Ind disable

Tuesday, September 7, 2010

KATHA NO 4 ശിലിന്‍ വി എസ്


"ദൈവത്തിന്റെ കുഞ്ഞാട് " ശിലിന്‍ വി എസ്
ഫാദര്‍ ഗബ്രിയേല്‍ ചുവന്ന വീഞ്ഞും അപ്പവും ഇറച്ചിയും കൂട്ടി തൊണ്ട തൊടാതെ വിഴുങ്ങി.അച്ചന്റെ കുശിനിക്കാരന്‍ ഔസേപ്പിന് അത് പുതുമയുള്ള കാഴ്ച്ചയല്ല.അച്ചനെ കണ്ട നാള്‍ മുതല്‍ ഇതു പോലെ കണ്ണും തള്ളി ആര്‍ത്തിപിടിച്ചു കഴിക്കുന്നത്‌ കാണുന്നതാണ്.ഏതോ ഗതി പിടിക്കാത്ത വീട്ടിലെ അംഗമായിരിക്കുമെന്ന്‌ തീറ്റ കണ്ടാലറിയാം.ബൈബിളില്‍ ആര്‍ത്തിയും ഒരു പാപമാണ്.പക്ഷെ അച്ചന്റെത് ആര്‍ത്തിയല്ല,ആക്രാന്തമാണ്.ആരെങ്കിലും തന്റെ പാത്രത്തില്‍ കൈയിടുമോ എന്ന വെപ്പ്രാളം.ഭക്ഷണം ചവച്ചരച്ച് കഴിക്കാത്തത് കാരണം വയറിന് മിക്കപ്പോഴും കുഴപ്പമാണ്.അതിനായി ഇപ്പോള്‍ ആയുര്‍വേദത്തിലെ ഒരു പച്ച ഗുളിക കഴിക്കാറുണ്ട്.ദഹനത്തിന് സൂപ്പര്‍ ആണത്രേ. വീണ്ടും ചുവന്ന വീഞ്ഞ് അകത്താക്കുമ്പോള്‍ ഔസേപ് ആശയോടെ നോക്കി.എന്നത്തെയും പോലെ നിരാശനായി.ഒരു തുള്ളി പോലും ബാക്കിവെയ്കാതെ ചുവന്ന വീഞ്ഞ് മോന്തി അച്ചന്‍ ചുവന്ന്‌ തുടുത്തു.

അപ്പോഴേക്കും പുറത്ത്‌ ടാക്സി വന്നു വിളിച്ച്‌ കൂവി.അച്ചന്‍ സമയം നോക്കി.അഞ്ചു മുപ്പതു.കറുത്ത പാന്‍സും ചുവന്ന ഷര്‍ട്ടും വേഷം.തണുപ്പിനെ തടയാന്‍ ഷാളും എടുത്തു.രാത്രി മഞ്ഞ്‌ വീഴച്ചയുണ്ട്.കുശിനിക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.അച്ചന്‍ യാത്ര പുറപ്പെട്ടു.
"ഇന്നെങ്ങോട്ട്  ആണച്ചോ യാത്ര"..ഡ്രൈവര്‍ വഷളന്‍ ചിരിയോടെ ചോദിച്ചു.മറുപടിയായി ഒരു അഞ്ഞുറു രൂപ ഡ്രൈവറിഞ്ഞിനിട്ടു കൊടുത്തു.
നേരെ ചെന്ന് വണ്ടി ബ്രേക്കിട്ടതു ലാന്‍സ്മാന്‍ ക്ലബ്ബില്‍.അച്ചന്‍ ക്ലബ്ബിന്റെ ഉള്ളിലേക്ക് നടന്നു.ചെറുപ്പക്കാരായ യുവതി യുവാക്കള്‍ ക്ലബ്ബിന്റെ അകത്ത് സജ്ജികരിച്ചിരിക്കുന്ന ക്രിത്രിമ മഴയില്‍ ഡാന്‍സ് ചെയ്യുന്നു.ചുറ്റും കൂടിയ കാഴ്ച്ചക്കാര്‍ അവരുടെ കുളിസീന്‍ കണ്ടാസ്വദിക്കുന്നു.അച്ചനതൊന്നു
ം ശ്രദ്ധിച്ചില്ല..

