേക്കു തിരിച്ചു.

ഇടപഴനിയിലെ എന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണുന്നത്, എന്‍റെ അച്ഛനും രണ്ടു സുഹുര്ത്തുകളും ഇരിക്കുന്നു.അവരുടെ മധ്യത്തില്‍
മദ്യ കുപ്പിയും .ഞാന്‍ ഒന്നും മിണ്ടാതെ മുറിയില്‍ പോയി ഉടുപ്പ് മാറ്റി വേറെ ഇട്ടു പുറത്തേക്കിറങ്ങി.പൈപ്പില്‍ ക്കുറച്ചു വെള്ളം ബക്കറ്റില്‍ നിറച്ച് വാടികരിഞ്ഞ നമ്മുടെ വീട്ടുമുറ്റത്തെ ചെമ്പരത്തി ചെടിയില്‍ ഒഴിച്ചു.തോവാളയുടെ ഓര്‍മ്മക്കായി കുറച്ചു കാലം ആ ചെമ്പരത്തി ചെടി അവിടെ പൂത്തുലഞ്ഞു നിന്നു....

പൂവിളി പൂവിളി പൊന്നോണമായി...എന്ന സിനിമാഗാനം പോലെ പൂവില്ലാതെ നമ്മുക്കൊരു പൊന്നോണമില്ലല്ലോ .കുഞ്ഞുങ്ങള്‍ക്കെന്നല്ല ബാല്യകൌമാരം കഴിഞ്ഞു യുവത്വത്തിലേക്കും വൈവാഹിക ജീവിതത്തില്‍ ഉടനീളവും മലയാളി മങ്കമാരുടെ ചാരുത കൂട്ടുന്നത്‌ പൂക്കളുടെ ഭംഗിയും മണവും ചേര്‍ന്നാണ്.നമ്മള്‍ മലയാളികള്‍ക്ക് ഈ ഓണം ആഘോഷിക്കണമെങ്കില്‍ ഉപ്പു തൊട്ടു കര്‍പുരം വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയികേണ്ട ഗതികേടിലാണ്.നമ്മുകെന്തുകൊണ്ട് മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നു എന്ന് ചോദിച്ചാല്‍ നമുക്ക് യുക്തിയെക്കാള്‍ മുട്ട് യുക്തികള്‍ക്കാണ് പ്രമുഖ സ്ഥാനം.ഇവിടെ ഒന്ന് മണ്ണ് കിളയ്ക്കാന്‍ ആരെയെങ്കിലും വിളിച്ചാല്‍ ചോദിക്കുനത് നാനുറും അനൂറും ആണ്,തര്‍ക്കിച്ചാല്‍ അവന്‍ യുണിയെന്‍ക്കാരുമായി വരും .അതാണ് സ്ഥിതി..പിന്നെ എങ്ങനെ ഈ നാട് നന്നാവും


മദ്യപാനത്തില്‍ കേരളിയരാണ് മുന്‍പില്‍ .  ഇവിടെ മദ്യത്തിനു  വില കൂടിയപ്പോള്‍ ആരും മിണ്ടുന്നില്ല എന്നാണ് മന്ത്രിയുടെ സങ്കടം. ഓണത്തിന് കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കുമെന്ന് നമ്മുക്ക് വിശ്വസിക്കാം.ഓണം നാളില്‍ ഷോപ്പുകള്‍ പൂട്ടിയിട്ടാല്‍ ഇരുനൂറു കോടി നഷ്ടമാവുമെന്നാണ് ബിവേരജെസ് മുന്നറിപ്പ് നല്‍കിയത്.കേരള സര്‍കാരിന്റെ നല്ലൊരു വരുമാന മാര്‍ഗമാണല്ലോ ഇത്.അത് കാരണം നമ്മുടേത്‌ മാവേലിനാടല്ല മദ്യപാനനാടായി തിരുത്തേണ്ടിയിരിക്കുന്നു  .....നമോവാകം...

No comments:

Post a Comment

Note: Only a member of this blog may post a comment.