Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:14 മഹേഷ്‌ ഗോപാല്‍

മഹേഷ്‌ ഗോപാല്‍  


ഓണം എന്ന ഓര്‍മ്മ മനസ്സില്‍നിറയുന്നത് കുട്ടിക്കാലത്തെ മാധുര്യമൂറുന്ന സ്മരണകളിലൂടെയാണ്.

ഓണമെത്തുന്നതും കാത്ത് മാസങ്ങള്‍ക്ക് മുന്‍പ്‌തന്നെ മനസ്സ് തയ്യാറെടുത്തു നില്‍ക്കുമായിരുന്നു അന്ന്. അതിന്‍റെ ഒരു പ്രധാന കാരണം, ഓണത്തിന് കിട്ടുന്ന പത്തു ദിവസത്തെ അവധി തന്നെ...

ഒടുവില്‍, ഓണത്തിന്‍റെ വരവറിയിച്ചു കൊണ്ട് നഗരത്തില്‍‘പുലി കളി’ ഇറങ്ങുമ്പോള്‍മനസ്സില്‍നുരഞ്ഞു പൊന്തുന്ന ആനന്ദത്തിനു അതിരുണ്ടാകാറില്ല....

സ്കൂള്‍അടയ്ക്കുന്നതോടെ ഓണാഘോഷത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ഒരുങ്ങുകയായി.

പരീക്ഷയ്ക്ക് പോലും മടിപിടിച്ച് ഉറങ്ങാറുള്ള കുട്ടികളെല്ലാം അതിരാവിലെ തന്നെ എഴുന്നേറ്റ് പൂ പറിക്കലുമൊക്കെയായി തിരക്കിലാകും. പൂ പറിക്കല്‍എന്നതിനേക്കാള്‍പൂ മോഷണം എന്ന് പറയുന്നതാവും ഉചിതം. കാരണം, നേരം പുലരുമ്പോഴേക്കും അയല്‍വക്കത്തുള്ള വീടുകളിലെ ഒറ്റ പൂക്കളും ഞങ്ങള്‍ബാക്കി വെയ്ക്കാറില്ല.

ഓണം അവധി തുടങ്ങിക്കഴിഞ്ഞാല്‍ഞങ്ങളെല്ലാം ഒത്തുകൂടുന്നത് അമ്മയുടെ തറവാട്ടിലാണ്.

പഴയ തലമുറയില്‍, ഒരു വീട്ടില്‍ഏഴും എട്ടും മക്കളൊക്കെയുള്ളത് കൊണ്ട്,എവിടെയാണെങ്കിലും അവരെല്ലാവരും ഓണത്തിന് തറവാട്ടില്‍ഒത്തു ചേരും.

ഇന്നത്തെ പോലെ മൊബൈല്‍ഫോണ്‍ഒന്നും അന്ന് അത്ര സജീവമല്ലാത്തത് കൊണ്ട്, ഓരോരുത്തരും പുറപ്പെടുന്നതിനു മുന്‍പ്‌ഒന്ന് അറിയിക്കും;അത്ര തന്നെ. അവരെ ഓരോരുത്തരെയും കാത്ത് ഞങ്ങള്‍ബാലജനങ്ങള്‍മണിക്കൂറുകളോളം ബസ്‌സ്റ്റോപ്പില്‍കാത്തുനിന്നിട്ടുണ്ട്.

എല്ലാവരും ഒത്തുകൂടിയാല്‍പിന്നെ ആകെയൊരു മേളമാണ്.ഊഞ്ഞാലാട്ടവും, ‘സാറ്റ്’കളിയും, ക്രിക്കറ്റ്‌കളിയും ഒക്കെയായി ആകെ ബഹളമായിരിക്കും.

അടുക്കളയില്‍തയ്യാറാകുന്ന രുചികരമായ ഭക്ഷണം കട്ടുതിന്നാനും ഉണ്ടാകും കുറെ വിരുതന്മാര്‍

ഓണമെത്തുന്നതോടെ അമ്മയും അമ്മുമ്മയും ആന്‍റിമാരും ഒക്കെ ചേര്‍ന്ന്അച്ചപ്പവും അരിയുണ്ടയും ശര്‍ക്കര വരട്ടിയതും ഒക്കെയുണ്ടാക്കും. എന്നിട്ട് അതെല്ലാം വലിയ വലിയ പാട്ടകളിലാക്കി ഞങ്ങള്‍പിള്ളേര് സംഘം കാണാതെ ഒളിച്ചു വെയ്ക്കും.എവിടെ ഒളിപ്പിചാലും നിമിഷനേരത്തിനുള്ളില്‍ഞങ്ങളത് കണ്ടുപിടിച്ചിരിക്കും.എത്ര കയറിയിറങ്ങി കഴിച്ചാലും അതൊന്നും തീരില്ല. ഓണം കഴിഞ്ഞു തിരികെ പോകുമ്പോള്‍ഞങ്ങളുടെയൊക്കെ കൈയ്യില്‍പലഹാരങ്ങളുടെ ഒരു ചെറിയ പൊതി തന്നെയുണ്ടാകും.
ഓണത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍മനസ്സിലേക്ക് പെട്ടെന്നോടിയെത്തുന്ന മറ്റൊരോര്‍മ്മ, വീടിനു തൊട്ടടുത്തുള്ള ക്ലബിലെ ഓണാഘോഷ മത്സരങ്ങളാണ്. ഒട്ടു മിക്ക മത്സരങ്ങളിലും ആവേശത്തോടെ പങ്കെടുത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.ഒരിക്കല്‍ഓണാഘോഷത്തോടനുബന്ധിച്ചുള്ള ക്വിസ് മല്‍സരത്തില്‍പരാജയഭീതിയില്‍പേരുമാറ്റി മത്സരിച്ചതും,പക്ഷെ ആ മല്‍സരത്തില്‍അത്ഭുതകരമായി വിജയിച്ചതും ഇന്ന് രസകരമായ ഓര്‍മയാണ്.

