Ind disable
Showing posts with label "ഓര്‍മ്മയിലെ എന്‍റെ ഓണം". Show all posts
Showing posts with label "ഓര്‍മ്മയിലെ എന്‍റെ ഓണം". Show all posts

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:14 മഹേഷ്‌ ഗോപാല്‍

മഹേഷ്‌ ഗോപാല്‍  


ഓണം എന്ന ഓര്‍മ്മ മനസ്സില്‍നിറയുന്നത് കുട്ടിക്കാലത്തെ മാധുര്യമൂറുന്ന സ്മരണകളിലൂടെയാണ്.

ഓണമെത്തുന്നതും കാത്ത് മാസങ്ങള്‍ക്ക് മുന്‍പ്‌തന്നെ മനസ്സ് തയ്യാറെടുത്തു നില്‍ക്കുമായിരുന്നു അന്ന്. അതിന്‍റെ ഒരു പ്രധാന കാരണം, ഓണത്തിന് കിട്ടുന്ന പത്തു ദിവസത്തെ അവധി തന്നെ...

ഒടുവില്‍, ഓണത്തിന്‍റെ വരവറിയിച്ചു കൊണ്ട് നഗരത്തില്‍‘പുലി കളി’ ഇറങ്ങുമ്പോള്‍മനസ്സില്‍നുരഞ്ഞു പൊന്തുന്ന ആനന്ദത്തിനു അതിരുണ്ടാകാറില്ല....

സ്കൂള്‍അടയ്ക്കുന്നതോടെ ഓണാഘോഷത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ഒരുങ്ങുകയായി.

പരീക്ഷയ്ക്ക് പോലും മടിപിടിച്ച് ഉറങ്ങാറുള്ള കുട്ടികളെല്ലാം അതിരാവിലെ തന്നെ എഴുന്നേറ്റ് പൂ പറിക്കലുമൊക്കെയായി തിരക്കിലാകും. പൂ പറിക്കല്‍എന്നതിനേക്കാള്‍പൂ മോഷണം എന്ന് പറയുന്നതാവും ഉചിതം. കാരണം, നേരം പുലരുമ്പോഴേക്കും അയല്‍വക്കത്തുള്ള വീടുകളിലെ ഒറ്റ പൂക്കളും ഞങ്ങള്‍ബാക്കി വെയ്ക്കാറില്ല.

ഓണം അവധി തുടങ്ങിക്കഴിഞ്ഞാല്‍ഞങ്ങളെല്ലാം ഒത്തുകൂടുന്നത് അമ്മയുടെ തറവാട്ടിലാണ്.

പഴയ തലമുറയില്‍, ഒരു വീട്ടില്‍ഏഴും എട്ടും മക്കളൊക്കെയുള്ളത് കൊണ്ട്,എവിടെയാണെങ്കിലും അവരെല്ലാവരും ഓണത്തിന് തറവാട്ടില്‍ഒത്തു ചേരും.

ഇന്നത്തെ പോലെ മൊബൈല്‍ഫോണ്‍ഒന്നും അന്ന് അത്ര സജീവമല്ലാത്തത് കൊണ്ട്, ഓരോരുത്തരും പുറപ്പെടുന്നതിനു മുന്‍പ്‌ഒന്ന് അറിയിക്കും;അത്ര തന്നെ. അവരെ ഓരോരുത്തരെയും കാത്ത് ഞങ്ങള്‍ബാലജനങ്ങള്‍മണിക്കൂറുകളോളം ബസ്‌സ്റ്റോപ്പില്‍കാത്തുനിന്നിട്ടുണ്ട്.

എല്ലാവരും ഒത്തുകൂടിയാല്‍പിന്നെ ആകെയൊരു മേളമാണ്.ഊഞ്ഞാലാട്ടവും, ‘സാറ്റ്’കളിയും, ക്രിക്കറ്റ്‌കളിയും ഒക്കെയായി ആകെ ബഹളമായിരിക്കും.

അടുക്കളയില്‍തയ്യാറാകുന്ന രുചികരമായ ഭക്ഷണം കട്ടുതിന്നാനും ഉണ്ടാകും കുറെ വിരുതന്മാര്‍

ഓണമെത്തുന്നതോടെ അമ്മയും അമ്മുമ്മയും ആന്‍റിമാരും ഒക്കെ ചേര്‍ന്ന്അച്ചപ്പവും അരിയുണ്ടയും ശര്‍ക്കര വരട്ടിയതും ഒക്കെയുണ്ടാക്കും. എന്നിട്ട് അതെല്ലാം വലിയ വലിയ പാട്ടകളിലാക്കി ഞങ്ങള്‍പിള്ളേര് സംഘം കാണാതെ ഒളിച്ചു വെയ്ക്കും.എവിടെ ഒളിപ്പിചാലും നിമിഷനേരത്തിനുള്ളില്‍ഞങ്ങളത് കണ്ടുപിടിച്ചിരിക്കും.എത്ര കയറിയിറങ്ങി കഴിച്ചാലും അതൊന്നും തീരില്ല. ഓണം കഴിഞ്ഞു തിരികെ പോകുമ്പോള്‍ഞങ്ങളുടെയൊക്കെ കൈയ്യില്‍പലഹാരങ്ങളുടെ ഒരു ചെറിയ പൊതി തന്നെയുണ്ടാകും.
ഓണത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍മനസ്സിലേക്ക് പെട്ടെന്നോടിയെത്തുന്ന മറ്റൊരോര്‍മ്മ, വീടിനു തൊട്ടടുത്തുള്ള ക്ലബിലെ ഓണാഘോഷ മത്സരങ്ങളാണ്. ഒട്ടു മിക്ക മത്സരങ്ങളിലും ആവേശത്തോടെ പങ്കെടുത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.ഒരിക്കല്‍ഓണാഘോഷത്തോടനുബന്ധിച്ചുള്ള ക്വിസ് മല്‍സരത്തില്‍പരാജയഭീതിയില്‍പേരുമാറ്റി മത്സരിച്ചതും,പക്ഷെ ആ മല്‍സരത്തില്‍അത്ഭുതകരമായി വിജയിച്ചതും ഇന്ന് രസകരമായ ഓര്‍മയാണ്.

തിരുവോണത്തിന്‍റെയന്ന് ഉച്ചയായാല്‍പിന്നെ സദ്യയുടെ ബഹളമാണ്.കുളിച്ചു വൃത്തിയായി ഓണക്കോടിയണിഞ്ഞ്, സദ്യയുണ്ണാനിരിക്കുമ്പോഴുള്ള സുഖം,അത് മലയാളിക്ക് മാത്രം സ്വന്തമാണ്.

അല്പം മുതിര്‍ന്ന ശേഷം, തിരുവോണത്തിന്‍റെയന്ന് ഉച്ച തിരിഞ്ഞ് വീട്ടുകാരെ വെട്ടിച്ച് ഒരു സിനിമ കാണല്‍; അതൊരു പതിവ് തന്നെ ആയിരുന്നു....(ഈ സിനിമകളുടെ പേരില്‍വീട്ടില്‍ഓണതല്ലുണ്ടാകുന്നതും പതിവ് സംഭവം തന്നെ). യോദ്ധയും, ഇന്ദ്രജാലവും ,തൂവല്‍കൊട്ടാരവും, പപ്പയുടെ സ്വന്തം അപ്പൂസും...അങ്ങനെ എത്രയെത്ര സിനിമകള്‍... ഇന്നും ഈ സിനിമകളൊക്കെ TV യിലൂടെ കാണുമ്പോള്‍, ആ പഴയ ഓര്‍മ്മകള്‍ഓടിയെത്തും.

വര്‍ഷങ്ങള്‍കഴിഞ്ഞതോടെ എല്ലാം മാറി.....

പതിയെ പതിയെ ഓരോ കുടുംബങ്ങള്‍വരാതെയായി...

അവര്‍ക്കെല്ലാം വരാതിരിക്കാന്‍ഓരോ കാരണങ്ങള്‍ഉണ്ടായി.

അന്നൊക്കെ അവരോട് വല്ലാത്ത അമര്‍ഷം തോന്നിയിരുന്നു.

പക്ഷെ ഇന്നിപ്പോള്‍, ഞാനും അവരില്‍ഒരാളായി മാറി ...

കേരളത്തിന്‌പുറത്തിരുന്ന്,ഈ തിരുവോണ നാളില്‍, അമ്മയുടെ തറവാട്ടിലേക്ക്‌ഫോണ്‍ചെയ്തപ്പോള്‍, അവരെല്ലാം ഒരുമിച്ചിരുന്നു സദ്യ ഉണ്ണുകയായിരുന്നു.

അവരോരോരുത്തരോടും മാറി മാറി സംസാരിച്ചപ്പോള്‍...സത്യം..എന്‍റെ തൊണ്ടയിടറി...മനസ്സ് വിങ്ങി....
ഇത് വെറും അതിശയോക്തിയല്ലെന്ന് നിങ്ങളോരോരുത്തര്‍ക്കും മനസ്സിലാകും. കാരണം, നമ്മള്‍മലയാളികളാണ്. നമ്മള്‍ഒന്നാണ്...

ലോകത്തിന്‍റെ ഏതു കോണില്‍പോയി ഒളിച്ചാലും ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ നമ്മള്‍മനസ്സുകൊണ്ടെങ്കിലും നമ്മുടെ വീടിന്‍റെ തിരുമുറ്റത്ത്‌എത്തും.

മാവേലിയോടൊപ്പം നമ്മളും,ഒരു അതിഥിയായെങ്കിലും അവിടെയുണ്ടാകും. കാരണം,ഓണം എന്നത് നമ്മള്‍മലയാളിക്ക് സിരകളില്‍അലിഞ്ഞു ചേര്‍ന്ന വികാരമാണ്....മായ്ച്ചാലും മാഞ്ഞു പോകാത്ത വികാരം..

കാലമെത്ര കഴിഞ്ഞാലും...ഈ ഭൂമിയില്‍എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ഓണം എന്നും നമ്മള്‍മലയാളികള്‍ക്കൊപ്പം ഉണ്ടാകും. അതുകൊണ്ടാണല്ലോ, പണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍മാത്രം ഒതുങ്ങി നിന്ന ഓണം, ഇന്ന് ലോകമെമ്പാടും മലയാളികള്‍ആവേശത്തോടെ കൊണ്ടാടുന്നത്....
 

ഓര്‍മ്മക്കുറിപ്പ് No:13 രാജീവ്‌ രാജഗോപാലന്‍


എന്റെ ഓണക്കാലം ഓർമ്മകളിൽ രാജീവ്‌ രാജഗോപാലന്‍

നാട്ടിൻപുറം നന്മകളാൽ സമ്യദ്ധം എന്നു കവി പാടിയപോലെ…എന്റെ ഓർമ്മകളിലെ ഓണവും ഓണഘോഷങ്ങളും എന്റെ പ്രിയപ്പെട്ട നാടും, നാട്ടിൻ പുറത്തിന്റെ ഹൃദയഹാരിയായ ശീലുകളും കോർത്തിണങ്ങിയവയാണു.

നാട്ടിൻ പുറത്തെ “ കുട്ടിക്കാലം ” പൂവിനേയും പൂമ്പാറ്റയേയും പുൽകൊടിതുമ്പിലെ തൂമഞ്ഞു തുളളിയേയും സ്നേഹിച്ചു നടന്ന കാലം ! ഓണക്കാലമകുമ്പോൾ തന്നെ മനസ്സിലേക്കു തുമ്പപൂവു പോലെ, പ്രഭാതത്തിലെ മഞ്ഞു പോലെ , നിർമ്മലമായ സ്നേഹം പോലെ അലിഞലിഞ്ഞു ചേരുന്ന ആഹ്ലാദം പിന്നെ മെല്ലെ ചുവടുറ്പ്പിച്ചു മുന്നോട്ടാഞ്ഞ് കുതിച്ചു തുള്ളിച്ചാടിയും കുതറി യോടിയും കൂടെ കൂടുന്ന കാളക്കിടാവിനെപ്പോലെയാകും….ആ കുസ്രുതിയും കുന്നായ്മയും മനസ്സി ലേക്കു പകർത്തിയാകും പിന്നെ ഓണക്കാലം തിമിർത്ത് കൊണ്ടാടുക. ആഘോഷങ്ങളേയും ആഹ്ലാദാരവങ്ങളേയും മനസ്സിന്റെ കിളിപ്പന്തു കളിക്കളത്തിലേക്കു എന്ന പോലെ കൂട്ടികൊണ്ടുവരുംഅവിടെ ആഘോഷങ്ങൾ ഞങ്ങളുടേതു മാത്രമായി മാറും ; അചാരങ്ങളും, ആർപ്പു വിളികളും ഞങ്ങൾക്കു മാത്രം അവകാശപ്പെടവുന്ന രീതികളായി മാറും. അതൊരു വഴിക്കു നീങ്ങും :….

പിന്നെ……. പുലരിയുടെചുവപ്പു മായും മുൻപെ…പൂക്കളമൊരുക്കാൻ പൂവ് നുള്ളാനിറങ്ങുന്ന

കുരുന്നുകളൊടൊപ്പം..നാട്ടു വഴികളും…നാല്പാമരചോടും, കാവും, കാട്ടുപുൽമേടും, ഓടിനടന്നു ഇലക്കുമ്പിളിൽ ശേഖരിച്ചെടുക്കുന്ന പൂക്കൾ ചേർത്ത് നിറങ്ങളുടെ നിലാവു പോലെ ഒരു കുഞ്ഞു പൂക്കളം തീർക്കാനും , പാട്ടു പാടിയും , തുമ്പിയെ പിടിക്കാനോടിയും, നീളേ കുളിരുമായൊഴുകുന്ന

കുഞ്ഞുപുഴയുടെ കുളിരിലേക്കലിഞ്ഞു കൂട്ടുകാരോടൊപ്പം ആഹ്ലാദം പങ്കിടാനും ഓണക്കാലം

എനിക്കു എന്നും പ്രിയപ്പെട്ടതായിരുന്നു. ഓണക്കാല വിനോദങ്ങളിൽ പട്ടം പറത്തിയും, പുലിക്കോലം കെട്ടിയാടിയും കിളിപ്പന്തു കളിച്ചും, കണ്ണാരംപ്പൊത്തിക്കളിച്ചും ആസ്വദിച്ചിരുന്നു

ഇടവേളകളിൽ കൂട്ടുകാരുടെ വീടുകളിൽ എത്തിപ്പെട്ടാൽ അവിടെനിന്നും കിട്ടുന്ന ഉപ്പേരിയോ, ശർക്കരപുരട്ടിയോ നാവിനും ആസ്വാദ്യമേകിയിരുന്നു. ഓണസദ്യയൊരുക്കുന്ന വീടുകളിലൊക്കെ

എന്തു സഹായത്തിനും ഞങ്ങളുണ്ടായിരുന്നു. പച്ചക്കറി നുറുക്കാനും, തേങ്ങചിരകാനും, എന്നു വേണ്ട ഞങ്ങൾ കുട്ടികൾ ഓരോവീട്ടിലേയും ഓണാഘോഷത്തിന്റെ ഭാഗം തന്നയായിരുന്നു.

ഒന്നാം ഓണനാൾ മുതൽ ഓണസദ്യയും, പായസപെരുമയും ആഘോഷിച്ചു തുടങ്ങുമായിരുന്ന

ഞങ്ങളുടെ കുഞികുടവയറുകളെ എല്ലാ വീടിന്റേയും സദ്യവട്ടങ്ങളും ആവോളം സൽക്കരിച്ചിരുന്നു

ഓണപ്പാട്ടും, പുലിക്കളിയും, ഓണത്തപ്പനും, ഓണപ്പൊട്ടനും, പിന്നെ പാടവരമ്പത്ത് പന്തങ്ങൾ

കൊളുത്തി വെച്ച് സ്നേഹിച്ചാരാധിച്ചിരുന്ന പാടത്തെപൊട്ടനേയും ഓണാഘോഷങ്ങളോടൊപ്പം മനസ്സിലേക്ക് ചേർത്ത് വെച്ചിരുന്നു. ഒരിക്കലും കൈമോശം വരരുതെന്നാശിച്ച്

കാലത്തിന്റെ അനസ്യുതമായ ഒഴുക്കിൽ വിരലുകൾക്കിടയിലൂടെ ഊർന്നിറങ്ങിപ്പോയ നഷ്ടങ്ങളിൽ നിമിഷങ്ങളെപ്പോലും എന്റെ ചോരയിലേക്കു പകർത്തി വെച്ച ഓണക്കാലം

തന്നെയായിരുന്നു മുന്നിൽ. നഷ്ടങ്ങളേയും നൊമ്പരങ്ങളേയും അറിയാതെ അവഗണിച്ച്

ജീവിതത്തിന്റെ മേച്ചില്പുറങ്ങൾ തേടിയലഞ്ഞപ്പോഴും ഓർമ്മകളിൽ പൂക്കാലവസന്തവും. അവയിൽ സ്പന്ദിച്ചിരുന്ന ഓരോ നിമിഷങ്ങളും,ആ നിമിഷങ്ങളിലെ അഹ്ലാദവും. നിറഞു നിന്നിരുന്നു.

ഇപ്പൊഴീ ജനാലക്കു പിന്നിൽ തളർന്നുപോയ കാലുകളെ താങ്ങിയിരിക്കുന്ന കസാരയിൽ ഇരുന്നു കൊണ്ടു പുറത്ത് …. പൂവിട്ടു നിൾക്കുന്ന നന്ദ്യാർവട്ടത്തേയും , കുറ്റിമുല്ലയേയും നോക്കി ഇങ്ങനെ ഓർമ്മകളെ താലോലിച്ചിരിക്കുമ്പൊ......... പുറത്ത് നിന്ന് കാതിലേക്കും മനസ്സിലേക്കും കിനിഞ്ഞിറങ്ങുന്ന ഓണക്കാലത്തിന്റെ ഈ…ആഹ്ലാദാരവങ്ങൾ എന്നെ വീണ്ടും പഴയ ബാല്യകാലത്തിന്റെ ഓണത്തുടിപ്പുകളിലേക്കു… എത്തിക്കില്ലേ…?

ഓര്‍മ്മക്കുറിപ്പ് No:12 വിത്സന്‍ ജോണ്‍


 ആപ്പിളിന്റെ വിലയുള്ള ഓണക്കാലം  വിത്സന്‍ ജോണ്‍

മഴക്കാലമാണ്. എനിക്ക് മഴയെ ഇഷ്ടമായിരുന്നില്ല. ഓലമേല്‍ക്കൂര കീറിത്തുളച്ച് വന്ന മഴത്തുള്ളികള്‍ അപഹരിച്ച് കൊണ്ട് പോയ ഉറക്കങ്ങള്‍. നനഞ്ഞ് കലങ്ങിപ്പോയ പുസ്തകത്തിലെ വരികള്‍, ചോര്‍ച്ച കുറഞ്ഞ മൂലയ്ക്കിരുന്ന് ഉറങ്ങാതെ ഉറങ്ങി വെളുപ്പിച്ച രാത്രികള്‍. വീടിനകത്തും പുറത്തും നിറയുന്ന വെള്ളം. ജോലിയില്ലാതെ കയറിവരുന്ന ഡാഡി. വിശപ്പ്. ഒരിക്കലുമുണങ്ങാത്ത യൂണിഫോമിന്റെ മടുപ്പിക്കുന്ന ഗന്ധം. ഇതൊക്കെയായിരുന്നു എനിക്ക് മഴക്കാലം.

മഴക്കാലത്തും വെള്ളപ്പൊക്കത്തിനും തറയുടെ ചരിവിനനുസരിച്ച് വെള്ളമെത്തിച്ചേരാത്ത സ്ഥലത്താണ് ഞങ്ങളുറങ്ങുന്നതും അടുപ്പു കൂട്ടിയിരിക്കുന്നതും. ആ ഒരുമൂലയില്‍ ഡാഡി കുളിര്‍ന്നു കിടക്കുകയാണ്. പുതച്ച് മൂടി. കുറച്ച് ദിവസമായി ഡാഡിക്ക് പനി തന്നെയാണ്. നല്ല പനി. ഇടയ്ക്ക് സര്‍ക്കാരാശുപത്രിയിലൊന്നു പോയിരുന്നു. പിന്നെ അന്നു കുറിച്ച് കിട്ടിയ മരുന്ന് തന്നെ വാങ്ങിക്കഴിക്കുന്നു, പക്ഷെ യാതൊരു കുറവുമില്ല.

അത് ഒരു ശനിയാഴ്ച ആയിരിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും അവധി ദിവസം. ഞാനന്ന് സ്കൂളില്‍ പോയിരുന്നില്ല. അനിയന്‍ കളിക്കാന്‍ പോയിരിക്കുകയാണ്. പഠിത്തത്തില്‍ പിന്നോട്ട് പോയിരുന്നത് കൊണ്ട് എനിക്ക് ശനിയാഴ്ച കളിക്കാന്‍ പോകാന്‍ അനുവാദമില്ല. പിന്നെ ഓണപ്പരീക്ഷയാണ്.

ഡാഡി എന്തൊക്കെയോ ഉറക്കത്തില്‍ പറഞ്ഞ് കൊണ്ടിരുന്നത് കേട്ടാണ് ഞാനടുത്ത് ചെന്നത്.

"എന്ത് റ്റി ഡാഡി"

ഡാഡി എന്തോ പറയുന്നുണ്ട്. ഒരു ബന്ധവുമില്ലാതെ. മമ്മി പുറമ്പണിക്ക് പോയിരിക്കുകയാണ്. വീട്ടില്‍ ഞാന്‍ മാത്രമേയുള്ളു.
"ഡാഡി!! എന്താ ഡാഡി"

വിറച്ച് കൊണ്ട് ഡാഡി പറയുന്നതൊന്നു തിരിയുന്നുണ്ടായിരുന്നില്ല. എനിക്കാകെ ഭയമായി. ഡാഡി ആലില പോലെ വിറക്കുകയാണ്. ഞങ്ങളുടെ വീടാണെങ്കില്‍ ഒറ്റപ്പെട്ട തുരുത്തിലും. വിളിച്ചാല്‍ വിളിയെത്തുന്ന ദൂരത്ത് ആരുമില്ല. പിന്നെ അപ്പുറത്ത് മാറി കുറച്ച് ഗിരിവര്‍ഗ്ഗക്കാര്‍ താമസിക്കുന്നുണ്ട്. ഉള്ളാടന്മാര്‍. അവരുമായുള്ള സമ്പര്‍ക്കം വളരെ തുച്ഛമാണ്. എല്ലാവരാലും ഒറ്റപ്പെട്ടാണ് അവര്‍ കഴിയുന്നത്. അവിടെയാണെങ്കില്‍ അന്നൊരു മരണവും നടന്നിരുന്നു.

കറുത്ത ചെളി കുറുകി കിടന്ന വഴിയിലൂടെ തെന്നിത്തെറിച്ച് ഞാനോടി. ഡാഡിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു മനസില്‍. ആരെയെങ്കിലും വിളിച്ച് കൊണ്ട് വരണം. ആ ധൃതിയില്‍ ഓടുന്നതിനിടെ ആരുടെയെങ്കിലും ദേഹത്ത് ചെളി തെറിച്ച് വീഴുമോ എന്നു ഞാന്‍ ഓര്‍ത്തില്ല. പക്ഷെ തെറിച്ച് വീണു. അതു ബിജു ചേട്ടന്റെ ദേഹത്താണ്. വെളുത്ത മുണ്ടില്‍ നിറയെ കറുത്ത ചെളിത്തുള്ളികള്‍.

"നായിന്റെ മോനെ! ആര്‍ക്ക് വായു കേറിയിട്ടാടാ പായുന്നത്?"

ബിജുച്ചേട്ടനും കൂട്ടുകാരും മരിച്ചയാളെ കാണാന്‍ വരുന്ന വഴിയാണ്. എല്ലാവരും മദ്യപിച്ചിട്ടുണ്ട്. മുണ്ടില്‍ തെറിച്ച് വീണ ചെളി നോക്കി ആകെ ദേഷ്യത്തിലാണ് അയാള്‍. അടുത്ത നിമിഷം എന്നെ തല്ലുമെന്ന ഭാവത്തില്‍ നില്‍ക്കുകയാണ്. വിക്കി വിക്കി ഞാനൊരു വിധത്തില്‍ കാര്യം പറഞ്ഞു. മദ്യത്തിന്റെ ലഹരിയിലോ സ്നേഹത്തിലോ എന്നറിയില്ല...

"വാടാ പോയി നോക്കിയിട്ട് വരാം"...അവര്‍ എന്റെ കൂടെ വന്നു.

