Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:3 ജ്യോതിര്‍മയി ശങ്കരന്‍

 ജ്യോതിര്‍മയി ശങ്കരന്‍


മലയാളത്തിനു ഒരിയ്ക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണു മാവേലിയുടെ കാലത്തിനെക്കുറിച്ചുള്ള ഓണപ്പാട്ടുകള്‍ നല്‍കുന്നതു.സത്യമായും അങ്ങനെയൊരു കാലം ഉണ്ടായിരുന്നിരിയ്ക്കുമോ? കുട്ടിക്കാലത്തു പലപ്പോഴും മനസ്സില്‍ പൊട്ടി മുളച്ചിട്ടുള്ള ഒരു സംശയമാണിതു .ഓണം എന്ന വാക്കു അതിന്റെ ആഘോഷത്തിനേക്കാളെറെ മലയാളിയെ സ്വാധീനിയ്ക്കാന്‍ ഒരു പക്ഷേ ഈ ഓണശ്ശീലുകളും അതിനോടനുബന്ധിച്ച ഒട്ടേറേ ഐതിഹ്യ കഥകളും തന്നെയായിരിയ്ക്കാം കാരണം. ഒട്ടേറെ കുരുന്നു മനസ്സുകളില്‍ എന്നെപ്പോലെത്തന്നെ അവ കുതൂഹലതയുണര്‍ത്തിയിരുന്നിരിയ്ക്കാം.തലമുറകളായി കൈമാറി വന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്നു നാം ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. അതിന്റേതായ നിഷ്ക്കളങ്കതയോടെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അസുര ചക്രവര്‍ത്തിയായ മാവേലി നമ്മുടെ കണ്ണില്‍ എന്നും ദൈവീക പുരുഷനായിരുന്നു.കളളക്കര്‍കിടകത്തിലെ പഞ്ഞവും അസുഖങ്ങളും മാറി പൊന്നിന്‍ ചിങ്ങം വന്നെത്തിയാല്‍ മാവേലിയെ എതിരേല്‍ക്കാന്‍ മനസ്സും തയ്യാറാവുന്നു. ഇനിയങ്ങോട്ടു സമൃദ്ധിയുടെ നാളുകളാണല്ലോ?

പഴയ കാലത്തെ ഓണത്തെക്കുറിച്ചു ഇന്നു ഓര്‍മ്മകള്‍ മാത്രം. ഓണം ആഘോഷിയ്ക്കായ്കയല്ല , അതിന്റെ ഹൃദ്യത കുറഞ്ഞുകൊണ്ടേ വരുന്നെന്നു മാത്രം. ഉള്ളിന്റെയുള്ളില്‍ ഒരു നഷ്ടസ്വര്‍ഗ്ഗത്തിന്റെ വേദന ഓരോ വര്‍ഷവും കൂടിക്കൂടി വരുന്നു. ഓണം എന്നതു ഒരു കാലത്തു ഒരു വിളവെടുപ്പുത്സവം ആയിരുന്നിരിയ്ക്കണം ശരിയ്ക്കും മണ്ണിന്റെ മണമുള്ള ആഘോഷം.. മാവേലി മന്നന്റെ കഥകളും പാടി , നിറഞ്ഞ പത്തായത്തിന്റെ നാളുകളില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ ഭംഗിയില്‍, മഴക്കാറു നീങ്ങിയ മാനത്തിനു കീഴില്‍ കഠിനാദ്ധ്വാനത്തിന്റെ നാളുകളില്‍ നിന്നും കുറച്ചു നാളത്തേയ്ക്കുള്ള ഒരു വിശ്രമമെന്നോണം മാനസോല്ലാസത്തിനായി പലതരം കളികളും കളിച്ചു, ഒരുമയുടെ സൌഹൃദം പങ്കു വച്ചിരുന്ന നാളുകള്‍. ആധുനികതയുടെ കിരണങ്ങള്‍ കാലത്തിന്റെ ഗമനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പലതും ആദ്യമൊക്കെ ഇമ്പമായിത്തോന്നി. പക്ഷെ പ്രകൃതിയെ മനുഷ്യന്‍ മറക്കാന്‍ തുടങ്ങിയ നാളുകളായിരുന്നു പിന്നീടു വന്നവ. പറമ്പില്‍ സ്വയം അദ്ധ്വാനം ചെയ്യാന്‍ മടി. മാര്‍ക്കറ്റില്‍ നിന്നും എല്ലാം വാങ്ങല്‍ പതിവായി .ഓണപ്പൂക്കളിറുക്കാനും പൂക്കളമിടാനും സമയക്കുറവു. മഹാബലി പുസ്തകത്താളുകളിലൊതുങ്ങി.എന്തിനേറെ, സദ്യ പോലും റെഡിമെയ്ഡ് മതിയെന്നായി. ഇതോ ഓണം? പൂക്കളുടെയും പുത്തനുടുപ്പിന്റെയും ഗന്ധത്തിന്റെ ലഹരിയും ആരും ഒര്‍മ്മിയ്ക്കുന്നില്ലെന്നോ? ഓണം ആഘോഷിയ്ക്കുന്നതിനുള്ള കാരണം എന്തുമാകട്ടെ, വര്‍ഷത്തിലൊരിയ്ക്കല്‍ എല്ലാ ദു:ഖങ്ങളും മറന്നു പുത്തനുടുപ്പും, സദ്യയും, പാട്ടും കളികളും കൊണ്ടു നാടിനെ ഉണര്‍ത്തുകയെന്ന ആ സങ്കല്‍പ്പം ഒന്നു തന്നെ അന്നത്തെ കാലത്തു മനുഷ്യമനസ്സിനു നവോന്മേഷമേകാനുള്ള ഏറ്റവും വലിയ ശ്രമമായിരുന്നില്ലേ?. മലയാള മണ്ണിനു മുഴുവനും ഏകീകൃതഭാവം നല്‍കാനായി തിരഞ്ഞെടുത്ത സമയം.