ഗബ്രിയേല്‍ അച്ചന്‍ എല്ലാവര്‍ക്കും സ്വികാരിയന്‍.അബ്കാരിയും രാഷ്ട്രിയക്കാരും ചില സിനിമപ്രമുഗരും അവിടെയുണ്ടായിരുന്നു.എല്ലാവരും അച്ചനെ വന്ന്‌ തൊഴുതു.കുശലം അന്വേഷിച്ചു.അതില്‍ കുടിച്ച് പൂസായ ഒരുത്തന്‍ അച്ചന്‍റെ പുറകിലൂടെ വന്ന്‌ തട്ടി.
"അച്ചനാള് തടിച്ച് കൊഴുത്തിടുണ്ടല്ലോ..നല്ല കളറും വെച്ചു..."
അവനെ ദഹിപ്പിച്ചൊരു നോട്ടം നോക്കി ഗബ്രിയേലച്ചന്‍ നടന്നു.ചിലരൊക്കെ അച്ചന്‍റെ അടുത്ത് വന്നു തങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞു.അതിനുള്ള പ്രതിവിധിയും അച്ചന്‍ നല്‍കി. ചില ക്യാമറ ഫ്ലാഷുകള്‍ ഇടയ്ക്കിടയ്ക്ക് മിന്നിമറയുന്നത് അച്ചന്‍ ഇത്തിരി ഭീതിയോടെ കണ്ടു.
"ഇവനൊക്കെ വീട്ടില്‍ പൊയ്കൂടെ,എവിടെ പോയാലും കാണും ശല്യങ്ങള്‍"

ഇതിനു മുന്‍പ് ഇത് പോലെ ഒരു പാര്‍ടിയില്‍ പങ്കെടുത്തത് സഭയില്‍ വലിയ ഒച്ചപാട് ഉണ്ടായതാണ്..കുടിവെള്ളമില്ലാത്ത ഇടത്ത് കൃത്രിമ മഴപെയ്ച്ചു  ആഘോഷിച്ചു.ചുറ്റുപാടും താമസിച്ചിരുന്ന ജനങ്ങളുടെ കൈയില്‍ നിന്നും തല്ല് കിട്ടാതെ അന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ് .പക്ഷെ പിറ്റേ ദിവസം വാര്‍ത്തകളില്‍ താന്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യം കാണിച്ചുകൊണ്ടേയിരുന്നു.തനിക്കെ
തിരെ അന്ന് നടപടി എടുക്കാത്തത് ബിഷപ്പിന്റെ ഇടപെടല്‍ മൂലമായിരുന്നു.ഇനി ഇത്തരം പാര്‍ടിയില്‍ പോവുമ്പോള്‍ ശ്രദ്ധിക്കണം എന്ന് ബിഷപ്പ് ഉപദേശിച്ചിരുന്നു...

