Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:7 ഗീത രവി ശങ്കര്‍


 ഗീത രവി ശങ്കര്‍

മധുരം കിനിയുന്ന ഓര്‍മകളുമായി ഇതാ ഒരോണം കൂടി പടി കടന്നെത്തുന്നു .
അഴക്‌ കുറെയൊക്കെ നഷ്ടമായെങ്കിലും നവവധുവിനെപ്പോലെ സുന്ദരിയാണ്
ഓണം ഇന്നും .
എന്റെ ഓര്‍മയിലെ ഓണത്തിന് ഒരുപാടൊരുപാട് വര്‍ണങ്ങള്‍ , പൂക്കളത്തിന്റെ ,
ഓണപ്പാട്ടിന്റെ , ഓണക്കളികളുടെ , ഓണക്കോടിയുടെ , ഓണപ്പലഹാരങ്ങളുടെ ,
ഊഞ്ഞാലിന്റെ അങ്ങനെ അങ്ങനെ ....
പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് ഓടിയെത്തി , പുസ്തകങ്ങള്‍ക്ക് സ്വാതന്ത്ര്യം
പ്രഖ്യാപിക്കുകയാണ് ആദ്യപടി . പിന്നെ അവയെ ഒന്ന് തിരിഞ്ഞു നോക്കുന്നത്
പത്തുദിവസത്തെ ആഘോഷമൊക്കെ ഭംഗിയാക്കി സ്കൂള്‍ തുറക്കുന്നതിന്റെ
തലേനാളും . അന്ന് ടുഷന്‍ എന്ന ജ്വരം പടര്‍ന്നു പിടിച്ചിട്ടില്ലായിരുന്നു നമ്മുടെ
നാട്ടില്‍ ഒരിടത്തും . സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരുടെ മക്കളെല്ലാം സര്‍ക്കാര്‍
സ്കൂളില്‍ തന്നെ പഠിച്ചിരുന്ന കാലം .
അത്തം നാള്‍ പുലരും മുന്നേ പൂക്കൂടകളുമായി കൂട്ടുകാരുമൊന്നിച്ച് ഇറങ്ങും .
കാലില്‍ മുള്ള് കൊള്ളുന്നതും ഓടിത്തടഞ്ഞു വീഴുന്നതും ഒരു വേദനയേയല്ല .
പൂക്കളിറുത്തു കഴിഞ്ഞാല്‍ തികയാത്തവര്‍ക്ക് പങ്കിടാനും മടിച്ചിരുന്നില്ല .പൂക്കളം
ഭംഗിയാക്കാന്‍ ഓരോരുത്തരും മത്സരിച്ചിരുന്നു . അമ്മമാര്‍ അടുക്കളയില്‍
ഉത്സാഹത്തോടെ വിറകടുപ്പില്‍ പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍
കുട്ടികള്‍ ഒരുമിച്ചുകൂടി കളിച്ചു രസിക്കും .കൊച്ച് കുഞ്ഞുങ്ങളെ കരയാതെ
നോക്കേണ്ടത് പെണ്‍കുട്ടികളുടെ ജോലിയായിരുന്നു . ആണ്‍കുട്ടികളുടെ ഓണപ്പന്തു
കളിയായിരുന്നു കളികളില്‍ പ്രധാനി . പെണ്‍കുട്ടികള്‍ക്ക് ലളിതമായ കളികളായിരുന്നു പറഞ്ഞു വച്ചിരുന്നത് .
സന്ധ്യയ്ക്ക് അച്ഛനെ കാത്തിരിക്കുമായിരുന്നു , തുന്നി വാങ്ങിയ ഓണക്കോടി
ഓടിച്ചെന്നു വാങ്ങി അണിഞ്ഞ്‌ പാകമാണോ എന്ന് നോക്കി രസിച്ച്, വലിയ
നിലക്കണ്ണാടിയുടെ മുന്നില്‍ നിന്ന് ചന്തം നോക്കിയിരുന്ന ഓണക്കാലം .
ബന്ധുക്കളും സമ്മാനിക്കും ഓണക്കോടി , കുപ്പിവളകള്‍ എന്നിവയൊക്കെ .
കുപ്പിവളകള്‍ അണിയാതെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു ഞാന്‍ , ഇടയ്ക്കിടയ്ക്ക്
എടുത്തു ഭംഗി നോക്കാനായി .
സന്ധ്യയായാല്‍ പെണ്ണുങ്ങള്‍ ഒത്തുകൂടും , പ്രായവ്യത്യാസമില്ലാതെ ഓരോരോ
കളികളില്‍ പങ്കുചേരും , അവര്‍ക്ക് കൂട്ടായി മുറ്റത്തെ ഓണനിലാവും .നിലവിളക്കിനു മുന്നില്‍ തെങ്ങിന്‍ പൂക്കുലയുമായി , തലമുടി മുന്നോട്ടിട്ടു
ഉറഞ്ഞു തുള്ളുന്നത് കാണാന്‍ എനിക്ക് പേടിയായിരുന്നു അന്ന് . ഉണങ്ങിയ
വാഴയില ദേഹമാസകലം കെട്ടി 'കടുവ 'യായി വരുന്നവരെ ദൂരെ കാണുമ്പോള്‍
തന്നെ ഞാന്‍ വാതിലിനു പിന്നില്‍ ഒളിക്കുമായിരുന്നു .
അങ്ങനെ എന്തെന്തോര്‍മകള്‍....
ഇലയിട്ട് , സദ്യയുണ്ണാന്‍ അച്ഛന്റെ അടുത്തിരുന്നതും ആദ്യ ഉരുള ചോര്‍ അച്ഛന്‍
വായിലേയ്ക്ക് വച്ചുതന്നതും ഇന്നലെ കഴിഞ്ഞ പോലെ .........

No comments:

Post a Comment

Note: Only a member of this blog may post a comment.