മറ്റീരിയലിസ്റ്റിക് ആയ ജീവിതത്തിനോടുള്ള മനുഷ്യന്റെ അടക്കാനാവാത്ത അഭിനിവേശമാവാം ഒരു പക്ഷേ നമ്മുടെ ലളിതമായ ജീവിതത്തെയും അതിന്റെ ഭാഗമായ ഇത്തരം ആഘോഷങ്ങളേയും ഇങ്ങനെ നശിപ്പിയ്ക്കുന്നതു,.. നമ്മുടെ മാത്രം ഒറ്റപ്പെട്ട ഒരു സംഭവമല്ലിതു. ഗ്ലോബലൈസേഷനെന്ന അമൃതിനൊപ്പം കിട്ടിയ കാളകൂടത്തിലൊരംശം. പുരോഗമനം വേണ്ടെന്നല്ല, ബലിയാടുകളെ ഓര്‍ത്തെന്നു മാത്രം. എല്ലാം മുന്നോട്ടുള്ള പ്രയാണത്തിന്റെ കുത്തൊഴുക്കായി മാത്രം കാണുക തന്നെ നല്ലതു.. മലയാളികള്‍ എത്തിച്ചേരാത്ത ഒരു സ്ഥലവുമില്ല.എന്നാണല്ലോ പറച്ചില്‍. . മറുനാടന്‍ മലയാളിയ്ക്കു ഇന്നു ഓണം മാത്രമണു ഒരു കമ്മ്യൂണിറ്റി ആഘോഷമായി കൊണ്ടാടാനായിട്ടുള്ളതു.. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ചു നമുക്കു ആഘോഷങ്ങള്‍ വളരെ കുറവാണല്ലോ? കുറവാണോ അതോ പലതും ക്ഷേത്രാധിഷ്ടിതമായതു കൊണ്ടാണൊ എന്നുമറിയില്ല. വിഷു കുടുംബത്തിനകത്തു മാത്രമായി ഒതുങ്ങി നില്‍ക്കുന്നു. അപ്പോള്‍ പിന്നെ നമ്മുടെയെന്നഭിമാനിയ്ക്കാനായി ഓണം മാത്രമേ ഉള്ളൂ. മറ്റുള്ളവര്‍ക്കു ചൂണ്ടിക്കാട്ടാനായിട്ടാണൊ നാം ഓണം ആഘോഷിയ്ക്കുന്നതെന്നു തോന്നിപ്പോകാറൂണ്ടു. എന്തോ കടമ ചെയ്തു തീര്‍ക്കുന്നത് പോലെയാണു പലപ്പോഴും നമ്മുടെ ഓണാഘോഷത്തെ കണ്ടു വരുന്നതു.