ഡാഡിയെ അവര്‍ തോളത്ത് ചുമന്നാണ് റോഡുവരെ എത്തിച്ചത്. അന്നൊക്കെ റോഡെത്തും വരെ ചെളിയാണ്. പകുതി ദൂരം കറുത്ത ചെളിയും പകുതി ദൂരം ചെങ്കല്‍ ചെളിയും. ഇപ്പോള്‍ ആ വഴി കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. മുട്ടിനു താഴെ താഴ്ന്നു പോയിരിന്ന ചെളിക്കുഴികള്‍ കോണ്‍ക്രീറ്റിനടിയില്‍ ശവക്കച്ച പുതച്ചുറങ്ങുകയാണിന്ന്.
ഒരു ഓട്ടൊറിക്ഷയില്‍ കയറ്റി അവര്‍ ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി, വഴിയില്‍ തന്നെ നില്‍ക്കാന്‍ എന്നെ ശട്ടം കെട്ടിയിട്ട്.

ഓണത്തിന് മൂന്നോ നാലോ ദിവസം മുന്‍പാണ് ഡാഡി ആശുപത്രിയിലാകുന്നത്. ഡാഡിക്ക് ടൈഫോയ്ഡ് ആയിരുന്നു. ഒന്നാമോണത്തിനു തലേദിവസമായിരിക്കണം, ബയോളജി പരീക്ഷ കഴിഞ്ഞ് ഞാന്‍ നേരെ ആശുപത്രിയിലേക്കാണ് ചെന്നത്.

"ഇതെന്താ നീ കൈ വീശി വരുന്നത്? ഒരു രോഗിയെ കാണാന്‍ വരുമ്പ വെല്ല ആപ്പിലോ മുന്തിര്യോ കൊണ്ടൊരാന്‍ മേലെ?"

ഞങ്ങളുടെ നാട്ടില്‍, ഒരു പക്ഷെ എല്ലായിടത്തും രോഗിയെ കാണാന്‍ വരുമ്പോള്‍ തമാശയ്ക്ക് പറയുന്ന കാര്യമാണത്. ഡാഡിയും തമാശയ്ക്ക് തന്നെയാണ് അത് പറഞ്ഞത്. പക്ഷെ, ഡാഡിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നത് കൊണ്ട് പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് മമ്മി പറഞ്ഞപ്പോള്‍ എന്റെ മനസൊന്ന് കാളി. ഒരുപക്ഷെ ഡാഡിയത് ആഗ്രഹിച്ച് പറഞ്ഞതായിരിക്കുമോ?

എന്റെ കൈയില്‍ അന്നേരം കാശൊന്നുമില്ല. ബസിനു ആശുപത്രിയിലേക്ക് വരാന്‍ അന്‍പത് പൈസ ഇല്ലാതിരുന്നിട്ട് നാല് ബസ്റ്റോപ് ദൂരം നടന്നാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്. എല്ലാ വേക്കേഷനും ഞാനും കൂട്ടുകാരായ നിക്സനും നിഖിലുമൊക്കെ എന്തെങ്കിലുമൊക്കെ ജോലി തരമാക്കുക സാധാരണമാണ്. ജോലിയെന്ന് പറഞ്ഞാല്‍ ആരുടെയെങ്കിലും പറമ്പ് വൃത്തിയാക്കുക, തേങ്ങ പൊതിച്ചു കൊടുക്കുക, റേഷന്‍ കടക്കാരന്‍ ചന്ദ്രന്‍ ചേട്ടന്റെ കടയില്‍ സാധനങ്ങള്‍ എടുത്ത് കൊടുക്കുക, കിണറ് തേവുക, വഴിവെട്ടുക, കച്ചറ വലിക്കുക അങ്ങിനെ മുന്നില്‍ വന്ന് പെടുന്ന ഏതു ജോലിയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. അന്നും ഇന്നും. പക്ഷെ വെക്കേഷന്‍ തുടങ്ങുന്നതേയുള്ളു. പ്രത്യേകിച്ച് ഒരു ജോലിയും തരമായിട്ടില്ല.

ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു നടക്കുമ്പോള്‍ നേരം നന്നേ വൈകിയിരുന്നു. പടിയിറങ്ങുമ്പോള്‍ മമ്മി പിന്നില്‍ നിന്നും വിളിച്ചു.

"മോനെ നിന്നെ. കിരണിനെയും വിളിച്ചു വാസന്തി ചേച്ചിയുടെ വീട്ടിലേക്കു ചെല്ല്. വീട്ടില്‍ ഒന്നും കാണില്ല."
കിരണ്‍ എന്റെ അനുജനാണ്. വാസന്തി ചേച്ചി മമ്മിയുടെ സുഹൃത്തും. വിശക്കുമ്പോള്‍ കയറിച്ചെല്ലാനുള്ള ഇടമായിരുന്നു വാസന്തി ചേച്ചിയുടെ വീട്. എല്ലാ ദിവസവും രാത്രി ഞങ്ങള്‍ കുട്ടികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വാസന്തി ചേച്ചി പാത്രത്തില്‍ എടുത്തു വെച്ചിട്ടുണ്ടാവും. ദൂരദര്‍ശനില്‍ അക്കാലത്തൊക്കെ വൈകീട്ട് ഏഴരയ്ക്കാണ് വാര്‍ത്തകള്‍. അത് കഴിയുന്ന മുറയ്കുള്ള മ്യൂസിക് കേട്ടാല്‍ ഞാനും അനിയനും കൂടെ അവരുടെ വീട്ടിലേക്കു ചെല്ലും. അടുക്കളയോട് ചേര്‍ന്നുള്ള പടിക്കെട്ടില്‍ ഞങ്ങളെ കാത്തിരിക്കുന്ന പിഞ്ഞാണത്തില്‍ ചോറും കറിയും ഉണ്ടാവും. അതും എടുത്ത് ഞങ്ങള്‍ തിരികെ വീട്ടിലേക്കു പോരും. റേഷനരിയുടെ ചോറ് ചേര്‍ത്ത് മമ്മി അത് എല്ലാവര്ക്കും വിളമ്പും. പിന്നീട് ഡാഡിയുടെ വരുമാനം മെച്ചപ്പെട്ട കാലത്തും ആ ഒരുപാത്രം ചോറ് ഞങ്ങളെ കാത്ത് ആ പടിക്കല്‍ ഉണ്ടായിരുന്നു.

അനിയന്റെ കൂടെ ഇരുന്നു കഴിക്കുമ്പോള്‍ വാസന്തി ചേച്ചി ഡാഡിയുടെ വിശേഷം ഒക്കെ ചോദിച്ചു, നാളെ ഓണമല്ലേ. ഉച്ചക്ക് വേറെ എങ്ങും തിരിഞ്ഞു നടക്കാതെ ഇവിടെ വന്നു കഴിച്ചിട്ട് പോണം എന്ന് പറഞ്ഞിട്ടാണ് ചേച്ചി ഞങ്ങളെ യാത്രയാക്കിയത്. പക്ഷെ നാളെ ഓണമാണ് എന്നതിനേക്കാള്‍ എന്റെ മനസില്‍ കുരുങ്ങി കിടന്നത് ആപ്പിളിന്റെ ചിത്രമാണ്. ചുവന്ന നിറത്തില്‍ അത് മനസിലോ ഹൃദയത്തിലോ പിടിതരാതെ ഉരുണ്ടു കിടക്കുന്നു. ആഴുപത്രിയില്‍ നിന്ന് വരുന്ന വഴി ഒരു പഴക്കടയില്‍ കയറി ആപ്പിളിന് വില ചോദിച്ചിരുന്നു. രണ്ടെണ്ണം തൂക്കി നോക്കി അയാള്‍ പറഞ്ഞു.

"പത്തു രൂപയാകും"

കാശെടുക്കാത്തത് പോലെ അഭിനയിച്ചു ഞാന്‍ പറഞ്ഞു.

"അയ്യോ പൈസ എടുത്തില്ല. ഞാന്‍ പിന്നെ വരാം"

"നാശം" ഇത് പറഞ്ഞു അയാള്‍ ആപ്പിള്‍ കൂടയിലെക്കിട്ടു.

രാവിലെ ഉണര്‍ന്നപ്പോഴും ആപ്പിളുകള്‍ എന്റെ ചിന്തയെ വലച്ചു കൊണ്ടിരുന്നു. മമ്മി രാവിലെ തന്നെ വീട്ടില്‍ എത്തി. ഒരു ചെറിയ പൊതിയില്‍ അരിയുണ്ട്. ഡാഡിക്ക് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് പോകണം. വിശക്കുന്നുണ്ട് പക്ഷെ മമ്മിയോടു പറഞ്ഞില്ല. അനിയനും എന്തെങ്കിലും വേണം എന്ന് പറഞ്ഞില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. എങ്ങിനെ എങ്കിലും പത്തു രൂപ ഉണ്ടാക്കണം.
റോഡിലെത്തിയ ഉടനെ എന്റെ മനസ്സില്‍ തെളിഞ്ഞ വീടുകളുടെ മുന്നിലേക്ക്‌ കാലടികള്‍ നീണ്ടു. അന്ന് ഓണം സ്പെഷ്യല്‍ ചിത്രം കിലുക്കം ആണ് എന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. കേറി ചെന്ന വീടുകളിലൊക്കെ ആ ചിത്രത്തിലെ രംഗങ്ങള്‍ ടി വി യില്‍ മിന്നി മാഞ്ഞിരുന്നു.അധികം ശക്തിയില്‍ അല്ലെങ്കിലും മഴ പെയ്യുന്നുണ്ടായിരുന്നു. ആ ദിവസം മുഴുവന്‍ എന്റെ ഷര്‍ട്ടും പാന്റ്സും നനഞ്ഞു തന്നെയിരുന്നു. ഓരോ വീട്ടിലും കയറി ചെല്ലുമ്പോഴും എന്ത് പറയണം എന്നറിയാതെ കുഴങ്ങി. വയ്യാത്ത അച്ഛന് മരുന്ന് മേടിക്കാനാണ് എന്ന് പറഞ്ഞു കാശ് ചോദിക്കാം. പക്ഷെ ആപ്പിള്‍ വാങ്ങാനാണ് എന്ന് പറഞ്ഞു എങ്ങിനെയാണ് ചോദിക്കുക. ചോദ്യഭാവത്തോടെ നോക്കിയ മുഖങ്ങളിലേക്ക് സിനിമ കാണാനാണ് എന്ന മറുപടി മൌനമായി നല്‍കി. ടി വി സര്‍വ്വസാധാരണമായിരുന്ന കാലമല്ലായിരുന്നു. അത് കൊണ്ട് തന്നെ ടി വി ഉള്ള വീടുകളുടെ വരാന്തയില്‍ ആളുകള്‍ തിങ്ങി ഇരിക്കുന്നതും നില്‍ക്കുന്നതും പതിവാണ്. ഞാന്‍ ആ കൂട്ടത്തിലേക്ക് ഊഴിയിടും. പക്ഷെ അധികനേരം അങ്ങിനെ നില്‍ക്കാന്‍ മനസനുവദിച്ചില്ല. വീണ്ടും നടന്നു. ഇടക്കാണ് വഴിയില്‍ വെച്ച് സുനിച്ചേട്ടനെ കണ്ടത്. വാസന്തി ചേച്ചിയുടെ മൂന്നു മക്കളില്‍ മൂത്തയാള്‍ ആണ് സുനിചേട്ടന്
"നീ എന്താണ് മഴ നനഞ്ഞു നടക്കുന്നത്?"
ഞാന് കാര്യം പറഞ്ഞു. സുനിചേട്ടന് ജോലി ഉള്ളത് കൊണ്ട് കാശുണ്ടാവും എന്ന് കരുതിയാണ് ഞാന് കാര്യം പറഞ്ഞത്.
"എന്റെ കയ്യില് ഇല്ലല്ലോട. നീ ഒരു കാര്യം ചെയ്യ്, അമ്മ നിങ്ങളെ കണ്ടില്ല എന്ന് പറയുന്നുണ്ട്. നീ അനിയനേം കൂട്ടി ചെന്ന് എന്തെങ്കിലും കഴിക്കു. ഞാന് അപ്പോഴേക്കും ഒന്ന് കറങ്ങി വരാം."
എനിക്ക് അയാളോട് ദേഷ്യം തോന്നി. വലിയ ജോലി ഉള്ള ആളോക്കെയാ. ഒരു പത്തു രൂപ തന്നാലെന്ത് എന്ന് മനസ്സില് ചിന്തിച്ചു. മനസ്സില് അയാളെ വീണ്ടും എന്തൊക്കെയോ പറഞ്ഞു. പിന്നെ തിരികെ വീട്ടിലേക്കു നടന്നു. പണം അന്വേഷിച്ചു ഒരുപാട് ദൂരം നടന്നു എന്ന് അപ്പോഴാണ് എനിക്ക് ബോധ്യമായത്. തിരികെ വീട്ടിലെത്തി അനിയനെ കൂട്ടി വാസന്തി ചേച്ചിയുടെ വീട്ടില് എത്തുമ്പോള് വൈകുന്നേരം 3 മണി എങ്കിലും ആയിക്കാണും. നേരത്തെ വന്നു കഴിക്കാത്തതിനുള്ള പിണക്കം കേട്ട് കൊണ്ട് ഞാന് ആ വര്ഷത്തെ ഓണമുണ്ടു. പക്ഷെ അത്രയും നേരമായിട്ടും സുനിചേട്ടനെ കണ്ടില്ല. എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു. മഴ വീണ്ടും കനക്കാന് തുടങ്ങിയത് പോലെ. അനിയന് ടി വി നോക്കി ഇരിക്കുകയാണ്. ഞാന് ഇപ്പോള് വരാം എന്ന് പറഞ്ഞു വഴിയിലേക്ക് നടന്നു. ദൂരെ നിന്ന് നടന്നു വരുന്ന ഓരോ ആളുകളെയും എനിക്ക് സുനിചേട്ടന് ആയിട്ടാണ് തോന്നിയത്.പക്ഷെ തൊട്ടടുതെത്തുമ്പോള് മറ്റൊരു മുഖമായി മാറി അവര് എന്നെ കബളിപ്പിച്ചു കൊണ്ട് കടന്നു പോയി. മനസ്സില് ആപ്പിളിന് അപ്പോള് വേദനയുടെ മുഖമായിരുന്നു.
"എടാ നിന്നെ നോക്കി സുനിചേട്ട അമ്മാവന്റെ പറമ്പില് നില്ക്കുന്നു. വേം ചെല്ല് " സൈക്കിളില് പാഞ്ഞു വന്ന അഭിലാഷ് ചേട്ടന്.

ഞങ്ങള് കളിയ്ക്കാന് പോകുന്ന പറമ്പ് അമ്മാവന്റെ പറമ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഞാന് ചെല്ലുമ്പോള് പോസ്റ്റില് ചാരി സുനിചേട്ടന് നില്ക്കുന്നു.
"നീ എവിടെ പോയി. വീട്ടില് വന്നപ്പ കണ്ടില്ലല്ല."
"ഞാന്..പിന്നെ.. സുനിചേട്ടനെ നോക്കി നടക്കേരുന്നു"
"ഊം..ദാ"
എന്റെ നേരെ അയാള് പത്തു രൂപ വെച്ച് നീട്ടി. മഴതുള്ളി വീണു അത് നനഞ്ഞു തുടങ്ങും മുന്പേ ആ പണം തട്ടി പറിച്ചേന്നോണം ഓടുകയായിരുന്നു ഞാന്. രണ്ടാപ്പിളിനു പകരം നനഞ്ഞ പത്തു രൂപ വെക്കുമ്പോള് കടക്കാരന്, "ഇപ്പോഴാണോ പൈസ എടുക്കാന് ഓര്ത്തെ"
ഒന്നും പറയാതെ ഞാന് ആശുപത്രിയിലേക്കോടി. മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്. എങ്ങിനെ എങ്കിലും ഓടി എത്തി ഡാഡിയുടെ കയില് ഇത് വെച്ച് കൊടുക്കണം. ദൂരം കൂടി കൂടി വരുന്നത് പോലെ ഉണ്ട്. എങ്കിലും ഞാന് ഓട്ടം നിര്ത്തിയില്ല. കിതച്ചു കൊണ്ട് ഡാഡിയുടെ മുന്നിലെത്തുമ്പോള് അവിടെ മമ്മിയും ഡോക്ടറും ഉണ്ട്.
"ഹാ മോന് കൊള്ളാമല്ലോ. ആപ്പിളൊക്കെ ആയിട്ടാണല്ലോ അച്ഛനെ കാണാന് വരവ്."
"മൂത്ത മോനാ. പത്താം ക്ളാസാ."
"ഊം നന്നായി പഠിക്കൂ" ഡോക്ടര് പോയി. ഡാഡി എന്റെ മുഖത്തേക്ക് നോക്കി.
"കാശെവിടുന്നു കിട്ടി? ചന്ദ്രന്റെ കടേല് നിന്നോ?"
"ഇല്ല"
"പിന്നെ"
"ഓണയോണ്ട് ജോലി ഒന്നും കിട്ടീല. . സുനിചേട്ടന് തന്നു"
രണ്ടാപ്പിളുകള് ഒന്നുമല്ലായിരുന്നു എന്ന് ഇപ്പോള് തോന്നുന്നു. 20 ദിവസത്തിലധികം ആഴുപത്രിയില് കിടന്ന ഡാഡിക്ക് അത് ഒന്നുമായിട്ടുണ്ടാവില്ല. പക്ഷെ അന്ന് ഞാന് അനുഭവിച്ച സന്തോഷം...ലോകം കീഴടക്കിയത് പോലെയാണ് ഞാന് തിരികെ പോന്നത്. പക്ഷെ...
പിറ്റേന്ന് രാവിലെ മമ്മി പറഞ്ഞു.
"മോനെ..പിന്നെ...സുനി ചേട്ടനോട് ഇനി കാശൊന്നും ചോദിക്കണ്ട കേട്ടോ. അവന്റെ ജോലി പോയിട്ട് കുറച്ചായി. പുറത്തു പറയാഞ്ഞിട്ടാണ്."

എന്നെ അത് നോവിപ്പിച്ചു. കാശ് ചോദിച്ചപ്പോള് ഇല്ല എന്ന് പറഞ്ഞതിന് മനസ്സില് ഞാനെന്തൊക്കെ അയാളെ പറഞ്ഞു. പാവം. ആ മഴയത്ത് എന്റെ അലച്ചിലില് മൌനമായി എന്നെക്കാളേറെ ദൂരം അയാള് നടന്നു കാണണം. രണ്ടാപ്പിളുകള്ക്ക് വേണ്ടി.
എന്നെക്കാള് മുന്പേ മഴത്തുള്ളികള് വീണ പത്തു രൂപ കൊണ്ട് ലോകം കീഴടക്കിയത് അയാള് ആണ്.
      

ഓര്‍മ്മക്കുറിപ്പ് No:11 ധന്യ ദാസ്‌


 ധന്യ ദാസ്‌

ഒരു കൈക്കുടന്ന നിറയെ ഓര്‍മ്മകളുമായിട്ടാണ് അല്ലെങ്കിലും ഓരോ ഓണക്കാലവുംവിരുന്നെത്താറ് . ഇതുപോലൊരു സന്ധ്യയ്ക്കിരുന്നു കഴിഞ്ഞ ഓണക്കാലങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ചിലതൊക്കെ തൂവിപ്പോകാം. ചിലത് എങ്ങനെയെഴുതണമെന്നറിയാതെ ഉപേക്ഷിക്കും.എങ്കിലും ഉള്ളില്‍ പതിഞ്ഞുപോയ ചില ചിത്രങ്ങളുണ്ട്, ശബ്ദങ്ങളുണ്ട്, ഇത്തിരി കണ്ണീരും ഒത്തിരി പൊട്ടി ച്ചിരികളുമുണ്ട്.

നഗരത്തിന്‍റെയും തിരക്കുകളുടെയും കലമ്പലില്ലാത്ത ഒരു തനിനാട്ടിന്‍പുറം.വീടിനും മനസ്സിനും മതില് കെട്ടിയിട്ടില്ലാത്ത വളരെ സാധാരണക്കാരായ ആളുകള്‍ .നാടൊത്തുകൂടിയില്ലെങ്കില്‍ പിന്നെന്തോണമെന്ന് ചെറുപ്പം മുതലേ കേട്ടതുകൊണ്ടാവണം ഓണക്കാലത്ത് എന്‍റെ ഗ്രാമത്തിന് ഒരു വല്ലാത്ത സൌന്ദര്യം കൈവരുന്നതായി തോന്നാറുള്ളത്. അല്ലെങ്കിലും നാടിനെക്കുറിച്ച് പറയാതെ ഓണത്തെ പ്പറ്റി പറയുന്നതെങ്ങനെ.

ശാന്തമ്മട്ടീച്ചറാണ് എല്‍പ്പി ക്ലാസുകളിലൊന്നില്‍ ഓണത്തെക്കുറിച്ചും മാവേലിയെക്കുറിച്ചുമൊക്കെ പഠിപ്പിച്ചത്. മാവേലി നാടുവാണീടും കാലം പാഠഭാഗമൊക്കെ ഓരോ ബെഞ്ചുകാരെയും കൊണ്ട് പല ഈണത്തില്‍ ചൊല്ലിപ്പിച്ചതൊക്കെ ഓര്‍മ്മയിലുണ്ട്. ഏതാണ്ടന്നു മുതലുള്ള ഓണക്കാലങ്ങളെ ഓര്‍മ്മയിലുള്ളൂ എന്നും പറയാം . 


വീടിനു തൊട്ടടുത്താണ് സ്കൂള്‍. അഞ്ചാറു കിലോ വരുന്ന പുസ്തകക്കെട്ടില്ലാതെ, ഹോം വര്‍ക്കിന്‍റെയും സ്കൂള്‍ ബസ്സിന്‍റെയും പേടിപ്പെടുത്തലുകളില്ലാതെ, ഒരു കല്ലുസ്ലേറ്റും അഗര്‍ബത്തിക്കവറിട്ടു മണം പിടിപ്പിച്ച പെന്‍സില്‍ ബോക്സുമായി നീലപ്പാവാടയിട്ട് ചെങ്കല്ല് റോഡിലൂടെ സ്കൂളിലേക്ക് നടന്നുപോയ എന്നെ ഓര്‍മ്മകളില്‍ ഇടയ്ക്കൊക്കെ കണ്ടുമുട്ടാറുണ്ട്.
നാലാം ക്ലാസിലെ ഓണാഘോഷം സ്കൂളിനെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു. പരിപാടിയുടെ തലേ ദിവസം ഞങ്ങളെല്ലാവരും കൂടി ക്ലാസ്സൊക്കെ തൂത്തു വൃത്തിയാക്കി. ചോക്കുകഷണം നനച്ച് വലിയ അക്ഷരത്തില്‍ ബോര്‍ഡില്‍ ഓണാശംസകള്‍ എന്നെഴുതിയത് ഞാനാണ്. നീളമില്ലാത്തതുകൊണ്ട് ആണ്‍കുട്ടികളില്‍ ആരോ ആവണം ടീച്ചറിരിക്കുന്ന കസേര ബോര്‍ഡിനു ചേര്‍ത്ത് വലിച്ചിട്ടു തന്നത്. അതില്‍ ചവുട്ടിക്കയറി എഴുതിയ ശേഷം കസേര തൊട്ടുതൊഴുതതൊക്കെ ഇന്ന് അനിയനോട് പറയുമ്പോള്‍ അവന്‍ കളിയാക്കി ചിരിക്കാറുണ്ട്, 

അന്ന് വൈകീട്ട് വീട്ടില്‍ വന്ന് കണ്ണില്‍ക്കണ്ട പൂവൊക്കെ പറിച്ചുവെച്ചു. പേരറിയാത്തവയായിരുന്നു അതില്‍ കൂടുതലും. പൂവിനോപ്പം ചീനിയില കുനുകുനെ അറിഞ്ഞതും കുറവല്ലാത്ത അളവില്‍ കവറിലാക്കി വെള്ളം തളിച്ചു വെച്ചു. പടിഞ്ഞാറ്റെയില്‍ ആള്‍ത്താമസമില്ലാത്ത ഒരു തൊടിയുണ്ട്. അവിടത്തെ ഉപയോഗിക്കാത്ത കിണറിനു ചുറ്റും തുമ്പപ്പൂവും വേറൊരു വെളുത്ത പൂവും നിറയെയുണ്ട്. കിണറ്റുകല്ലില്‍ വീണ് മുട്ടുകാലു പൊട്ടി, രണ്ടു കയ്യിലും വെള്ള പ്പൂക്കളുമായി ഓടിവന്നു മുറ്റത്ത് നിന്ന അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ജംഗ്ഷനിലെ സിബിന്‍ മെഡിക്കല്‍സില്‍ നിന്നും ഒരു ചെറിയ കാപ്സ്യൂളിനകത്തുള്ള പൊടി മുറിവിലെക്കിട്ടപ്പഴും കരഞ്ഞു. ഇപ്പഴും ആ കാപ്സ്യൂള്‍ കാണുമ്പോള്‍ അറിയാതെ ഒരു കരച്ചില്‍ പൊട്ടും. ഇപ്പൊ തോന്നുന്നു അന്ന് വേദനിച്ചിട്ടൊന്നുമല്ല കരഞ്ഞതെന്ന് . കരഞ്ഞോടിചെല്ലാന്‍ അച്ഛന്‍ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നതുകൊണ്ടാവുമെന്ന്.
അന്ന് രാത്രി കിടക്കയില്‍ എന്നോടൊപ്പം ഒരുപാട് നക്ഷത്രങ്ങളുണ്ടായിരുന്നു. അതിലോരോന്നും പിറ്റെടിവസത്തെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു.