തിരുവോണത്തിന്‍റെയന്ന് ഉച്ചയായാല്‍പിന്നെ സദ്യയുടെ ബഹളമാണ്.കുളിച്ചു വൃത്തിയായി ഓണക്കോടിയണിഞ്ഞ്, സദ്യയുണ്ണാനിരിക്കുമ്പോഴുള്ള സുഖം,അത് മലയാളിക്ക് മാത്രം സ്വന്തമാണ്.

അല്പം മുതിര്‍ന്ന ശേഷം, തിരുവോണത്തിന്‍റെയന്ന് ഉച്ച തിരിഞ്ഞ് വീട്ടുകാരെ വെട്ടിച്ച് ഒരു സിനിമ കാണല്‍; അതൊരു പതിവ് തന്നെ ആയിരുന്നു....(ഈ സിനിമകളുടെ പേരില്‍വീട്ടില്‍ഓണതല്ലുണ്ടാകുന്നതും പതിവ് സംഭവം തന്നെ). യോദ്ധയും, ഇന്ദ്രജാലവും ,തൂവല്‍കൊട്ടാരവും, പപ്പയുടെ സ്വന്തം അപ്പൂസും...അങ്ങനെ എത്രയെത്ര സിനിമകള്‍... ഇന്നും ഈ സിനിമകളൊക്കെ TV യിലൂടെ കാണുമ്പോള്‍, ആ പഴയ ഓര്‍മ്മകള്‍ഓടിയെത്തും.

വര്‍ഷങ്ങള്‍കഴിഞ്ഞതോടെ എല്ലാം മാറി.....

പതിയെ പതിയെ ഓരോ കുടുംബങ്ങള്‍വരാതെയായി...

അവര്‍ക്കെല്ലാം വരാതിരിക്കാന്‍ഓരോ കാരണങ്ങള്‍ഉണ്ടായി.

അന്നൊക്കെ അവരോട് വല്ലാത്ത അമര്‍ഷം തോന്നിയിരുന്നു.

പക്ഷെ ഇന്നിപ്പോള്‍, ഞാനും അവരില്‍ഒരാളായി മാറി ...

കേരളത്തിന്‌പുറത്തിരുന്ന്,ഈ തിരുവോണ നാളില്‍, അമ്മയുടെ തറവാട്ടിലേക്ക്‌ഫോണ്‍ചെയ്തപ്പോള്‍, അവരെല്ലാം ഒരുമിച്ചിരുന്നു സദ്യ ഉണ്ണുകയായിരുന്നു.

അവരോരോരുത്തരോടും മാറി മാറി സംസാരിച്ചപ്പോള്‍...സത്യം..എന്‍റെ തൊണ്ടയിടറി...മനസ്സ് വിങ്ങി....
ഇത് വെറും അതിശയോക്തിയല്ലെന്ന് നിങ്ങളോരോരുത്തര്‍ക്കും മനസ്സിലാകും. കാരണം, നമ്മള്‍മലയാളികളാണ്. നമ്മള്‍ഒന്നാണ്...

ലോകത്തിന്‍റെ ഏതു കോണില്‍പോയി ഒളിച്ചാലും ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ നമ്മള്‍മനസ്സുകൊണ്ടെങ്കിലും നമ്മുടെ വീടിന്‍റെ തിരുമുറ്റത്ത്‌എത്തും.

മാവേലിയോടൊപ്പം നമ്മളും,ഒരു അതിഥിയായെങ്കിലും അവിടെയുണ്ടാകും. കാരണം,ഓണം എന്നത് നമ്മള്‍മലയാളിക്ക് സിരകളില്‍അലിഞ്ഞു ചേര്‍ന്ന വികാരമാണ്....മായ്ച്ചാലും മാഞ്ഞു പോകാത്ത വികാരം..

കാലമെത്ര കഴിഞ്ഞാലും...ഈ ഭൂമിയില്‍എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ഓണം എന്നും നമ്മള്‍മലയാളികള്‍ക്കൊപ്പം ഉണ്ടാകും. അതുകൊണ്ടാണല്ലോ, പണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍മാത്രം ഒതുങ്ങി നിന്ന ഓണം, ഇന്ന് ലോകമെമ്പാടും മലയാളികള്‍ആവേശത്തോടെ കൊണ്ടാടുന്നത്....
 

No comments:

Post a Comment

Note: Only a member of this blog may post a comment.