മുംബൈ നഗരത്തില്‍ ഓണം  എത്തിയെന്നറിയുന്നതു മലയാളിയുടെ കടയുടെ മുന്നില്‍ക്കാണുന്ന പഴക്കുലയുടെ എണ്ണം കൂടുമ്പോഴാണു. പുതിയ വസ്ത്രം എടുക്കലോ പൂവിടലോ ഇവിടെ വീടുകളില്‍  പതിവില്ല. .ഉത്രാടസ്സദ്യ പോലുമില്ല.  പുളീഞ്ചി, കാളന്‍ എന്നിവകൂടി പലരും തയ്യാറാക്കിയവ വാങ്ങുന്നു. പഴം, പപ്പടം, പഴംനുറുക്കു, ഉപ്പേരികള്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിയ്ക്കും. അതാതു ഏരിയയിലെ കേരളീയ സമാജം, മറ്റു സുഹൃദ് സംഘടനകള്‍ എന്നിവ പതിവായി ഓണപ്പൂക്കളമത്സരവും കൈകൊട്ടിക്കളിയും എല്ലാവര്‍ഷവും സംഘടിപ്പിയ്ക്കാറുണ്ടു. ഓണസ്സദ്യയും കാണും.ഒരു ഗെറ്റ് ടുഗദര്‍ എന്നതിലധികന്മായി ഇതിനെ കാണാന്‍ ഒരിയ്ക്കലും സാധിയ്ക്കാറില്ല. കാരണം ഓണം എന്നു പറഞ്ഞാല്‍ ഇതൊന്നുമല്ല എനിയ്ക്കു. സദ്യയോ, മത്സരമോ, കൈഒട്ടിക്കളിയോ ഓണത്തിന്റെ ഓര്‍മ്മകള്‍ ഒരിയ്ക്കലും ഉണര്‍ത്തുന്നില്ല. മറിച്ചു ഈ യാന്ത്രിക ജീവിതത്തില്‍ ഞാനും ജീവിച്ചിരിപ്പുണ്ടെന്ന ഓര്‍മ്മ മാത്രമാണെനിയ്ക്കു നല്‍കുന്നതു. ഒരു ന്യൂ ഇയര്‍ ആഘോഷമോ ഒരു ആന്നിവേര്‍സറിയോ ആഘോഷിയ്ക്കുന്നതിലെന്ന പോലെ. അല്ലെങ്കിലും ആഘോഷത്തിനു ഒരു കാരണമാണു നാം എന്നും അന്വേഷിച്ചതു. അതു കിട്ടിയാല്‍ പിന്നെന്തിനു ചിന്ത.