പിറ്റെന്നുണര്‍ന്നു എല്ലാം വളരെ പ്പെട്ടെന്നായിരുന്നു. എന്നും ഉണര്‍ത്തുന്നത് മുതല്‍ സ്കൂളിലേക്ക് പോകും വരെ ഒപ്പമുണ്ടാവുന്ന അമ്മ അന്നൊന്നും അറിഞ്ഞില്ല. കഞ്ഞി വെക്കുന്ന അമ്മച്ചിയെക്കാള്‍ ആദ്യം സ്കൂളിലെത്തിയത് ഞങ്ങള്‍ നാലു ബി ക്കാരാണ്.
ഡിസൈന്‍ എന്താണെന്നറിയാത്ത അന്ന് ആകെയറിയാവുന്ന ഏതോ രീതിയില്‍ പൂവിട്ടിരിക്കണം. കൈ പൊള്ളാതെ വിളക്കൊക്കെ കത്തിച്ചുവെക്കാന്‍ കൂടെയുണ്ടായിരുന്നത് ഫാത്തിമ ടീച്ചറാണ്. നാലാം ക്ലാസ് വരെ അറബി പഠിപ്പിച്ചതും ടീച്ചറാണ്.
കൂട്ടത്തിലേറ്റവും തടിയനായ അഫ്സല്‍ ആണ് അന്ന് മാവേലിയായി വേഷം കെട്ടിയത്. പിന്നീടിന്നോളം അവന്‍റെ തടി കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.
ഉച്ചയ്ക്ക് എല്ലാവരുമായി സദ്യ, എന്നെക്കാള്‍ കൂടുതല്‍ കഴിച്ചത് എന്‍റെ പുതിയ ഫ്രോക്കാണ്.
പത്തുദിവസത്തെ അവധിയൊഴിച്ചാല്‍ തിരുവോണത്തിന്‍റെ അന്ന് പോലും സ്കൂളില്‍ ആഘോഷിച്ചപ്പോള്‍ ഉണ്ടായ ഒരു പേരറിയാത്ത സന്തോഷം ഉണ്ടായിട്ടില്ല എന്നു തോന്നുന്നു ആ വര്‍ഷം.

വീടിന്‍റെ മുന്‍പില്‍ ഒരു നാട്ടുമാവുണ്ടായിരുന്നു. ഈമ്പിക്കുടിക്കുന്ന മാങ്ങ പിടിക്കുന്ന മാവ്. മാമ്പഴച്ചാറിന്‍റെ മണമാണ് കുട്ടിക്കാലത്തിന് എന്നു ഇടയ്ക്ക് തോന്നിയിരുന്നത് അതിലെ പുളിയന്മാങ്ങയോടുള്ള ഇഷ്ടമാവണം. വെട്ടിക്കളയുന്നത് വരെ എല്ലാ ഓണവും ഊഞ്ഞാലാടിയിരുന്നത് അതിലാണ്. പ്രായമനുസരിച്ചായിരുന്നു ഊഞ്ഞാലാട്ടം. ചേട്ടന്മാരൊക്കെ നിന്നുകൊണ്ടാടുമ്പോള്‍ ഇരുന്നിട്ടും നേരെ ചൊവ്വേ ഉയരത്തില്‍പ്പോലും തൊടാന്‍ പറ്റാത്തതിന്‍റെ സങ്കടമായിരുന്നു മനസ്സില്‍.
റോഡിനോടു ചേര്‍ന്നായിരുന്നു മാവ്. ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ അത് വെട്ടി. റോഡ്‌ വീതി കൂട്ടുന്നതിന്‍റെയും ടാറ് ചെയ്യുന്നതിന്‍റെയും മുന്നോടിയായിട്ട്. കുറച്ചു ദിവസങ്ങള്‍ കതക് തുറക്കുമ്പോള്‍ വല്ലാത്ത ഒരു ശൂന്യതയായിരുന്നു. നട്ടുച്ചയ്ക്ക് പോലും അതിന്‍റെ ചുവട്ടില്‍ എന്ത് തണുപ്പായിരുന്നെന്നോ.

ഏഴാം ക്ലാസിലെ ഓണം വല്ലാത്ത ഒരു മൌനത്തില്‍ മുങ്ങിപ്പോയി. കൃഷ്ണപ്രിയയെ നഷ്ടമായ വര്‍ഷം. ചുക്കില്ലാത്ത കഷായമില്ലെന്നു അച്ചമ്മ പറയാറുണ്ട്‌. അതുപോലെയായിരുന്നു അവള്‍. ആറാം ക്ലാസുകാരിയെങ്കിലും രണ്ടാംക്ലാസിന്‍റെ ഭാവം. നന്നായി പാടും, വരയ്ക്കും.. സ്കൂള്‍ കലോല്‍സവങ്ങളിലെ നിറഞ്ഞ പുഞ്ചിരി. കുറച്ചു ദിവസങ്ങളായി ക്ലാസില്‍ വന്നിരുന്നില്ല. ഒക്ടോബറിലെ കലോത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. അവളില്ലാത്തതിന്‍റെ കുറവ് ശരിക്കും അറിഞ്ഞ നാളുകള്‍. പനി ആണെന്നാണ്‌ സ്കൂളില്‍ അറിയിച്ചത്. പിന്നെ അത് ന്യുമോണിയയായി. അവളെ അസുഖങ്ങള്‍ പിടികൂടുകയില്ലെന്നാണ് അവളുടെ വീട്ടുകാരും കരുതിയത്‌. പക്ഷെ വളരെപ്പെട്ടെന്നു ഓരോണക്കാലത്തിന്‍റെ പൂക്കാലം മുഴുവന്‍ തല്ലിക്കൊഴിച്ച്‌ അവള്‍ പോയി.
എന്‍റെയുള്‍പ്പെടെ കൃഷ്ണയെ സ്നേഹിച്ചവരുടെയൊക്കെ ഒന്നോ രണ്ടോ ഓണക്കാലങ്ങള്‍ അവളുടെ ഓര്‍മ്മയില്‍ കുതിര്‍ന്നു മങ്ങിപ്പോയി. പക്ഷെ അവളുടെ അമ്മ, അച്ഛന്‍, അവര്‍ക്കിനി എന്നെങ്കിലും ഹൃദയം നിറഞ്ഞു ഓണമൊരുങ്ങാന്‍ കഴിയുമോ.
വീടിന് കുറച്ചുമാറി ഈയടുത്ത സമയം വരെ കൃഷിയിറക്കിയിരുന്ന ഒരു വയലുണ്ട്. ഹൈസ്കൂള്‍ ഓണക്കാലങ്ങള്‍ നടന്നും സൈക്കിളിലും യാത്ര ചെയ്തത് അതിന്‍റെ അതിരിലൂടെയാണ്. ക്ലാസ് കഴിഞ്ഞു വൈകീട്ട് വീട്ടിലേക്കു വരുമ്പോള്‍ ജനതാ ആര്‍ട്സ് ക്ലബ്ബിന്റെ ഓണപ്പരിപാടികള്‍ നടക്കുകയാണ്. ഉറിയടിയും റൊട്ടികടിയും സുന്ദരിക്ക് പൊട്ടുതൊടലും ഒക്കെ തുടങ്ങാന്‍ പോവുന്നത്തെ ഉള്ളു എന്ന് കുരിശടി എത്തിയപ്പോഴേ കേട്ടിരുന്നു. ക്ലബ്ബായപ്പോള്‍ സൈക്കിള്‍ താനേനിന്നതും ഞങ്ങള്‍ അവിടെ ഇറങ്ങിനിന്നതുമൊക്കെ യാന്ത്രികമായിരുന്നു. സന്ധ്യയായതോ നേരം പോയതോ ഒന്നും ഓര്‍ത്തില്ല. അവസാനം അന്വേഷിച്ചു വന്ന വല്യച്ചനെ ഒരു ചിരിയിലൊതുക്കി പത്തു ദിവസത്തെ അവധിയും ഒക്കത്തെടുത്ത്‌ വീട്ടിലേക്ക്. വീട്ടില്‍ ചെന്ന് എല്ലാവര്‍ക്കും വാങ്ങിയ പുത്തനുടുപ്പൊക്കെ കണ്ട് കണ്ണും മനസ്സും നിറഞ്ഞു. ചേച്ചിയുടെ കൂട്ടുകാര്‍ കുറേപ്പേര്‍ അത്തവണ വീട്ടില്‍ ഉണ്ടായിരുന്നു, അവരുടെ അച്ഛനും അമ്മയും ഒക്കെ ദൂരെ എവിടെയോ ആയിരുന്നു ജോലി. അതുകൊണ്ടു ഹോസ്റ്റലില്‍ നിന്ന് ചേച്ചിയുടെ വീട്ടിലേക്കാണ് വന്നത്. അവരൊക്കെ സെറ്റുടുത്തു അന്ന് അടുത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ പോയി. തിരികെ എത്തിയപ്പോഴേക്കും ഉണ്ണിയപ്പവും ഉപ്പേരിക്കൂട്ടങ്ങളും അങ്ങനെ കറുമുറകള്‍ എല്ലാം ഉണ്ടാക്കുന്നതിന്‍റെ തിരക്കുകളില്‍ പെട്ടിരുന്നു വീട്. അന്ന് രാത്രിയും നക്ഷത്രങ്ങള്‍ ഇറങ്ങി വന്ന് ഇതെല്ലാം രുചി നോക്കാന്‍.
പൂക്കളത്തില്‍ മലയാളിപ്പൂവുകള്‍ കുറയാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ കുട്ടിക്കാലം വിട്ടു എന്ന് മനസ്സിലായത്‌. പിന്നെ പൂക്കളത്തിനും ഓണത്തിനും പുതിയ മാനങ്ങള്‍ ഉണ്ടായി.പ്ലസ്ടു സമയത്തൊക്കെ ഓണാഘോഷങ്ങള്‍ക്ക് വേണ്ടി എത്ര രൂപയുടെ പൂക്കള്‍ തന്നെ വാരിക്കൂട്ടി. ആഘോഷം എന്നതൊക്കെ വിട്ടു മത്സരങ്ങളിലും പേചാനലുകളിലും ഓണം നിറഞ്ഞു തുടങ്ങിയത് അന്നുമുതലാണ്. വീട്ടില്‍ ഉപ്പേരി വറുക്കലും നാട്ടില്‍ ഓണക്കൂട്ടങ്ങളുമൊക്കെ പഴയതുപോലെ ഉഷാറായിരുന്നതുകൊണ്ട് മൊത്തത്തില്‍ കടലെടുത്തു എന്ന് പറയാനും പറ്റില്ല. എങ്കിലും നാലാം ക്ലാസിലെയും കോളേജ് കാലത്തെ ഓണവും തമ്മില്‍ ഒരു തലമുറയുടെ വ്യത്യാസമുണ്ടെന്നു തോന്നുന്നു. എല്‍പ്പി സ്കൂളിലേക്കുള്ള വഴി ടാര്‍ ചെയ്തു. അവിടെ അന്നുണ്ടായിരുന്ന ടീച്ചേഴ്സ് ഒക്കെ റിട്ടയര്‍ ചെയ്തു. പുതിയ സിലബസില്‍ ഇപ്പോള്‍ ക്ലാസ് നടക്കുന്നു.
മാവില്ലാത്തതുകൊണ്ട് ഊഞ്ഞാലാട്ടങ്ങള്‍ പഴയ ആയത്തില്‍ എത്തിയില്ല. എങ്കിലും ഓണദിവസങ്ങളില്‍ ഒരു ഊഞ്ഞാല്‍ ഇന്നും ഒരു നിര്‍ബന്ധമാണ്‌.

വീട്ടിലുള്ള ദിവസങ്ങളില്‍ ഇന്നും സ്കൂളിലേക്ക് നടന്നുപോവുന്ന നീലപ്പാവാടക്കാരികള്‍ ഞാന്‍ തന്നെയെന്നു തോന്നാറുണ്ട്. ഞങ്ങള്‍ക്കിടയിലുള്ള ഒരു നോട്ടത്തില്‍ പോയ ഓണക്കാലങ്ങളുടെയും ഓര്‍മ്മകളുടെയും ദീപ്തമായ ഒരു പ്രകാശമുണ്ട്.
   

ഓര്‍മ്മക്കുറിപ്പ് No:10 ഷാജി രഘുവരന്‍

 ഷാജി രഘുവരന്‍


ഓണം എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സ് ചെന്നെത്തുക ബാല്യകാലത്താണ്. അത്തം പത്തിന് പൊന്നോണമെന്ന് പാടി ഞങ്ങള്‍  തൊടികളില്‍ ഓടിക്കളിക്കുന്ന കാലം അനുഭൂതിയുടെ ഉത്സവം.മാസങ്ങള്‍ നീണ്ട മഴ നേര്‍ത്തു ഇല്ലാതായി  വെയില്‍ പരക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഹൃദയങ്ങളില്‍ ചിത്രങ്ങള്‍  വരച്ചുചേര്‍ക്കുന്ന ഉത്സവം. ഭൂമിയെ ചുംബിച്ചുറങ്ങുന്ന പൂവിതളുകള്‍ സ്വപ്‌നങ്ങളില്‍ ഗന്ധം ചൊരിയുന്നു. ഓണരാവുകളെ താലോലിക്കാന്‍ എന്‍റെ ചെമ്മാപ്പിളളി ഗ്രാമത്തിലും  കുളിര്‍നിലാവുമായി പൂര്‍ണ്ണചന്ദ്രനും എത്തും.ചെടികളെല്ലാം പൂവിട്ട് നില്‍ക്കുന്ന വസന്തകാലം എങ്ങും ഹരിതാഭ. പൂവിളിയും, കോലാഹലങ്ങളുമായി കാടും, മേടും,കുന്നും കയറിയിറങ്ങുന്ന കുട്ടിപട്ടാളം. അഴകിന്റെ സമ്മോഹനങ്ങളായി കുറെ രാപ്പകലുകള്‍...അതുകൊണ്ടെല്ലാം തന്നെ ഓര്‍ക്കാനുണ്ടാകുക മനോഹരമായ അനുഭവങ്ങളാവാം.നാട്ടിന്‍‍‌പുറങ്ങളില്‍‍ ജനിച്ചു വളര്‍‍ന്ന എല്ലാവരെയും എന്നപോലെ എനിയ്ക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു.പൊതുവേ ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഓണത്തിന്റെ ഐതീഹ്യം പറയപ്പെടാറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ പുനര്‍ജനി നേടിയ പ്രകൃതി എല്ലാ മലയാളികള്‍ക്കും സമ്മാനിക്കുന്ന സുകൃതമാണ് ഓണക്കാലം