തിരിച്ച്‌ മേടയിലെത്തിയപ്പോള്‍ നേരം ഒരുപാടായി.രാത്രി മണി ഒന്ന്,ബെല്ലടിച്ചു.ഔസേപ് വാതില്‍ തുറന്നു, അച്ചന്‍ അകത്ത്‌ കയറി.കുറച്ച്‌ നേരം സോഫയില്‍ തലചായിച്ചിരുന്നു."പാര്‍ട്ടി എങ്ങനയൂണ്ടായിരുന്നു അച്ചോ"മറുപടി കിട്ടാത്തതില്‍ ഇളിഭ്യനായി ഔസേപ് മുറിയിലേക്ക് പോയി.അച്ചന്‍ മേശപുറത്ത്‌ ഇടവകയിലെ "ഈശോ" മാസിക കണ്ടു.അച്ചനതില്‍ സ്ഥിരമായി ഒരു പംക്തി എഴുതുനുണ്ട്."ദൈവത്തിന്റെ കുഞ്ഞാട്",വഴിതെറ്റിയ കുഞ്ഞാടുകളെ ഈശ്വരന്റെ വഴിയിലേക്ക് നയിക്കുന്ന ലേഖനങ്ങളാണവ.മികച്ച അഭിപ്രായവും അഭിനന്ദനങ്ങളുമാണ് അച്ചനത്‌ വഴി കിട്ടിയത്.പ്രതിദിനംനൂറിലേറെ അനുമോദന കത്തുകള്‍ വിവിധ മതവിശ്വാസികളില്‍ നിന്ന് അച്ചന് ലഭിച്ചു.ബിഷപ്പിന്‍റെ പ്രത്യക ഉത്തരവ് പ്രകാരം ദേവത്തിന്‍റെ കുഞ്ഞാട് പല പള്ളികളിലും കുര്ബാനക്കൊടുവില്‍ വായിക്കുക പതിവാക്കി.മദ്യപാനികള്‍,കജാവ് വലിച്ച്‌ നടന്നവര്‍ ,മോഷ്ടാക്കള്‍ ഇവരെല്ലാം ഈ പക്തി വായിച്ച്‌  ദൈവത്തിന്റെ പാതയിലേക്ക് കടന്ന് സുവിശേഷ പ്രാസംഗികരായതിന് ചരിത്രം സാക്ഷി.

എന്തിനേറെ  വീട്ടില്‍ മദ്യപിച്ച്‌ വന്ന് ഭാര്യയെ തല്ലിചതച്ചവര്‍  ഇന്ന് ഭാര്യക്ക് മുന്‍പില്‍ സര്‍വ്വതും സമര്‍പ്പിച്ച് പ്രണമിച്ച്‌ നില്‍ക്കുന്നു.മാതാപിതാക്കളെ ബഹുമാനിക്കാതെ ചീട്ട് കളിച്ച് നടന്നവര്‍ ഇന്ന് ഒരു പട്ടിയെ പോലെ അവരെ സേവിക്കുന്നു.ഇതൊന്നും പോരാത്തതിനു പലരും അച്ചനെ വന്ന്‌ കാണാന്‍ തുടങ്ങി. അമേരിക്കയിലും,ഇഗ്ലാണ്ടിലും, ഓസട്രലിയില്‍ നിന്നും അച്ചന് ക്ഷണം ലഭിച്ചു.അവിടെയെല്ലാം സെമിനാറുകളും പ്രഭാഷണങ്ങളും നടത്തി അച്ചന്‍ പ്രശസ്തനായി.മറ്റു പല ഇടവകകളിലെ അച്ചന്മാര്‍ക്ക് അച്ഛന്‍ ഗബ്രിയേല്‍ ഒരു കരടായി.പള്ളിയിലെ മേലധ്യക്ഷന്‍മാര്‍ കൂടിയിരുന്ന്‌ ചര്‍ച്ചയായി,പലതും അച്ചനെതിരെ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും ബിഷപ്പിന്‍റെ  ഏറ്റവും പ്രിയപ്പെട്ടവനായി ഗബ്രിയേല്‍ ഉയര്‍ന്നു. പള്ളിയിലെ ഉള്ളറകളികളില്‍ വീഴാതെ സമര്‍ത്ഥനായി അച്ചന്‍ തന്‍റെ ജൈത്രയാത്ര തുടര്‍ന്നു.കൂടാതെ "ദൈവത്തിന്റെ കുഞ്ഞാടിലൂടെ പലരെയും കണക്കിന് പ്രഹരിച്ചു. വെള്ള വസ്ത്രത്തിനുള്ളിലും ചെകുത്താന്‍മാരുണ്ടന്നു അച്ചന്‍ ലേഖനത്തില്‍  പലയിടത്തും വെച്ച് കാച്ചി.