പുത്തന്‍ തലമൂറ അതാണല്ലോ ചെയ്യുന്നതു. നാളെയുണ്ടെന്നു കരുതാതെ ഇന്നിനെ ആസ്വദിയ്ക്കുക. ഒരര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നതു ശരിയാണോയെന്നു പോലും തോന്നിപ്പോകാറുണ്ടു. ഏതു നിമിഷവും അവസാനിയ്ക്കാവുന്ന ലോകം.മനുഷ്യനും പ്രകൃതിയും അതിനു മത്സരിയ്ക്കുകയാണു. പ്രകൃതിയെ വെല്ലു വിളിയ്ക്കുന്ന മനുഷ്യന്നറിയാം, പരിണതഫലം എന്തായിരിയ്ക്കുമെന്നു. ഇന്നല്ലെങ്കില്‍ നാളെ അതു സംഭവിയ്ക്കാതിരിയ്ക്കയുമില്ല. എന്തു സുരക്ഷിതത്വമാണു വരും തലമുറയ്ക്കായി നമുക്കു  കൊടുക്കുവാനുള്ളതു? അപ്പോള്‍ പിന്നെ സ്വയം ജീവിതം എന്തിനു ആസ്വദിയ്ക്കാതിരിയ്ക്കണം?
നഷ്ടത്തെക്കുറിച്ചു അറിയുന്നവര്‍ക്കേ അതില്‍ ദു:ഖം തോന്നുകയുള്ളൂ .അല്ലാത്തവര്‍ക്കെന്തു ദു:ഖം?  എനിയ്ക്കു ദു:ഖം തോന്നുന്നുണ്ടു. നാട്ടിലായാലും മറുനാട്ടിലായാലും ഓണം  ഇത്രയുമേറെ മാറിപ്പോയതില്‍. ഓണം മാത്രമല്ലോ മാറിയതു? . മലയാളമണ്ണും മലയാളിയുമൊക്കെ മാറ്റങ്ങള്‍ക്കു അടിമയായില്ലെ? പുത്തരിച്ചോറൂണ്ണാന്‍ സ്വര്‍ണ്ണനെല്ലു വിളയേണ്ട പാടങ്ങള്‍ ദിനം പ്രതി അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നു. പാടങ്ങളില്‍ കൃഷി ചെയ്യാനും ചെയ്യിയ്ക്കാനും ആളില്ല. മണ്ണിട്ടു നികത്തിയ പാടങ്ങള്‍  മണിമേടകളും മള്‍ട്ടിസ്റ്റോറി കെട്ടിടങ്ങളുമായി മാറുന്നു. മാളുകളും ഷോറൂമുകളും പുതിയ സംസ്ക്കാരത്തിന്റെ മാറ്റൊലികളുമായി രംഗത്തെത്തുന്നു. ഇതാനു പുതിയ സംസ്കാരമെന്നും ഇതിനായാണു ഇനി യത്നിയ്ക്കേണ്ടതെന്നുമുള്ള പാഠമാണു  നാം ഇപ്പോള്‍  വരും തലമുറയ്ക്കു കൊടുക്കുന്നതു.മറ്റൊന്നു കൂടിയുണ്ട്, എന്തും പണം കൊണ്ടു സാധ്യമാവുമെന്നും പണം മാത്രം കൊണ്ടേ സാധ്യമാവൂ എന്നും. ഇത്തരുണത്തില്‍ മാവേലിയുടെ കാലത്തിനെക്കുറിച്ചെന്തിനു പറയണം, അല്ലേ?
മറുനാടന്‍ മലയാളിയ്ക്കെന്നും ഗൃഹാതുരത്വമാണു. നാടിനോടു ബന്ധപ്പെട്ട എന്തിനോടും. ഓണം അവരുടെ മനസ്സിനെ ഒരിത്തിരി ദുര്‍ബലമാക്കുന്നുണ്ടു. എന്തൊക്കെയൊ നഷ്ടപ്പെട്ടു വെന്ന വിചാരമാകാം. നാട്ടിലേയ്ക്കു പോകുന്ന സുഹൃത്തിനെ രയില്‍ വേ സ്റ്റേഷന്‍ വരെ അനുഗമിച്ചു യാത്രയയച്ചു തിരിച്ചു വരുന്ന മലയാളിയുടെ  മനോവിചാരം പോലെ. ;‘നാളികേരത്തിന്റെ  നാട്ടിലെനിയ്ക്കു…‘ എന്നു പാടുമ്പോഴവന്‍ വികാരധീനനാകുന്നതും  മറ്റൊന്നും കൊണ്ടല്ല. മാവേലി വാണ  കാലത്തെക്കുറിച്ചല്ല അവനോര്‍ക്കുന്നതു…അതേക്കുറിച്ചോര്‍ത്തു  അഭിമാനം കൊണ്ടിരുന്ന ഒരു ജനതയുടെ കടന്നുപോയ നാളുകളെക്കുറിച്ചോര്‍ത്തു മാത്രം. ജോലിക്കാര്യത്തിനായി നാടു വിടുന്ന ആദ്യതലമുറയിലെ  മലയാളി മുന്നില്‍ നല്ലൊരു ഭാവിയെ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നത്തിലും ഓണത്തിനു നിറം മങ്ങലുണ്ടായിരുന്നില്ല. . അടുത്ത തലമുറയിലേയ്ക്കു അതു പകര്‍ന്നു കൊടുക്കുവാനും വലിയ ബുദ്ധിമുട്ടുള്ളതായി അവനു തോന്നിയില്ല. ഇഴയടുപ്പമുള്ള കുടുംബബന്ധങ്ങളും കലാസാംസ്കാരിക രംഗങ്ങളും  അടിയ്ക്കടി നാട്ടിലേയ്ക്കുള്ള യാത്രകളും  ആദ്യ തലമുറയ്ക്കുള്ളത്ര   ഇല്ലെങ്കിലും അവ്യക്തമായ ഒരു  രേഖാ ചിത്രം അവന്റെ മനസ്സില്‍ വരയ്ക്കാനുതകി.. പക്ഷെ രണ്ടാം തലമുറ അതിലൊക്കെ പരാജയപ്പെട്ടതായാണിവിടെ കാണപ്പെടുന്നതു. പകര്‍ത്തിക്കൊടുക്കാനുള്ള അറിവില്ലായ്മയും  കഴിവില്ലായ്മയുമാവാം ഇതിനു  ഒരു കാരണം. ശിഥിലമായ കുടുംബബന്ധങ്ങളും അകല്‍ച്ചകളും അതിന് ആക്കം കൂട്ടിയപ്പോല്‍  ആര്‍ക്കോ വേണ്ടി കാട്ടിക്കൂട്ടുന്ന കഥയറിയാതെ ആട്ടം കാണുന്നവരായി പുതിയ തലമുറക്കാര്‍. അവ്യക്തവും,  വായനയില്‍ നിന്നും കിട്ടുന്ന പരിമിതവും ചിലപ്പൊഴൊക്കെ തെറ്റുമായേക്കാവുന്ന വിവരങ്ങള്‍  മാത്രമായി മാറി അവരുടെ കൈ മുതലുകള്‍‍. സമയക്കുറവുംകൂട്ടത്തില്‍ കൂടുന്നതിനുള്ള വിമുഖതയും, ഒക്കെ ഇതിനു വളം  വച്ചപ്പോള്‍  ഓണാഘോഷം എന്നതു വെറും കാട്ടിക്കൂട്ടലുകള്‍  മാത്രമായ് മാറുന്നു. നാടകങ്ങള്‍ അപ്രത്യക്ഷമായി, ഓണപ്പാട്ടുകള്‍ , കൈകൊട്ടിക്കളി എന്നിവയും  അധികം വൈകാതെ അപ്രത്യക്ഷമായിക്കൂടായ്കയില്ല.
 