                                                    എന്റെ പ്രായത്തിലുള്ള ഒരുപാട് കളിക്കൂട്ടുകാരാല്‍ സമ്പന്നമായിരുന്നു എന്റെ കുട്ടിക്കാലം.പൂക്കളമൊരുക്കലും കളികളുമൊക്കെയായി അത്തം മുതല്‍ തിരുവോണംവരെ  നിലയ്ക്കാത്ത ആഹ്‌ളാദം. കുറ്റിക്കാടുകളിലും വയലുകളിലുമെല്ലാം നടന്ന് പൂക്കള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍, പൂ പറിക്കല്‍, തലേ ദിവസം ഒരുക്കിവെച്ച പൂക്കളുമായി  പിറ്റേദിവസം നേരത്തേയെഴുന്നേറ്റുള്ള പൂക്കളം തീര്‍ക്കല്‍.വീട്ടിലെ പൂക്കളം ഇട്ടുകഴിഞ്ഞാല്‍ അടുത്ത വീട്ടിലെ കൂട്ടുകാരന്‍റെ വീട്ടിലേക്കു ഓടും അവന്‍റെ പൂക്കളം എന്റെതിനെക്കാള്‍ മനോഹരമയോ,ആരുടേതാണ് വലിപ്പം,അതിലെ നിറക്കുട്ടുകള്‍,അതിനനുസരിച്ച് പിന്നെയും ഒരു മാറ്റപെടുതല്‍ പൂക്കള്‍ വെയിലേറ്റു വാടുന്നത്തുവരെ ഇതു തുടര്‍ന്ന് കൊണ്ടേയിരിക്കും.മിക്ക വര്‍‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍‍ കഴിയും മുന്‍‍പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷത്തിരക്കുകള്‍‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍‍ മാറ്റി വയ്ക്കുമായിരുന്നു. സ്കൂളിലെ പരീക്ഷ കഴിഞ്ഞാല്‍  പിന്നെയുള്ള ദിവസങ്ങള്‍ ഓണക്കളികളുടെതാണ്.കിഴക്കെപുറത്തു നില്‍ക്കുന്ന മുവാണ്ടന്‍ മാവിന്‍റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി അതില്‍  പറന്നു മാവിന്‍റെ ഇലകള്‍ പറിച്ചെടുക്കുന്നതും കുടുതല്‍ കുടുതല്‍ ഉയരത്തിലേക്ക് കുതിക്കുന്നതും രാവിലെ ഉറക്കമുണര്‍ന്നാല്‍ പിന്നെ അതിലാടാനുള്ള മത്സരം തുടങ്ങിയാല്‍ അവസാനിക്കുക രാത്രിയിലാകും, നിറഞ്ഞു കിടക്കുന്ന  കുളങ്ങളില്‍ കൂട്ടുകാരോടൊപ്പം നീന്തി തിമര്‍ത്തു കളിക്കുന്നതും ഓര്‍മയില്‍ തെളിഞ്ഞു വരുന്നു.ഓര്‍മയായി മാറിയ കിഴക്കേവീട്ടിലെ അമ്മുമ്മ കൈതയോല  ഉണക്കി ഉണ്ടാക്കി തരുന്ന പൂകൂട മനസ്സിന്‍റെ ഉള്ളില്‍ എവിടെയോ ഒരു വേദന സമ്മാനിക്കുന്നു.ആ പൂകുടകളുമായി നാട് നീളെയുള്ള അലച്ചില്‍ അടുത്തുള്ള ശ്രീരാമന്‍ ചിറയുടെ അരുകുകളില്‍ മറ്റു കുട്ടികളോടൊപ്പം  കുട്ടമായി തുമ്പപൂക്കള്‍ കുടുതല്‍ പറിക്കുന്നതിന്  വേണ്ടിയുള്ള മല്‍സരപാച്ചിലും, കുടെയുണ്ടാകുന്ന കളികുട്ടുകാരികള്‍ ഉയരത്തില്‍ നില്‍ക്കുന്ന പൂവുകളെ നോക്കി വിഷമത്തോടെ നില്‍ക്കുമ്പോള്‍ അതില്‍ വലിഞ്ഞു കയറി അവര്‍ക്കത്‌ സമ്മാനിക്കുമ്പോള്‍ അവര്‍ തരുന്ന ആ പുഞ്ചിരിയും,മുതിര്‍ന്നവര്‍ കാണാതെ ഇന്നു നമുക്ക് അന്യമായ പഴയ കാവുകളില്‍ പൂക്കള്‍ തിരയുന്നതും ഓര്‍മയില്‍ തെളിഞ്ഞു വരുന്നു,എത്ര തരം പൂക്കളായിരുന്നു അന്ന് തൊടികളിലും വേലി പടര്പ്പുകളിലും ഉണ്ടായിരുന്നത് തുമ്പ, മുക്കുറ്റി, കണ്ണാന്തളി, ചെമ്പരത്തി,തെച്ചിയും,കാക്കപൂവും പേര് പറയുവാന്‍ കഴിയാത്ത എത്ര തരം പൂക്കള്‍ ആയ്യിരുന്നു.ആ കാലത്തെല്ലാം ഓണം ഉട്ടുന്നതിനു  തൃക്കാക്കരയപ്പനെ ഉണ്ടാക്കിയിരുന്നു.ഓണത്തപ്പനേയും ഓലക്കുടയേയും നമുക്കിന്ന്‌ കാണാനാകാത്ത അവസ്ഥയായി  മാറികൊണ്ടിരിക്കുന്നു അവയെല്ലാം അന്യം നിന്നു പോകുന്ന നമ്മുടെ സംസ്കാരത്തിണ്റ്റെ പ്രതീകമായി മാറുകയാണ്‌.അന്നൊക്കെ തൃക്കാക്കരയപ്പനെ മണ്ണ് കൊണ്ട് വീട്ടില്‍ തന്നെ ഉണ്ടാക്കുമായിരുന്നു  വീടിന്‍റെ വടക്കെപുറത്തുള്ള തോട്ടില്‍ നിന്നും കളിമണ്‍ ശേഖരിച്ചു അത് കുഴച്ചു  തൃക്കാക്കരയപ്പനെ ഉണ്ടാക്കി വരുമ്പോളേക്കും അത് ഒരു പ്രാകൃത രൂപം പ്രാപിചിരിക്കും വീണ്ടും അത് കുഴച്ചു അടുത്ത ശ്രമം തുടങ്ങും അത് അങ്ങിനെ തുടര്‍ന്ന് കൊണ്ടെയിരിക്കും അവസാനം ദേഷ്യം വന്നു അമ്മയുടെ അടുത്ത് ചെന്നുള്ള കരച്ചിലാകും പിന്നെ ചേട്ടനൊക്കെ വന്നു ശരിയാക്കി തരുമായിരുന്നു.അതിനു ശേഷം ചെങ്കല്‍ പൊടിച്ചു വെള്ളത്തില്‍ ചാലിച്ചു അതിനു നിറം കൊടുക്കും.
അന്നൊന്നും ഈ തൃക്കാക്കരയപ്പനെ വാങ്ങുവാന്‍ കിട്ടുമായിരുനില്ല മാര്‍ക്കറ്റില്‍ നിന്നും.ഞങ്ങളുടെ അവിടെ ഓണം ഊട്ടുക ഉത്രാടത്തിന്റെ രാത്രിയില്‍ ആയിരുന്നു.വാഴയിലയില്‍ അരിമാവ് കൊണ്ട് കോലം വരച്ചു തൃക്കാക്കരയപ്പനെയും അരിമാവുകൊണ്ട്  അണിയിചൊരുക്കുന്നു.വാഴയിലയില്‍ ചുട്ടെടുത്ത പൂവട സമര്‍പ്പിച്ചു തുമ്പ പൂവുകൊണ്ട് തൃക്കാക്കരയപ്പനെ പകുതിയോളം മൂടി കനല്‍,നാളികേരം,വെള്ളം എന്നിവകൊണ്ട് പൂജിച്ചു ആര്‍പ്പുവിളികള്‍  മുഴക്കുകയായി.ആ പരിസരത്തുള്ള കുട്ടുകാരുടെ വീടുകളില്‍ മുഴുവന്‍ കേള്‍ക്കുന്ന അലര്‍ച്ചയില്‍ ആയിരുന്നു.അത് കേള്‍ക്കുമ്പോള്‍ എല്ലായിടത്ത് നിന്നും മറുവിളികള്‍.വീട്ടിലെ ഏറ്റവും ഇളയത് എന്നതിനാല്‍ എനിക്ക്  ആയിരുന്നു ഈ കര്‍മങ്ങള്‍ എല്ലാം ചെയ്യുവാനായി അവസരം ലഭിച്ചിരുന്നത്.ആ ഓണനിലാവില്‍  ആര്‍പ്പ് വിളിച്ചു കൊണ്ട് കുട്ടുകാരുടെ വീടുകളിലേക്ക് ഓടികളിക്കുക മറക്കുവാന്‍ കഴിയുനില്ല.കാരണം ഓണത്തിനും വിഷുവിനുമൊക്കെ ആയിരുന്നു രാത്രിയില്‍ പുറത്തിറങ്ങുവാന്‍ അനുവാദം കിട്ടിയിരുന്നുള്ളു.തിരുവോണത്തിന് രാവിലെ തന്നെ എഴുന്നേറ്റു കുട്ടുകരോടൊപ്പം കളി തുടങ്ങുകയായി മുതിര്‍ന്നപ്പോള്‍ മനസ്സില്‍ ഇഷ്ട്ടം തോന്നിയ പെണ്‍കുട്ടികള്‍ അമ്പലത്തില്‍ പോകുമ്പോള്‍ അവരെ കാണുന്നതിനായി ക്ഷേത്രദര്‍ശനമായി അത് മാറിയിരുന്നു മുല്ലപ്പൂവും  സെറ്റുമുണ്ടും പാലക്കാമാലയും അണിഞ്ഞു നെറ്റിയില്‍ ചന്ദനവുമായി  അമ്പലത്തില്‍ പോയി വരുന്ന മലയാളീ മങ്കകള്‍  അവരിലാണ്  ഓണത്തിന്റെ മറ്റൊരു സൗന്ദര്യം.വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു വീണ്ടും കുട്ടുകരോടൊത്തു ഇറങ്ങുകയായി.അന്നൊക്കെ സൈക്കിള്‍ സ്വന്തമായി സ്വപനം കണ്ടിരുന്ന കാലം ആയിരുന്നു.അച്ഛന്‍ സിനിമക്ക് പോകുന്നതിനു തരുന്ന പൈസ കുട്ടിസൈക്കിള്‍ വാടകയ്ക്ക് എടുത്തു അതില്‍ ലകഷ്യമില്ലാത്ത യാത്രകള്‍ ആയിരുന്നു.ഇടക്കിടെ വിട്ടുപോകുന്ന സൈക്കിള്‍ചങ്ങല ഇടുമ്പോള്‍ കൈ നിറയെ കരിപുരണ്ടിരിക്കും .ഓണകോടിയിലൊക്കെ അതിന്റെ അടയാളങ്ങളും പതിഞ്ഞിരുന്നു.ഇന്നത്തെ പോലെ വസ്ത്രങ്ങള്‍ ആവശ്യമുള്ളപ്പോള്‍ എടുക്കാന്‍ കഴിയുമായിരുനില്ല ഓണത്തിനൊക്കെ ആയിരുന്നു ഒരു ഡ്രസ്സ്‌ എടുത്തിരുന്നത്.അങ്ങവയല്‍വരമ്പിലൂടെ പട്ടം പറപ്പിക്കാന്‍ കൂട്ടുകാരുമൊത്ത് ഓടുമ്പോള്‍ പുത്തനുടുപ്പിന്റെ ഗന്ധം വിയര്‍പ്പിനൊപ്പം അലിഞ്ഞുപോയ നാളുകള്‍.പിന്നെ കളികളില്‍മുഴുകുകയായികാറകളി,തുമ്പി തുള്ളല്‍,പന്തുകളി അങ്ങിനെ അത് നീണ്ടുപോകുന്നു.
ആ കാലത്ത് അേഞ്ചാണം വരെ  ഞങ്ങള്‍ ആഘോഷിച്ചിരുന്നു  അതുവരെ നാക്കിലയില്‍ തന്നെ
ഭകഷണത്തിന് നിര്‍ബന്ധം ആയിരുന്നു അന്നൊക്കെ നാട്നീളെ ഓണാഘോഷങ്ങള്‍ കലാപരിപാടികള്‍ 
ഉണ്ടാകുമായിരുന്നു.നാലാം ഓണം ഞങ്ങള്‍  തൃശൂര്‍ നിവാസികള്‍ക്ക്  അത്യന്തം സന്തോഷമേകുന്ന ദിവസമാണ് അരമണി കുലുക്കി വരുന്ന പുലികളും, അവരുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായി ത്രിശ്ശൂര്‍  നഗരവും നഗരവാസികളും ആഹ്ലാദതിമിര്‍പ്പില്‍ നിറയും.വേഷം കെട്ടി വരുന്ന കുമ്മാട്ടിയുടെ പുറകെ നടന്നിരുന്ന ആ കാലമാണ് ഓണം മതിമറന്നു ആഘോഷിച്ചിട്ടുള്ളത്,ആ ഒര്മാകളോളം വരുനില്ല മുതിര്‍ന്നതിനു ശേഷമുള്ള ഓര്‍മ്മകള്‍. വീട്ടുമുറിയില്‍ തൂങ്ങിക്കിടക്കുന്ന നേന്ത്രവാഴക്കുലകളും ചെറുപഴകുലകളും  കാഴ്ചയില്‍ നിന്നു മറഞ്ഞിട്ടില്ല. ഓണസദ്യയുടെയും വിഭവങ്ങളുടെയും സ്വാദൂറുന്ന ദിനരാത്രങ്ങള്‍. അക്കാലത്ത് എല്ലാ വിഭവങ്ങളും വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ സ്വാദു മാത്രമല്ല, എല്ലാവരും ചേര്‍ന്നാണ് അവയെല്ലാം ഒരുക്കുകയെന്നതാണ് മറ്റൊരു സവിശേഷത. എല്ലാവര്‍ക്കും പുനഃസമാഗമത്തിനുള്ള സമയംകൂടിയാണ് ഓണം.കുറെ കാലത്തിനു ശേഷം രണ്ടു വര്ഷം മുന്നുള്ള ഒരോണം എന്‍റെ ഗ്രാമത്തില്‍ കുടുവാന്‍ കഴിഞ്ഞിരുന്നു.ഉത്രാട രാവിലെ എന്‍റെ മകനോട്‌ പറഞ്ഞു നമുക്ക് പൂ പറിക്കുവാന്‍ പോകാമെന്ന് പൂകൂടകള്‍ കണ്ടിട്ടിലാത്ത അവന്‍ പ്ലാസ്റ്റിക്‌ കവര്‍ എടുത്തു കൊണ്ടാണ് വന്നത് അവനോടു ഞാന്‍ അതിനെ പറ്റി പറഞ്ഞപ്പോള്‍ അവനു അത് വേണമെന്ന ആവശ്യവുമായി എന്‍റെ വിരലില്‍ തുങ്ങി നടപ്പായി.അവനെയും കൊണ്ട് പഴയ ആ ചിറയുടെ അവിടെ പോയപ്പോള്‍ ഞാന്‍ തല താഴ്ത്തി പോയി പണ്ട് നെല്ല് വിളഞ്ഞ് കിടന്നിരുന്ന വയലേലകള്‍ കാണ്മാനില്ല. പാടവരമ്പും നെല്ലിപ്പൂവും ഓണപ്പൂവുമൊന്നും ഇപ്പോഴില്ല,കളിസ്ഥലങ്ങള്‍ മറഞ്ഞിരിക്കുന്നു കളികളുടെ അവശേഷിപ്പുകളുമില്ല അവിടം മുഴുവന്‍ കാടായി മാറിയിരിക്കുന്നു കോണ്‍ക്രീറ്റ് കാട്.അവനോടു ഞാന്‍ ബാല്യത്തിലെ കാര്യങ്ങള്‍ പറയുമ്പോള്‍ എന്റെ മകന് അത് ഒരു കഥ ആയി തോന്നിപോകുന്നു. പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍‌‍ ഓണവും ഓണക്കാലം പകര്‍‌‍ന്നു നല്‍‌‍കുന്ന നന്മകളും നമുക്കു കൈമോശം വന്നു കൊണ്ടിരിയ്ക്കുകയാണ്.  ഇന്ന് ഓണക്കാലത്ത് പൂക്കള്‍‌‍ പറിയ്ക്കാന്‍‌‍ പോകുന്ന എത്ര കുട്ടികളെ നമ്മുക്ക് കാണുവാന്‍ കഴിയും നമ്മുടെ തൊടികളില്‍ ഇന്നു പൂക്കള്‍
 കാണുന്നുണ്ടോ വേലിപടര്‍പ്പുകള്‍ ഇന്നില്ല എങ്ങും മതിലുകള്‍ കെട്ടി മറച്ചിരിക്കുന്നു. ഓണനിലാവ് 
കാണുന്നതിനും നമ്മുക്ക് പഴയപോലെ കഴിയുനില്ല കോണ്‍ക്രീറ്റ് കാടുകളിലുടെ അരിച്ചിറങ്ങുവാന്‍ 
 ഓണനിലാവും മടിക്കുന്നുവോ .ഇന്നു ഗ്രാമങ്ങളില്‍ വരെ ഓണക്കാലമായാല്‍ പൂ വിതരണക്കാര്‍ നിരന്നിരിക്കും
 .മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവണ്ടികളെ  ആശ്രയിച്ചാണ്  നമ്മുടെ ഓണം വര്‍ണാഭമാകുന്നത്. ഉത്പാദന സംസ്‌കാരത്തില്‍നിന്നും നാം ഉപഭോഗ സംസ്‌കാരത്തിലേക്കു മാറിയപ്പോള്‍ നമ്മുടെ ഓണവും ആഘോഷങ്ങളുമെല്ലാം ഏറെ മാറി. ഇപ്പോഴത്തേത് റെഡിമെയ്ഡ് ഓണമാണ്.  ഓണാഘോഷവും ഓര്‍‍മ്മകളില്‍‍ മാത്രമായി മാറിക്കഴിഞ്ഞു.  ടെലിവിഷന്‍‌ ചാനലുകള്‍‌‍ നിറയേ പരിപാടികള്‍‌‍ ഉള്ളതിനാലാകാം മറ്റൊരു കളികള്‍‌‍ക്കും കുട്ടികള്‍ക്ക് ആര്‍‌‍ക്കും താല്പര്യമില്ല. വ്യാപാരികള്‍ അവരാണ് ഇന്നു കേരളത്തില്‍ ഓണത്തിന് അരങ്ങു തകര്‍ത്തു ആഘോഷിക്കുന്നത് മനോഹരമായ പരസ്യങ്ങള്‍."എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഓണത്തിന്‍ ഓഫര്‍ മാത്രം” എന്നതാണ്‌ സ്ഥിതി. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഓഫറില്‍ വില്‍ക്കുന്ന വ്യാപാരികളാണിന്നു കേരളനാട്ടിലുള്ളത്‌. ഈ കാലഘട്ടത്തിലാണ്‌ കേരളത്തിലെ വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നതാണ്‌ സത്യം.മാവേലിമാര്‍ അത്തതിനു  മുന്നേ തന്നെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ നിരന്നിരിക്കും  വഴിയാത്രക്കാരെ കയ്യില്‍ പിടിച്ചു വലിച്ചു കടയിലോട്ടു കയറ്റുന്ന മാവേലിമാരെ കാണുമ്പോള്‍ സഹതാപം തോന്നിയിരുന്നു ഒപ്പം ഇതിനാണോ വര്‍ഷത്തില്‍ ഒരിക്കല്‍ ഈ പ്രജകളെ സന്ദര്‍ശിക്കുന്നതിന് വാമനന്‍റെ കയ്യില്‍ നിന്നും അനുമതി വാങ്ങിയത് എന്ന ചിന്തയും .വിപണനത്തിന് വേണ്ടി എന്തൊക്കെ തന്ത്രങ്ങള്‍ ....
                                                    കാലത്തിന്റെ മാറ്റത്തിനൊപ്പം ഓണാഘോഷങ്ങള്‍ക്കും ഒരു ഹൈടെക് സ്വഭാവം വന്നു കൊണ്ടിരിക്കുന്നുവോ. നമ്മുടെ കുട്ടികള്‍ക്ക് പൂക്കളം ഇടുന്നതിനു മുറ്റങ്ങള്‍ ഇല്ലാതായിവരുന്നു.നമ്മുടെ ഫ്ളാറ്റ്‌ സംസ്കാരത്തിണ്റ്റെ ഏറ്റവും വലിയ വീഴ്ചയായി ഇതിനെയൊക്കെ നോക്കി കാണാം. പൂക്കളവും ഓണക്കളികളുമെല്ലാം നമ്മുടെ കുട്ടികള്‍ക്കന്യമാകുന്നതില്‍ ഫ്ളാറ്റുകള്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല എന്നെനിക്കുതോന്നുന്നു.ഇതൊക്കെ കൊണ്ട് തന്നെയാണ് പൂ പറിക്കാന്‍ നമ്മുടെ കുട്ടികള്‍ക്കു നേരമില്ലാതിരിക്കുന്ന ഈ കാലത്ത് മുറ്റത്തിത്തിരി പൂ നിറയ്ക്കാന്‍ തമിഴന്‍റെ ജമന്തിയും വാടാമല്ലിയും നിറയെയുള്ള പാടങ്ങള്‍ പൂകേണ്ടിയിരിക്കുന്നത്.ഓണത്തിന് നമ്മുടെ അടുക്കളയില്‍ നിന്നും പുക ഉയരാതായിരിക്കുന്നു ഇന്നു അതുവരെ റെഡിമൈഡ് ആയി പോകുന്നു.ഓണക്കളികള്‍ ഇല്ലാത്ത
കീ ബോര്‍ഡില്‍ കാറോട്ടമത്സരത്തില്‍ നേരിഞ്ഞമരുന്ന ബാല്യങ്ങള്‍.ഇന്റര്നെറ്റ് ചാറ്റ് റൂമില്‍ ഓണം വിഷ് ചെയ്തു ഇരിക്കുന്ന ഇന്നത്തെ കൗമാരം.വീട്ടില്‍ ആഘോഷം വേണ്ട വച്ചു ടൌണില്‍ പോയി കൂട്ടുകാരുമായി  ബാറില്‍ ഓണം ആഘോഷിക്കുന്ന പുതിയ തലമുറ   ഈ മാറിയ സാഹചര്യത്തില്‍ നാം ഭിതിയോടെ നോക്കി കണ്ട ഒന്നായിരുന്നു നമ്മുടെ മലയാളികള്‍ ഓണത്തിനെ വരവേല്‍ക്കാന്‍ വേണ്ടി കോടികള്‍ മദ്യത്തിനു മുടക്കിയത്.മലയാളി ഓണം കുടിച്ചാഘോഷിക്കുകയാണ്....
                                                                                   
                                                                പച്ചപുല്‍കൊടി നാമ്പുകളില്ലാത്ത,പൊന്നില്‍ ചാലിച്ച ചിറകുകളുമായി ഓണത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട്‌ വരുന്ന  ഓണത്തുമ്പികളില്ലാത്ത,മനം കുളിര്‍പ്പിക്കുന്ന നമ്മുടെ ആ തുമ്പകള്‍ വിടരാത്ത ഈ മരുഭൂവിലായിരുന്നു പ്രവാസത്തിലെ ഓണം ഏറിയതും ആഘോഷിച്ചത്.ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നും പ്രവാസത്തിന്റെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട 
പ്രവാസമലയാളി മറ്റൊരു മാവേലിയാണല്ലോ.മഴക്കുളിരില്‍ നിന്നും ഈറനുമായ്‌ കേരളം മുങ്ങി നിവരുന്ന ഇക്കാലത്ത് വേനല്‍ നെറുകയില്‍ കത്തി നിന്ന്  മരുക്കാറ്റില്‍ ഉലഞ്ഞുലഞ്ഞ് പോകുന്ന പ്രവാസ ജീവിതങ്ങള്‍ക്കു മേലെത്തുന്ന ഓണത്തിന്...നാട്, നാട്ടുപച്ച, പൂക്കള്‍, ഓണം, പൂവിളി,ചിങ്ങം...ഓര്‍മ്മകള്‍
  പെറുക്കിക്കൂട്ടിവെച്ച് പ്രവാസി തീര്‍ക്കുന്ന പളുങ്കു പാത്രങ്ങള്‍ നിറയെ ഇത്തരം സാംസ്കാരിക കുളിര്‍മകളാണ്.എല്ലാ ഓണത്തിനും ലീവെടുത്തു ആഘോഷിക്കുന്നത് പോലെ ഈ ഓണത്തെയും വരവേറ്റു.റൂമില്‍ നാട്ടിലെ എന്ന പോലെ  വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചു  വിളക്കുകൊളുത്തിവച്ച് നാക്കിലയില്‍ വിഭവസമൃദ്ധമായ സദ്യയോടെ ഓണപാട്ടുകള്‍ പാടി കൊണ്ടാടുമ്പോള്‍ നമ്മെ സ്‌നേഹിക്കുന്നവരുടെ മുഖം മനസില്‍ നിറയുന്നു. ഗ്രാമത്തിന്റെ ചിത്രം തെളിയുന്നു നാട്ടുവഴികളിലെ തുമ്പപൂക്കളുടെ ഗന്ധം..വയലിനരികിലെ ചാലില്‍  നിറഞ്ഞു വിടര്‍ന്നുനില്‍ക്കുന്ന ആമ്പല്‍പൂവുകള്‍...
വയലോലകളില്‍ നൃത്തം വെയ്ക്കുന്ന ഓണത്തുമ്പികള്‍ ..പുത്തനുടുപ്പിട്ട്,മധുര പലഹാരങ്ങള്‍ കഴിച്ച് ഊഞ്ഞാലാടി ആഹ്ലാദിച്ചു തിമിര്‍ത്ത ബാല്യം വീണ്ടും കളിയും ചിരിയുമായി മനസിലെത്തുന്നു .ഉറ്റവരുടെയും ഉടയവരുടെയും ഓര്‍മകളില്‍ മനസ്സില്‍ ഒരു നോവ്‌ പടര്‍ത്തിയിരുന്നു.ഓണം എവിടെ ആഘോഷിച്ചാലും നമ്മുടെ നാട്ടിലെ ആ സന്തോഷം എനിക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല . എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍‍ക്കു കൂടി പകര്‍‍ന്നു കൊടുക്കാന്‍‍ നമുക്കു ശ്രമിയ്ക്കാം…പൂക്കളമിടാന്‍ മുറ്റമില്ലെങ്കില്‍ നമുക്കു മനസിലൊരു പൂക്കളം തീര്‍ക്കാം. ആരും കേട്ടില്ലെങ്കില്‍ കൂടി മന്ത്രണം പോലെ ഒരു ഓണപ്പാട്ടു മൂളാം  ഓര്‍മ്മകളിലെ ഓണക്കാലം ഇനിയൊരിയ്ക്കലും തിരിച്ചു കിട്ടില്ലല്ലോ. എങ്കിലും നമുക്കു കഴിയുംപോലെ   ജാതിമത ഭേദമിലാതെ നമ്മള്‍
 നെഞ്ചിലേറ്റിയിരുന്ന ആ ഓണത്തിന്റെ നന്മകള്‍ കഴിയുന്നത്ര കാലം നിലനിര്‍ത്താന്‍ ശ്രമിയ്ക്കാം.....,

ഓര്‍മ്മക്കുറിപ്പ് No:9 രുഗ്മിണി നായര്‍


രുഗ്മിണി നായര്‍ 


ഓണം ഓര്‍മ്മ വരുന്നതുതന്നെ പൂക്കളുടെ വര്‍ണ്ണങ്ങളും സുഗന്ധവും .വര്‍ഷങ്ങളായി സ്വപ്നം കണ്ടതാണ് നാട്ടിലെ ഓണം .അങ്ങിനെ വര്‍ഷങ്ങള്‍ക്കുശേഷം ഓണത്തിന് നാട്ടിലെത്തി .ഓണപൂക്കളവും,പൂവിളിയും ,ഗൃഹാതുരതും ആയിരുന്നെന്റെ ഓണം ,പ്രവാസി മലയാളിയുടെ ഓണാഘോഷത്തില്‍ മാത്രം സീമിത മായിരുന്നു . എന്‍റെ ബാല്യം ,പൂക്കള്‍ പറിച്ചു ഓടി നടന്ന ഓണക്കാലം .,നാട്ടിലെ ഓരോ മണല്തരിക്കും ഒരുപാടു കഥകള്‍ എന്നെ ഓര്‍മ്മിപ്പിക്കനുണ്ടായിരുന്നു .

ഓണം എല്ലാ ആചാരങ്ങളോടും,ഉത്സാഹത്തോടും ,ആഘോഷിച്ചിരുന്ന തറവാടും മുറ്റവും എനിക്കെന്നും സ്വപ്നമായിരുന്നു .. ഒരിക്കലും നാട്ടില്‍ ഓണം ആഘോഷം കാണാത്ത എന്‍റെ മകളിലേക്ക് ,ഓണം ഒരു മറക്കാനാകാത്ത അനുഭവമായി പകര്‍ത്താന്‍ ഞാന്‍ ആശിച്ചിരുന്നു .ഉത്രാടരാത്രിയില്‍ പാണന്റെ ഉടുക്ക്
പാട്ടിനാല്‍ അലിയുന്ന നിലാവ് ,പൂവിളിയുടെ മാറ്റൊലി ,ഇതെല്ലാം എനിക്ക് മധുരം പകര്‍ന്നു .

എനിക്ക് ബാല്യം സമ്മാനിച്ച ഓണത്തിന്റെ അനുഭുതി കള്‍ എന്‍റെ അടുത്ത തലമുറയിലേക്കു പൂക്കളം ,,മാവെലി, പൂജ, അപ്പം ,അട നെധിച്ചു ഞാന്‍അവള്‍ക്കു പുതിയ ലോകം തുറന്നു കാട്ടി ..തൊടിയില്‍ വിരിഞ്ഞ തുമ്പയും ,മുക്കുറ്റിയും ശങ്കുപുഷ്പവുംനാടിന്റെ ഭംഗിയും ,വിശുദ്ധിയും പകര്‍ന്നു നല്‍കി ..അങ്ങിനെ എന്‍റെ ഓണം ഓര്‍മ്മയില്‍ എന്നും ,എനിക്കും അടുത്ത തലമുറക്കും മധുരോധാരമാക്കി .

അങ്ങിനെ ഓണം ,ഇനിയും വരാനിരിക്കുന്ന ഒരു വസന്തകാലത്തിന്റെ ഓര്‍മ്മ സുഖ്ഷിച്ചു ,പിന്നെയും നഗരത്തിലെ ഫ്ലാറ്റിലെ ഗ്രിഹതുരത്തില്‍ ഒരു അങ്കണം,അതില്‍ പൂക്കളം സൃഷ്ടിച്ചു തിരിച്ചുപോന്നു .

ഓര്‍മ്മക്കുറിപ്പ് No:8 വീണ നമ്പ്യാര്‍

 വീണ നമ്പ്യാര്‍

കുട്ടിക്കാലം ല്ലാ വര്‍ഷവും ഓണം ആഘോഷിച്ചിരുന്നത് അച്ഛന്റെ വീട്ടിലാട്ടോ! പട്ടണത്തില്‍ ജീവിക്കണ നിയ്ക്ക് അച്ഛന്റെ തറവാടും, ആ വലിയ പറമ്പും, കുളവും, കാവും ല്ലാം എന്നും അതിമധുരോം അത്ഭുതോമായിര്ന്നു! അച്ഛന്‍പെങ്ങള്ടെ കുട്ടികളും, ഇളയച്ഛന്റെ കുട്ടികളും ല്ലാരുംകൂടി ഓണം ഒരു മേളന്നെയാ. ഇതിലുംപുറമേ അവിടെ തൊട്ടയല്‍വക്കത്തെ വീട്ടില്‍ നിയ്ക്കൊരു കൂട്ടുകാരി ണ്ടായിര്ന്നു പത്മിനി. ന്റെ പപ്പി. ന്നെക്കാള്‍ 3 വയസ്സിനു വലുതാ പപ്പി. ഞാന്‍ ചെന്നുന്നറിഞ്ഞാല്‍ എപ്ലും അയാള്‍ ഓടിവരും. പപ്പിക്കൊരു കുഞ്ഞുഅനിയനുമുണ്ട്. പപ്പന്‍. അങ്ങനെ ഓണനാളെത്തി. ഓണത്തിന് പുതിയ ഉടുപ്പൊക്കെട്ടു കാലത്തന്നെ പൂ പറിക്കാന്‍ തയ്യാറായി. ഞങ്ങള്‍ ഏതു കാട്ടിലും കേറുമായിര്ന്നു പൂവിനായി. കണ്ണെത്താദൂരെ കിടക്കണ പറമ്പിലന്നെ ഒരുപാട് കാട്ടുപൂക്കളുണ്ടായിരുന്നു. കാട്ടുതെച്ചിയാണ് അതില്‍ രാജ്ഞി. ഓണായാലും പൂ പറിക്കാന്‍ പോമ്പോ എപ്ലും അച്ഛമ്മയും മറ്റുള്ളവരും ഉപദേശിക്കുമായിര്ന്നു. "മഴ പെയ്ത് കാടായിക്കിടക്കാ പറമ്പൊക്കെ. അങ്ങട്ടൊന്നും പോവരുത്ട്ടോ. നിറയെ പാമ്പുണ്ടാവും. ചുറ്റുവട്ടത്തുന്നു കിട്ടണ പൂവൊക്കെ മതി." അന്നും കിട്ടി ഉപദേശം. അതൊക്കെ തലയാട്ടി ഞങ്ങള്‍ ഓടി പൂ തേടാന്‍. ല്ലാരും ഓരോ ചെറിയ ഗ്രൂപ്പായി ഓരോ ദിശേല്‍ക്കാ ഓട. ഏറ്റവും കൂടുതല്‍ പൂ കൊണ്ട്രണ ഗ്രൂപ്പിന് ലേശം കേമത്തോം ണ്ട്ട്ടോ. അത് ഇളയപ്പനാ (അച്ഛന്‍പെങ്ങള്ടെ ഭര്‍ത്താവ്) പറയാ. കാരണം ഞങ്ങള്‍ കൊണ്ടരണ പൂവിടാന്‍ മേല്‍നോട്ടവും ആശയവും ഇളയപ്പനാ! അതിമനോഹരായി പൂക്കളം ഇടും ഇളയപ്പന്‍!