ദൈവത്തിന്‍റെ കുഞ്ഞാട് " പുതിയ ലക്കത്തിനുള്ള വകുപ്പെഴുതി കഴിഞ്ഞപ്പോള്‍ അച്ചന്‍ വിവശനായി.വിശന്നു പൊരിഞ്ഞ് ഒടുവില്‍ വയറു നിറച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞുള്ള അവസ്ഥ.കിടക്കുമ്പോള്‍ ചിന്തകള്‍ ഗബ്രിയേലിനെ വേട്ടയാടി .പള്ളി ഒന്ന് പുതുക്കി പണിയാന്‍ സഭാവിശ്വാസികളോട് സംഭാവന ആവശ്യപ്പെട്ടിരുന്നു.വിചാരിച്
ചത്ര  കിട്ടിയില്ല.പണ്ടത്തെപ്പോലെ പള്ളികാര്യങ്ങളോട് ജനങ്ങള്‍ക്ക്  മമത പോര.നാളെ കുര്‍ബാന കഴിയുമ്പോള്‍ അതൊന്നും ഓര്‍മ്മിപ്പിക്കണം. കിട്ടിയ ലക്ഷങ്ങള്‍ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ കിടക്കുവാ.അറുപതിനായിരം രൂപ പെങ്ങള്‍ക്ക് വീട് പണിക്ക് കൊടുത്തു.അതിനിടെ അപ്പച്ചന്‍ കിടപ്പിലായി.അപ്പച്ചന്റെ മുറിയിലേക്ക് ടിവി  വാങ്ങി കൊടുക്കണമെന്ന് അമ്മച്ചി പറഞ്ഞിരുന്നു.ശാലോന്‍ ചാനല്‍ കാണാന്‍.

ചിന്തകള്‍ മുറിച്ച് കൊണ്ട് ഉറക്കം വന്നു.കൂര്‍ക്കം വലിച്ചുറങ്ങി.രാവിലെ ,എഴുന്നേല്‍ക്കാന്‍ വൈകി.ഔസേപ്  വിളിച്ചുണര്ത്തിയില്ലായിരുന്നു
വെങ്കില്‍  കുര്‍ബാന അവതാളത്തിലായേനെ.തലേ ദിവസം പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ക്ഷീണം ,നല്ല തലവേദന .മെല്ലെ എഴുന്നേറ്റു നടന്നു.ഇന്ന് മേട വൃത്തിയാക്കാന്‍ രണ്ടു മൂന്ന് കന്യാസ്ത്രികളെ വിടണമെന്ന് സൈന്റ്റ്‌.മേരീസ്‌ കോണ്‍വെന്റില്‍ വിളിച്ച് പറയണം.ആകെ അലങ്കോലമായി കിടക്കുകയാണ് എല്ലാം.അവരാവുമ്പോള്‍ ഉത്സാഹത്തോടെ ചെയ്തോളും,റോമിലേക്ക് കൊണ്ട് പോവാമെന്നു പറഞ്ഞാല്‍ മതി.പാവങ്ങള്‍ വിശ്വസിച്ചോളും.

കുര്‍ബാന തുടങ്ങി,അച്ചന്‍ പ്രസംഗത്തിലേക്ക്  കടന്നു.ബൈബിള്‍ വാചകം വിശദീകരിക്കവെ അച്ചന്‍ പറഞ്ഞു."ദൈവം പലരൂപത്തിലും വരാം.അവന്‍ എപ്പോള്‍ വന്നു കതകു തട്ടും എന്ന് പറയാനാവില്ല.അവനായി കാത്തിരിക്കുക,പ്രാര്‍ത്ഥിക്കു
ക.അവനു മുന്‍പില്‍ ഒരു വേലക്കാരനെ പോലെ വിധേയനായി സേവിക്കുക.പ്രസംഗത്തിനിടെ പള്ളിവാതിലിന്റരുകില്‍ നില്‍ക്കുന്ന തമിഴന്‍ തന്റെ നേരെ ചിരിക്കുന്നതായി അച്ചന് തോന്നി.പണി അന്വേഷിച്ച് വന്ന  അവനെ പല തവണ ഒഴുവുകള്‍ പറഞ്ഞ് പറഞ്ഞയച്ചത് അച്ചന്‍ ഓര്‍ത്തു.ആകെ ഈര്‍ഷ്യ തോന്നി.പ്രസംഗം അവസാനിപ്പിച്ചു.