ഓണം വന്നല്ലോ ആയിരമോര്‍മ്മക-

ളോടിയെത്തി മനസ്സില്‍

നീളെ പൂക്കള്‍ വിരിയിച്ചു നില്‍ക്കുന്ന

നാടിന്‍ കൊച്ചു വഴികള്‍

കൂടെക്കൂടെയുയര്‍ന്നു വരുന്നൂ‍

പൂവിളികള്‍ തന്‍ നാദം

തോളില്‍ കയ്യിട്ടു കൂട്ടുകാരൊത്തു ഞാന്‍

തേടിപ്പൂക്കളെയെത്ര?

ഓണത്തപ്പനെ മണ്ണിനാല്‍ തീര്‍ക്കുമ്പോള്‍

കൂടെ നില്‍ക്കാറുമുണ്ടേ!

നാടിന്‍ മുക്കുകളെല്ലാം നിറഞ്ഞു

മോടിയാകുന്ന കാലം

മേലെയങ്ങാടി കാണാന്‍ കുതുകം

നീളെത്തൂങ്ങും കുലകള്‍

ഒട്ടുമോഹത്താല്‍കാത്തുനില്‍ക്കും ഞാന്‍

പട്ടുടുപ്പൊന്നു കിട്ടാന്‍

അച്ഛനോടു കിണുങ്ങും പുതിയ

കൊച്ചൂഞ്ഞാലൊന്നു കെട്ടാന്‍

മുറ്റത്തെമാങ്കൊമ്പിലുയരും

കൊച്ചൂഞ്ഞാലെന്തു ഭംഗി!

ഉറ്റതോഴരുമൊത്തു ഞാനെത്രയോ

ഒച്ചവച്ചൂഞ്ഞാലാടി?

ഓണത്തപ്പനു പൂജിച്ചുകിട്ടും

ഓണപ്പൂവടയോര്‍പ്പൂ

ഓണക്കോടിയുടുത്തു ഞാന്‍ തീര്‍ക്കും

ഓണപ്പൂക്കളമന്നു

ചേലില്‍ നിര്‍മ്മിച്ച പൂക്കളമന്നു

കാലുകൊണ്ടെന്റെയേട്ടന്‍

താറുമാറാക്കിയെന്നതു കണ്ടു ഞാന്‍

തേങ്ങിയൊട്ടു കരഞ്ഞു.