അങ്ങനെ ഞങ്ങളോരോ ഗ്രൂപ്പായി. ഞാനും പത്മിനിയും പിന്നെ ഓപ്പോളും ഒരു ഗ്രൂപ്പായി (അച്ഛന്‍ പെങ്ങള്ടെ മകള്‍). അവര്‍ക്ക് പൂ ള്ള സ്ഥലങ്ങളൊക്കെ നല്ല നിശ്ചയാണെ. അങ്ങനെ ഞങ്ങള്‍ ഓടി. 7 മണിയായപ്ലേക്കും ഒരുപാട് പൂവായി. അപ്ലാണ് കുറ്റിക്കാടിനകത്തു ചിരിച്ചോണ്ടിരിക്കണ ആ ചുവന്ന കാട്ടുതെച്ചി ന്റെ കണ്ണില്‍ പെട്ടത്
അത് മുകളിലെ തട്ടിലായിര്ന്നു. ഞാനത് പപ്പിയെ കാണിച്ചു. ഉടനടി പപ്പി അങ്ങോട്ടേക്കോടി. പിറകെ ഞങ്ങളും. അതിലൂടെ പൂ പറിച്ചു പുറത്തു വന്നപ്പോ നിലത്ത്‌ ഒരു കല്ല്‌ തട്ടി പപ്പി ഒരു ദിശേല്‍ക്ക് വേച്ചു വീണുപോയി . അപ്ലാണ് മെലിഞ്ഞ ഒരു പച്ച പാമ്പ് നടുവരെ പൊക്കി നിക്കണ കണ്ടേ! "അയ്യോ ന്നെ പാമ്പ് കടിച്ചേ" ന്നു നിലവിളിച്ചൂ പപ്പി. ഞങ്ങളാകെ വിറച്ചു പോയി. ഒരു നിമിഷോം വൈകാതെ ഓപ്പോള്‍ ന്നേം പപ്പിയേം വലിച്ചോണ്ട് ഓടി.
കരഞ്ഞോണ്ട് ഓടി വരണ ഞങ്ങളെക്കണ്ട് വീട്ടില്‍ന്നു ല്ലാരും ഓടി വന്നു. പപ്പീടെ കാലിന്നു ചോര പൊടിയുന്നുണ്ടായിരുന്നു. "ന്താ ണ്ടായേ?" അച്ഛന്‍പെങ്ങളാണ് ആദ്യം ചോദിച്ചത്. "പപ്പിനീനെ പാമ്പ് കടിച്ചു." അപ്ലെക്കും പൊടുന്നനെ അച്ഛന്‍പെങ്ങള്‍ സാരീല്‍ന്നു ശീലകീറി മുറിവിനു മുകളിലായി വച്ചുകെട്ടി. ന്റെ അച്ഛമ്മ ലേശം കുരുമുളകുമായി വന്നു പപ്പിക്ക് കൊട്ത്തിട്ട് പറഞ്ഞു "ഇത് കഴിച്ചു എരീണുണ്ടോന്നു പറയൂ കുട്ടിയെ". അതില്‍ 2 -3 എണ്ണം വായിലിട്ടു ചവച്ചു പപ്പി. 'ല്ല്യാ എരീണില്ല്യാ.." അച്ഛമ്മ തന്റെ നെഞ്ചത്ത് കൈവച്ചുപറഞ്ഞു.. "അതെയോ.. ന്റീശ്വരാ.. ന്ത് പാമ്പാ ന്നു കണ്ടോ?" ഞങ്ങള്‍ അപ്പോള്‍ കരച്ചിലിന്റെ വക്കിലായിര്ന്നു. പപ്പിയാണെങ്കില്‍ ആകെ തളര്‍ന്ന മട്ടിലും! "ഒരു പച്ച പാമ്പാ!" ജ്യോതി ഒപ്പോളാണ് മറുപടി പറഞ്ഞത്. "അപ്പൊ പച്ചിലപ്പാമ്പാവും. അത് കേട്ടുവന്ന ഇളയപ്പനാ അത് പറഞ്ഞെ. എന്നിട്ട് പറഞ്ഞു " അതിന്റെ വിഷത്തിനു വീര്യം കുറവാ. ന്തായാലും കാലിനു മുകളില്‍ കേട്ടീണ്ടല്ലോ" വേഗം പോവാം ആസ്പത്രിലേക്കു." അപ്പൊ പപ്പീടെ അച്ഛമ്മേം അങ്ങട്ടോടി വന്നു. വന്ന പാടെ അവര്‍ പപ്പീടെ തലയിക്കിട്ടൊരു കിഴുക്കു കൊടുത്തു. "സാധനം 7 ല്‍ പഠിക്കണ പെണ്ണാത്രേ! മരംകേറിആണ്‍കുട്ടികളെക്കാള്‍ കഷ്ടാ..! അസത്ത്. എവിടെ.. ഞാന്‍ നോക്കട്ടെ.. " കാലില്‍ ചോര പൊടിയണ കണ്ടു അവര്‍ നിസ്സാരായി പറഞ്ഞു. "ഇത് പാമ്പൊന്നും കടിച്ചതല്ല. വല്ല കല്ലും തട്ടിയതാവും." പക്ഷെ അപ്പൊ ഇളയപ്പന്‍ പറഞ്ഞു "നിങ്ങള്‍ ഇപ്പൊ അതിനെ വഴക്ക് പറയല്ലാ വേണ്ടേ. ന്തായാലും വേഗം ആ ഡിസ്പെന്സറിയില്‍ പൊക്കോളൂ. സംശയം വച്ചിരിക്കെണ്ടല്ലോ."
അങ്ങനെ പപ്പിയും പപ്പീടെ അച്ഛനുംഅമ്മയും കൂടി ആട്ടോവില്‍ അടുത്തുള്ള ആ ഡിസ്പെന്സറിയില്‍ പോയി. പപ്പീടെ അച്ഛന്‍ ആട്ടോ ഓടിക്കണ ആളാട്ടോ. പാവം പപ്പിക്ക് അപ്ലും കുറെ ചീത്ത കേക്കണുണ്ടായിരുന്നു നിയ്ക്കും ഒപ്പോളിനും കിട്ടി ചീത്ത. ഞങ്ങള്‍ ശരിക്കും പേടിച്ചിരുന്നു. അപ്ളൊക്കെ പപ്പിക്ക് ഒന്നും വരുത്തല്ലേ ന്നു പ്രാ൪ത്ഥിക്ക്യായിരുന്നു ഞങ്ങള്‍! വീട്ടിലെ ല്ലാര്ടെ സന്തോഷോം ഒരു നിമിഷം കൊണ്ട് എങ്ങോ മറഞ്ഞു. അപ്ലാ പപ്പീടെ അച്ഛമ്മ വീണ്ടും വന്നു പറഞ്ഞെ "എവിടെയാ കുട്ടികളെ നിങ്ങള്‍ പാമ്പിനെ കണ്ടേ? ഓപ്പോള്‍ ചൂണ്ടിക്കാണിച്ചു ഇടം. "അവിടെയോ..! അവിടെ ഇന്നലെക്കൂടി ഞങ്ങള്‍ ചേമ്പ് കിളക്കാന്‍ പോയതാണല്ലോ! നിങ്ങളും വരൂ.. നമുക്കൊന്ന് പോയി നോക്കാം." ആദ്യം ഞങ്ങള്‍ അറച്ചു. പിന്നെ വീണ്ടും പാമ്പിനെ കാണേണ്ട ത്വരയില്‍ പുറപ്പെട്ടു അവര്ടെയൊപ്പം. അവര്‍ക്കാണെങ്കില്‍ നല്ല ധൈര്യാ. കൂടാതെ നല്ല ചുറുചുറുക്കും. അവര്‍ ഒരു വടിയൊക്കെ കൈയിലെട്ത്തിരുന്നു. ഇളയപ്പനും ഞങ്ങളോടൊപ്പം വന്നു. ആ സ്ഥലത്തെത്തി യപ്പോള്‍ ഞങ്ങള്‍ ഭീതിയോടെ ചുറ്റും നോക്കി. അപ്ലാണ് ആ സ്ഥലത്ത് ചത്ത ആ പാമ്പിനെ കണ്ടത്. ഓപ്പോള്‍ പറഞ്ഞു "ദേ കിടക്കണു.." "ഇതാണോ ആ പാമ്പ്! ഹ ഹ ഹ.." അവര്‍ ഉറക്കെച്ചിരിച്ചു! അത് നോക്കി ഇളയപ്പനും ചിരിച്ചു. "ഒന്നും കൂടി നോക്ക്യേ ആ ചത്ത പാമ്പിനെ!"ഒന്നും മനസ്സിലാവാതെ ഞങ്ങള്‍ ഒന്നുംകൂടി അതിനെ ശ്രദ്ധിച്ചുനോക്കി. പാമ്പ് പോലെന്നെ! "ന്റെ കുട്ട്യോളെ.. ഇതൊരു കളിപ്പാമ്പല്ലേ! ഇത് ന്റെ പപ്പന്‍കുട്ടിക്ക് ഈ പൂരത്തിന് വാങ്ങിക്കൊട്ത്തതാ. അവള്‍ടെ കാലിന്റെ പൊട്ടല്‍ കണ്ട്പ്ലെ നിയ്ക്ക് തോന്നിര്ന്നു. പാമ്പൊന്നും കടിച്ചിണ്ടാവില്ല്യാന്നു!" ഞങ്ങള്‍ വിശ്വസിക്കാനാവാതെ സ്ഥബ്ദരായിപ്പോയി! അപ്ലേക്കും ഇളയപ്പന്‍ ഞങ്ങള്‍ടെ വിഡ്ഢിത്തം കളിയാക്കിക്കൊണ്ട്‌ നടന്നിര്ന്നു. അവര്‍ തുടര്‍ന്നു..
"ഇന്നലെ കിളക്കാന്‍ വന്നപ്പോ ന്റെ കൂടെ ആ ചെക്കനും ണ്ടായിരുന്നു. അപ്പൊ അവന്റെ കൈലുണ്ടായതാ ഈ സാധനം. പിന്നെ അതെവിടെയോ കളഞ്ഞൂന്നു പറഞ്ഞു ഇന്നലെ അവനു കണക്കിന് കിട്ടിയതാ അവന്റെ അച്ഛന്റെ കൈല്‍ന്നു. കല്ല്‌ തട്ടി അവള്‍ വീണത് അതിന്റെ പുറത്താവും. അപ്പൊ അതൊന്നു അനങ്ങി. ആ പൊട്ടത്തിക്ക് കണ്ണുണ്ടോ!" ഇതും പറഞ്ഞു അവര്‍ ആ കളിപ്പാമ്പിനേം എടുത്തു നടന്നു. പിന്നാലെ തങ്ങള്ടെ അമളിയോര്‍ത്തു ഞങ്ങളും. വീട്ടിലെത്തിയപ്പോ ല്ലാരും കഥ കേട്ട് ചിരിച്ചുപോയി. തന്റെ നല്ല സാരി കീറിയ വിഷമം അച്ഛന്‍പെങ്ങള്‍ക്കും! കുറച്ചു കഴിഞ്ഞപ്പോള്‍ മുഖത്തൊരു പുഞ്ചിരിയുമായി പപ്പിയും തിരിച്ചെത്തി. ന്തായാലും പപ്പിക്ക് ഒന്നും പറ്റീല്ല്യാ ന്നത് ഒരുപാട് സന്തോഷിപ്പിച്ചെങ്കിലും, ആ ഓണം പിന്നെ കൂട്ടിലടച്ച കിളികളെപ്പോലെ ആഘോഷിക്കേണ്ടിവന്നു ഞങ്ങള്‍ക്ക്!! !

ഓര്‍മ്മക്കുറിപ്പ് No:7 ഗീത രവി ശങ്കര്‍


 ഗീത രവി ശങ്കര്‍

മധുരം കിനിയുന്ന ഓര്‍മകളുമായി ഇതാ ഒരോണം കൂടി പടി കടന്നെത്തുന്നു .
അഴക്‌ കുറെയൊക്കെ നഷ്ടമായെങ്കിലും നവവധുവിനെപ്പോലെ സുന്ദരിയാണ്
ഓണം ഇന്നും .
എന്റെ ഓര്‍മയിലെ ഓണത്തിന് ഒരുപാടൊരുപാട് വര്‍ണങ്ങള്‍ , പൂക്കളത്തിന്റെ ,
ഓണപ്പാട്ടിന്റെ , ഓണക്കളികളുടെ , ഓണക്കോടിയുടെ , ഓണപ്പലഹാരങ്ങളുടെ ,
ഊഞ്ഞാലിന്റെ അങ്ങനെ അങ്ങനെ ....
പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് ഓടിയെത്തി , പുസ്തകങ്ങള്‍ക്ക് സ്വാതന്ത്ര്യം
പ്രഖ്യാപിക്കുകയാണ് ആദ്യപടി . പിന്നെ അവയെ ഒന്ന് തിരിഞ്ഞു നോക്കുന്നത്
പത്തുദിവസത്തെ ആഘോഷമൊക്കെ ഭംഗിയാക്കി സ്കൂള്‍ തുറക്കുന്നതിന്റെ
തലേനാളും . അന്ന് ടുഷന്‍ എന്ന ജ്വരം പടര്‍ന്നു പിടിച്ചിട്ടില്ലായിരുന്നു നമ്മുടെ
നാട്ടില്‍ ഒരിടത്തും . സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരുടെ മക്കളെല്ലാം സര്‍ക്കാര്‍
സ്കൂളില്‍ തന്നെ പഠിച്ചിരുന്ന കാലം .
അത്തം നാള്‍ പുലരും മുന്നേ പൂക്കൂടകളുമായി കൂട്ടുകാരുമൊന്നിച്ച് ഇറങ്ങും .
കാലില്‍ മുള്ള് കൊള്ളുന്നതും ഓടിത്തടഞ്ഞു വീഴുന്നതും ഒരു വേദനയേയല്ല .
പൂക്കളിറുത്തു കഴിഞ്ഞാല്‍ തികയാത്തവര്‍ക്ക് പങ്കിടാനും മടിച്ചിരുന്നില്ല .പൂക്കളം
ഭംഗിയാക്കാന്‍ ഓരോരുത്തരും മത്സരിച്ചിരുന്നു . അമ്മമാര്‍ അടുക്കളയില്‍
ഉത്സാഹത്തോടെ വിറകടുപ്പില്‍ പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍
കുട്ടികള്‍ ഒരുമിച്ചുകൂടി കളിച്ചു രസിക്കും .കൊച്ച് കുഞ്ഞുങ്ങളെ കരയാതെ
നോക്കേണ്ടത് പെണ്‍കുട്ടികളുടെ ജോലിയായിരുന്നു . ആണ്‍കുട്ടികളുടെ ഓണപ്പന്തു
കളിയായിരുന്നു കളികളില്‍ പ്രധാനി . പെണ്‍കുട്ടികള്‍ക്ക് ലളിതമായ കളികളായിരുന്നു പറഞ്ഞു വച്ചിരുന്നത് .
സന്ധ്യയ്ക്ക് അച്ഛനെ കാത്തിരിക്കുമായിരുന്നു , തുന്നി വാങ്ങിയ ഓണക്കോടി
ഓടിച്ചെന്നു വാങ്ങി അണിഞ്ഞ്‌ പാകമാണോ എന്ന് നോക്കി രസിച്ച്, വലിയ
നിലക്കണ്ണാടിയുടെ മുന്നില്‍ നിന്ന് ചന്തം നോക്കിയിരുന്ന ഓണക്കാലം .
ബന്ധുക്കളും സമ്മാനിക്കും ഓണക്കോടി , കുപ്പിവളകള്‍ എന്നിവയൊക്കെ .
കുപ്പിവളകള്‍ അണിയാതെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു ഞാന്‍ , ഇടയ്ക്കിടയ്ക്ക്
എടുത്തു ഭംഗി നോക്കാനായി .
സന്ധ്യയായാല്‍ പെണ്ണുങ്ങള്‍ ഒത്തുകൂടും , പ്രായവ്യത്യാസമില്ലാതെ ഓരോരോ
കളികളില്‍ പങ്കുചേരും , അവര്‍ക്ക് കൂട്ടായി മുറ്റത്തെ ഓണനിലാവും .നിലവിളക്കിനു മുന്നില്‍ തെങ്ങിന്‍ പൂക്കുലയുമായി , തലമുടി മുന്നോട്ടിട്ടു
ഉറഞ്ഞു തുള്ളുന്നത് കാണാന്‍ എനിക്ക് പേടിയായിരുന്നു അന്ന് . ഉണങ്ങിയ
വാഴയില ദേഹമാസകലം കെട്ടി 'കടുവ 'യായി വരുന്നവരെ ദൂരെ കാണുമ്പോള്‍
തന്നെ ഞാന്‍ വാതിലിനു പിന്നില്‍ ഒളിക്കുമായിരുന്നു .
അങ്ങനെ എന്തെന്തോര്‍മകള്‍....
ഇലയിട്ട് , സദ്യയുണ്ണാന്‍ അച്ഛന്റെ അടുത്തിരുന്നതും ആദ്യ ഉരുള ചോര്‍ അച്ഛന്‍
വായിലേയ്ക്ക് വച്ചുതന്നതും ഇന്നലെ കഴിഞ്ഞ പോലെ .........

ഓര്‍മ്മക്കുറിപ്പ് No:6 ലതാ പരമേശ്വരന്‍


 ലതാ പരമേശ്വരന്‍


ജാനൂ ……. ആ വിളി കേട്ടാണ് ഇന്നു രാവിലെ ഞാന്‍ ഉണര്ന്നത്…..അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നെന്ന യാഥാര്ഥ്യം മനസ്സിലായത്…..എല്ലാ ഒണക്കാലത്തും ഞാനവളെ ഒര്‍ക്കാറുണ്ട്…അത്ര പ്രിയപ്പെട്ടവളായിരുന്നു അവളെനിക്ക് എന്റെ കളിക്കൂട്ടുകാരി ജാനകി…….

ശങ്കുണ്ണിയും മീനാക്ഷിയും എന്റെ ഇല്ലത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നവരാ ….നല്ല അദ്ധ്വാനിയാ ശങ്കു എന്ന് ഞങ്ങള്‍ വിളിക്കണ ശങ്കുണ്ണി പക്ഷെ ഒരു കുഴപ്പം മാത്രം അവനു എന്നും കള്ളു കുടിക്കണം….വീട്ടില്‍ വന്ന് മീനാക്ഷിയായി തല്ലു കൂടെം വേണം…ഈ തല്ലു കൂടല്‍ എന്നും ഉണ്ടായില്ലാച്ചാല്‍ ഒരു രസോല്ല്യാ ന്‍റെ കുട്ട്യെ…അത് അങ്ങനെയാ…..ന്നും പറഞ്ഞ് നാണിച്ച് ചിരിക്കും മീനാക്ഷി….അവര്‍ക്ക് നാലു മക്കളും…മൂത്തവള്‍ ജാനകി..ഇളയതു രണ്ട് ആണും ഒരു പെണ്ണും…ഇവരെല്ലാം കൂടീ നല്ല രസമായിരുന്നു …എന്റെ അനിയന്‍ അപ്പുവിന്‍റെ കൂടെയാ ജാനകിയുടെ രണ്ടാമത്തെ അനിയന്‍…പൂക്കള്‍ പറിക്കാനും പൂ വിളീക്കാനുമൊക്കെ ഇവരെല്ലാരും ഉണ്ടാവും…..

അന്നൊക്കെ എന്റെ ഇല്ലത്ത്(വീട്ടില്‍)ത്രിക്കാക്കരയപ്പനെയാ ഒണത്തിനു വെക്കാറ്…ജാനൂന്‍റെ വീട്ടില്‍ പൂക്കളം ഇടും….എത്ര നന്നായിട്ടാന്നൊ ജാനു അതെല്ലാം ചെയ്യാറ്!!!ഇവിടെയുള്ള ചെത്തിപ്പൂവും മന്ദാരോം ചെമ്പരത്തിയും മഞ്ഞക്കോളാമ്പിയും തുമ്പയുമെല്ലാം ഞാന്‍ എന്റെ പാവാടത്തുമ്പില്‍ ഇട്ട് അവള്‍ക്ക് കൊണ്ടുപോയിക്കൊടുക്കും.ഇതൊക്കെ കൊണ്ടുകൊടുക്കാന്‍ അച്ഛനും അമ്മയും ഉച്ചക്ക് ഉറങ്ങുന്നതുവരെ കാത്തിരിക്കും ഞാനും അപ്പുവും,,,വേലിയുടെ അടിയിലൂടെ ഒരു മരത്തിന്‍റെ കൊമ്പ് വളഞ്ഞ് നില്ക്കുന്നുണ്ട്.അതിനിടയിലൂടെ നുഴഞ്ഞ് പോവും ഞങ്ങള്‍…….ആരെങ്കിലും കാണുന്നതിന്‍റെ മുമ്പെ വേഗം തിരിച്ച് പോരെം ചെയ്യും…ഇതൊന്നും ആരും കാണില്ല്യാന്നാരുന്നു ഞങ്ങള്‍ടെ വിചാരം……ജാനു പറയും ഒടിപ്പൊയ്ക്കോളൂ ട്ടോ ആരും കാണണ്ടാ……തുമ്പി തുള്ളല്‍, ഒളിച്ച്കളീ(സാറ്റ് അടിച്ച് കളീക്ക്യാന്നാ പറയാ)

ഇതൊക്കെയാ ണ്ടാര്ന്നെ അന്നത്തെ ഒണക്കാലത്തെ വിനോദങ്ങള്‍….നല്ല മഴ ഉള്ളപ്പൊ കടലാസ് തോണീയുണ്ടാക്കി കളിക്കും സ്കൂളില്ന്ന്‍ വരുമ്പൊ….കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും ഒക്കെയുള്ള വേലിപ്പടര്‍പ്പുകള്‍ ഉള്ള ഇടവഴിയിലൂടെ തെളിനീരൊഴുകുണ്ടാവും ആ കാലങ്ങളീല്‍…തുണിയില്‍ മത്സ്യത്തിനെ പിടിക്കാനൊക്കെ ജാനു കൂട്ടിനുണ്ടായിരുന്നു……അതൊരു കാലം…………………… നഷ്ടപ്പെട്ട സ്വര്‍ഗീയ നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ച് വരാത്ത ബാല്യകാലം....
ജാനുവിന്‍റെ അച്ഛനു പറ്റിയ അത്യാഹിതം അവര്‍ടെ കുടുംബത്തിനെ ആകെ ഉലച്ചു….പന വെട്ടാന്‍ കേറിയ ശങ്കുണ്ണി താഴെ വീണു കിടപ്പിലായി……അത് അവര്‍ടെ കുടുംബത്തിന്‍ ഒരു അടിയായിരുന്നു…ആ വീഴ്ചയില്‍ നിന്ന് കര കേറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല….ജാനു സ്ക്കൂളില്‍ പോക്ക് നിര്ത്തി……..മീനാക്ഷിയാവട്ടെ ഒരു മിണ്ടാട്ടവും ഇല്ലാതെ പഴയ പ്രസരിപ്പും ഉത്സാഹവും ഒക്കെ നഷ്ടപ്പെട്ട് ഒരു ഭ്രാന്തിയെപ്പോലെയായി……എല്ലാ ഭാരവും ജാനുവിന്‍റെ തലയില്‍ ആയി……………….പ്രാരാബ്ധങ്ങളുടെ ഭാണ്ഡം പേറി…. എന്നാലും എന്നും ഞങ്ങള്‍ കാണുമായിരുന്നു……മുഴുപ്പട്ടിണിയാരുന്നു അവള്‍ടെ വീട്ടില്‍ …..എന്നും ഇല്ലത്ത് വന്നിരുന്ന് കരയും….അവിടുന്ന് കിട്ടണ ചോറൂം കറിയും എല്ലാം വീട്ടില്‍ കൊണ്ടുപോയിക്കൊടൂക്കും….