കുര്ബാനയ്ക്കൊടുവില്‍ അച്ചന്‍ വീണ്ടും സംസാരിച്ചു."സഭാവിശ്വസികളെ പള്ളി പുതുക്കി പണിയാന്‍ വേണ്ട സഹായം ചെയ്യണമെന്നു ഒരു മാസം മുമ്പ് പറഞ്ഞത് ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നു.സംഭാവന നല്കാത്തവര്‍ എത്രെയും വേഗം നല്‍കുക.ക്രിസ്തുമസ്സിനു  മുമ്പ് നമ്മുക്ക് പണി പൂര്ത്തികരിക്കേണ്ടിയിരിക്കുന്
നു.ഇത് നിങ്ങളുടെ പള്ളിയാണ് .സ്വന്തം മക്കള്‍ക്ക്‌ വേണ്ടി അഞ്ഞുറു രൂപ ചെലവഴിക്കുമ്പോള്‍ പള്ളിക്കായി ഒരമ്പത് രൂപ ചെലവഴിക്കരുതോ.."

ഒടുവില്‍ അച്ചന്‍ ലിസ്റ്റ് വായിക്കാന്‍  തുടങ്ങി.എത്ര പേര്‍ എത്ര രൂപ സംഭാവന നല്‍കിയെന്നും ആരോക്കെയാണന്നും  അത് എന്തിനായി വിനിയോഗിച്ചെന്നും അച്ചന്‍ വ്യക്തമാക്കി.എം.കോം ക്കാരനായ  അച്ചനിതെല്ലാം നിഷ്പ്രയാസം.കുര്‍ബാന കഴിഞ്ഞയുടനെ അച്ചന്‍ ദേവാലയകവാടത്തിലെത്തി.വീടിലേക്
ക്‌ മടങ്ങുന്ന ഭക്തരെ പിടിച്ച് നിര്‍ത്തി അച്ചന്‍ സംഭാവന സൂചിപിച്ചു.ചിലരെ സംസാരിപ്പിച്ച് വലിയ തുക ഒപ്പിട്ട് വാങ്ങാനും സാധിച്ചു.ചിലരാകട്ടെ "ദൈവത്തിന്റെ  കുഞ്ഞാട് "ഉഗ്രനാണെന്ന് പറഞ്ഞ് തടിതപ്പി ജനം വിവരം വെച്ച് തുടങ്ങിയെന്നോര്ത്ത് അച്ചന്‍ പല്ലുകടിച്ചു.
പോടുന്നെനെ മൊബൈല്‍ ശബ്ദിച്ചു.എടുത്തു .."ഈശോ  മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ അച്ചോ ..."
"ഇപ്പോഴും എപ്പൊഴും സ്തുതിയായിരിക്കട്ടെ ...ആരാ"
"ദാവീദാണച്ചോ "
"ദാവീദേ നീ എപ്പോഴത്തി.നീയെന്താ പള്ളിയില്‍ വരാത്തത്..അമേരിക്കയിലെ ജീവിതം എങ്ങനയൂണ്ട്."അച്ചന് അടക്കാനാവാത്ത ആഹ്ലാദം.
"എല്ലാം വിശദമായി പറയാം അച്ചോ..ഞാന്‍ ഇന്നു രാവിലെ എത്തിയെതെയുള്ളൂ.അച്ചന്‍ ഒരു കാര്യം ചെയ്യു.വീട്ടില്‍ ചെറിയൊരു പാര്‍ട്ടി സംഘടിപ്പിക്കുനുണ്ട്.വൈകിട്ട് ആറ് മണിക്ക് ..അച്ചന്‍ വരണം.ഉപേക്ഷ പറയരുത്."
