Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:13 രാജീവ്‌ രാജഗോപാലന്‍


എന്റെ ഓണക്കാലം ഓർമ്മകളിൽ രാജീവ്‌ രാജഗോപാലന്‍

നാട്ടിൻപുറം നന്മകളാൽ സമ്യദ്ധം എന്നു കവി പാടിയപോലെ…എന്റെ ഓർമ്മകളിലെ ഓണവും ഓണഘോഷങ്ങളും എന്റെ പ്രിയപ്പെട്ട നാടും, നാട്ടിൻ പുറത്തിന്റെ ഹൃദയഹാരിയായ ശീലുകളും കോർത്തിണങ്ങിയവയാണു.

നാട്ടിൻ പുറത്തെ “ കുട്ടിക്കാലം ” പൂവിനേയും പൂമ്പാറ്റയേയും പുൽകൊടിതുമ്പിലെ തൂമഞ്ഞു തുളളിയേയും സ്നേഹിച്ചു നടന്ന കാലം ! ഓണക്കാലമകുമ്പോൾ തന്നെ മനസ്സിലേക്കു തുമ്പപൂവു പോലെ, പ്രഭാതത്തിലെ മഞ്ഞു പോലെ , നിർമ്മലമായ സ്നേഹം പോലെ അലിഞലിഞ്ഞു ചേരുന്ന ആഹ്ലാദം പിന്നെ മെല്ലെ ചുവടുറ്പ്പിച്ചു മുന്നോട്ടാഞ്ഞ് കുതിച്ചു തുള്ളിച്ചാടിയും കുതറി യോടിയും കൂടെ കൂടുന്ന കാളക്കിടാവിനെപ്പോലെയാകും….ആ കുസ്രുതിയും കുന്നായ്മയും മനസ്സി ലേക്കു പകർത്തിയാകും പിന്നെ ഓണക്കാലം തിമിർത്ത് കൊണ്ടാടുക. ആഘോഷങ്ങളേയും ആഹ്ലാദാരവങ്ങളേയും മനസ്സിന്റെ കിളിപ്പന്തു കളിക്കളത്തിലേക്കു എന്ന പോലെ കൂട്ടികൊണ്ടുവരുംഅവിടെ ആഘോഷങ്ങൾ ഞങ്ങളുടേതു മാത്രമായി മാറും ; അചാരങ്ങളും, ആർപ്പു വിളികളും ഞങ്ങൾക്കു മാത്രം അവകാശപ്പെടവുന്ന രീതികളായി മാറും. അതൊരു വഴിക്കു നീങ്ങും :….

പിന്നെ……. പുലരിയുടെചുവപ്പു മായും മുൻപെ…പൂക്കളമൊരുക്കാൻ പൂവ് നുള്ളാനിറങ്ങുന്ന

കുരുന്നുകളൊടൊപ്പം..നാട്ടു വഴികളും…നാല്പാമരചോടും, കാവും, കാട്ടുപുൽമേടും, ഓടിനടന്നു ഇലക്കുമ്പിളിൽ ശേഖരിച്ചെടുക്കുന്ന പൂക്കൾ ചേർത്ത് നിറങ്ങളുടെ നിലാവു പോലെ ഒരു കുഞ്ഞു പൂക്കളം തീർക്കാനും , പാട്ടു പാടിയും , തുമ്പിയെ പിടിക്കാനോടിയും, നീളേ കുളിരുമായൊഴുകുന്ന

കുഞ്ഞുപുഴയുടെ കുളിരിലേക്കലിഞ്ഞു കൂട്ടുകാരോടൊപ്പം ആഹ്ലാദം പങ്കിടാനും ഓണക്കാലം

എനിക്കു എന്നും പ്രിയപ്പെട്ടതായിരുന്നു. ഓണക്കാല വിനോദങ്ങളിൽ പട്ടം പറത്തിയും, പുലിക്കോലം കെട്ടിയാടിയും കിളിപ്പന്തു കളിച്ചും, കണ്ണാരംപ്പൊത്തിക്കളിച്ചും ആസ്വദിച്ചിരുന്നു