അതിനിടക്കാണ് എനിക്ക് ചിക്കെന്‍പോക്സ് പിടിപെട്ടത്… കുട്ടിക്കാലത്ത് ജാനുവിനു ഈ അസുഖം വന്ന കാരണം ജാനുവായിരുന്നു എന്നെ ശുശ്രൂഷിക്കാന്‍…അവള്‍ എന്റെ ക്ലാസ്സ്‌ പുസ്തകങ്ങള്‍ വായിച്ച് എനിക്ക് എല്ലാം പറഞ്ഞുതരുമായിരുന്നു….എല്ലാം മാറി കുളീക്കാറായപ്പോഴേക്കും എന്റെ തലമുടി മുഴുവന്‍ ജട കെട്ടിയിരുന്നു…..മുടീ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുറെ കരഞ്ഞു…ഇനി മുടി വരില്ലാ ഒരിക്കലും എന്നായിരുന്നു എന്റെ വിചാരം…അതായിരുന്നു ഇത്രെം സങ്കടാവാന്‍ കാരണം…..

‘’അയ്യെ ങ്ങനെ കരയണതെന്തിനാ ഇതിനീം വളരില്ലെ അമ്മു കരയണ്ടാ ട്ട്വൊ…..ഇടതൂര്ന്ന്‍ മുടി ണ്ടാവൂലൊ ഇത്തിരി ദിവസം കഴിഞ്ഞാ അമ്മൂന് ….”എന്നെ സമാധാനിപ്പിക്ക്യാരുന്നു ജാനു…എന്നെക്കാള്‍ അഞ്ചു വയസ്സെ കൂടുതലുള്ളു എങ്കിലും ഒരമ്മയോ സഹോദരിയോ ഒക്കെ ആയിരുന്നു അവള്‍ എനിക്ക്…….

പതുക്കെപ്പതുക്കെ അവള്‍ എന്‍റെ ഇല്ലത്തെ ഒരു അംഗം പോലെയായീ…..ആ കിടപ്പില്‍ നിന്നും ശംഖു പിന്നെ എഴുന്നേറ്റതും ഇല്ലാ….അതോടെ ആ വിഷമത്തില്‍ മീനാക്ഷി മനസ്സ് കൈ വിട്ടപോലെ ആവെം ചെയ്തു…..തന്റെ ഇളയവരെ മക്കളെപ്പോളെ ജാനു നോക്കാനും തുടങ്ങി…..അങ്ങനെ ഒരു ഒണക്കാലത്ത് ഞാന്‍ ആറിലാരുന്നു ആ കൊല്ലം….
എനിക്കും അപ്പുവിനും ഒണക്കോടീയെടുത്തപോലെ അവര്‍ക്കും (ജാനുവിനും അവര്‍ക്കെല്ലാവര്‍ക്കും)ഒണക്കോടീ കൊടുത്തു അച്ഛന്‍ ഒണത്തിന്‍ അവര്‍ക്ക് വയറു നിറയെ ഭക്ഷണവും കൊടുത്തു….എല്ലാം കഴിക്കെം എല്ലാം കിട്ടെം ചെയ്തപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം…അതെങ്ങനെ വാക്കുകളിലൂടെ അറിയിക്കും എല്ലാരെയും….അത് പറയാന്‍ എനിക്കു വാക്കുകളില്ല്യാ………………..പിന്നത്തെ കൊല്ലത്തെ ഒണത്തിന്‍ അവരെയാരെയും എനിക്ക് കാണാന്‍ പറ്റിയില്ലാ…………….എവിടെക്കൊ അവരെ ബന്ധുക്കള്‍ വന്ന് കൊണ്ടുപോയീ….അന്ന് ഞാന്‍ കരഞ്ഞ കരച്ചില്‍……അവരെ കൊണ്ടുപോയവരെ ഞാന്‍ കുറെ ശപിച്ചു എന്റെ മനസ്സുകൊണ്ട്….ആ ആറാം ക്ലാസ്സുകാരിക്കറിയില്ലല്ലൊ ജീവിതം എന്താണെന്ന്….

കഴിഞ്ഞ സെപ്റ്റംബര്‍ കാലത്ത് ആ വീടിന്റെ മുന്നിലൂടെ ഞാന്‍ നടന്ന് നീങ്ങിയപ്പോള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഞാന്‍ ഒര്ത്തു……എവിടെയായാലും എന്റെ കൂട്ടൂകാരിയും കുടൂംബവും നന്നായി ജീവിചിരിക്കുന്നുണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ ഇതവസാനിപ്പിക്കട്ടെ…………………………

ഓര്‍മ്മക്കുറിപ്പ് No:5 ഷിലിന്‍


"എന്റെ ഓര്‍മയിലെ ഓണം"   ഷിലിന്‍


പത്തറുപതു വര്‍ഷം മുന്‍പുള്ള പൊന്നോണ ഓര്‍മ്മകള്‍ അയവിറക്കുന്ന എന്‍റെ അച്ഛന്‍ എപ്പോഴും പറയുന്ന ഒരു കഥയുണ്ട് .പണ്ട് കുട്ടികള്‍ തഴയോല സഞ്ചികളുമായി വേലിപത്തലുകള്‍ നൂണ്ടും ബോഗന്‍വില്ലയുടെ മുള്ള് കൊണ്ടും പൂക്കള്‍ ശേഖരിക്കും.അവസാനം മഞ്ഞ്‌ തുള്ളികള്‍ നെഞ്ചിലേറ്റി നില്‍ക്കുന്ന തൂവെള്ള തുമ്പപൂക്കളും കുറെ ഇലകളും ഒരു മത്സരം പോലെ ശബ്ദഘോഷങ്ങളോടെ ശേഖരിക്കും;ശിഷ്ടം പുറപ്പെട്ട സ്ഥാനതെത്തി പൂക്കള്‍ സമാസമം പങ്കുവെക്കും.ഉറക്കം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന വീട്ടുക്കാര്‍ അത്തപൂക്കളും കണികാണുമായിരുന്നു.

പക്ഷെ ഇന്നോ ...ഒരുകാലത്ത് പഴയതിരുവിതാംക്കൂറിന്‍റെ നെല്ലറയായിരുന്ന നാഞ്ചി നാട്ടിലെ തോവാളയില്‍ നിന്നുള്ള തോവാള പൂക്കളും നാഗര്‍കോവിലില്‍ നിന്നുള്ള താമരകളും (നമ്മുക്കിന്ന് താമരകുളം പോയിട്ട് ഒരമ്പല്‍കുളം പോലുമില്ലല്ലോ..? )എല്ലാറ്റിനും ഉപരിയായി മരപൊടിയില്‍ (അറുക്കപൊടി)ചായം പകര്‍ന്നുമുള്ള അത്തപൂക്കളവും അതിന്‍മേലുള്ള മത്സരങ്ങളും മന്ത്രിമാരുടെ സമ്മാനങ്ങളും മാത്രം.

ഓണം എന്ന് കേള്‍ക്കുമ്പോള്‍ ‍ആദ്യംഓര്‍മ വരുന്നത് ഓണ പരിക്ഷയാണ്..അതിന്റെ ടെന്‍ഷന്‍ ചെറുതല്ല.അവസാനം പരിക്ഷയെല്ലാംകഴിയുമ്പോള്‍ ആശ്വാസം.പിന്നെ പത്തു ദിവസത്തിന്റെ അടിച്ചു പൊളി ജീവിതം.ഓണകോടി, ഘോഷയാത്ര,അത്തപൂകള്‍ മത്സരം,ഓണ സദ്യ .. എന്‍റെ ഓര്‍മയിലെ ഓണകാലം ഏറ്റവും മറക്കാനാവാത്തതും മധുരമേറിയതും ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.എന്‍റെ സുഹൃത്ത്‌ രഘുവിന്‍റെ അച്ഛന്‍റെ കൂടെ തോവാളയിലേക്കുള്ള യാത്രയായിരുന്നു അത്.

ടെമ്പോയിലായിരുന്നു യാത്ര.പുള്ളികാരന്‍റെ അച്ഛന് ചാലയില്‍ പൂക്കളുടെ കച്ചവടമായിരുന്നു.അന്നൊരു ശനിയാഴ്ചയായിരുന്നു ,നാഗര്‍കോവിലില്‍ നിന്ന് അരുവാമൊഴി കടന്ന് നമ്മള്‍ തോവാളയിലെത്തി,കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ച്ചെയുന്ന പൂക്കളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന തോവാള.നേരിയ റോഡിന്‍റെ ഇരുവശങ്ങളിലുമായി പൂക്കള്‍ വില്‍ക്കുന്ന കടകള്‍.കുട്ടികളും മുതിര്‍ന്നവരും പൂക്കള്‍ വില്കുന്നത് കാണേണ്ട കാഴ്ചയാണ്.
 

തോവാളയെക്കുറിച്ച് രഘുവിന്‍റെ അച്ഛന്‍ വാചാലനായി,തോവാളയ്ക്കടുത്തുള്ള പഴവൂര്‍,കാവല്‍കിണര്‍,കുമാരപുരം അരുവമൊഴി എന്നിവിടങ്ങളില്‍ മുന്നുറോളം ഹെക്ടെറിലാണ് പൂകൃഷി നടക്കുന്നത് .പിച്ചി,വാടാമല്ലി,അരളി ,തുളസി,ജമന്തി,രജനിഗന്ധി,എന്നിവയാണ് തോവാളയില്‍ അധികവും. റോസയും,ജമന്തിയും,താമരമൊട്ടുകളും ചന്തയില്‍എത്തുന്നത്‌ തക്കല,തോടുവിട്ടി,മധുരെ,ബംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്.

ഇത്രയും പറഞ്ഞ ശേഷം രഘുവിന്‍റെ അച്ഛന്‍ ഒരു പൂ കച്ചവടക്കാരനുമായി വില പേശാന്‍ തുടങ്ങി.ഞങ്ങള്‍ അവിടെയൊക്കെ നടന്നു കാണാനും,രഘു എന്നോട് പറഞ്ഞു പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ പൂക്കള്‍ തോവാളയില്‍ എത്താറുണ്ട്.ആറ് മണി മുതല്‍ പതിനൊന്നു മണിവരെയാണ് കച്ചവടം.കടുത്ത സൂര്യ പ്രകാശത്തില്‍ പൂക്കള്‍ വാടി പോവാന്‍ സാധ്യധയുള്ളത് കൊണ്ടാണ് ഉച്ചക്ക് മുന്‍പ് കച്ചവടം അവസാനിപ്പിക്കുന്നത്.ഞങ്ങള്‍ തോവാള സര്‍ക്കാര്‍ സ്കൂള്‍ മൈതാനത്തെ പൂക്കളുകളും നോക്കി അങ്ങനെ നടന്നു.

കേരളത്തിലെ വിവാഹ ഉത്സവങ്ങള്‍ തോവളയിലെ കച്ചവടക്കാര്‍ക്ക് നല്ല പോലെ അറിയാം.ഇവരുടെ പ്രധാന വിപണിയാണ് കേരളം.ചിങ്ങം പിറക്കുമ്പോഴും ശബരിമല തീര്‍ഥാടന കാലത്തും പൂകള്‍ക്ക് പ്രിയമേറും.തോവാള സര്‍ക്കാര്‍ സ്കൂള്‍ മൈതാനത്താണ് പുലര്‍ച്ചെയുള്ള കച്ചവടം അരങ്ങേറുന്നത്.(ഇപ്പോള്‍ കാവല്‍കിണര്‍ എതിര്‍വശമുള്ള രാജാകോളേജില്‍,കച്ചവടം നടക്കുന്നു..)പൂക്കളുടെ സീസണുകള്‍ ആറ്‌ മാസത്തിലൊരിക്കല്‍ മാരാരോണ്ട്.നല്ല പീക്ക് സീസണില്‍ ഒന്ന് രണ്ടു ലക്ഷം ബിസിനസ്സ് വരെ ഒരു ദിവസം നടക്കും എന്ന് അവിടത്തെ ഒരു കച്ചവടക്കാരന്‍ ഞങ്ങളോട് പറഞ്ഞു.ഞാനും രഘുവും വാ പൊളിച്ചു നിന്ന് പോയി.

പിച്ചി,വാടാമല്ലി,അരളി ,തുളസി,ജമന്തി അങ്ങനെ വര്‍ണ്ണങള്‍ വാരി വിതറിയ പോലെ നിറങ്ങളുടെ സങ്കമം.എന്ത് കൊണ്ട് ഇവര്‍ ഇവിടെ പൂ കൃഷി ഉപജീവനമായി എടുത്തു എന്ന് എന്നെ ആശ്ചര്യപ്പെടുത്തി.ഇവിടെ പൂകള്‍ക്ക് പറ്റിയ മണ്ണ് ആണോ ..മറുപടി പറഞ്ഞത് രഘുവിന്റെ അച്ഛനായിരുന്നു..മണ്ണിന്റെ പ്രത്യേകത കൊണ്ടൊന്നുമല്ല ഇവിടത്തെ ജനത്തിന്റെ അധ്വാനമാ ഈ കാണുന്നത്..നമ്മുടെ നാട്ടുക്കാര്‍ക്കു ഇല്ലാത്തതും


 രഘുവിന്‍റെ അച്ഛന്‍ എല്ലാത്തരം പൂക്കളും വട്ടികണക്കിന് ടെമ്പോയിലേക്ക് എടുത്തു കയറ്റി.ഞങ്ങള്‍ക്ക് നിരാശ തോന്നി.ടെമ്പോ തിരുവനതപുരതെക്ക് കുതിക്കുമ്പോള്‍ രഘുവിന്‍റെ അച്ഛന്‍ വീണ്ടും തോവാളയെക്കുറിച്ച് പറഞ്ഞു തുടങ്ങി. തോവാളയിലെ പൂക്കളുടെ വിലകള്‍ അനുദിനം മാറികൊണ്ടിരിക്കും .സൂര്യ പ്രകാശത്തിന്‍റെ തോതും അപ്രതിക്ഷിത മഴയും വിലകളെ സാരമായി ബാധിക്കാറുണ്ട്.പിന്നെയും പല കാര്യങ്ങളും പുള്ളികാരന്‍ പരയുനുണ്ടയിരുന്നെങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല.എന്‍റെ മനസ് നിറയെ തോവാളയായിരുന്നു.ഏകദേശം പത്തരയോടെ ഞങ്ങള്‍ തിരുവനതപുരത്ത് എത്തി,കൂട്ടുക്കരനോട് യാത്ര പറഞ്ഞ് ഞാന്‍ വീട്ടിലേക്കു തിരിച്ചു.

ഇടപഴനിയിലെ എന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണുന്നത്, എന്‍റെ അച്ഛനും രണ്ടു സുഹുര്ത്തുകളും ഇരിക്കുന്നു.അവരുടെ മധ്യത്തില്‍
മദ്യ കുപ്പിയും .ഞാന്‍ ഒന്നും മിണ്ടാതെ മുറിയില്‍ പോയി ഉടുപ്പ് മാറ്റി വേറെ ഇട്ടു പുറത്തേക്കിറങ്ങി.പൈപ്പില്‍ ക്കുറച്ചു വെള്ളം ബക്കറ്റില്‍ നിറച്ച് വാടികരിഞ്ഞ നമ്മുടെ വീട്ടുമുറ്റത്തെ ചെമ്പരത്തി ചെടിയില്‍ ഒഴിച്ചു.തോവാളയുടെ ഓര്‍മ്മക്കായി കുറച്ചു കാലം ആ ചെമ്പരത്തി ചെടി അവിടെ പൂത്തുലഞ്ഞു നിന്നു....

പൂവിളി പൂവിളി പൊന്നോണമായി...എന്ന സിനിമാഗാനം പോലെ പൂവില്ലാതെ നമ്മുക്കൊരു പൊന്നോണമില്ലല്ലോ .കുഞ്ഞുങ്ങള്‍ക്കെന്നല്ല ബാല്യകൌമാരം കഴിഞ്ഞു യുവത്വത്തിലേക്കും വൈവാഹിക ജീവിതത്തില്‍ ഉടനീളവും മലയാളി മങ്കമാരുടെ ചാരുത കൂട്ടുന്നത്‌ പൂക്കളുടെ ഭംഗിയും മണവും ചേര്‍ന്നാണ്.നമ്മള്‍ മലയാളികള്‍ക്ക് ഈ ഓണം ആഘോഷിക്കണമെങ്കില്‍ ഉപ്പു തൊട്ടു കര്‍പുരം വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയികേണ്ട ഗതികേടിലാണ്.നമ്മുകെന്തുകൊണ്ട് മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നു എന്ന് ചോദിച്ചാല്‍ നമുക്ക് യുക്തിയെക്കാള്‍ മുട്ട് യുക്തികള്‍ക്കാണ് പ്രമുഖ സ്ഥാനം.ഇവിടെ ഒന്ന് മണ്ണ് കിളയ്ക്കാന്‍ ആരെയെങ്കിലും വിളിച്ചാല്‍ ചോദിക്കുനത് നാനുറും അനൂറും ആണ്,തര്‍ക്കിച്ചാല്‍ അവന്‍ യുണിയെന്‍ക്കാരുമായി വരും .അതാണ് സ്ഥിതി..പിന്നെ എങ്ങനെ ഈ നാട് നന്നാവും


മദ്യപാനത്തില്‍ കേരളിയരാണ് മുന്‍പില്‍ .  ഇവിടെ മദ്യത്തിനു  വില കൂടിയപ്പോള്‍ ആരും മിണ്ടുന്നില്ല എന്നാണ് മന്ത്രിയുടെ സങ്കടം. ഓണത്തിന് കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കുമെന്ന് നമ്മുക്ക് വിശ്വസിക്കാം.ഓണം നാളില്‍ ഷോപ്പുകള്‍ പൂട്ടിയിട്ടാല്‍ ഇരുനൂറു കോടി നഷ്ടമാവുമെന്നാണ് ബിവേരജെസ് മുന്നറിപ്പ് നല്‍കിയത്.കേരള സര്‍കാരിന്റെ നല്ലൊരു വരുമാന മാര്‍ഗമാണല്ലോ ഇത്.അത് കാരണം നമ്മുടേത്‌ മാവേലിനാടല്ല മദ്യപാനനാടായി തിരുത്തേണ്ടിയിരിക്കുന്നു  .....നമോവാകം...

ഓര്‍മ്മക്കുറിപ്പ് No:4 ശ്രീ പാര്‍വതി

 "ഓര്‍മ്മയിലെ എന്‍റെ ഓണം"  ശ്രീ പാര്‍വതി


ഓണത്തിന്‍റെ ഓര്‍മ്മകള്‍ക്ക് സുഗന്ധം നഷ്ടപ്പെട്ടു തുടങ്ങിയ ഒരു കാലത്താണ്, ഇന്നത്തെ ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറയുടെ ജനനം.ഓര്‍ക്കാന്‍ ഒരുപാടൊന്നും ബാക്കി വയ്ച്ചിട്ടല്ല ഓരോ വര്‍ഷവും ഓണദിവസങ്ങള്‍ കടന്നു പോകുന്നത്. ഒരിക്കല്‍ ഞങ്ങള്‍ അമ്മാത്ത് ആഘോഷിച്ച ഓണം പക്ഷേ വളരെ ഗൃഹാതുരതയുണര്‍ത്തുന്നു,ഞാനന്ന് തീരെ ചെറിയ ഒരു കടുക്കാപ്പരുവം.ചിറ്റമാരുടേയും വലിയമ്മമാരുടേയും വടം വലിയും, കൈകൊട്ടിക്കളിയും കഥപറച്ചിലും എല്ലാം ചേര്‍ന്ന് ആ ദിവസങ്ങള്‍ ആഘോഷമായിരുന്നു.പക്ഷേ പലര്‍ പല വഴി പിരിഞ്ഞു പോയപ്പോള്‍ എല്ലാവര്‍ക്കും ഓണം ഒരു കൂടിച്ചേരല്‍ മാത്രമായിത്തീര്‍ന്നു. വല്ലപ്പോഴും കൂടിച്ചേരാനുള്ള വേദി എന്നത് അത്ര നിസ്സാരമല്ലല്ലോ, അതും കൂടിച്ചേരലുകള്‍ അപൂര്‍വ്വമായ കാലത്ത്,പക്ഷേ അമ്മമ്മ മരിച്ചതോടെ അതിനും വിരാമമായി, കാത്തിരിക്കാന്‍ ഒരു അമ്മ നാട്ടിലുണ്ടാവുക,അതുപോലെ ഓണപ്പൂക്കളമിടാനും സദ്യയൊരുക്കി ഊട്ടാനും ഒരു സ്നേഹമുള്ള മനസ്സ് കാത്തിരിക്കുന്നു എന്ന അറിവ്, ഒരു അനുഭൂതിയാണ്. പണ്ട് അച്ഛന്‍ ഓണത്തോടനുബന്ധിച്ച് മരക്കൊമ്പില്‍ കെട്ടിത്തരുന്ന ഊഞ്ഞാല്‍ മറക്കാനാവാഅതെ നില്‍ക്കുന്നു.

പക്ഷേ കഴിഞ്ഞ വര്‍ഷം എന്‍റെ നിര്‍ബന്ധം കൊണ്ട് വീട്ടില്‍ വീണ്ടും വര്‍ഷങ്ങള്‍ക്കു ശേഷം ഊഞ്ഞാലൊരുക്കി,ആടിയപ്പോഴാണ്, എത്ര വലിയ വര്‍ഷങ്ങളാണ്, ഞാന്‍ നഷ്ടപ്പെടുത്തിയതെന ബോദ്ധ്യം വന്നത്, ഒന്നേ ആടിയുള്ളൂ, ഉയര്‍ന്നതും അലറിക്കരഞ്ഞതും ഒപ്പമായിരുന്നു, തലയ്ക്കുള്ളിലെന്തോ കാറ്റടിച്ചു കയറുന്ന പോലെ കണ്ണുകളൊക്കെ താഴേയ്ക്ക് മറിയുന്നു, നെഞ്ചിനുള്ളില്‍ എന്തോ താഴെവീണുടഞ്ഞ പോലെ, കാറിക്കരഞ്ഞു കൊണ്ട് ഊഞ്ഞാലില്‍ നിന്ന് താഴേയ്ക്ക് ചാടി ഒരുവിധം താഴെ എത്തിയതിനു ശേഷം ചാടിയതു കൊണ്ട് നിലത്തു വീണില്ല എന്നു മാത്രം, അതോടെ ഓണക്കാഴ്ച്ചകളില്‍ നിന്ന് ഊഞ്ഞാലും മറഞ്ഞു.
 

ഓണത്തിനെന്നല്ല എന്‍റെ എക്കാലത്തേയും ഫേവറിറ്റ് പായസം വെര്‍മിസലി പായസമാണ്,ഓണത്തിന്‍റെ എല്ലാ ദിവസങ്ങളിലും അതു വച്ചാലും ഞാന്‍ ഹാപ്പി.അത് കുറുകിയിരിക്കാതെ നല്ല പാലും നെയ്യുമൊക്കെ ആവശ്യത്തിനൊഴിച്ച് ശകലം വെള്ളം ആയി ഇരുന്നാല്‍ ബെസ്റ്റ്. ചോറുണ്ണുന്നതിനു മുന്‍പ് പായസം അകത്താക്കുക എന്നതായിരുന്നു കുട്ടിക്കാലത്തെ ഇഷ്ടം,പിന്നീട് ചോറുണ്ണാന്‍ വിളിച്ചാല്‍ ഒഴിവുകഴിവുകള്‍, അമ്മയറിയാതെ പായസം അടിച്ചതല്ലേ, കള്ളം പറഞ്ഞ് ഇരിക്കും, പായസം കുടിച്ച് വയറ്, പൊട്ടാറായി ഇരിക്കുമ്പോള്‍ എങ്ങനെ ചോറുണ്ണാന്‍.