അച്ചന്‍ അതീവ സന്തോഷത്തോടെ സമ്മതിച്ചു.ദാവിദിന്‍റെ വീട്ടില്‍ പോവാം ..നല്ലൊരു തുകയും കിട്ടും.
പക്ഷെ ചില കാര്യങ്ങള്‍ അച്ചനെ അസ്വസ്ഥനാക്കി.അത് ദാവീദിന്‍റെ ഫ്ലാഷ്ബാക്ക് ആയിരുന്നു.രണ്ടു വര്‍ഷം മുന്‍പ് വ്യാജ മദ്യം വിറ്റതിന് ദാവിദ്‌ ജയിലില്‍ കിടന്നിട്ടുണ്ട്.മുപ്പതു  പേരോള്ളം പേര്‍ കൊല്ലപ്പെട്ട വ്യാജമദ്യദുരന്തം അന്ന് കോളിളക്കം സൃഷ്‌ടിച്ച വാര്‍ത്തയായിരുന്നു.പിന്നിട് ആരുടെയൊക്കെയോ കാല് പിടിച്ചു ഒടുവില്‍ അമേരിക്കയില്‍ എത്തി ..ഇപ്പോള്‍ നാല് വര്‍ഷമായി അമേരിക്കയില്‍ ...
ചിലര്‍ അച്ചനെ ഫോണില്‍ വിളിച്ചു.ദാവിദിന്‍റെ വീട്ടിലേക്കു പോവരുതെന്നു മുന്നറിപ്പ് നല്‍കി.
"പാപികളെ രക്ഷിക്കാനാണ് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്."ഫാദര്‍ ഗബ്രിയേല്‍ എല്ലാവരുടെയും വാ അടപ്പിച്ചു.
രാത്രി.കാര്‍ വന്നു.അച്ചന്‍ ദാവീദിന്‍റെ വീടിലേക്ക്‌ യാത്രയായി.കുണ്ടും കുഴിയുമായ റോഡിലുടെ കുതിരപുറത്ത്‌ പോവുന്ന പ്രതീതി.
പ്ലാമൂട് ജംഗ്ഷന്‍ കഴിഞ്ഞ്‌ വലതു വശത്തെ  നാലാമത്തെ വളവില്‍ രണ്ടാമത്തെ വീടിനു മുന്‍പില്‍ കാര്‍ ഇരപ്പിച്ച്‌ നിര്‍ത്തി.ബൈബിളില്‍ ദൈവം ഒരു ദൂതന്‍ വഴി തനിക്ക്‌ ഒരു ആലയം പണിയാന്‍ ദാവിദിനോട് ആവശ്യപ്പെടുനുണ്ട്.ആ ദാവീദിനെ പോലെ ഈ ദാവീദിനും നല്ല മനസ്സുണ്ടാവണേ എന്ന്
ഗബ്രിയേല്‍ അച്ചന്‍ പ്രാര്‍ത്ഥിച്ചു.
ഉത്സാഹത്തോടെ അച്ചനിറങ്ങി നടന്നു.വീടിന്‍റെ മുറ്റം ഒരു വിധം ബന്ധുക്കളും സുഹൃത്തകളും കൊണ്ട് നിറഞ്ഞിരുന്നു.ദാവീദ് വന്ന സന്തോഷം വീട്ടുക്കാരുടെ മുഖത്തും കാണാം.തന്‍റെ നേരെ നടന്നടക്കുന്ന  ദാവീദിന്‍റെ ചെവിയിലേക്ക് എന്തോ സ്വകാര്യം ഭാര്യ ദ്രിതിയില്‍ പറയുന്നത് അച്ചനത്ര
ഇഷ്ടപ്പെട്ടില്ല.എങ്കിലും മുഖത്ത് കാണിച്ചില്ല.