പാവമെന്നു കരുതിയന്നേട്ടന്‍

വേറെ പൂക്കളം തീര്‍ത്തു

ചാരുതയാര്‍ന്ന പൂക്കളം കണ്ടെന്‍

തോഴരെല്ലാം കൊതിച്ചു

ഒട്ടു ചിന്തകളോടിയെത്തുന്നു

നഷ്ടമായിന്നതെല്ലാം

എത്ര സുന്ദരമായ ദിനങ്ങള്‍

കഷ്ടമെങ്ങോ മറഞ്ഞു?

ഈണത്തില്‍ അലയൊലിച്ചെത്തുന്ന ഓണപ്പാട്ടുകള്‍. പൂവിളികള്‍, , നാടന്‍ പാട്ടുകള്‍‍, പന്തുകളി, ഗ്രാമീണ സൌന്ദര്യത്തിന്റെ നൈര്‍മ്മല്യം എടുത്തു കാട്ടുന്ന കൈകൊട്ടിക്കളി. , സദ്യ, വേണ്ടപ്പെട്ടവരെയൊക്കെ ഊട്ടല്‍, അവര്‍ക്കൊക്കെ ഓണസമഗ്രികള്‍ പങ്കുവെയ്ക്കല്‍ എല്ലാത്തിലും വളരെ ആഹ്ലാദം കണ്ടെത്തിയിരുന്ന നാളുകള്‍. അവയെയെല്ലാം നിഷ്ക്കളങ്കമായ കണ്ണുകള്‍ കൊണ്ടു കാണാന്‍ സാധിച്ച ആ കുട്ടിക്കാലം. അതാണു ഇന്നത്തെ തലമുറയ്ക്കു നഷ്ടമായതു.ജനിച്ചു ഭൂമിയില്‍ വീഴുന്നതിനു മുന്നെത്തന്നെ പ്ലാന്‍ ചെയ്ത വരകളില്‍ക്കൂടി മാത്രം നീങ്ങി മത്സരക്കളരികളിലും പഠനക്കളരികളിലുമായി ശ്വാസം മുട്ടുന്ന അവര്‍ക്കെവിടെ പൂക്കൂടയുമേന്തി, പൂവിറുത്തു പൂപ്പാട്ടുകള്‍ പാടാന്‍ നേരം? പൂക്കളമിടാന്‍ നേരം? അവര്‍ക്കറിയാം , ഓണപ്പാട്ടുകള്‍. പലവുരു പാടി മന്‍സ്സില്‍ കോറിവച്ചവ. മത്സരങ്ങള്‍ക്കായിട്ടു. , അവര്‍ ഇടും പൂക്കളം, മനോഹരമായിത്തന്നെ, വിവിധ വര്‍ണ്ണങ്ങളില്‍, ആകൃതികളില്‍. പക്ഷേ ഒക്കെ മത്സരത്തിന്റെ ചൂടില്‍ മാത്രം. മനസ്സു നിറഞ്ഞ നൈര്‍മ്മല്യത്തിറ്റെ പ്രതീകമായിട്ടാവില്ലെനന്നു മാത്രം.ഓണത്തിനെ മനസ്സില്‍ ഉള്‍ക്കൊണ്ടിട്ടാവില്ലെന്നു മാത്രം.പഴയ തലമൂറ പൂവെ വിളിയുടെ മാധുര്യത്തില്‍ കോരിത്തരിച്ചിരുന്നുവെന്ന ക്ഥ അവര്‍ക്കറിയില്ലല്ലോ?