പണ്ടത്തെ ഓണം എനിക്ക് പേടി സ്വപ്നാമയിത്തീര്‍ന്നത് ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഓണക്കരടിയെ കണ്ടതിനു ശേഷമായിരുന്നു. ഉണങ്ങിയ വാഴയിലയൊക്കെ വച്ച് പൊതിഞ്ഞു കെട്ടി, കയ്യിലൊരു തോക്കൊക്കെ പിടിച്ചാണ്, കരടി അന്ന് വന്നത്, കൂടെ കൊട്ടുകാരും ഡാന്‍സുകാരും, കരടി വന്നുടനെ ഒരലര്‍ച്ച, എന്‍റെ നെഞ്ചിലെവിടേയോ ഒരു കൊളുത്തിപ്പിടുത്തം പോലെ തോന്നി, എന്‍റെ വിരയില്‍ കണ്ട് കരടി മോളെ.. എന്നൊക്കെ വിളിച്ചോണ്ട് വരുന്നതു കൂടി കണ്ടതോടെ കാലുവലിച്ച് ഞാന്‍ ഓടീ, വീടിങ്കത്തേയ്ക്കാണോ, പുറത്തേയ്ക്കാണോ ഓടിയതെന്ന് ഇപ്പോഴും എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല.
ഒട്ടും മറക്കാനാവാത്ത ഓണം തന്നത് എന്‍റെ ക്യാമ്പസ് ആണ്. ഓണപ്പൂക്കളമത്സരത്തിലും വടം വലിയിലും ഒരു സമ്മാനം പോലും നേടിയില്ലെങ്കിലും ഓണപ്പാട്ടും പാടി മഹാബലിയോടൊപ്പം ഓരോ ക്ലാസ്സിലും കൂട്ടുകരോടൊപ്പം കയറിയിറങ്ങി നടന്നു,, സ്വന്തമായി ഓണപ്പാട്ടെഴുതി സ്വന്തമായി പാടിയാണ്, ഓരോ ക്ലാസ്സിലും നടക്കുക. ക്യാമ്പസ് പൂക്കള മത്സരത്തില്‍ ഞങ്ങളുടെ ടീമിന്, ഒന്നാം സ്ഥാനം എന്ന് സര്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞതു ഞങ്ങള്‍ പുളകത്തോടെയാണ്, കേട്ടത്, തൊട്ടടുത്ത നിമിഷം ഒരു ക്ഷമാപണത്തോടെ സമ്മാനം കിട്ടിയ യഥാര്‍ത്ഥ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ സാറിന്, മാപ്പു പോയിട്ട് ഒരു ഗ്ലോബു പോലും കൊടുക്കാന്‍ കഴിയാതെ നിന്ന ഞങ്ങളുടെ അവസ്ഥ എങ്ങനെ വര്‍ണ്ണിക്കാന്‍...

ഓണത്തിന്‍റെ തുടിപ്പുകള്‍ ഈ തലമുറയില്‍ നിന്ന് അലിഞ്ഞ് ഇല്ലാതായി പോകുന്നത് അറിയാന്‍ കഴിയിന്നുണ്ട്, നഷ്ടപ്പെടുന്നതിന്‍റെ വേദനയും മനസ്സിലുണ്ട്. പക്ഷേ പഴയ സ്മൃതികളെ താലോലിയ്ക്കാനല്ലാതെ എന്തു ചെയ്യനാകും ഇന്നത്തെ മലയാളിയ്ക്ക്.മുത്തശ്ശിമാരുടേയും മുത്തശ്ശന്‍മാരുടേയും ഓണക്കഥകള്‍ കേട്ട്, ഓഹ് അങ്ങനേയും ഓണം ആഘോഷിക്കാം അല്ലേ എന്ന് ചോദിച്ചു പോകുന്നു.

ഓര്‍മ്മക്കുറിപ്പ് No:3 ജ്യോതിര്‍മയി ശങ്കരന്‍

 ജ്യോതിര്‍മയി ശങ്കരന്‍


മലയാളത്തിനു ഒരിയ്ക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണു മാവേലിയുടെ കാലത്തിനെക്കുറിച്ചുള്ള ഓണപ്പാട്ടുകള്‍ നല്‍കുന്നതു.സത്യമായും അങ്ങനെയൊരു കാലം ഉണ്ടായിരുന്നിരിയ്ക്കുമോ? കുട്ടിക്കാലത്തു പലപ്പോഴും മനസ്സില്‍ പൊട്ടി മുളച്ചിട്ടുള്ള ഒരു സംശയമാണിതു .ഓണം എന്ന വാക്കു അതിന്റെ ആഘോഷത്തിനേക്കാളെറെ മലയാളിയെ സ്വാധീനിയ്ക്കാന്‍ ഒരു പക്ഷേ ഈ ഓണശ്ശീലുകളും അതിനോടനുബന്ധിച്ച ഒട്ടേറേ ഐതിഹ്യ കഥകളും തന്നെയായിരിയ്ക്കാം കാരണം. ഒട്ടേറെ കുരുന്നു മനസ്സുകളില്‍ എന്നെപ്പോലെത്തന്നെ അവ കുതൂഹലതയുണര്‍ത്തിയിരുന്നിരിയ്ക്കാം.തലമുറകളായി കൈമാറി വന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്നു നാം ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. അതിന്റേതായ നിഷ്ക്കളങ്കതയോടെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അസുര ചക്രവര്‍ത്തിയായ മാവേലി നമ്മുടെ കണ്ണില്‍ എന്നും ദൈവീക പുരുഷനായിരുന്നു.കളളക്കര്‍കിടകത്തിലെ പഞ്ഞവും അസുഖങ്ങളും മാറി പൊന്നിന്‍ ചിങ്ങം വന്നെത്തിയാല്‍ മാവേലിയെ എതിരേല്‍ക്കാന്‍ മനസ്സും തയ്യാറാവുന്നു. ഇനിയങ്ങോട്ടു സമൃദ്ധിയുടെ നാളുകളാണല്ലോ?

പഴയ കാലത്തെ ഓണത്തെക്കുറിച്ചു ഇന്നു ഓര്‍മ്മകള്‍ മാത്രം. ഓണം ആഘോഷിയ്ക്കായ്കയല്ല , അതിന്റെ ഹൃദ്യത കുറഞ്ഞുകൊണ്ടേ വരുന്നെന്നു മാത്രം. ഉള്ളിന്റെയുള്ളില്‍ ഒരു നഷ്ടസ്വര്‍ഗ്ഗത്തിന്റെ വേദന ഓരോ വര്‍ഷവും കൂടിക്കൂടി വരുന്നു. ഓണം എന്നതു ഒരു കാലത്തു ഒരു വിളവെടുപ്പുത്സവം ആയിരുന്നിരിയ്ക്കണം ശരിയ്ക്കും മണ്ണിന്റെ മണമുള്ള ആഘോഷം.. മാവേലി മന്നന്റെ കഥകളും പാടി , നിറഞ്ഞ പത്തായത്തിന്റെ നാളുകളില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ ഭംഗിയില്‍, മഴക്കാറു നീങ്ങിയ മാനത്തിനു കീഴില്‍ കഠിനാദ്ധ്വാനത്തിന്റെ നാളുകളില്‍ നിന്നും കുറച്ചു നാളത്തേയ്ക്കുള്ള ഒരു വിശ്രമമെന്നോണം മാനസോല്ലാസത്തിനായി പലതരം കളികളും കളിച്ചു, ഒരുമയുടെ സൌഹൃദം പങ്കു വച്ചിരുന്ന നാളുകള്‍. ആധുനികതയുടെ കിരണങ്ങള്‍ കാലത്തിന്റെ ഗമനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പലതും ആദ്യമൊക്കെ ഇമ്പമായിത്തോന്നി. പക്ഷെ പ്രകൃതിയെ മനുഷ്യന്‍ മറക്കാന്‍ തുടങ്ങിയ നാളുകളായിരുന്നു പിന്നീടു വന്നവ. പറമ്പില്‍ സ്വയം അദ്ധ്വാനം ചെയ്യാന്‍ മടി. മാര്‍ക്കറ്റില്‍ നിന്നും എല്ലാം വാങ്ങല്‍ പതിവായി .ഓണപ്പൂക്കളിറുക്കാനും പൂക്കളമിടാനും സമയക്കുറവു. മഹാബലി പുസ്തകത്താളുകളിലൊതുങ്ങി.എന്തിനേറെ, സദ്യ പോലും റെഡിമെയ്ഡ് മതിയെന്നായി. ഇതോ ഓണം? പൂക്കളുടെയും പുത്തനുടുപ്പിന്റെയും ഗന്ധത്തിന്റെ ലഹരിയും ആരും ഒര്‍മ്മിയ്ക്കുന്നില്ലെന്നോ? ഓണം ആഘോഷിയ്ക്കുന്നതിനുള്ള കാരണം എന്തുമാകട്ടെ, വര്‍ഷത്തിലൊരിയ്ക്കല്‍ എല്ലാ ദു:ഖങ്ങളും മറന്നു പുത്തനുടുപ്പും, സദ്യയും, പാട്ടും കളികളും കൊണ്ടു നാടിനെ ഉണര്‍ത്തുകയെന്ന ആ സങ്കല്‍പ്പം ഒന്നു തന്നെ അന്നത്തെ കാലത്തു മനുഷ്യമനസ്സിനു നവോന്മേഷമേകാനുള്ള ഏറ്റവും വലിയ ശ്രമമായിരുന്നില്ലേ?. മലയാള മണ്ണിനു മുഴുവനും ഏകീകൃതഭാവം നല്‍കാനായി തിരഞ്ഞെടുത്ത സമയം.

മറ്റീരിയലിസ്റ്റിക് ആയ ജീവിതത്തിനോടുള്ള മനുഷ്യന്റെ അടക്കാനാവാത്ത അഭിനിവേശമാവാം ഒരു പക്ഷേ നമ്മുടെ ലളിതമായ ജീവിതത്തെയും അതിന്റെ ഭാഗമായ ഇത്തരം ആഘോഷങ്ങളേയും ഇങ്ങനെ നശിപ്പിയ്ക്കുന്നതു,.. നമ്മുടെ മാത്രം ഒറ്റപ്പെട്ട ഒരു സംഭവമല്ലിതു. ഗ്ലോബലൈസേഷനെന്ന അമൃതിനൊപ്പം കിട്ടിയ കാളകൂടത്തിലൊരംശം. പുരോഗമനം വേണ്ടെന്നല്ല, ബലിയാടുകളെ ഓര്‍ത്തെന്നു മാത്രം. എല്ലാം മുന്നോട്ടുള്ള പ്രയാണത്തിന്റെ കുത്തൊഴുക്കായി മാത്രം കാണുക തന്നെ നല്ലതു.. മലയാളികള്‍ എത്തിച്ചേരാത്ത ഒരു സ്ഥലവുമില്ല.എന്നാണല്ലോ പറച്ചില്‍. . മറുനാടന്‍ മലയാളിയ്ക്കു ഇന്നു ഓണം മാത്രമണു ഒരു കമ്മ്യൂണിറ്റി ആഘോഷമായി കൊണ്ടാടാനായിട്ടുള്ളതു.. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ചു നമുക്കു ആഘോഷങ്ങള്‍ വളരെ കുറവാണല്ലോ? കുറവാണോ അതോ പലതും ക്ഷേത്രാധിഷ്ടിതമായതു കൊണ്ടാണൊ എന്നുമറിയില്ല. വിഷു കുടുംബത്തിനകത്തു മാത്രമായി ഒതുങ്ങി നില്‍ക്കുന്നു. അപ്പോള്‍ പിന്നെ നമ്മുടെയെന്നഭിമാനിയ്ക്കാനായി ഓണം മാത്രമേ ഉള്ളൂ. മറ്റുള്ളവര്‍ക്കു ചൂണ്ടിക്കാട്ടാനായിട്ടാണൊ നാം ഓണം ആഘോഷിയ്ക്കുന്നതെന്നു തോന്നിപ്പോകാറൂണ്ടു. എന്തോ കടമ ചെയ്തു തീര്‍ക്കുന്നത് പോലെയാണു പലപ്പോഴും നമ്മുടെ ഓണാഘോഷത്തെ കണ്ടു വരുന്നതു.


മുംബൈ നഗരത്തില്‍ ഓണം  എത്തിയെന്നറിയുന്നതു മലയാളിയുടെ കടയുടെ മുന്നില്‍ക്കാണുന്ന പഴക്കുലയുടെ എണ്ണം കൂടുമ്പോഴാണു. പുതിയ വസ്ത്രം എടുക്കലോ പൂവിടലോ ഇവിടെ വീടുകളില്‍  പതിവില്ല. .ഉത്രാടസ്സദ്യ പോലുമില്ല.  പുളീഞ്ചി, കാളന്‍ എന്നിവകൂടി പലരും തയ്യാറാക്കിയവ വാങ്ങുന്നു. പഴം, പപ്പടം, പഴംനുറുക്കു, ഉപ്പേരികള്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിയ്ക്കും. അതാതു ഏരിയയിലെ കേരളീയ സമാജം, മറ്റു സുഹൃദ് സംഘടനകള്‍ എന്നിവ പതിവായി ഓണപ്പൂക്കളമത്സരവും കൈകൊട്ടിക്കളിയും എല്ലാവര്‍ഷവും സംഘടിപ്പിയ്ക്കാറുണ്ടു. ഓണസ്സദ്യയും കാണും.ഒരു ഗെറ്റ് ടുഗദര്‍ എന്നതിലധികന്മായി ഇതിനെ കാണാന്‍ ഒരിയ്ക്കലും സാധിയ്ക്കാറില്ല. കാരണം ഓണം എന്നു പറഞ്ഞാല്‍ ഇതൊന്നുമല്ല എനിയ്ക്കു. സദ്യയോ, മത്സരമോ, കൈഒട്ടിക്കളിയോ ഓണത്തിന്റെ ഓര്‍മ്മകള്‍ ഒരിയ്ക്കലും ഉണര്‍ത്തുന്നില്ല. മറിച്ചു ഈ യാന്ത്രിക ജീവിതത്തില്‍ ഞാനും ജീവിച്ചിരിപ്പുണ്ടെന്ന ഓര്‍മ്മ മാത്രമാണെനിയ്ക്കു നല്‍കുന്നതു. ഒരു ന്യൂ ഇയര്‍ ആഘോഷമോ ഒരു ആന്നിവേര്‍സറിയോ ആഘോഷിയ്ക്കുന്നതിലെന്ന പോലെ. അല്ലെങ്കിലും ആഘോഷത്തിനു ഒരു കാരണമാണു നാം എന്നും അന്വേഷിച്ചതു. അതു കിട്ടിയാല്‍ പിന്നെന്തിനു ചിന്ത.

പുത്തന്‍ തലമൂറ അതാണല്ലോ ചെയ്യുന്നതു. നാളെയുണ്ടെന്നു കരുതാതെ ഇന്നിനെ ആസ്വദിയ്ക്കുക. ഒരര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നതു ശരിയാണോയെന്നു പോലും തോന്നിപ്പോകാറുണ്ടു. ഏതു നിമിഷവും അവസാനിയ്ക്കാവുന്ന ലോകം.മനുഷ്യനും പ്രകൃതിയും അതിനു മത്സരിയ്ക്കുകയാണു. പ്രകൃതിയെ വെല്ലു വിളിയ്ക്കുന്ന മനുഷ്യന്നറിയാം, പരിണതഫലം എന്തായിരിയ്ക്കുമെന്നു. ഇന്നല്ലെങ്കില്‍ നാളെ അതു സംഭവിയ്ക്കാതിരിയ്ക്കയുമില്ല. എന്തു സുരക്ഷിതത്വമാണു വരും തലമുറയ്ക്കായി നമുക്കു  കൊടുക്കുവാനുള്ളതു? അപ്പോള്‍ പിന്നെ സ്വയം ജീവിതം എന്തിനു ആസ്വദിയ്ക്കാതിരിയ്ക്കണം?
നഷ്ടത്തെക്കുറിച്ചു അറിയുന്നവര്‍ക്കേ അതില്‍ ദു:ഖം തോന്നുകയുള്ളൂ .അല്ലാത്തവര്‍ക്കെന്തു ദു:ഖം?  എനിയ്ക്കു ദു:ഖം തോന്നുന്നുണ്ടു. നാട്ടിലായാലും മറുനാട്ടിലായാലും ഓണം  ഇത്രയുമേറെ മാറിപ്പോയതില്‍. ഓണം മാത്രമല്ലോ മാറിയതു? . മലയാളമണ്ണും മലയാളിയുമൊക്കെ മാറ്റങ്ങള്‍ക്കു അടിമയായില്ലെ? പുത്തരിച്ചോറൂണ്ണാന്‍ സ്വര്‍ണ്ണനെല്ലു വിളയേണ്ട പാടങ്ങള്‍ ദിനം പ്രതി അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നു. പാടങ്ങളില്‍ കൃഷി ചെയ്യാനും ചെയ്യിയ്ക്കാനും ആളില്ല. മണ്ണിട്ടു നികത്തിയ പാടങ്ങള്‍  മണിമേടകളും മള്‍ട്ടിസ്റ്റോറി കെട്ടിടങ്ങളുമായി മാറുന്നു. മാളുകളും ഷോറൂമുകളും പുതിയ സംസ്ക്കാരത്തിന്റെ മാറ്റൊലികളുമായി രംഗത്തെത്തുന്നു. ഇതാനു പുതിയ സംസ്കാരമെന്നും ഇതിനായാണു ഇനി യത്നിയ്ക്കേണ്ടതെന്നുമുള്ള പാഠമാണു  നാം ഇപ്പോള്‍  വരും തലമുറയ്ക്കു കൊടുക്കുന്നതു.മറ്റൊന്നു കൂടിയുണ്ട്, എന്തും പണം കൊണ്ടു സാധ്യമാവുമെന്നും പണം മാത്രം കൊണ്ടേ സാധ്യമാവൂ എന്നും. ഇത്തരുണത്തില്‍ മാവേലിയുടെ കാലത്തിനെക്കുറിച്ചെന്തിനു പറയണം, അല്ലേ?
മറുനാടന്‍ മലയാളിയ്ക്കെന്നും ഗൃഹാതുരത്വമാണു. നാടിനോടു ബന്ധപ്പെട്ട എന്തിനോടും. ഓണം അവരുടെ മനസ്സിനെ ഒരിത്തിരി ദുര്‍ബലമാക്കുന്നുണ്ടു. എന്തൊക്കെയൊ നഷ്ടപ്പെട്ടു വെന്ന വിചാരമാകാം. നാട്ടിലേയ്ക്കു പോകുന്ന സുഹൃത്തിനെ രയില്‍ വേ സ്റ്റേഷന്‍ വരെ അനുഗമിച്ചു യാത്രയയച്ചു തിരിച്ചു വരുന്ന മലയാളിയുടെ  മനോവിചാരം പോലെ. ;‘നാളികേരത്തിന്റെ  നാട്ടിലെനിയ്ക്കു…‘ എന്നു പാടുമ്പോഴവന്‍ വികാരധീനനാകുന്നതും  മറ്റൊന്നും കൊണ്ടല്ല. മാവേലി വാണ  കാലത്തെക്കുറിച്ചല്ല അവനോര്‍ക്കുന്നതു…അതേക്കുറിച്ചോര്‍ത്തു  അഭിമാനം കൊണ്ടിരുന്ന ഒരു ജനതയുടെ കടന്നുപോയ നാളുകളെക്കുറിച്ചോര്‍ത്തു മാത്രം. ജോലിക്കാര്യത്തിനായി നാടു വിടുന്ന ആദ്യതലമുറയിലെ  മലയാളി മുന്നില്‍ നല്ലൊരു ഭാവിയെ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നത്തിലും ഓണത്തിനു നിറം മങ്ങലുണ്ടായിരുന്നില്ല. . അടുത്ത തലമുറയിലേയ്ക്കു അതു പകര്‍ന്നു കൊടുക്കുവാനും വലിയ ബുദ്ധിമുട്ടുള്ളതായി അവനു തോന്നിയില്ല. ഇഴയടുപ്പമുള്ള കുടുംബബന്ധങ്ങളും കലാസാംസ്കാരിക രംഗങ്ങളും  അടിയ്ക്കടി നാട്ടിലേയ്ക്കുള്ള യാത്രകളും  ആദ്യ തലമുറയ്ക്കുള്ളത്ര   ഇല്ലെങ്കിലും അവ്യക്തമായ ഒരു  രേഖാ ചിത്രം അവന്റെ മനസ്സില്‍ വരയ്ക്കാനുതകി.. പക്ഷെ രണ്ടാം തലമുറ അതിലൊക്കെ പരാജയപ്പെട്ടതായാണിവിടെ കാണപ്പെടുന്നതു. പകര്‍ത്തിക്കൊടുക്കാനുള്ള അറിവില്ലായ്മയും  കഴിവില്ലായ്മയുമാവാം ഇതിനു  ഒരു കാരണം. ശിഥിലമായ കുടുംബബന്ധങ്ങളും അകല്‍ച്ചകളും അതിന് ആക്കം കൂട്ടിയപ്പോല്‍  ആര്‍ക്കോ വേണ്ടി കാട്ടിക്കൂട്ടുന്ന കഥയറിയാതെ ആട്ടം കാണുന്നവരായി പുതിയ തലമുറക്കാര്‍. അവ്യക്തവും,  വായനയില്‍ നിന്നും കിട്ടുന്ന പരിമിതവും ചിലപ്പൊഴൊക്കെ തെറ്റുമായേക്കാവുന്ന വിവരങ്ങള്‍  മാത്രമായി മാറി അവരുടെ കൈ മുതലുകള്‍‍. സമയക്കുറവുംകൂട്ടത്തില്‍ കൂടുന്നതിനുള്ള വിമുഖതയും, ഒക്കെ ഇതിനു വളം  വച്ചപ്പോള്‍  ഓണാഘോഷം എന്നതു വെറും കാട്ടിക്കൂട്ടലുകള്‍  മാത്രമായ് മാറുന്നു. നാടകങ്ങള്‍ അപ്രത്യക്ഷമായി, ഓണപ്പാട്ടുകള്‍ , കൈകൊട്ടിക്കളി എന്നിവയും  അധികം വൈകാതെ അപ്രത്യക്ഷമായിക്കൂടായ്കയില്ല.
 
ഓണം വന്നല്ലോ ആയിരമോര്‍മ്മക-

ളോടിയെത്തി മനസ്സില്‍

നീളെ പൂക്കള്‍ വിരിയിച്ചു നില്‍ക്കുന്ന

നാടിന്‍ കൊച്ചു വഴികള്‍

കൂടെക്കൂടെയുയര്‍ന്നു വരുന്നൂ‍

പൂവിളികള്‍ തന്‍ നാദം

തോളില്‍ കയ്യിട്ടു കൂട്ടുകാരൊത്തു ഞാന്‍

തേടിപ്പൂക്കളെയെത്ര?

ഓണത്തപ്പനെ മണ്ണിനാല്‍ തീര്‍ക്കുമ്പോള്‍

കൂടെ നില്‍ക്കാറുമുണ്ടേ!

നാടിന്‍ മുക്കുകളെല്ലാം നിറഞ്ഞു

മോടിയാകുന്ന കാലം

മേലെയങ്ങാടി കാണാന്‍ കുതുകം

നീളെത്തൂങ്ങും കുലകള്‍

ഒട്ടുമോഹത്താല്‍കാത്തുനില്‍ക്കും ഞാന്‍

പട്ടുടുപ്പൊന്നു കിട്ടാന്‍

അച്ഛനോടു കിണുങ്ങും പുതിയ

കൊച്ചൂഞ്ഞാലൊന്നു കെട്ടാന്‍

മുറ്റത്തെമാങ്കൊമ്പിലുയരും

കൊച്ചൂഞ്ഞാലെന്തു ഭംഗി!

ഉറ്റതോഴരുമൊത്തു ഞാനെത്രയോ

ഒച്ചവച്ചൂഞ്ഞാലാടി?

ഓണത്തപ്പനു പൂജിച്ചുകിട്ടും

ഓണപ്പൂവടയോര്‍പ്പൂ

ഓണക്കോടിയുടുത്തു ഞാന്‍ തീര്‍ക്കും

ഓണപ്പൂക്കളമന്നു

ചേലില്‍ നിര്‍മ്മിച്ച പൂക്കളമന്നു

കാലുകൊണ്ടെന്റെയേട്ടന്‍

താറുമാറാക്കിയെന്നതു കണ്ടു ഞാന്‍

തേങ്ങിയൊട്ടു കരഞ്ഞു.

പാവമെന്നു കരുതിയന്നേട്ടന്‍

വേറെ പൂക്കളം തീര്‍ത്തു

ചാരുതയാര്‍ന്ന പൂക്കളം കണ്ടെന്‍

തോഴരെല്ലാം കൊതിച്ചു

ഒട്ടു ചിന്തകളോടിയെത്തുന്നു

നഷ്ടമായിന്നതെല്ലാം

എത്ര സുന്ദരമായ ദിനങ്ങള്‍

കഷ്ടമെങ്ങോ മറഞ്ഞു?