ആളുകള്‍ അടുത്ത് കൂടിയപ്പോള്‍ ഗബ്രിയേല്‍ അസ്വസ്ഥനായി.അച്ചന്‍ ദാവീദിന്‍റെ വീട്ടില്‍ പോവുന്ന വിവരം കാട്ട് തീ പോലെ പടര്‍ന്നിരുന്നു.അത് സത്യാമാണോന്നരിയാന്‍  സഭാവിശ്വാസികള്‍ പലരും ദാവീദിന്‍റെ ഭവനത്തില്‍ എത്തിയിരുന്നു.
പലരും അച്ചനെ രൂക്ഷമായി നോക്കി.അച്ചന്‍ ഒന്ന് പരുങ്ങി.ദാവീദ് അച്ചന്‍റെ രക്ഷകനായി.
"അച്ചോ ,ഈ പാപിയുടെ ഭവനത്തില്‍ അച്ചനെത്തിയതോടെ ഈ ഭവനം രക്ഷ പ്രാപിച്ചു.എനിക്കീ നില്‍ക്കുന്ന നാട്ടുക്കാരുടെ മുമ്പില്‍ ഒന്ന് കുമ്പസാരിക്കണം."
അച്ചനൊരു കാര്യം പിടി കിട്ടി.ദാവീദ് ഫിറ്റാണ്.എങ്കിലും ഉള്ളാലെ സന്തോഷിച്ചു.യേശുക്രിസ്തു ചുങ്കക്കാരന്‍റെ   വീട്ടില്‍ അതിഥിയായി പോയ കഥ അച്ചന്‍റെ മുമ്പില്‍ തെളിഞ്ഞു.അതില്‍ മനസ്താപപ്പെട്ട ചുങ്കക്കാരന്‍ താന്‍ ആരുടെയെങ്കിലും പണം തട്ടിയെടുത്തിട്ടുന്ടെങ്കില്‍ അത് ഇരട്ടിയായി തിരിച്ച്‌ നല്‍കും എന്ന് പറയുനുണ്ട് ...അച്ചന്‍ സ്വബോതത്തില്‍ എത്തി ...ആ കഥ ഇവിടെ ആവര്‍ത്തിച്ചാല്‍ ...അടുത്ത ലക്കത്തിനുള്ള ദൈവത്തിന്‍റെ കുഞ്ഞാടില്‍  ഈ സംഭവം വിവരിച്ചു എഴുതിയാല്‍ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധനായി പ്രഖയപിക്കും.
അച്ചന്‍ ദാവീദിനെ നോക്കി.ദാവീദ് കരയുകയായിരുന്നു.ദാവീദ് കുമ്പസാരിച്ചു കഴിയുമ്പോള്‍ എന്തൊക്കെ ഡയലോഗ്  പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന് അച്ചന്‍ മനസ്സില്‍ കണക്ക്‌ കൂട്ടി.നാലഞ്ചു ഡയലോഗ് അച്ചന്‍ മനസ്സില്‍ കരുതി വെച്ചു.
ദാവീദ് പറഞ്ഞു.
"അച്ചോ ,ഞാന്‍ വളരെയേറെ പാപം ചെയ്തു.പലരെയും വെട്ടിച്ചും തട്ടിച്ചുമാണ് ഞാന്‍ പലതുമുണ്ടാക്കിയത്.അവര്‍ക്കെല്ലാം ഞാന്‍ സമ്പാദിച്ചതില്‍ നിന്നും നല്ലൊരു തുക നല്‍കുന്നതാണ്.."