ജീവിതം തന്നെ മാറ്റങ്ങളുടെ ഒരു അന്തമില്ലാത്ത ഒഴുക്കാണല്ലൊ? അപ്പോള്‍ പിന്നെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുടെ അലയൊലി നിത്യ ജീവിതത്തേയും ബധിയ്ക്കാതിരിയ്ക്കില്ലല്ലോ?. പക്ഷേ മലയാളി ഒരടി കൂടുതല്‍ മുന്നിട്ടു വച്ചോ എന്നു മാത്രം സംശയം. കാലാകാലങ്ങളായി ഉരുത്തിരിഞ്ഞു വന്ന ആചാരങ്ങളെയും സമ്പ്രദായരീതികളെയും തട്ടി മാറ്റുന്നതില്‍ ഊറ്റം കൊള്ളുന്നവരാണു നമ്മളെന്നു തോന്നുന്നു. ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലെ പല സ്ഥലങ്ങളിലും പഴയ ചിട്ടകളേയും ആചാരങ്ങളെയും ആഘോഷങ്ങളേയും കൂടുതല്‍ കൂടുതല്‍ മുറുക്കിപ്പീടിയ്ക്കുന്നതിനായുള്ള ശ്രമം നടത്തുമ്പോള്‍ നാം അതില്‍ നിന്നും വിമുക്തരായെന്നതിലുള്ള സന്തോഷത്തിലാണെന്നു തോന്നുന്നു
നമുക്കു കൃത്യമായി ഒരു അറിവുമില്ല, മഹാബലി എന്ന് ഒരു അസുര ചക്രവര്‍ത്തി ഉണ്ടായിരുന്നുവോ എന്നും,അദ്ദേഹം ഏതു കാലയളവിലാണു നാടു വാണിരുന്നതെന്നും.പുരാണങ്ങളിലെ കഥകള്‍ മാത്രമാണു ഇതിനു ആസ്പദം..ഭാഗവതത്തിലും, മത്സ്യപുരാണം, വാമനപുരാണം എന്നിവയിലും കൊടുത്തിരിയ്ക്കുന്ന കഥകള്‍ വരും തലമൂറയ്ക്കും വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല. . അവതാരങ്ങളുടെ കാരണം തന്നെ ധര്‍മ്മ രക്ഷാര്‍ത്ഥമാണല്ലൊ? അത്തരം ഒരു കാലഘട്ടത്തിലായിരുന്നിരിയ്ക്കണം മഹാബലി കേരളം വാണിരുന്നതു..പക്ഷെ ഇത്രയും നല്ലവനായിട്ടും ബലിയ്ക്കു ധര്‍മ്മച്യുതി പറ്റി. , ശിക്ഷയും കിട്ടി. നല്ലവനായ രാജാവിനെ സ്ണേഹിച്ച പ്രജകള്‍, പ്രജകളെ അകമഴിഞ്ഞു സ്ണേഹിച്ച രാജാവു. . ഒരേയൊരു വരം മാത്രം വാമനനില്‍ നിന്നും വാങ്ങി. ആണ്ടിലൊരിയ്ക്കല്‍ പ്രജകളെ കാണാനായൊരു സന്ദര്‍ശനത്തിനായി.എത്ര സുന്ദരമായ ഒരു സങ്കല്‍പ്പം, അല്ലേ?

സമൃദ്ധി സ്വപ്നം കണ്ടിരുന്ന നാളുകളിൽ ഓണത്തെക്കുറിച്ചു ഓർക്കാനും കാത്തിരിയ്ക്കാനും രസമുണ്ടായിരുന്നിരിയ്ക്കണം. ഓണക്കാലത്തു പതിവായി സദ്യവട്ടങ്ങൾ കഴിച്ചു ശീലിച്ചവർക്കു അതിനപ്പുഅം പ്രതീക്ഷിയ്ക്കാനായി ഒന്നുമുണ്ടായിരുന്നില്ല. അപ്പോൾ ഓണത്തിനു പ്രസക്തി കൂടി. ഇപ്പോഴാണെങ്കിലോ, ജീവിതരീതി മാറി, ഭക്ഷണശീലം മാറി, കൈയ്യിൽ കാശിനും മുട്ടില്ല. പിന്നെ ഒരു രസത്തിനായി മാത്രം ഓണം ആഘോഷിയ്ക്കുന്ന നാളുകളാണിനി വരാനിരിയ്ക്കുന്നതു. എന്നാലും വരും തലമുറ ഓണം കൊണ്ടാടാതിരിയ്ക്കില്ലെന്നു നമുക്കു പ്രത്യാശിയ്ക്കാം.
 

No comments:

Post a Comment

Note: Only a member of this blog may post a comment.