ഈണത്തില്‍ അലയൊലിച്ചെത്തുന്ന ഓണപ്പാട്ടുകള്‍. പൂവിളികള്‍, , നാടന്‍ പാട്ടുകള്‍‍, പന്തുകളി, ഗ്രാമീണ സൌന്ദര്യത്തിന്റെ നൈര്‍മ്മല്യം എടുത്തു കാട്ടുന്ന കൈകൊട്ടിക്കളി. , സദ്യ, വേണ്ടപ്പെട്ടവരെയൊക്കെ ഊട്ടല്‍, അവര്‍ക്കൊക്കെ ഓണസമഗ്രികള്‍ പങ്കുവെയ്ക്കല്‍ എല്ലാത്തിലും വളരെ ആഹ്ലാദം കണ്ടെത്തിയിരുന്ന നാളുകള്‍. അവയെയെല്ലാം നിഷ്ക്കളങ്കമായ കണ്ണുകള്‍ കൊണ്ടു കാണാന്‍ സാധിച്ച ആ കുട്ടിക്കാലം. അതാണു ഇന്നത്തെ തലമുറയ്ക്കു നഷ്ടമായതു.ജനിച്ചു ഭൂമിയില്‍ വീഴുന്നതിനു മുന്നെത്തന്നെ പ്ലാന്‍ ചെയ്ത വരകളില്‍ക്കൂടി മാത്രം നീങ്ങി മത്സരക്കളരികളിലും പഠനക്കളരികളിലുമായി ശ്വാസം മുട്ടുന്ന അവര്‍ക്കെവിടെ പൂക്കൂടയുമേന്തി, പൂവിറുത്തു പൂപ്പാട്ടുകള്‍ പാടാന്‍ നേരം? പൂക്കളമിടാന്‍ നേരം? അവര്‍ക്കറിയാം , ഓണപ്പാട്ടുകള്‍. പലവുരു പാടി മന്‍സ്സില്‍ കോറിവച്ചവ. മത്സരങ്ങള്‍ക്കായിട്ടു. , അവര്‍ ഇടും പൂക്കളം, മനോഹരമായിത്തന്നെ, വിവിധ വര്‍ണ്ണങ്ങളില്‍, ആകൃതികളില്‍. പക്ഷേ ഒക്കെ മത്സരത്തിന്റെ ചൂടില്‍ മാത്രം. മനസ്സു നിറഞ്ഞ നൈര്‍മ്മല്യത്തിറ്റെ പ്രതീകമായിട്ടാവില്ലെനന്നു മാത്രം.ഓണത്തിനെ മനസ്സില്‍ ഉള്‍ക്കൊണ്ടിട്ടാവില്ലെന്നു മാത്രം.പഴയ തലമൂറ പൂവെ വിളിയുടെ മാധുര്യത്തില്‍ കോരിത്തരിച്ചിരുന്നുവെന്ന ക്ഥ അവര്‍ക്കറിയില്ലല്ലോ?

ജീവിതം തന്നെ മാറ്റങ്ങളുടെ ഒരു അന്തമില്ലാത്ത ഒഴുക്കാണല്ലൊ? അപ്പോള്‍ പിന്നെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുടെ അലയൊലി നിത്യ ജീവിതത്തേയും ബധിയ്ക്കാതിരിയ്ക്കില്ലല്ലോ?. പക്ഷേ മലയാളി ഒരടി കൂടുതല്‍ മുന്നിട്ടു വച്ചോ എന്നു മാത്രം സംശയം. കാലാകാലങ്ങളായി ഉരുത്തിരിഞ്ഞു വന്ന ആചാരങ്ങളെയും സമ്പ്രദായരീതികളെയും തട്ടി മാറ്റുന്നതില്‍ ഊറ്റം കൊള്ളുന്നവരാണു നമ്മളെന്നു തോന്നുന്നു. ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലെ പല സ്ഥലങ്ങളിലും പഴയ ചിട്ടകളേയും ആചാരങ്ങളെയും ആഘോഷങ്ങളേയും കൂടുതല്‍ കൂടുതല്‍ മുറുക്കിപ്പീടിയ്ക്കുന്നതിനായുള്ള ശ്രമം നടത്തുമ്പോള്‍ നാം അതില്‍ നിന്നും വിമുക്തരായെന്നതിലുള്ള സന്തോഷത്തിലാണെന്നു തോന്നുന്നു
നമുക്കു കൃത്യമായി ഒരു അറിവുമില്ല, മഹാബലി എന്ന് ഒരു അസുര ചക്രവര്‍ത്തി ഉണ്ടായിരുന്നുവോ എന്നും,അദ്ദേഹം ഏതു കാലയളവിലാണു നാടു വാണിരുന്നതെന്നും.പുരാണങ്ങളിലെ കഥകള്‍ മാത്രമാണു ഇതിനു ആസ്പദം..ഭാഗവതത്തിലും, മത്സ്യപുരാണം, വാമനപുരാണം എന്നിവയിലും കൊടുത്തിരിയ്ക്കുന്ന കഥകള്‍ വരും തലമൂറയ്ക്കും വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല. . അവതാരങ്ങളുടെ കാരണം തന്നെ ധര്‍മ്മ രക്ഷാര്‍ത്ഥമാണല്ലൊ? അത്തരം ഒരു കാലഘട്ടത്തിലായിരുന്നിരിയ്ക്കണം മഹാബലി കേരളം വാണിരുന്നതു..പക്ഷെ ഇത്രയും നല്ലവനായിട്ടും ബലിയ്ക്കു ധര്‍മ്മച്യുതി പറ്റി. , ശിക്ഷയും കിട്ടി. നല്ലവനായ രാജാവിനെ സ്ണേഹിച്ച പ്രജകള്‍, പ്രജകളെ അകമഴിഞ്ഞു സ്ണേഹിച്ച രാജാവു. . ഒരേയൊരു വരം മാത്രം വാമനനില്‍ നിന്നും വാങ്ങി. ആണ്ടിലൊരിയ്ക്കല്‍ പ്രജകളെ കാണാനായൊരു സന്ദര്‍ശനത്തിനായി.എത്ര സുന്ദരമായ ഒരു സങ്കല്‍പ്പം, അല്ലേ?

സമൃദ്ധി സ്വപ്നം കണ്ടിരുന്ന നാളുകളിൽ ഓണത്തെക്കുറിച്ചു ഓർക്കാനും കാത്തിരിയ്ക്കാനും രസമുണ്ടായിരുന്നിരിയ്ക്കണം. ഓണക്കാലത്തു പതിവായി സദ്യവട്ടങ്ങൾ കഴിച്ചു ശീലിച്ചവർക്കു അതിനപ്പുഅം പ്രതീക്ഷിയ്ക്കാനായി ഒന്നുമുണ്ടായിരുന്നില്ല. അപ്പോൾ ഓണത്തിനു പ്രസക്തി കൂടി. ഇപ്പോഴാണെങ്കിലോ, ജീവിതരീതി മാറി, ഭക്ഷണശീലം മാറി, കൈയ്യിൽ കാശിനും മുട്ടില്ല. പിന്നെ ഒരു രസത്തിനായി മാത്രം ഓണം ആഘോഷിയ്ക്കുന്ന നാളുകളാണിനി വരാനിരിയ്ക്കുന്നതു. എന്നാലും വരും തലമുറ ഓണം കൊണ്ടാടാതിരിയ്ക്കില്ലെന്നു നമുക്കു പ്രത്യാശിയ്ക്കാം.
 

ഓര്‍മ്മക്കുറിപ്പ് No:2 ജെനിറ്റ് ജോബ്‌

ഓര്‍മയിലെ എന്റെ ഓണം  ജെനിറ്റ് ജോബ്‌

                  ഇന്നിപ്പോള്‍ ഇതാ വീണ്ടും ഒരു ഓണക്കാലം കൂടി വന്നു ചേര്‍ന്നിരിക്കുന്നു . മാവേലിയെ നമ്മള്‍ മലയാളികള്‍ ഓര്‍ക്കുന്ന ഒരേയൊരു സമയം . മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ്  ഒരു തിരുവോണ നാളില്‍  ആണ് ഞാന്‍ എന്റെ പ്രവാസി ജീവിതത്തിലേക്ക്  വീടിന്റെ പടിയിറങ്ങിയത് . അതായിരുന്നു എന്റെ വീട്ടില്‍ ഞാന്‍ ആഘോഷിച്ച എന്റെ അവസാനത്തെ ഓണം. അതിനു ശേഷം ഞാന്‍ ഇവിടെ ആഘോഷിച്ചതോന്നും ഓണത്തിന്റെ അനുഭൂതി നല്‍കുന്നവ ആയിരുന്നില്ല . പേപ്പര്‍ പാത്രങ്ങളില്‍ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഓണ സദ്യ കഴിക്കാനായിരുന്നു യോഗം. 

                  എനിക്ക് ഓണത്തെ കുറിച്ച് ഓര്‍മ വരുന്നത് ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍  മുതലുള്ള ഓണാഘോഷങ്ങള്‍ ആണ് . അന്ന് ഓണപ്പരീക്ഷ കഴിനുള്ള ദിവസമാണ് സ്കൂളില്‍ ഓണാഘോഷം. കുട്ടികള്‍ എല്ലാം അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി ശേഖരിക്കാവുന്നത്ര പൂവുമായി എട്ടു മണി ആകുമ്പോളെക്കും സ്കൂളില്‍ എത്തും.  വരുന്ന  വഴിക്ക്  ചില വീടുകളില്‍ നിന്ന് പൂ കട്ട് പറിക്കുന്ന വിരുതരും ഉണ്ട് . ക്ലാസ്സിലെ എല്ലാ കുട്ടികളും പണം പിരിച്ചു കുറച്ചു പൂ വാങ്ങാനുള്ള ഏര്‍പ്പാടും ചെയ്യുമായിരുന്നു . ഓരോ ക്ലാസ്സുകളും തമ്മില്‍ പൂക്കാല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടാനുള്ള വാശിയേറിയ മത്സരമായിരുന്നു.  അതിനു ശേഷം ചില കലാപരിപാടികള്‍ ഒക്കെ ഉണ്ടാകും . പിന്നീടാണ് രസകരമായ് മത്സരങ്ങള്‍ . ഒരിക്കല്‍ കാലം തല്ലി പൊട്ടിക്കല്‍ [ഉറിയടി ] മത്സരത്തിന്റെ ഇടയ്ക്കു ഒരു രസകരവും കുറച്ചു വേദന ഉളവാക്കുന്നതും ആയ  ഒരു സംഭവം ഉണ്ടായി.  ഒരു കറുത്ത തുണിക്കഷണം  കൊണ്ട് കണ്ണ് മൂടി കെട്ടി ആണ്  കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുക . സ്കൂളിലെ കുറച്ചു ക്രൂരനായ ഒരു അദ്ധ്യാപകനായിരുന്നു ആ വര്‍ഷം മത്സരത്തിന്റെ ചുമതല. ആ അദ്ധ്യാപകന്‍ ഒരു മണിയും കിലുക്കി കൊണ്ട് ഇവര്‍ക്കിടയിലൂടെ  നടന്നു കൊണ്ടിരുന്നു .  ഒരു കുട്ടിക്ക് കുറച്ചു കണ്ണ് കാണാമായിരുന്നു എന്ന് തോന്നുന്നു . അവന്‍ ആ അധ്യാപകന്റെ തലയ്ക്കു നോക്കി തന്നെ ഒന്ന് കൊടുത്തു. രക്തം വന്ന അധ്യാപകനെ മറ്റുള്ളവര്‍ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചു . അടുത്ത വര്‍ഷം ആ മത്സരം ആ സ്കൂളില്‍ ഇല്ലായിരുന്നു . പിന്നെയും രസകരമായ പല മത്സരങ്ങളും ഉണ്ടായിരുന്നു . ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍  മത്സരത്തില്‍ പല തടിയന്മാരുടെയും ചവിട്ടു ഈയുള്ളവനും കുറെ കിട്ടിയിട്ടുണ്ട് . . അതിനു ശേഷം ഓരോ ക്ലാസ്സിലെ കുട്ടികള്‍ തമ്മിലുള്ള വടം വലിയും ജയിക്കുന്ന ക്ലാസ്സിലെ കുട്ടികളും അധ്യാപകരും തമ്മിലുള്ള വടം വലിയും ഒക്കെ ഉണ്ടായിരുന്നു . പായസം കൂട്ടിയുള്ള ഒരു ഓണ സദ്യയോടെ ആയിരുന്നു  പരിപാടികള്‍ അവസാനിക്കുന്നത്‌ . കുട്ടികള്‍ എല്ലാവരും പത്തു ദിവസം കിട്ടുന്ന അവധി ആഘോഷിക്കാനായി   തയാറായി വീട്ടിലേക്കു  പോകും .
 
ഓണത്തിന് ദിവസങ്ങള്‍ക്കു മുന്പേ തന്നെ വീടിനടുത്തുള്ള ക്ലബ്ബില്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും . അതിന്റെ പേരില്‍ സംഭാവന  പിരിവും ഉണ്ടാകും . ഓണക്കാലത്തെ ചിലരുടെ വട്ട ചിലവുകള്‍ ആ വഴിക്ക് അങ്ങ് നടക്കും.  തിരുവോണ ദിവസം ഉച്ചക്ക് ശേഷം ആയിരിക്കും മത്സരങ്ങള്‍ . വടം വലി കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള നിരവധി മത്സരങ്ങള്‍ വരെ ഉണ്ടാകും. സ്പൂണില്‍ നാരങ്ങ വച്ച് കൊണ്ടുള്ള ഓട്ടവും . കുപ്പിയില്‍ വെള്ളം നിറക്കല്‍, കസേരകളി   തുടങ്ങിയവയാണ് മത്സരങ്ങള്‍ ഒരിക്കല്‍ ആദ്യമായി അവിടെ ഒരു മത്സരം നോട്ടീസ്സില്‍ കണ്ടു . സുന്ദരിക്ക് പൊട്ടു തൊടല്‍ . ഇത് കണ്ടയുടന്‍ ആളുകള്‍ തമ്മില്‍ ചര്‍ച്ചയായി. ആരായിരിക്കും ആ സുന്ദരി ?  പല പേരുകളും ഉയര്‍ന്നു വന്നു . ഒട്ടു മിക്ക യുവാക്കളും ചില കിളവന്മാര്‍ വരെയും മത്സരത്തിനു പേര് കൊടുത്തു . ആ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പേര് കൊടുത്ത മത്സരവും അതായിരുന്നു . മത്സര ദിവസ്സം ആ നാട്ടിലെ ഏതോ ഒരു സുന്ദരിയെ പ്രതീക്ഷിച്ചു നിന്നിരുന്ന  എല്ലാവരും ഞെട്ടി. പൊട്ടു തൊടാന്‍ കിട്ടിയത് ഏതോ ഒരു കടയുടെ കലണ്ടറില്‍ നിന്ന് മുറിച്ചെടുത്ത സുന്ദരിയുടെ ചിത്രമായിരുന്നു. കണ്ണ് കെട്ടി ആയിരുന്നു പൊട്ടു തൊടണ്ടിയിരുന്നത് . പലരും സുന്ദരി ചിത്രത്തിന്റെ മൂക്കിലും വായിലും മുതല്‍ പറയാന്‍ പറ്റാത്ത പല സ്ഥലങ്ങളിലും വരെ പൊട്ടു തൊട്ടു . കഴ കയറ്റം എന്നാ മത്സരവും കാണാന്‍ രസമുള്ളത് ആയിരുന്നു  ചെത്തി മിനുക്കി എണ്ണ തേച്ച്  നിര്‍ത്തിയ ഒരു മരത്തുണില്‍  ആയിരുന്നു കയറേണ്ടത് പലരും ഒരു മീറ്റര്‍ ഉയരത്തില്‍ എത്താന്‍ വരെ പാട് പെടുന്നുണ്ടായിരുന്നു 
 
എന്റെ അവസാനത്തെ നാട്ടിലെ ആ ഓണ ദിവസം  ഇ മത്സരങ്ങള്‍ ഒന്നും കാണാന്‍ സമയമില്ലായിരുന്
നു. ചെന്നെയില്‍ പിറ്റേന്ന് രാവിലെ എത്തണം അവിടെ നിന്നാണ് ഫ്ലൈറ്റ് . മൂന്നു മണിക്കാണ് ചെന്നൈ പോകുന്ന ട്രെയിന്‍ പുറപ്പെടുന്നത് . അന്ന് അമ്മ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും ഉപ്പേരിയും പായസ്സവും ഒക്കെ ചേര്‍ത്ത്  വിഭവ സമൃദ്ധമായ ഒരു സദ്യയും കഴിച്ച്‌ ഞാന്‍  യാത്ര പറഞ്ഞു. തിരുവോണ ദിവസ്സം മനോ വിഷമത്തോടെ പടിയിറങ്ങിയ  എന്നെ അലട്ടിയിരുന്നത്  ഞാന്‍ പോകുന്നത് ഒരു യുദ്ധ ഭൂമിയിലെക്കാണ് എന്നതിനേക്കാള്‍   എനിക്ക് മറ്റുള്ളവരോടൊപ്പം ഓണം ശരിയായി ആഘോഷിക്കാന്‍ സാധിച്ചില്ലല്ലോ എന്നതായിരുന്നു

ഓര്‍മ്മക്കുറിപ്പ് No:1 ശാന്ത മേനോന്‍

ഓണ നിലാവ്.  ശാന്ത മേനോന്‍ 

       ഇത് പൂന്തോട്ട നഗരമാണ്.വര്‍ണ വിസ്മയങ്ങള്‍ നിറം ചാലിച്ച നഗരം.ഇപ്പോള്‍ പേരിനുള്ള മഴക്കാലവും പൊയ് പോകാറായി. പ്രവാസ ജീവിതത്തിന്‍റെ നേരറിവിനുമകലെ നിളയുടെ തീരത്തെ എന്‍റെ ഗ്രാമവും സമൃദ്ധിയുടെ,പുനരാഗമനത്തിന്റെ, ആവേശത്തിന്റെ മറ്റൊരോണത്തെ വരവേല്‍ക്കാന്‍ അണി ഞൊരുങ്ങുകയാകും. അഭിനിവേശത്തിന്‍റെ സുതാര്യ മേലാപ്പണിഞ്ഞ് എന്‍റെ മനസ്സും ആദ്രമാകുന്നു. പുല്ലും, പൂച്ചെടിയും, തരുലതകളുമെല്ലാം പുത്തനുണര്‍വോടെ എന്നെ ആശ്ലേഷിച്ചു വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാവാം. അതിരുകളില്ലാത്ത വാത്സല്യവുമായി അമ്മ ഉമ്മറപ്പടിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
      കിളികളെയും, പൂമ്പാറ്റകളെയും, നിലാവിനെയും, പൂക്കളെയും സ്നേഹിച്ചിരുന്ന ആ പഴയ പാവാടക്കാരിയായി ഞാന്‍.ഓണം ആവേശകരമായ ഒരു കാത്തിരിപ്പാണ്.പുത്തനുടുപ്പും, കുപ്പിവളകളും മനസ്സില്‍ മോഹവലയം തീര്‍ത്തു. ഓണക്കാലത്ത് വന്നെത്തുന്ന വളക്കാരന് വേണ്ടി ആകാംഷ യോടെ
കാത്തിരുന്നു. കുപ്പിവളകളുടെ ചന്തം ഈ ലോകത്തെ വര്‍ണപ്പകിട്ടുകളുടെ ആകെത്തുകയാണെന്ന് സ്വയം നിരുപിച്ചു. മാത്സര്യത്തോടെ പൂക്കള്‍ക്കായി ഇടവഴികള്‍ താണ്ടി. മഞ്ഞ കോളാമ്പിയും കാശിതുംബയും, ചെമ്പരത്തിയും വര്‍ണശബളമാക്കിയ പൂക്കളത്തെ പെട്ടെന്ന് വന്നെത്തിയ ചാറ്റല്‍ മഴയില്‍ നിന്നു രക്ഷിക്കാന്‍ വലിയ കുണ്ടന്‍കുട കൊണ്ട് മുടിവച്ച ആവേശത്തെ മന്ദസ്മിതത്തോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റു. പ്രിയപ്പെട്ടവരുടെ ആഗമനത്തിനായി വെമ്പലോടെ കാത്തിരുന്നതും ഓണക്കാലത്ത് തന്നെ. നുതനവും, അനിര്‍വചനീയവുമായ ഒരാഹ്ലാദം ഇക്കാലത്ത് ഹൃദയത്തിലാകെ
നിറഞ്ഞു. മഷിയെഴുതിയ മിഴികള്‍ വിടര്‍ത്തി ഓണ പ്രതീക്ഷകളെ സ്വായത്തമാക്കാന്‍ കൊതിച്ചു. ഉത്രാടത്തിന്നാള്‍ രാത്രി പാണന്‍ കുടുംബസമേതം ഓണപ്പാട്ടുമായെത്തി. കുയിലുകള്‍ പ്രഭാതത്തിനു മുന്‍പ് തന്നെ മധുരമായ് പാടിയുണര്‍ത്തി. പുതുമണമുള്ള  ഉടയാടകള്‍ഓണമെതിയെന്നോര്‍മിപ്പി

ച്ചു. വിശിഷ്ടഭോജ്യങ്ങളുടെ നറുമണം അന്തരീക്ഷത്തിലാകെ നിറഞ്ഞു. ഓണ നിലാവത്ത് കുട്ടുകാരികളോടോത്ത് മുറ്റത്ത്‌ നൃത്തമാടിയിരുന്നത് വല്ലാത്ത ഗൃഹാതുരത്വത്തോടെ മാത്രമേ ഇന്ന് ഓര്‍ക്കാനാകു. സത്യമായും മാവേലി പടിയിറങ്ങി വരുമെന്ന് ധരിച്ച് സ്വപ്നങ്ങളില്‍ മുഴുകി പടിപ്പുരയില്‍ കാത്തിരുന്നതും, മാവേലിവക്കാന്‍ ബിംബങ്ങള്‍ മെനെഞ്ഞെടുക്കുന്നത് സാകുതത്തോടെ നോക്കിയിരുന്നതും ഞാനായിരുന്നില്ലേ? ഉത്രാടത്തിനും തിരുവോണത്തിനും, അവിട്ടത്തിന്നാളും അരങ്ങേറിയിരുന്ന കൈകൊട്ടിക്കളിയും കുമ്മിയും ഓണത്തിന്‍റെ സഹവര്‍ത്തിത്വം വിളിച്ചോതി. പുവിളിയുടെ ആരവവും, തുമ്പപുക്കളും വര്‍ണതുമ്പികളും മനസ്സില്‍ കുളിരു നിറച്ചു.
        ഈ ഉദ്യാനനഗരത്തിലും ഓണമെത്താരുണ്ട്. നാഗരീകതയുടെ പുറംമോടിയണിഞ വ്യത്യസ്തമായ ഒരോണം. യാന്ത്രികമായ ആഘോഷത്തിനു എന്‍റെ മനസ്സില്‍ സന്തോഷം നിറക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വാടാന്‍ തുടങ്ങുന്ന പുക്കളില്‍ നിന്നും പരക്കുന്ന സുഗന്ധം നാലുകെട്ടിന്റെ വിശാലമായ മുറ്റത്തേക്ക്‌ എന്നെ ആനയിക്കുന്നു. താരതമ്യവും നിര്‍ണയങ്ങളും ഇവിടെ അപ്രസക്തം മാത്രം. എങ്കിലും ഓരോ കേരളീയനും അഭിനിവേശത്തോടെ ഓണത്തെ വരവേല്‍ക്കാന്‍ തത്രപ്പെടുന്ന കാഴ്ച ആവേശമായി പടരുകയാണെന്നില്‍. കലാവിരുന്നും സദ്യയുമായി ഓണത്തെ ഇവിടേക്കും പറിച്ചു നടാന്‍ ശ്രമിക്കാറുണ്ട് ഞങ്ങള്‍.
        നഗര പ്രാന്തത്തിലെ ഏകാന്തതയിലേക്ക് മഴവില്ലിന്റെ എഴഴകുപോലെ ഒരു മയില്‍‌പീലി സ്പര്‍ശമായി ഓണനിലാവ്‌ ഒഴുകിയെത്തി. തീരങ്ങളെ ഇക്കിളിപ്പെടുത്തി പരന്നൊഴുകുന്ന ഒരു തേനരുവിയായി ബാല്യകാല സൌഹൃദങ്ങളുടെ നിഷ്കളങ്കത അലയടിച്ചു.
        മഞ്ഞുകണങ്ങള്‍ ഇറ്റിറ്റു വീഴുന്ന പാതിവിടര്‍ന്ന പനിനീര്‍ പുഷ്പം പോലെ, മുല്ലപ്പുവിന്റെ നറുമണം പോലെ ഒരു തീവ്രമായ പ്രണയാനുഭുതിയായ് ഓണം എന്നിലാകെ നിറഞ്ഞു കഴിഞ്ഞു.