കാര്യങ്ങള്‍ താന്‍ വിചാരിച്ച പോലെ നീങ്ങുന്നതില്‍   അച്ചന്‍ അതിയായി സന്തോഷിച്ചു.അച്ചന്‍ പറഞ്ഞു."എന്നോട് പലരും ഇവിടെ വരുന്നതില്‍ നിന്ന് വിലക്കി ,പക്ഷെ ക്രിസ്തുനാതന്‍ പഠിപ്പിച്ച ആ വലിയ പാഠം,നൂറു കുഞ്ഞാടുകളില്‍ ഒരെണ്ണത്തെ കാണാതായാല്‍ ആ കാണാതായ കുഞ്ഞാടിനെ കണ്ടത്തുന്നവനാണ് നല്ല ഇടയന്‍..ഞാനും അതാണ് ചെയ്തത്...ഇവിടെ ഇതാ ഒരു പാപി രക്ഷ പ്രാപിച്ചിരിക്കുന്നു..."
"അച്ചോ ഞാന്‍ സംസാരിച്ചു കഴിഞ്ഞില്ല..."ദാവീദ് ഇടയ്ക്കു കയറി സംസാരിച്ചു."പറയു കുഞ്ഞേ "അച്ചന്‍ ‍ചെവി കൂര്‍പിച്ചു.
"എന്‍റെ കണ്ണ് തുറപ്പിച്ച അച്ചന് ഞാന്‍ എന്തെങ്കിലും നല്‍കണം,ഇല്ലെങ്കില്‍ ദൈവം പോലും എന്നോട് പൊറുക്കില്ല"..ദാവീദ് ഒന്ന് നിര്‍ത്തി,അച്ചന് ആകാംഷ
"അച്ചന്‍റെ അനിയന് ദുബായില്‍ പോവാന്‍ ഞാന്‍ നല്‍കിയ ഒന്നര ലക്ഷവും അച്ചന്‍റെ പെങ്ങളുടെ  ഭര്‍ത്താവിനു ചിട്ടി കമ്പനി വിപുലീകരിക്കാന് ഞാന്‍ അച്ചന് നല്‍കിയ നാലു ലക്ഷവും കൂടാതെ അച്ചന്‍റെ അമ്മയുടെ ചികില്‍സ്യക്കായി നല്‍കിയ  ഒരു ലക്ഷവും  ഇനി തരേണ്ടതില്ല ,കാരണം അച്ചന്‍ ഈ വീടിന്‍റെ ഐശ്വര്യാ റോയ് ആണ്  ശോ തെറ്റി ഐശ്വര്യമാണ്..." 
ഇടിവെട്ടേറ്റത്‌ പോലെ അച്ഛനെല്ലാം കേട്ടിരുന്നു.ഗബ്രിയേല്‍ അച്ചന് എന്താണ് സംഭവിച്ചത് എന്ന് മനസില്ലാക്കാന്‍ കുറച്ചു സമയമെടുത്തു.ഒരു സഹായത്തിനായി അച്ചന്‍ ചുറ്റും നോക്കി.പക്ഷെ ദയയോടെ ഒരു നോട്ടം ആരില്‍ നിന്നുമുണ്ടയില്ല.അച്ചന്‍ മെല്ലെ എഴുനേറ്റു നടന്നു ...അതോ ഓടുകയായിരുന്നോ..പുറകിലെ മുറുമുറുപ്പ് അച്ചന്‍ വകവെച്ചില്ല ..പുറത്ത് കിടക്കുന്ന കാര്‍ ആയിരുന്നു ലക്‌ഷ്യം ..
കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു പള്ളിയിലേക്ക് തിരിക്കുമ്പോള്‍ അച്ചന്‍ ദൈവത്തോട് വിലപിച്ചു.
"എന്‍റെ ദൈവമേ ,എന്‍റെ ദൈവമേ എന്നാലും നീ എന്നോടിത് ചെയ്തല്ലോ"

No comments:

Post a Comment

Note: Only a member of this blog may post a comment.