ഇടവേളകളിൽ കൂട്ടുകാരുടെ വീടുകളിൽ എത്തിപ്പെട്ടാൽ അവിടെനിന്നും കിട്ടുന്ന ഉപ്പേരിയോ, ശർക്കരപുരട്ടിയോ നാവിനും ആസ്വാദ്യമേകിയിരുന്നു. ഓണസദ്യയൊരുക്കുന്ന വീടുകളിലൊക്കെ

എന്തു സഹായത്തിനും ഞങ്ങളുണ്ടായിരുന്നു. പച്ചക്കറി നുറുക്കാനും, തേങ്ങചിരകാനും, എന്നു വേണ്ട ഞങ്ങൾ കുട്ടികൾ ഓരോവീട്ടിലേയും ഓണാഘോഷത്തിന്റെ ഭാഗം തന്നയായിരുന്നു.

ഒന്നാം ഓണനാൾ മുതൽ ഓണസദ്യയും, പായസപെരുമയും ആഘോഷിച്ചു തുടങ്ങുമായിരുന്ന

ഞങ്ങളുടെ കുഞികുടവയറുകളെ എല്ലാ വീടിന്റേയും സദ്യവട്ടങ്ങളും ആവോളം സൽക്കരിച്ചിരുന്നു

ഓണപ്പാട്ടും, പുലിക്കളിയും, ഓണത്തപ്പനും, ഓണപ്പൊട്ടനും, പിന്നെ പാടവരമ്പത്ത് പന്തങ്ങൾ

കൊളുത്തി വെച്ച് സ്നേഹിച്ചാരാധിച്ചിരുന്ന പാടത്തെപൊട്ടനേയും ഓണാഘോഷങ്ങളോടൊപ്പം മനസ്സിലേക്ക് ചേർത്ത് വെച്ചിരുന്നു. ഒരിക്കലും കൈമോശം വരരുതെന്നാശിച്ച്

കാലത്തിന്റെ അനസ്യുതമായ ഒഴുക്കിൽ വിരലുകൾക്കിടയിലൂടെ ഊർന്നിറങ്ങിപ്പോയ നഷ്ടങ്ങളിൽ നിമിഷങ്ങളെപ്പോലും എന്റെ ചോരയിലേക്കു പകർത്തി വെച്ച ഓണക്കാലം

തന്നെയായിരുന്നു മുന്നിൽ. നഷ്ടങ്ങളേയും നൊമ്പരങ്ങളേയും അറിയാതെ അവഗണിച്ച്

ജീവിതത്തിന്റെ മേച്ചില്പുറങ്ങൾ തേടിയലഞ്ഞപ്പോഴും ഓർമ്മകളിൽ പൂക്കാലവസന്തവും. അവയിൽ സ്പന്ദിച്ചിരുന്ന ഓരോ നിമിഷങ്ങളും,ആ നിമിഷങ്ങളിലെ അഹ്ലാദവും. നിറഞു നിന്നിരുന്നു.

ഇപ്പൊഴീ ജനാലക്കു പിന്നിൽ തളർന്നുപോയ കാലുകളെ താങ്ങിയിരിക്കുന്ന കസാരയിൽ ഇരുന്നു കൊണ്ടു പുറത്ത് …. പൂവിട്ടു നിൾക്കുന്ന നന്ദ്യാർവട്ടത്തേയും , കുറ്റിമുല്ലയേയും നോക്കി ഇങ്ങനെ ഓർമ്മകളെ താലോലിച്ചിരിക്കുമ്പൊ......... പുറത്ത് നിന്ന് കാതിലേക്കും മനസ്സിലേക്കും കിനിഞ്ഞിറങ്ങുന്ന ഓണക്കാലത്തിന്റെ ഈ…ആഹ്ലാദാരവങ്ങൾ എന്നെ വീണ്ടും പഴയ ബാല്യകാലത്തിന്റെ ഓണത്തുടിപ്പുകളിലേക്കു… എത്തിക്കില്ലേ…?

No comments:

Post a Comment

Note: Only a member of this blog may post a comment.